Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യം സന്തോഷകരമാക്കാൻ അച്ഛന്മാർ വിചാരിക്കണം

involved-father Image Courtesy : The Week Smartlife Magazine

കുട്ടികളെ വളർത്തേണ്ടതും പരിപാലിക്കേണ്ടതും ഊട്ടേണ്ടതും ഉറക്കേണ്ടതുമൊക്കെ അമ്മമാരുടെ മാത്രം കടമയാണെന്നു കരുതി ഉമ്മറക്കസേരയിൽ കാലിന്മേൽ കാലും കയറ്റിവച്ച് ദിവാസ്വപ്നം കാണുന്ന അച്ഛന്മാരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾക്കായിതാ അമേരിക്കയിൽ നിന്നൊരു വാർത്ത. കുട്ടികളെ പരിപാലിക്കേണ്ട ചുമതല പരസ്പരം പങ്കുവയ്ക്കുന്ന ദമ്പതികൾക്കാണത്രേ ഏറ്റവും കൂടുതൽ സന്തോഷം അവരുടെ ജീവിതത്തിൽ ഉണ്ടാവുക.

യുഎസിലെ അഞ്ഞൂറോളം ദമ്പതികളിൽ നടത്തിയ സർവേയിൽ നിന്നാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത ദമ്പതികളിൽ 80 ശതമാനം പുരുഷന്മാരും പറഞ്ഞു, അവർ മക്കളെ വളർത്തുന്ന കാര്യത്തിൽ ഭാര്യമാരെ സഹായിക്കാറുണ്ടെന്ന്. ഭാര്യമാരോടു നേരിട്ട് ഇക്കാര്യം ചോദിച്ചപ്പോൾ അവരിൽ 73 ശതമാനം പേർ ഭർത്താക്കന്മാരുടെ പങ്കാളിത്തം സമ്മതിച്ചു തരികയും ചെയ്തു. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ മറ്റു ദമ്പതികളെ അപേക്ഷിച്ച് അസ്വസ്ഥതകൾ വളരെ കുറവായിരുന്നത്രേ.

ഒഴിവു സമയങ്ങളെല്ലാം ഇവർ മക്കൾക്കു വേണ്ടി നീക്കിവയ്ക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. കുഞ്ഞുങ്ങളെ രാവിലെ വിളിച്ചുണർത്തുന്നതു മുതൽ, അവരെ പല്ലുതേപ്പിക്കുന്നതും കുളിപ്പിക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതും ഹോം വർക്ക് ചെയ്യിക്കുന്നതും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഭാര്യയും ഭർത്താവും തുല്യ പങ്കാളിത്തമാണ് ഈ കുടുംബങ്ങളിൽ വഹിക്കുന്നത്. കുട്ടികളുടെ ഉത്തരവാദിത്വം മുഴുവൻ അമ്മയുടെ മാത്രം ചുമലിലാകുമ്പോൾ അത്തരം സ്ത്രീകൾക്ക് മാനസിക സമ്മർദം വല്ലാതെ കൂടുന്നു. ജോലിക്കാരായ സ്ത്രീകളാണെങ്കിൽ പ്രത്യേകിച്ചും. ഈ മാനസിക സമ്മർദം മൂലം നിസ്സാര കാര്യങ്ങൾക്കു വരെ ഇവർ പൊട്ടിത്തെറിക്കുകയും അനാവശ്യമായി പ്രതികരിക്കുകയും ചെയ്യുന്നു. ഇത് കുടുംബത്തിന്റെ സ്വസ്ഥത ഇല്ലാതാക്കുന്നു.

കു‍ഞ്ഞുങ്ങളെ വളർത്തുന്നതിൽ ഭർത്താക്കന്മാരുടെ പങ്കാളിത്തം ലഭിക്കുന്ന ഭാര്യമാർക്ക് താരതമ്യേന മാനസിക സമ്മർദം വളരെ കുറവായിരിക്കും. മക്കൾക്കും ഭർത്താവിനുമൊപ്പം ചെലവഴിക്കുന്ന സമയം അവരുടെ മനസിനെ സന്തോഷഭരിതമാക്കുന്നു. അതുകൊണ്ട് ദാമ്പത്യജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്ന എല്ലാ ഭാർത്താക്കന്മാരും ഇനി മുതൽ മക്കളുടെ എല്ലാ കാര്യങ്ങളിലും ഭാര്യയ്ക്കുള്ള ചുമതലകൾ പങ്കുവയ്ക്കാൻ ശീലിച്ചുകൊള്ളൂ.