Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീലാകാശം, പച്ചപ്പൂന്തോട്ടം.. ഇനി വാർധക്യത്തിന് മഴവിൽ ചന്തം

old-age1

വയസ്സായില്ലേ, ഇനി വീട്ടിലൊരു മൂലയ്ക്കൽ അടങ്ങിയിരുന്നാൽ പോരേ? ഇങ്ങനെയാണോ നിങ്ങൾ പ്രായം ചെന്നവരോട് പറയാറുള്ളത്. എന്നാൽ വീട്ടിൽ അടങ്ങിയിരിക്കുമ്പോഴല്ല, പുറംലോകത്തേക്കു തുറന്നുവിടുമ്പോഴാണത്രേ വാർധക്യത്തിന് ചുറുചുറുക്കും പ്രസരിപ്പും തിരിച്ചുകിട്ടുന്നതെന്നാണ് യുഎസിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. വാഷിങ്ടണിലെ അറുപതിനും എൺപതിനും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് നിഗമനം.

പ്രായം കൂടുന്തോറും പ്രകൃതിയിലേക്കു കൂടുതൽ ഇണങ്ങിച്ചേരാൻ ശ്രമിക്കണം, പച്ചപ്പുള്ള അന്തരീക്ഷത്തിൽ കൂടുതൽ സമയം ചെലവഴിക്കുക, ആകാശത്തിന്റെ നീലനിറം കാണുംവിധം തറസ്സായ സ്ഥലങ്ങളിൽ വിശ്രമനേരം ചെലവഴിക്കുക.

ഫ്ലാറ്റിലെ ഇടുങ്ങിയ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ നിർബന്ധമായും ഒരുമണിക്കൂർ പുറത്ത് നടക്കാനിറങ്ങുക.

വീട്ടിനകത്തോ മുറ്റത്തോ ചെറിയ പൂന്തോട്ടങ്ങൾ വളർത്തിയെടുക്കുക. വീടിനോടു ചേർന്ന് ചെറിയ കുളമോ പുഴയോ ഉണ്ടെങ്കിൽ നന്ന്.

ആഴ്ചയിലൊരിക്കൽ സമപ്രായക്കാർക്കൊപ്പം ബീച്ചിലോ പാർക്കിലോ പോകുക. വീട്ടിനുള്ളിൽ അനുഭവിക്കുന്ന വീർപ്പുമുട്ടലും ഒറ്റപ്പെടലും ഒഴിവാക്കാൻ ഇത് സഹായിക്കും.

ചെടികൾക്കിടയിലും വെള്ളത്തിലും പച്ചപ്പുള്ള പരിസ്ഥിതിയിലും ചെലവഴിക്കുന്ന സമയം വാർധക്യത്തിന് കൂടുതൽ ഊർജം പകരുമത്രേ.

കിളികളുടെ ചിലപ്പും തേനീച്ചയുടെയും വണ്ടിന്റെയും മൂളിച്ചയും ഒഴുകുന്ന വെള്ളത്തിന്റെ കളകളാരവവും വാർധക്യത്തിന് ഉന്മേഷം നൽകുന്നു.

പ്രകൃതി നൽകുന്ന ആത്മീയമായ ഉണർവ് വാർധക്യകാലത്തെ ശുഭചിന്തകൾകൊണ്ട് നിറയ്ക്കുന്നു.

ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യം പഠിക്കുന്നതിന് ശ്രമിക്കുക. ഒരു കവിതയുടെ രണ്ടുവരിയോ പുതിയ എന്തെങ്കിലും പൊതുവിജ്ഞാനമോ അങ്ങനെ എന്തെങ്കിലും. ഇത് നിങ്ങളുടെ ഓർമശക്തി വർധിപ്പിക്കും.

യുഎസിൽ മാത്രമല്ല, നമ്മുടെ കേരളത്തിലെ വയോധികർക്കും മാതൃകയാക്കാം ഈ നിർദേശങ്ങൾ...