Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴമയിലോ പുതുമയിലോ ആരോഗ്യം?

clay-pot

നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ആരോഗ്യസംബന്ധമായ വസ്തുക്കളിൽ വലിയ മാറ്റം വന്നു കഴിഞ്ഞു. അരകല്ലിനു മിക്സിയും ഉറിക്കു ഫ്രിഡ്ജും വന്നു. ഇവയുടെ ഗുണദോഷങ്ങൾ അറിയാം.

ഗൾഫിൽ നിന്ന് ആദ്യമായി അച്ഛന്റെയും അമ്മയുടെയും നാടായ കേരളത്തിലെത്തിയതാണ് ആ നാല് വയസ്സുകാരന്‍. ജനിച്ചതും വളർന്നതും വിദേശത്തായിരുന്നു. പിതാവിന്റെ അച്ഛനും അമ്മയും നാട്ടിൽ ഉണ്ട്. രാവിലെ ഉറക്കമുണർന്ന ആ കുഞ്ഞ് കാണുന്നത് അപ്പൂപ്പൻ ഒരു കമ്പ് കടിക്കുകയും പല്ലിൽ തേക്കുകയും ചെയ്യുന്നതാണ്. ‘മമ്മി.. ലുക്ക് വാട്ട് ഗ്രാൻഡ്പാ ഈസ് ഡൂയിങ്.. ഹി ഈസ് ബൈറ്റിങ് എ സ്റ്റിക്.. ‘മിക്കി മൗസിന്റെയും കാറിന്റെയും രൂപത്തിലുള്ള ടൂത്ത് ബ്രഷു കൊണ്ട് പല്ല് തേക്കുന്ന ആ കുഞ്ഞിന് അറിയില്ലല്ലോ കടന്നുപോയ തലമുറകളുടെ പ്രകൃതിദത്ത ടൂത്ത് ബ്രഷാണ് ആ കമ്പ് എന്ന്. ഇത്തരത്തിൽ വിസ്മൃതിയിലാണ്ടുപോയ ഒരുപാട് ആരോഗ്യ വസ്തുക്കൾ ഉണ്ട്. ഗൃഹോപകരണങ്ങൾ, അടുക്കളയിൽ ഉപയോഗിക്കുന്നവ, സൗന്ദര്യ സംരക്ഷണവസ്തുക്കൾ.. അങ്ങനെ പലതും. ഈ ഉപകരണങ്ങൾക്ക് വന്ന രൂപ,ഭാവ മാറ്റങ്ങൾക്ക് ഗുണവും ദോഷവും ഉണ്ട്. എന്നാൽ പുതിയവയെല്ലാം തന്നെ സമയവും അധ്വാനവും ലഭിച്ചു തന്നു എന്നതും മറക്കാനാകില്ല. പഴമയിൽ ഒളിച്ചിരുന്ന ആരോഗ്യവശങ്ങൾ നമ്മൾ വിസ്മരിച്ചു കളഞ്ഞു. ഇതാ പഴയകാലത്തെ ഉപകരണങ്ങളുടെയും രീതികളുടെയും അവയ്ക്കു പകരം വന്നവയുടെയും പൊസിറ്റീവ്–നെഗറ്റീവ് വശങ്ങൾ.

അരകല്ലിൽ നിന്നു മിക്സിയിലേക്ക്

natural-grinding

ജീവിതശൈലീരോഗങ്ങളും നട്ടെല്ലു പ്രശ്നങ്ങളുമായി വരുന്ന ഒട്ടുമിക്ക സ്ത്രീകളോടും ഡോക്ടർമാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കായികമായ ജോലി ചെയ്യുന്നുണ്ടോ? ഇക്കാലത്തെ വീട്ടുജോലികളൊന്നും കായികമായ അധ്വാനം ആവശ്യമായി വരുന്നവയല്ല. അതിനുദാഹരണങ്ങളാണ് വാഷിങ് മെഷീൻ ഉപയോഗിച്ചുള്ള തുണിഅലക്ക്, കറികൾക്ക് അരയ്ക്കാനും മാവ് ആട്ടാനും മിക്സിയും ഗ്രൈന്‍ഡറും.

