Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്ഷിക്കും പാദരക്ഷകൾ

shoes

ഫാഷന്റെ അവശ്യചേരുവ കൂടിയാണ് ഇന്നു പാദരക്ഷകൾ. ആകൃതിയിലും ഉയരത്തിലും ഉൾപ്പെടെ പല പുതുമകൾ നമ്മൾ ഫാഷനും ഭംഗിക്കും വേണ്ടി പരീക്ഷിക്കുന്നു.

പാദരക്ഷകളിൽ എക്കാലത്തേയും ഏറ്റവും ഉയരമുള്ള ഫാഷൻ ഉപ്പൂറ്റി ഉയർന്ന ഹൈഹീൽ ചെരുപ്പുകൾ തന്നെ. ഹീലിന്റെ ഉയരം ഒരിഞ്ചു മുതൽ ഉയർന്നുയർന്ന് ആറിഞ്ചുവരെ പോകുന്നു. ഓരോ ഇഞ്ച് ഉയരുമ്പോഴും നടുവേദന, മുട്ടിന്റെ തേയ്മാനം, പാദങ്ങളിലെ വേദന, കാൽവണ്ണകളിലെ പേശികളുടെ വേദന തുടങ്ങി വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രശ്നങ്ങളുള്ളവർ സോളിനും ഹീലിനും കട്ടി കുറഞ്ഞ ചെരിപ്പുകൾ ധരിച്ചു നോക്കൂ. ചിലപ്പോൾ നല്ല ഫലം കിട്ടിയെന്നുവരും.

ഹൈ ഹീൽ വേണ്ട

ഉയരം കുറഞ്ഞവർ ഉയരം തോന്നിക്കാൻ ഉയർന്ന ഹീൽ ഉപയോഗിക്കുന്ന ശീലവും ഉണ്ട്. ഇത്തരക്കാർക്ക് ഹീലിനൊപ്പം ഉയരമുള്ള സോളുള്ളവ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരിഞ്ചിൽ കൂടുതൽ ഉയരം കൂടിയ ഹീൽ ചെരുപ്പുകളോ ഷൂസുകളോ ഉപയോഗിക്കുന്നവർ ദിവസം മൂന്നോ നാലോ മണിക്കൂർ നേരത്തേക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യകരം.

ചെരുപ്പും ഷൂസും വാങ്ങുമ്പോൾ

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് കോട്ടംതട്ടാതെ ചെരുപ്പും ഷൂസുമൊക്കെ തിരഞ്ഞെടുക്കാം. ധരിക്കാൻ ഏറ്റവും പാകമായ, സുഖകരമായ കൂടുതൽ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകൾ വേണം തിരഞ്ഞെടുക്കാൻ.

രണ്ടു പാദത്തിലും: ചെരുപ്പു വാങ്ങുമ്പോൾ ഒരു പാദത്തിൽ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം രണ്ടു പാദങ്ങൾക്കും തമ്മിൽ വലുപ്പവ്യത്യാസം ഉണ്ടായിരിക്കും. രണ്ടു പാദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങണം.

നല്ല സമയം: ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകുന്നേരം തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മധ്യവയസു കഴിഞ്ഞവരിൽ (നീർവീക്കം). അതു കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കാം.

സ്പോർട്സ് ഷൂകൾ: ജോഗിങ്ങിനും നടക്കാനും മറ്റു കായിക വിനോദങ്ങൾക്കുമൊക്കെ ധരിക്കുന്ന ഷൂസുകൾ വാങ്ങുമ്പോൾ അവയുടെ മുൻഭാഗം ഇറുകിയതാവാൻ പാടില്ല. വിരലുകൾക്കു മുമ്പിൽ അൽപം സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. ഒരൽപം അയവുള്ളത് വാങ്ങി ലെയ്സ് പാകത്തിന് മുറുക്കി കെട്ടിയാൽ മതിയാകും.

ഷൂസും ഇൻസോളും: കട്ടിയേറിയ പ്രതലം വേദനയുണ്ടാക്കും. പ്രത്യേകിച്ചും ഷൂസ് ഉപയോഗിക്കുമ്പോൾ മാർദവമേറിയ ഇൻസോളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ ഷൂസിൽ ഇല്ലെങ്കിൽ വേറെ വാങ്ങി ഉപയോഗിക്കാം. നാലു മണിക്കൂർ തുടർച്ചയായ ഉപയോഗശേഷം അൽപസമയം ഷൂസ് ഊരിയിടുന്നത് ഷൂസിനുള്ളിലെ ചൂടും വിയർപ്പും ദുർഗന്ധവും ഒഴിവാക്കും.

ചെരുപ്പുകൾ മാറാം: ഒരേ ചെരിപ്പോ ഷൂവോതന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വെവ്വേറെ പാദരക്ഷകൾ ഉപയോഗിച്ചാൽ ചെരുപ്പ് ശരീരസന്തുലനത്തിൽ വരുത്തുന്ന മാറ്റത്തിന് പരിഹാരമാകും.

പ്രമേഹരോഗി: പാദസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടവരാണു പ്രമേഹരോഗികൾ. മുറിവുണ്ടാകാതെ പാദങ്ങൾക്കു പൂർണസംരക്ഷണം നൽകുന്നവയാണ് അവർ ധരിക്കേണ്ടത്. പാദത്തിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ മൃദുവായവ വേണം തിരഞ്ഞെടുക്കാൻ.

അലർജി: ചെരുപ്പിന്റെ മെറ്റീരിയലുമായുള്ള (റബർ, പ്ലാസ്റ്റിക്, തുകൽ) അലർജി പ്രശ്നങ്ങൾ കാണുന്നുവെങ്കിൽ ആ മെറ്റീരിയൽ ഒഴിവാക്കി മറ്റൊന്ന് പരീക്ഷിക്കണം.

ഉരഞ്ഞു പൊട്ടൽ: പുതുതായി ചെരുപ്പ് വാങ്ങുമ്പോൾ ഉരഞ്ഞു പൊട്ടുന്നത് ഒരു പതിവ് സംഭവമാണ്. പുതിയ ചെരുപ്പുകൾ അൽപം സമയം വീതം ഒന്നു രണ്ടു ദിവസം ഉപയോഗിച്ച ശേഷം മാത്രം ദീർഘനേര ഉപയോഗത്തിനു ശ്രമിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. അതിനു കഴിയുന്നില്ലെങ്കിൽ ഉരയുന്ന ഭാഗത്ത് അൽപം ടാൽകം പൗഡർ പുരട്ടിയാൽ ഒരു പരിധിവരെ ഉരഞ്ഞുപൊട്ടൽ ഒഴിവാക്കാനാകും.

എസ് എസ്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.