Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ ടിവി കാണിക്കല്ലേ!

tv-viewing-child

ടെലിവിഷൻ അധികസമയം കാണുന്നത് നല്ലതല്ല എന്ന് നമുക്കറിയാം. എന്നാൽ വെറും പതിനഞ്ച് മിനിറ്റ് പോലും ടിവി കാണുന്നത് കുട്ടികളിലെ സർഗാത്മകതയെ നശിപ്പിക്കുമെന്നു പഠനം. യുകെയിലെ സ്റ്റാഫോർഡ്ഷയർ സർവകലാശാലയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തൽ. പുസ്തകങ്ങളും ജിഗ്സോ പസിൽസും ഉപയോഗിക്കുന്ന കുട്ടികളെ അപേക്ഷിച്ച് പതിനഞ്ച് മിനിറ്റോ അതിലധികമോ ടിവി കാണുന്ന കുട്ടികൾ സർഗശക്തി കുറഞ്ഞവരായിരിക്കുമെന്നു പഠനം മുന്നറിയിപ്പു നൽകുന്നു

മൂന്നു വയസു പ്രായമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. ടിവി 15 മിനിറ്റു കാണുന്നതുപോലും കുട്ടികളിൽ ജന്മനാ ഉള്ള ആശയങ്ങളെ കുറയ്ക്കുന്നതായി കണ്ടു. കുട്ടികളിലെ സർഗാത്മകതയെ ടിവി എത്രമാത്രം സ്വാധീനിക്കുന്നുവെന്നു പഠിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. സാറ റോസ് പറയുന്നു. കാർട്ടൂൺ കാണുന്ന കുട്ടികളെയും പുസ്തകങ്ങൾ വായിക്കുകയും ജിഗ്സോ പസിൽ കളിക്കുകയും ചെയ്ത കുട്ടികളെയും താരതമ്യം ചെയ്തു സർഗപരമായ ആശയങ്ങളെയും അവയുടെ മൗലികതയും പരിശോധിച്ചു.

ടിവി കണ്ടയുടനെ കുട്ടികളിലെ സർഗശേഷി കുറഞ്ഞതായി പഠനത്തിൽ തെളിഞ്ഞു. അതേ സമയം പുസ്തകങ്ങൾ വായിക്കുകയും ജിഗ്സോ പസിൽ കളിക്കുകയും ചെയ്ത കുട്ടികളിൽ സർഗാത്മകത കൂടിയതായും കണ്ടു. സർഗാത്മകത കുറയുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ പ്രതികൂലമായി ബാധിക്കുമെന്നു പഠനം പറയുന്നു.

ടിവി പരിപാടികൾ കുട്ടികളുടെ പഠനത്തിന് സഹായകരമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഈ പഠനഫലം ഇത് അംഗീകരിക്കുന്നില്ലെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കൾക്കും നഴ്സറി ക്ലാസിലെ അധ്യാപകർക്കും കുട്ടികളുടെ ടിവി ഷോകൾ നിർമിക്കുന്നവർക്കും ഈ പഠനം പ്രയോജനപ്പെടും. കുറഞ്ഞ സമയത്തേക്കുള്ള പരിപാടികൾ ആസൂത്രണം ചെയ്തോ പരസ്യങ്ങൾ വരുമ്പോൾ ടിവി ഓഫ് ചെയ്തോ ഒക്കെ പരിഹാരം കാണാവുന്നതാണ്.

ബെൽഫാസ്റ്റിൽ നടന്ന ബ്രിട്ടീഷ് സൈക്കോളജിക്കൽ ഡവലപ്പ്മെന്റൽ കോൺഫറൻസിൽ ഈ പഠനം അവതരിപ്പിച്ചു. 

Your Rating: