Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷിതാക്കൾ ഉറക്കെ വായിക്കൂ, കുട്ടികൾ വായന ശീലമാക്കട്ടെ

reading

കുട്ടികൾ പുസ്തകങ്ങളെ സ്നേഹിക്കണം എന്നാഗ്രഹിക്കുന്ന രക്ഷിതാവാണോ നിങ്ങൾ? എങ്കിൽ അവർക്കു പുസ്തകങ്ങൾ ഉറക്കെ വായിച്ചുകൊടുക്കൂ. രാജ്യത്താകമാനമുള്ള 1752 രക്ഷിതാക്കളിലും വിവിധ പ്രായത്തിലുള്ള കുട്ടികളിലും പബ്ലിഷിങ്ഗ്രൂപ്പായ സെക്ളാസ്റ്റിക് ഇന്ത്യ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

ആറു മുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ അഞ്ചു മുതൽ ഏഴു ദിവസം വരെ രക്ഷിതാക്കൾ പുസ്തകങ്ങൾ വായിച്ചു കൊടുത്താൽ അവർ ശക്തമായ വായനയുള്ളവരായി മാറുമെന്നു പഠനം പറയുന്നു.

എല്ലാ പ്രായത്തിലുള്ള 85 ശതമാനം കുട്ടികളും ഉറക്കെ വായിച്ചു കേൾക്കാൻ ഇഷ്ടപ്പെടുന്നു. രക്ഷിതാക്കൾ വായിച്ചു കൊടുക്കുന്ന ശീലം നിർത്തിയ ആറു മുതൽ 11 വയസുവരെയുള്ള കുട്ടികളിൽ 57 ശതമാനവും രക്ഷിതാക്കൾ ഉറക്കെ വായിച്ചു കേൾപ്പിക്കുന്ന ശീലം തുടരണമെന്ന് ആഗ്രഹിക്കുന്നു. രക്ഷിതാക്കളും കുട്ടികളും തമ്മിൽ ചെലവഴിക്കുന്ന സ്പെഷ്യൽ ടൈം ആയി ഇതിനെ കുട്ടികൾ കാണുന്നു.

ഭാഷാനൈപുണ്യവും പദസമ്പത്തും വളരെവേഗം വികസിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. വായനയോടുള്ള ഇഷ്ടം ഒരു കുട്ടിയെ വിജയത്തിലേക്കു നയിക്കും. വായന സന്തോഷം നൽകുന്നതോടൊപ്പം എങ്ങനെ കൂടുതൽ കുട്ടികളെ പതിവായി വായിക്കുന്ന ശീലം ഉള്ളവരാക്കാമെന്ന ഉൾക്കാഴ്ചയും നൽകുന്നു.

മറ്റൊരു പ്രധാന വസ്തുത കുട്ടികൾ അവർ സ്വയം തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നു എന്നതാണ്. ആറു മുതൽ 17 വയസുവരെയുള്ള 87 ശതമാനം കുട്ടികളുടെയും പ്രിയപ്പെട്ട പുസ്തകം അവർ സ്വയം തിരഞ്ഞെടുത്തവയാണ്. കൂടാതെ അവർക്കിഷ്ടപ്പെട്ട കൂടുതൽ പുസ്തകങ്ങൾ കണ്ടാൽ കൂടുതൽ വായിക്കുമെന്നും പഠനം പറയുന്നു.

ഏതുതരം പുസ്തകങ്ങൾ വായിക്കാനാണു കുട്ടികൾ ഇഷ്ടപ്പെടുന്നതെന്നും പരിശോധിച്ചു. 62 ശതമാനം കുട്ടികളും അവരെ ചിരിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നു. പുതുതായി എന്തെങ്കിലും തങ്ങളെ പഠിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കാനാണ് 55 ശതമാനം കുട്ടികൾക്ക് ഇഷ്ടം. 45 ശതമാനം കുട്ടികൾ തങ്ങളുടെ ഭാവന ഉപയോഗിക്കേണ്ടുന്ന പുസ്തകങ്ങൾ ഇഷ്ടപ്പെടുമ്പോൾ 43 ശതമാനം കുട്ടികൾക്ക് തങ്ങൾ ആയിത്തീരണം എന്നാഗ്രഹിക്കുന്ന കഥാപാത്രങ്ങളെപ്പറ്റി വായിക്കാനും സങ്കീർണമായ കഥകളുമാണ് ഇഷ്ടം. 33 ശതമാനം കുട്ടികൾ നടന്ന സംഭവങ്ങളെപ്പറ്റി വായിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഇ–ബുക്കുകളും പുസ്തകങ്ങളുടെ ഹാർഡ് കോപ്പികളും തമ്മിലുള്ള ചർച്ചകളിലേക്കും പഠനം വെളിച്ചം വീശുന്നു. കൂടുതൽ പേരും യതാർഥ പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നു. ഇ–ബുക്കുകൾ കിട്ടാൻ എളുപ്പമാണെങ്കിലും പ്രിന്റു ചെയ്ത പുസ്തകങ്ങളുടെ പ്രചാരം ഒട്ടും കുറഞ്ഞിട്ടില്ല. ആറു മുതൽ 17 വയസുവരെയുള്ള 80 ശതമാനം കുട്ടികളും പ്രിന്റുചെയ്ത പുസ്തകങ്ങൾ എല്ലായ്പ്പോഴും വായിക്കാൻ ഇഷ്ടപ്പെടുന്നു; ഇവർക്ക് ഇ–ബുക്കുകൾ ലഭ്യമാണെങ്കിൽപ്പോലും.

'വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും' എന്നു കുഞ്ഞുണ്ണി മാഷ് എഴുതിയത് ഈ സമയത്ത് ഓർക്കാം. ഇന്റർനെറ്റും സ്മാർട്ട്ഫോണും വായനയുടെ മരണം പ്രവചിച്ചിരുന്നു. എങ്കിലും വായന ശീലമാക്കിയ ആരോഗ്യമുള്ള ഒരു പുതുതലമുറ നമുക്കിടയിലുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ആശ്വാസത്തിനു വക നൽകുന്ന ശുഭ വാർത്ത തന്നെയാണിത്.