∙ നമ്മുടെ നട്ടെല്ലിനും കൈകൾക്കും നല്ലൊരു വ്യായാമമായിരുന്നു തുണിഅലക്ക്. നന്നായി കുനിഞ്ഞും നിവർന്നും ചെയ്തിരുന്ന അലക്ക് നട്ടെല്ലിനു വഴക്കം നൽകി.

എന്നാൽ തിരിച്ച് നട്ടെല്ലിനു പ്രശ്നമുള്ളവർക്ക് വാഷിങ് മെഷീൻ അനുഗ്രഹം തന്നെയാണ്. മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ വാഷിങ് മെഷീനിലെ തന്നെ ഡ്രയർ സഹായിക്കും.

∙ മഴക്കാലമായാൽ സാധാരണ അലക്ക് ദുഷ്കരമായിരുന്നു. ശാരീരികപ്രയാസങ്ങൾ ഉള്ളവര്‍ക്ക് പുതപ്പ് പോലുള്ള ഭാരം കൂടിയ വസ്ത്രങ്ങള്‍ അലക്കുക. ബുദ്ധിമുട്ടുള്ള ജോലിയാണ്.

വാഷിങ് മെഷീനുകൾ വന്നതോടെ ശരീരത്തിനു ലഭിച്ചിരുന്ന വ്യായാമം നിലച്ചു. കൈ കൊണ്ട് അലക്കുന്നതുപോലുള്ള ശ്രദ്ധ വാഷിങ് മെഷീനിൽ കിട്ടണമെന്നുമില്ല... കോട്ടൺ, സില്‍ക്, പോളിസ്റ്റർ എന്നിങ്ങനെ പലതരത്തിലുള്ള വസ്ത്രങ്ങളുണ്ട്. ഇവയെല്ലാം അലക്കുന്ന രീതിയും പലതാണ്. എന്നാൽ ഇതൊന്നും വാഷിങ് മെഷീനിൽ സാധ്യമാവുകയില്ല. വസ്ത്രങ്ങളിലെ, പ്രത്യേകിച്ച് അടിവസ്ത്രങ്ങളുടെ ഇലാസ്റ്റിക് ചീത്തയാകാം. കൈ കൊണ്ടു കഴുകുമ്പോൾ വസ്ത്രങ്ങളിലെ അവസാന സോപ്പുപതയും കഴുകി കളഞ്ഞാണ് ഉണക്കാൻ ഇടുക. മെഷീനിലെ അലക്കിൽ ഇത് ഉറപ്പാക്കാനാവില്ല. സോപ്പിന്റെ അംശം വസ്ത്രങ്ങളിൽ ഉള്ളത് ത്വക്ക് രോഗങ്ങൾ വരുത്താം.

∙ അരകല്ലും ആട്ടുകല്ലും

grinder

കറിക്കുവേണ്ടി തേങ്ങയും മറ്റും അരയ്ക്കാനും ചതയ്ക്കാനും ഉപയോഗിച്ചിരുന്നതാണ് അരകല്ല്. ധാന്യങ്ങൾ പൊടിക്കാൻ ഉരലും ഉലക്കയും. ഈ സ്ഥാനം ഇന്ന് മിക്സിക്കാണ്. മാവ് ആട്ടാനായിരുന്നു ആട്ടുകല്ല്. മിക്സിയിലും ഗ്രൈൻഡറിലും ഈ ജോലി ചെയ്യാം.

