Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെൻഷടിച്ചാൽ കുട്ടികൾക്ക് പ്രമേഹരോഗസാധ്യത

child-tension

ഈ ടെൻഷൻ ടെൻഷൻ എന്നു പറയുന്നത് മുതിർന്നവർക്കു മാത്രമാണെന്നാണോ നിങ്ങളുടെ ധാരണ? എങ്കിൽ തെറ്റി. കൊച്ചുകുട്ടികൾക്കുമുണ്ട് ടെൻഷൻ. കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദം പലപ്പോഴും മാതാപിതാക്കൾ അറിയാതെ പോകുകയാണ് പതിവ്. കുട്ടികളിലെ മാനസിക സമ്മർദം അവരിൽ പ്രമേഹരോഗത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത വർധിപ്പിക്കുമത്രേ.

അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. മനുഷ്യന്റെ എല്ലാ രോഗങ്ങളുടെയും 60 ശതമാനം കാരണം മാനസിക സമ്മർദം ആണ്. കുട്ടികളിലും സ്ഥിതി വ്യത്യസ്തമല്ല. പഠനവുമായി ബന്ധപ്പെട്ട കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത്. പരീക്ഷാക്കാലത്ത് പ്രത്യേകിച്ചും. ക്ലാസിൽ പോകാൻ മടി കാണിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും കൂട്ടുകാരോടോ ടീച്ചർമാരോടോ അസാധാരണമായ വിധം അകൽച്ച കാണിക്കുന്നുണ്ടെങ്കിലും ശ്രദ്ധ വേണം. ഇവർ കുട്ടികൾക്ക് അനാവശ്യ മാനസിക സമ്മർദം ഉണ്ടാക്കുന്നവരായിരിക്കും.

ക്ലാസിൽ വഴക്കു കേൾക്കുന്നതു മുതൽ കളിയിൽ തോൽക്കുന്നതുവരെ കുട്ടികൾക്ക് മാനസികസമ്മർദം ഉണ്ടാക്കുന്നു. ഓരോന്നിന്റെയും തോത് വ്യത്യസ്തമാണെന്നുമാത്രം. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രസ് ഗവേഷകർ പറയുന്നത് കുട്ടികളുടെ മാനസികപിരിമുറുക്കം ‌കുറയ്ക്കുന്നതിന് ഓരോ ദിവസവും അൽപസമയം അവർക്കിഷ്ടമുള്ള കളികൾക്കായി നീക്കിവയ്ക്കണമെന്നാണ്. അനാവശ്യ താരതമ്യങ്ങളും വേണ്ട. എന്തിനാണ് പാവം മക്കളെ പ്രമേഹരോഗികളാക്കി മാറ്റുന്നത്?