Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയർപ്പുനാറ്റത്തിന് ഗുഡ്ബൈ

odour

കുളിച്ച്, നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ച് ഫ്രഷ് ആയിട്ടാകും ഇറങ്ങുക. എന്നാൽ ബസിലെയോ ബൈക്കിലെയോ യാത്ര കഴിഞ്ഞ് ഓഫിസിലേക്ക് ചെന്നുകയറുന്നതാകട്ടെ വിയർത്തു കുളിച്ച്, ദുർഗന്ധത്തോടെയാകും. ഒരു ദിവസം ഓഫാകാൻ ഇതു ധാരാളം. ഓഫിസിലേക്കെന്നല്ല എവിടേയ്ക്ക് യാത്ര തിരിക്കാൻ തുടങ്ങുമ്പോഴും ഏറെ അലട്ടുന്ന വിഷയമാണ് അമിതമായി വിയർക്കുന്നതു മൂലമുള്ള ദുർഗന്ധം. പുരുഷന്മാർക്കാണിത് കൂടുതൽ പ്രശ്നം. ഒന്നു മുതൽ മൂന്നു ശതമാനം വരെ ആളുകളിൽ അമിതമായി വിയർത്ത് വലിയ പൊല്ലാപ്പ് സൃഷ്ടിക്കുന്നുണ്ട്. ഇതു മാരകമായ ഒരു അവസ്ഥയല്ലെങ്കിലും ഒരു വ്യക്തിയുടെ മനസിനു സംഘർഷമുണ്ടാക്കാനും പല വേദികളിലും പിന്നോട്ടു നിൽക്കുവാനും ഇതു കാരണമാകാം. മറ്റുള്ളവർക്ക് നിസാരമെന്ന് തോന്നുമെങ്കിലും വളരെയധികം മനോവിഷമമുണ്ടാക്കുന്ന അവസ്ഥയാണിത്.

എത്രമാത്രം ഒരാൾ സാധാരണയായി വിയർക്കാം? എന്താണ് അമിതമായി വിയർക്കൽ എന്നുള്ളതിനു വ്യക്തമായ അളവുകോലൊന്നും ഇല്ല. മാനസിക പ്രശ്നങ്ങൾ, ശാരീരികാധ്വാനം എന്നിവ കൂടുമ്പോൾ വിയർക്കൽ അമിതമായെന്നു കരുതാം.

കൗമാരത്തിൽ തുടങ്ങും

ഈ പ്രശ്നം മിക്കവരിലും കൗമാരകാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. ആരോഗ്യപരമായി മറ്റൊരു തകരാറും പലപ്പോഴും ഇവർക്ക് ഉണ്ടാകാറില്ല. കൈവെള്ളകൾ, കക്ഷം, കാലടികൾ ഇവയാണു സാധാരണയായി ബാധിക്കപ്പെടുന്നത്. ബാക്ടീരിയകളുടെ പ്രവർത്തന ഫലമായാണ് വിയർപ്പിനു ദുർഗന്ധം ഉണ്ടാകുന്നത്. മനുഷ്യന്റെ തൊലിയിൽ മൊത്തം 2—5 ദശലക്ഷം സ്വേദഗ്രന്ഥികളാണുള്ളത്. ഇവയിൽ എക്രൈൻ ഗ്രന്ഥി ദേഹത്തെമ്പാടും കാണപ്പെടുന്നു. ഇവ നേരിട്ടു ത്വക്കിന്റെ വെളിയിലേക്കാണു തുറക്കുന്നത്. അപ്പോക്രൈൻ ഗ്രന്ഥിയാകട്ടെ രോമം ധാരാളമുള്ള ശരീരഭാഗങ്ങളായ തലയോട്ടി, കക്ഷം, ഗുഹ്യഭാഗങ്ങൾ തുടങ്ങിയവയിൽ ധാരാളമായി കാണപ്പെടുന്നു. സാധാരണയായി ശരീരതാപം ഉയരുമ്പോൾ നാഡീവ്യൂഹം അതു തിരിച്ചറിയുകയും വിയർപ്പ് ഉൽപാദിപ്പിക്കുവാനായി സ്വേദഗ്രന്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യും. വിയർപ്പിൽ വെള്ളമാണു മുഖ്യമായും അടങ്ങിയിട്ടുള്ളത്. ഉപ്പ് തുടങ്ങിയ ചില ലവണങ്ങൾ ഇതിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. എക്രൈൻ ഗ്രന്ഥികൾ വിയർപ്പ് ത്വക്കിന്റെ ഉപരിതലത്തിലേക്കു നേരിട്ടു സ്രവിപ്പിക്കുന്നു. അൽപസമയം കൊണ്ട് ഇതു ബാഷ്പീകരിച്ചു പോകുകയും ശരീരം തണുക്കുകയും ചെയ്യുന്നു. എന്നാൽ അപ്പോക്രൈൻ ഗ്രന്ഥി ആണെങ്കിൽ കൊഴുപ്പു കലർന്ന ഒരുതരം വിയർപ്പാണ് ഉൽപാദിപ്പിക്കുന്നത്. ഇതു രോമകൂപങ്ങളിലേക്കാണു തുറക്കുന്നത്. രോമകൂപങ്ങൾ ചുരുങ്ങുമ്പോൾ വിയർപ്പു ത്വക്കിന്റെ ഉപരിതലത്തിൽ എത്തും. ഇത് വേഗം ബാഷ്പീകരിക്കപ്പെടാറില്ല. അൽപനേരത്തിനകം ബാക്ടീരിയകൾ ഈ വിയർപ്പിൽ പ്രവർത്തിച്ച് ദുർഗന്ധമുള്ള ചില രാസപദാർഥങ്ങൾ ഉണ്ടാക്കി നാറ്റം സൃഷ്ടിക്കുന്നു. അമിതമായി വിയർക്കുന്നവരിൽ ഈ പ്രശ്നം സ്വാഭാവികമായും അധികമായിരിക്കും.