∙ അരകല്ല് ആട്ടുകല്ല് തുടങ്ങിയവ ശരീരത്തിന് നല്ല വ്യായാമം നൽകിയിരുന്നു.

mixer

ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്ക് അനുഗ്രഹം തന്നെയാണ് മിക്സിയും ഗ്രൈൻഡറുമെല്ലാം. കറിക്ക് അരയ്ക്കലും മാവ് ആട്ടലുമെല്ലാം നിമിഷനേരം കൊണ്ട് പൂർത്തിയാക്കാം. ഈ ഉപകരണങ്ങളെല്ലാം വൃത്തിയാക്കാനും എളുപ്പമാണ്. ഒരുപാട് ഭാരം ഉയർത്താൻ പ്രയാസമുള്ളവര്‍ക്ക് അനുഗ്രഹം തന്നെയാണ് ഗ്രൈൻഡർ.

new-grinder

∙അരകല്ലിനും കുഴവിക്കും ഭാരമുള്ളതിനാൽ അവ വൃത്തിയാക്കാനും ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു മാറ്റാനും പ്രയാസമായിരുന്നു.

വൈദ്യുതി ഇല്ലെങ്കിൽ പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാവില്ല എന്നതാണ് പ്രധാന ന്യൂനത.

അടുപ്പും സ്റ്റൗവും

kitchen

മൂന്നോ നാലോ കല്ലുകൾ അടുക്കിവച്ച് ഉണങ്ങിയ വിറക് കത്തിച്ചായിരുന്നു പണ്ടുകാലത്തെ പാചകം. ഇന്ന് അടുക്കളയിൽ ഗ്യാസ്, ഇൻഡക്ഷൻ സ്റ്റൗവുകൾക്കാണ് സ്ഥാനം

∙ വിറക് അടുപ്പിൽ എത്ര വലിയ പാത്രം വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. അതനുസരിച്ച് കല്ല് അടുക്കിയാൽ മതി. വിറകും മറ്റും വീട്ടു വളപ്പിൽ നിന്നു തന്നെ ലഭിക്കും.

വീട്ടമ്മമാർക്കു പുകയും കരിയും കൊണ്ട് പാചകം ചെയ്യേണ്ടിവരില്ല എന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. മാത്രമല്ല പാചകസമയവും ലാഭിക്കാം. ഗ്യാസ് അടുപ്പിൽ ഒരുവിധം എല്ലാ പാത്രങ്ങളും ഉപയോഗിക്കാമെന്നത് മികച്ച പ്ലസ് പോയിന്റാണ്.

∙ അടുപ്പിൽ നിന്നുള്ള കരിയും പുകയും പാചകക്കാരെയും പാത്രങ്ങളെയും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ശ്വാസകോശ പ്രശ്നങ്ങളുള്ളവരുടെ കാര്യം ഗുരുതരമാകും. പാത്രങ്ങളാകട്ടെ തീയേറ്റ് കരി നിറഞ്ഞിരിക്കും. വിറക് കിട്ടാൻ പ്രയാസമാണെന്നതും വിറക് അടുപ്പിനെ അകറ്റി നിര്‍ത്തി. വിറകും മറ്റും ലഭിക്കാതെ വരുകയോ വിറകിൽ നനവ് ഉണ്ടെങ്കിലോ പാചകം പ്രയാസമാകുമായിരുന്നു. നോൺ‌സ്റ്റിക് സ്റ്റീൽ പാത്രങ്ങള്‍ അടുപ്പിൽ ചൂട് ക്രമീകരിക്കാനുള്ള സംവിധാനമില്ല. നോൺസ്റ്റിക് പാത്രങ്ങളിൽ കൂടുതൽ ചൂടേൽക്കുന്നത് കോട്ടിങ് നഷ്ടമാകാൻ ഇടയാക്കും.

modular-kitchen

വിറക് അടുപ്പിൽ പാചകം ചെയ്ത വിഭവത്തിനുള്ള രുചി പുത്തൻ രീതിയിലുള്ള പാചകത്തിനു ലഭിക്കാറില്ലെന്നാണ് പ്രധാന പരാതി. ഇൻഡക്ഷൻ സ്റ്റൗവിൽ എല്ലാ പാത്രങ്ങളും ഉപയോഗിക്കാനും സാധിക്കുകയില്ല. മാത്രമല്ല ഇവയുടെ വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഗ്യാസ് അടുപ്പും ചെലവുള്ളതാണ്.

മൺപാത്രങ്ങൾ നല്ലത്

clay-pot

പാത്രങ്ങളുടെ ഉപയോഗം മൺപാത്രങ്ങളിൽ നിന്നു വളർന്ന് സ്റ്റീൽ, നോൺസ്റ്റിക് പാത്രങ്ങളിൽ വരെ എത്തി നിൽക്കുകയാണ്.

∙ പണ്ടു കാലത്തെ പാത്രങ്ങൾ നിർമിച്ചത് മണ്ണിൽ നിന്നായിരുന്നു. ഉറുമ്പും മറ്റും കയറാതിരിക്കാൻ സാധനങ്ങൾ മൺപാത്രങ്ങളിലാക്കി ഉറി കെട്ടിയാണ് ഉപയോഗിച്ചിരുന്നത്. തൈര്, മോര്, വെണ്ണ എന്നിവ സൂക്ഷിക്കാനും ഉറി ഉപയോഗിച്ചിരുന്നു. പലവ്യഞ്ജനങ്ങളാകട്ടെ പ്രത്യേകം തയാറാക്കിയ തടികൊണ്ടുള്ള പെട്ടികളിലും. മൺകൂജകളിൽ ധാരാളം ചെറു സുഷിരങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ചൂടുവെള്ളം ഒഴിച്ചു വച്ചാൽ ഈ സുഷിരങ്ങൾ ചൂടുവായു വലിച്ചെടുത്തു വെള്ളത്തെ തണുപ്പിച്ച് സൂക്ഷിക്കും. ഒരു തരം പ്രകൃതിദത്ത കൂളിങ്. ഭക്ഷണപദാര്‍ഥങ്ങൾ കേടുകൂടാതെ ഇരിക്കാനും മൺപാത്രങ്ങളില്‍ സൂക്ഷിച്ചാൽ മതിയായിരുന്നു. പാത്രങ്ങൾ വൃത്തിയാക്കാൻ അടുപ്പിൽ നിന്നുള്ള ചാരമാണ് ഉപയോഗിച്ചിരുന്നത്. ഇത് പ്രകൃതിദത്തമായ ക്ലീനിങ് ഏജന്റാണ്.

പുത്തൻ നോൺസ്റ്റിക് പാത്രങ്ങൾ വന്നതു കൊണ്ടുള്ള പ്രധാന മേന്മ പാചകത്തിന് എണ്ണയുടെ ഉപയോഗം കുറയാക്കാനായി എന്നതാണ്.

∙ മൺപാത്രങ്ങളുടെ ഭാരക്കൂടുതൽ കാരണം അവ ചൂടായി വരാൻ താമസമെടുക്കും. പാചകത്തിന് കൂടുതൽ സമയവും വേണ്ടിവരും.

non-stick-thawa

ഇന്നത്തെ പാത്രങ്ങൾ എല്ലാം തന്നെ പല ലോഹങ്ങളുടെ സങ്കരമാണ്. ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സ്റ്റീൽ, അലുമിനിയം എന്നിവ കൊണ്ടുള്ള പാത്രങ്ങളിൽ പാചകം ചെയ്താൽ ഈ ലോഹങ്ങൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ ട്രെൻഡായ നോണ്‍സ്റ്റിക് പാത്രങ്ങളാകട്ടെ ടെഫ്ളോൺ എന്ന കോട്ടിങ് കൊണ്ടുള്ളതാണ്. ഈ കൊട്ടിങ് ഇളകിയാൽ അപകടവുമാണ്. സാധനങ്ങൾ സൂക്ഷിക്കുന്നത് ഗുണമേന്മയുള്ള പ്ലാസ്റ്റിക്കിലല്ലെങ്കിൽ അത് ആരോഗ്യത്തിനു ഹാനീകരമാണ്. പാത്രം കഴിക്കാനുപയോഗിക്കുന്ന സോപ്പിലും മറ്റും രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ പലർക്കും ത്വക്ക് അലർജി ഉണ്ടാകുന്നു.

ഭക്ഷണം സൂക്ഷിക്കാൻ

പണ്ടു കാലത്ത് തലേ ദിവസത്തെ ഭക്ഷണം കഴിക്കുന്ന പതിവ് തന്നെയില്ല. അതുകൊണ്ട് തന്നെ ഭക്ഷണം എങ്ങനെ സൂക്ഷിക്കണമെന്ന വിഷയം ഉദിച്ചിരുന്നില്ല. ഇന്ന് സ്ഥിതി അതല്ല ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ വിരളമാണ്.

∙ അന്നന്നത്തെ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നാണ് ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധർ പറയുന്നത്.

ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്കു ഫ്രിഡ്ജ് അനുഗ്രഹം തന്നെയാണ്. രാവിലെ തയ്യാറാക്കുന്ന വിഭവങ്ങളും കറികളും മറ്റും തലേ ദിവസം തന്നെ തയാറാക്കി ഫ്രിഡ്ജില്‍ വയ്ക്കുകയും രാവിലെ ചൂടാക്കി മാത്രം എടുക്കുന്നതിലൂടെ സമയം ലാഭിക്കുകയുമാവാം.

refrigerator

∙ പലപ്പോഴും ഫ്രിഡ്ജില്‍ ദിവസങ്ങളോളം ഭക്ഷണം സൂക്ഷിക്കും. കൂടാതെ അവ ചൂടാക്കാതെ ഉപയോഗിക്കുന്നത് ആമാശയപ്രശ്നങ്ങൾക്കു കാരണമാകാം. വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന അനാരോഗ്യകരമായ രീതിയും ഉണ്ട്. വൈദ്യുതി ഉപയോഗവും കൂടുതലാണ്.

ടൂത്ത്പേസ്റ്റും ബ്രഷും

പുരാതന കാലം മുതൽക്കേ പല്ല് വൃത്തിയാക്കാന്‍ വേപ്പ്, മാവ്, പേരയ്ക്ക തുടങ്ങിയ മരങ്ങളുടെ ചെറിയ കമ്പാണ് ഉപയോഗിച്ചിരുന്നത്. നാവ് വടിക്കാൻ ഈർക്കിലിയും. പല്ലിനിടയിലെ അവശിഷ്ടങ്ങൾ കളയാൻ ഉമിക്കരി കൊണ്ടും തേച്ചിരുന്നു. ഇന്ന് ഇവയുടെയെല്ലാം സ്ഥാനത്ത് ടൂത്ത് ബ്രഷും പേസ്റ്റും ടങ് ക്ലീനറുമെല്ലാം വന്നു.

∙ മരങ്ങളുടെ കമ്പിൽ പ്രകൃതിദത്ത ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. എന്നാൽ ബ്രഷാണ് പ്രായോഗികം. ചില കമ്പനികൾ മരക്കൊമ്പ് തന്നെ ബ്രഷായി വിപണിയിലിറക്കുന്നുമുണ്ട്. ഉമിക്കരിയോടൊപ്പം ഉപ്പും ചിലപ്പോൾ കുരുമുളകും യോജിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഉമിക്കരിയിൽ കാർബണുണ്ട്. ആഹാരാവശിഷ്ടങ്ങൾ പല്ലിനിടയിൽ തങ്ങിനിൽക്കുന്നതു കാരണം ഉണ്ടാകുന്ന ദുർഗന്ധമുള്ള വാതകം വലിച്ചെടുക്കാനുള്ള കഴിവ് കാർബണിനുണ്ട്.

∙ ഇന്ന് ഉമിക്കരിക്കു പകരം കിട്ടാൻ എളുപ്പം ടൂത്ത് പേസ്റ്റാണ്.

ഇന്നത്തെ ടൂത്ത് ബ്രഷുകളാകട്ടെ പ്ലാസ്റ്റിക്, ഫൈബർ നാരുകൾ കൊണ്ട് നിർമിച്ചവയാണ്. അതുതന്നെ സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ബ്രഷായാലും കമ്പായാലും തേക്കുന്ന രീതിക്കാണ് പ്രാധാന്യമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ടൂത്ത് പേസ്റ്റുകളിലെല്ലാം തന്നെ കൃത്രിമ വസ്തുക്കൾ ചേർന്നിട്ടുണ്ട്.

tooth-brush

∙ കൊതുകിനെ തുരത്താം

കൊതുകിനെ തുരത്താൻ നമ്മുടെ മുൻതലമുറക്കാർ തേങ്ങയുടെ തൊണ്ടും മറ്റും മൺപാത്രത്തിൽ ഇട്ട് കത്തിക്കും. വീടിന്റെ പുറകുവശത്ത് മുളകും മറ്റും ചേർത്ത് കത്തിക്കും. പിന്നിലെ വാതിൽ അടച്ചിടും. മുൻവശത്ത് കർപ്പൂരവും കുന്തിരിക്കവും കത്തിക്കുകയും വാതിൽ തുറന്നിടുകയും. ഇങ്ങനെ ചെയ്യുന്നതിലൂടെ പിൻവശത്തു നിന്നുള്ള രൂക്ഷ ഗന്ധം തേടി കൊതുകുകൾ പോകും. കുന്തിരിക്കത്തിന്റെയും മറ്റും നല്ല ഗന്ധം വീടിനുള്ളിലേക്ക് കടക്കുകയും ചെയ്യും. ഇന്ന് കൊതുകു തിരികളും ലിക്വിഡുകളുമാണ് രംഗത്തുള്ളത്.

∙ കുന്തിരിക്കം, കർപ്പൂരം എന്നിവയുടെ ഗന്ധം ഹാനികരമല്ല. തൊണ്ടും മറ്റും ലഭിക്കാൻ പ്രയാസമായതിനാൽ കൊതുകുതിരികൾ ഉപകാരപ്പെടുന്നു.

∙ രാസവസ്തുക്കൾ ഉള്ള കൊതുകുതിരികൾ അലർജി, ആസ്മ പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. എന്നാൽ പഴയരീതിയിൽ പുക ധാരാളമായി വമിക്കുന്നതു ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യും.

സോപ്പും ക്രീമുകളും

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നത് കസ്തൂരി മഞ്ഞളും രക്തചന്ദനവുമൊക്കെയായിരുന്നു. പയറുപൊടി തേച്ചു കുളിച്ചിരുന്നു. മുടിയിൽ ഇന്നത്തെ ഷാംപൂവിനു പകരം ചെമ്പരത്തി ഇലയോ പൂവോ, കറ്റാർവാഴ കൊണ്ടുള്ള താളിയോ. കോസ്മെറ്റിക് എന്നത് വലിയ വിപണിയായി വളർന്നപ്പോൾ പലതരത്തിലുള്ള സോപ്പുകൾ, ഫെയർനസ് ക്രീമുകൾ, ഷാംപൂകൾ എന്നിവ രംഗത്തുവന്നു. മനുഷ്യരുടെ ചർമപ്രകൃതി വ്യത്യസ്തമാണ്. എന്നാൽ ഈ ഘടകം അടിസ്ഥാനമാക്കിയല്ല സോപ്പ് നിർമിക്കുന്നത്. സോപ്പിനു നിറവും പതയും ലഭിക്കാൻ രാസവസ്തുക്കൾ അവയിൽ ചേർക്കുന്നുണ്ട്. ഷാംപൂവിന്റെയും ഫെയർനസ് ക്രീമുകളുടെയും അവസ്ഥയും ഇതുതന്നെ. ഇവയെല്ലാം തന്നെ ചർമ്മത്തിനു ദോഷകരമാണ്. കൃത്രിമം കലരാത്ത, പ്രകൃതിയിൽ നിന്നുള്ള വസ്തുക്കളായ പയറുപൊടിയും രക്തചന്ദനവും മഞ്ഞളുമെല്ലാം നിർദോഷകരമാണ്. ഇവയുടെ ഗുണം തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കാം ഇന്ന് പായ്ക്കറ്റ് രൂപത്തിൽ ഈ പൊടികൾ ലഭിക്കുന്നത്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. വി. മോഹനൻ നായർ

മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത് സർവീസസ്, തിരുവനന്തപുരം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.