Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർബുദരോഗശാന്തിക്ക് ആത്മീയത മരുന്ന്

അർബുദരോഗശാന്തിക്ക് ആത്മീയത മരുന്ന്

ആധുനിക വൈദ്യശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചെങ്കിലും മനുഷ്യന്റെ രോഗശാന്തിയിൽ ആത്മീയതയ്ക്കുള്ള പങ്ക് ചെറുതല്ലെന്ന് വാഷിങ്ടണിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. അർബുദ രോഗം ബാധിച്ചവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ആത്മീയതയ്ക്കുള്ള സ്വാധീനത്തെക്കുറിച്ച് അമേരിക്കയിൽ നടന്ന പഠനത്തിൽ നിന്നാണ് ഈ നിഗമനം. 44,000 രോഗികളെയാണ് പഠനത്തിനു വേണ്ടി തിരഞ്ഞെടുത്തത്.

പ്രാഥമികമായി പരിഗണിച്ചത് രോഗിയുടെ ശാരീരികമായ ആരോഗ്യമാണ്. ഈശ്വരവിശ്വാസം മുറുകെപ്പിടിച്ചു ജീവിക്കുകയും അതിനനുസരിച്ചുള്ള ദിനചര്യകൾ ആത്മീയതയോടെ പിന്തുടരുകയും ചെയ്യുന്ന അർബുദരോഗികളിൽ നല്ല ഉന്മേഷവും ആരോഗ്യവും കണ്ടുവരുന്നുണ്ടത്രേ. ഇവർ ചികിൽസയോടു വളരെ നന്നായി പ്രതികരിക്കുകയും ചെയ്യുന്നതായി നിരീക്ഷണത്തിൽ തെളി‍ഞ്ഞു. ഇത്തരക്കാർക്ക് ഡോക്ടറുമായുള്ള ബന്ധത്തിലും പോസിറ്റീവ് കാഴ്ചപ്പാട് വളർത്തിയെടുക്കാൻ കഴിയുന്നു. മാനസികമായ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും മരുന്നുകളും വ്യായാമ മുറകളും ചിട്ടയായി ശീലിക്കുന്നതിനും സാധിക്കുന്നു.

ആത്മീയത എന്നതുകൊണ്ട് ആരാധനാലയങ്ങളിൽ മുടങ്ങാതെ സന്ദർശനം നടത്തുന്നതല്ല മറിച്ച് മനസിൽ ആഴത്തിലുള്ള വിശ്വാസത്തെയാണ് വ്യക്തമാക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. മനസിനെ കൂടുതൽ ഏകാഗ്രമാക്കുന്നതിനും അനാവശ്യചിന്തകൾ ഒഴിവാക്കുന്നതിനും പ്രാർഥനയ്ക്കും ധ്യാനത്തിനും കഴിയുന്നു. ഈശ്വരവിശ്വാസമില്ലാത്തവർ രോഗാവസ്ഥയിൽ മാനസികമായ അരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഇവർ നിഷേധാത്മക ചിന്തകൾ കാരണം മരുന്നുകളോടും ചികിൽസയോടും വേണ്ടരീതിയിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.