രോഗം കാരണവും

ചില രോഗങ്ങൾ ഉള്ളപ്പോൾ അവയുടെ കൂടെ അമിതമായ വിയർക്കൽ അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന്, തൈറോയിഡിന്റെ അമിതപ്രവർത്തനം, ഹൃദ്രോഗം, അർബുദം, മയക്കുമരുന്നുപയോഗം, മദ്യപാനം, അമിതമായ കാപ്പികുടി, അമിതവണ്ണം, മസാലകൾ ധാരാളമടങ്ങിയ ഭക്ഷണം, പ്രമേഹം, ഗൗട്ട്, മാനസികസമ്മർദം, ഉത്കണ്ഠ തുടങ്ങിയവ.

പരിഹാരങ്ങൾ

തുടക്കത്തിലേ തന്നെ ഒരു ഡോക്ടറെ കാണുന്നതാണു നല്ലത്. ഡോക്ടർ നിർദേശിക്കുന്ന ആന്റിപേർസ്പിറന്റുകൾ (സ്പ്രേ പോലുള്ളത്) ഉപയോഗിക്കാം. അലുമിനിയം ക്ലോറൈഡ് ഹെക്സാഹൈഡ്രേറ്റ് അടങ്ങിയ ഉൽപന്നങ്ങളാണിവ. തൊലിയിലേക്കു വളരെ നേരിയ തോതിൽ വൈദ്യുതി കടത്തിവിട്ടു ചെയ്യുന്ന ചികിത്സയായ അയോണെറ്റോഫോറെസിസും ഫലപ്രദമാണ്. ചെറിയ തോതിലുള്ള അമിത വിയർപ്പിനു ബോട്ടക്സ് കുത്തിവയ്പ്പുകൾ ഗുണം ചെയ്യും.

ഗുഹ്യഭാഗങ്ങളുടെ വൃത്തി വളരെ പ്രധാനമാണ്. രോമം നീക്കിക്കളയുവാൻ ശ്രദ്ധിക്കണം. കൃത്രിമമായ തുണികൊണ്ടുള്ള അടിവസ്ത്രങ്ങൾ തീർത്തും ഒഴിവാക്കണം. വിയർപ്പു വലിച്ചെടുക്കുന്ന തരം ചില പൗഡറുകൾ ആ ഭാഗങ്ങളിൽ ഉപയോഗിക്കാം. സൂക്ഷിക്കാത്ത പക്ഷം ഫംഗസ് രോഗബാധ, ചൊറിച്ചിൽ എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

ജീവിതശൈലി മാറ്റം

വിയർപ്പുനാറ്റം അകറ്റാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ.

ദിവസവും രണ്ടുനേരം കുളി

പരുത്തി അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.

ധാരാളം വെള്ളം കുടിക്കുക. ഇതു ശരീരതാപം കൂടാതിരിക്കാൻ സഹായിക്കും.

ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.

മദ്യപാനം, പുകവലി എന്നിവ പാടേ വർജിക്കുക.

ഉള്ളി, വെളുത്തുള്ളി, അധിക മസാലകൾ ചേർന്ന എണ്ണമയമുള്ള ആഹാരങ്ങൾ എന്നിവ വളരെ കുറയ്ക്കുക.

ഡോ. ജി. നന്ദകുമാർ

അഡിഷണൽ പ്രഫസർ, പതോളജി വിഭാഗം,

മെഡിക്കൽ കോളജ്, തിരുവനന്തപുരം

Your Rating: