Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിറ്റമിൻ ഡി ഗുളികകൾ കഴിക്കണോ?

vitamin-d

ജീവകങ്ങളുടെ കൂട്ടത്തില്‍ വിറ്റമിൻ ഡി ഒരത്ഭുതമാണ്. മറ്റൊരു ജീവകത്തിനും അവകാശപ്പെടാനില്ലാത്ത നിരവധി സവിശേഷതകൾ വിറ്റമിൻ ഡി യ്ക്കുണ്ട്. ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക ജീവകമാണിത്. ദിവസവും ഏതാനും മിനിറ്റുകൾ സൂര്യപ്രകാശമേൽക്കുകയാണെങ്കിൽ ആവശ്യമുളള വിറ്റമിൻ ഡി ചർമം ഉത്പാദിപ്പിച്ചു കൊള്ളും. മറ്റു ബി കോംപ്ലക്സ് വിറ്റമിനുകളെപ്പോലെ വിറ്റമിൻ ഡി വെള്ളത്തിൽ ലയിച്ചു ചേരുകയില്ല. കൊഴുപ്പിൽ ലയിച്ചു ചേർന്നാണു ഡി. ജീവകം ആഗീരണം ചെയ്യപ്പെടുന്നത്.

വിറ്റമിൻ ഡി ഒരു ഹോർമോണിന്റെ സ്വഭാവവിശേഷങ്ങൾ കൂടി കാണിക്കുന്നുണ്ട്. അതുകൊണ്ടാണു ഡി. ജീവകത്തെ ‘കിഡ്നി ഹോർമോൺ’ എന്നും വിളിക്കുന്നത്.

അദ്ഭുതമരുന്നോ ?

കഴിഞ്ഞ ദശകത്തിൽ ഒരു പക്ഷേ, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ജീവകവും മറ്റൊന്നല്ല. വിറ്റമിൻ ഡിയെ ഒരത്ഭുത മരുന്നായും സമ്പൂർണപോഷകമായുമൊക്കെ വിശേഷിപ്പിക്കുകയുണ്ടായി. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിൽ ജീവകം ഡി കൂടിയേ തീരൂ എന്നു നേരത്തെ തെളിയിക്കപ്പെട്ടതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ക്ഷയരോഗം ഉൾപ്പെടെയുളള മാരക പകർച്ചവ്യാധികളെ ചെറുക്കാനും രക്തസമ്മർദം കുറയ്ക്കാനും പ്രമേഹസങ്കീർണതകളെ പ്രതിരോധിക്കാനും കാൻസറിനെ തടയാൻ പോലും വിറ്റമിൻ ഡിയ്ക്കു കഴിയുമെന്നു സമീപകാലത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരുപക്ഷേ, ശരീരത്തിനൊരിക്കലും വിറ്റമിൻ ഡിയുടെ അഭാവമുണ്ടാകരുതെന്നു കരുതിയാകണം സ്വന്തമായി നിർമിക്കാനുളള കഴിവ് ദൈവം കൊടുത്തത്.

എന്നിട്ടും 90 ശതമാനം ഇന്ത്യാക്കാരിലും വിറ്റമിൻ ഡി യുടെ കുറവുണ്ടെത്രേ. സൂര്യപ്രകാശമേൽക്കാതെയുളള വസ്ത്രധാരണം, ചർമത്തിന്റെ ഇരുണ്ടനിറം, ഉയർന്ന സസ്യഭക്ഷണ നിരക്ക്, പൊണ്ണത്തടി കൂടാതെ വെയിലും സൂര്യപ്രകാശവുമേൽക്കാതെയുളള ആധുനികജീവിതശൈലി (ഫ്ളാറ്റുകൾ, ശരീരം മൂടിയ വസ്ത്രധാരണം) തുടങ്ങിയവയൊക്കെയാണു ഭാരതീയരിൽ വ്യാപകമായി കണ്ടുവരുന്ന ജീവകം ഡി അഭാവത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുളളത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ദയനീമാണ്. ഗ്രാമപ്രദേശങ്ങളിലുളള സ്ത്രീകളില്‍ 99 ശതമാനത്തിനും നഗരപ്രദേശങ്ങളിൽ കഴിയുന്നവരിൽ 94 ശതമാനം സ്ത്രീകൾക്കും ജീവകം ഡിയുടെ അഭാവമുണ്ട്. പുരുഷന്മാരുടെ അവസ്ഥ അൽപം ഭേദമാണ്. ഗ്രാമങ്ങളിൽ 86 ശതമാനം പുരുഷന്മാർക്കും നഗരങ്ങളിൽ 88 ശതമാനം പേർക്കും വിറ്റമിൻ ഡിയുടെ കുറവുണ്ടെന്നാണു പഠനങ്ങൾ നൽകുന്ന സൂചന.

വന്ധ്യതപ്രശ്നങ്ങളും വാതം പോലുളള രോഗങ്ങളുമായി ചെല്ലുന്നവരോടൊക്കെ വിറ്റമിൻ ഡി സപ്ലിമെന്റ് കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നതായി കാണുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ സപ്ലിമെന്റുകൾ വേണ്ടിവന്നേക്കാം. എന്നാൽ ആദ്യം ഉറപ്പുവരുത്തേണ്ടത് പ്രകൃതിദത്തമായ രീതിയിൽ വിറ്റമിൻ ഡി ലഭിക്കുന്നുണ്ടോ എന്നാണ്.

30 മിനിറ്റ് വെയിൽ കൊള്ളാം

ദിവസവും 15 മുതൽ 30 മിനിറ്റു വരെ രാവിലെ 10–നും മൂന്നു മണിയ്ക്കുമിടയ്ക്കുളള വെയിലുകൊണ്ടാൽ മാത്രം മതി, നമുക്കാവശ്യമുളള ജീവകം ‍ഡി ലഭിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്–ബി രശ്മികളാണ് ജീവകം ഡിയുടെ നിർമാണപ്രക്രിയയ്ക്ക് സഹായകമാകുന്നത്.

ഇനി കൂടുതൽ സൂര്യപ്രകാശമേൽക്കേണ്ടി വന്നാൽ ജീവകം ഡി അമിതമായിപ്പോകുമോ? ഇല്ലേയില്ല. കാരണം സൃഷ്ടിക്കാൻ മാത്രമല്ല സംഹരിക്കാനും അൾട്രാവയലറ്റ് രശ്മികൾക്കു കഴിയും. കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം ഡിയുടെ പൂർവ തന്മാത്രകളെ നിർജീവരൂപത്തിലാക്കുവാനും അൾട്രാവയലറ്റ് ബി രശ്മികൾക്കു സാധിക്കും. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റമിൻ ഡി അത്യാവശ്യമെന്നു നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെയായി വരുന്ന പഠനങ്ങൾ പറയുന്നത് വന്ധ്യതയും കാൻസറും പോലുളള പ്രശ്നങ്ങൾക്കു വരെ വിറ്റമിൻ ഡി ഉപകാരപ്പെടുമെന്നാണ്.

എല്ലുറപ്പിനു വിറ്റമിൻ ഡി

അസ്ഥികളുടെ ഘടനാപരമായ ഉറപ്പിനും വളർച്ചയ്ക്കും ജീവകം ഡി അത്യന്താപേക്ഷിതമാണ്. അസ്ഥികലകളുടെ രൂപപ്പെടലിന് അവശ്യം വേണ്ട മൂലകമാണ് കാത്സ്യം. ശരീരത്തിലാകെയുളള രണ്ടു കി.ഗ്രാം കാത്സ്യത്തിന്റെ 99 ശതമാനവും അടങ്ങിയിരിക്കുന്നത് അസ്ഥികളിലാണ്.

ജീവകം ഡിയുടെ അഭാവത്തെ തുടർന്നു കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് റിക്കറ്റ്സ്. വളർച്ചമുരടിപ്പ് കൂടാതെ കൈകാലുകളുടെ അസ്ഥികൾ വളയുക, നട്ടെല്ല് മുമ്പോട്ടു കൂമ്പി വളയുക. പല്ലുകൾ രൂപപ്പെടാൻ താമസമുണ്ടാവുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകാം. ജീവികം ഡിയുടെ അഭാവത്തെ തുടർന്നു മുതിർന്നവരിൽ കണ്ടുവരുന്ന പ്രശ്നമാണ് ഒാസ്റ്റിയോമലേഷ്യ. സ്ത്രീകളിലും മുലയൂട്ടുന്ന അമ്മമാരിലുമാണ് ഒാസ്റ്റിയോമലേഷ്യയെ തുടർന്നുളള അസ്ഥിവൈകല്യങ്ങൾ കൂടുതലായി കണ്ടുവരുന്നത്. അസ്ഥികളിൽ കാത്സ്യത്തിന്റെ അളവ് കുറയുന്നതുമൂലം പ്രത്യേകിച്ചും വൃദ്ധജനങ്ങളിൽ അസ്ഥിക്ഷയമുണ്ടാകുവാനും ചെറിയ പരിക്കിനെ തുടർന്നുപോലും അസ്ഥികൾക്ക് പൊട്ടലുണ്ടാകുവാനും സാധ്യതയുണ്ട്.

കാൻസറിനു മരുന്നോ?

1941–ൽ അപ്പർലി എന്ന വൈദ്യശാസ്ത്രജ്ഞൻ കൗതുകകരമായ ഒരു കണ്ടെത്തൽ നടത്തി. അമേരിക്കയുടെ വടക്കൻ പ്രവിശ്യകളിൽ താമസിക്കുന്നവർക്കു കാൻസര്‍ ബാധയ്ക്കുളള സാധ്യത കൂടുതലാണെന്നതായിരുന്നു കണ്ടെത്തൽ. അതേസമയം തെക്കൻ‍ പ്രവിശ്യകളിൽ താമസിക്കുന്നവർക്ക് സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, വൻകുടൽ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറിനുളള സാധ്യത താരതമ്യേന കുറവാണെന്നും കണ്ടെത്തി. തെക്കൻപ്രവിശ്യകളിൽ താമസിക്കുന്നവർക്ക് നിർലോഭം ലഭിക്കുന്ന സൂര്യപ്രകശമായിരുന്നു കാൻസറിനെ പ്രതിരോധിക്കുന്നതെന്നായിരുന്നു നിഗമനം. പിന്നീട് 1980–കളിലാണ് രക്താർബുദകോശങ്ങളുടെ അനിയന്ത്രിത വളർച്ചയെ തടയാൻ ജീവകം ഡിക്കു കഴിവുണ്ടെന്നു കണ്ടെത്തിയത്. കൂടാതെ ജീവകം ഡിയുടെ അളവ് കുറയുമ്പോൾ വൻകുടൽ, പ്രോസ്റ്റേറ്റ് സ്തനങ്ങൾ, പാൻക്രിയാസ്, അന്നനാളം തുടങ്ങിയ അവയവങ്ങളെ കാൻസർ ബാധിക്കുന്നതിനുളള സാധ്യത 30 മുതൽ 50 ശതമാനം വരെ വർധിക്കുന്നതായും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ജീവകം ഡിയും പ്രമേഹവും

ജീവകം ഡിയുടെ അഭാവം ടൈപ്പ്–1 പ്രമേഹത്തിനു കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. വിറ്റമിൻ ഡി പലതരത്തിൽ രക്തത്തിലെ ഗ്ലൂക്കോസ് നിലയെ നിയന്ത്രിക്കുന്നുണ്ട്. ജീവകം ഡി ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നു. കൂടാതെ കരൾ, പേശികൾ, കൊഴുപ്പു കലകൾ തുടങ്ങിയവയിലെ കോശങ്ങളുടെ ഇൻസുലിനോടുളള പ്രതികരണശേഷി മെച്ചപ്പെടുത്തുന്നു. പ്രതിരോധവ്യവസ്ഥയുടെ അമിതവും വികലവുമായ പ്രതികരണങ്ങളിൽ നിന്നും ബീറ്റാകോശങ്ങളെ സംരക്ഷിക്കുന്ന ധർമ്മവും ജീവകം ഡി നിർവഹിക്കുന്നുണ്ട്.

ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന പ്രശ്നം വൃക്കകൾ, നാഡീഞരമ്പുകൾ, കണ്ണ്, രക്തധമനികൾ തുടങ്ങിയവയെ ബാധിക്കുന്ന സങ്കീർണതകളാണ്. ജീവകം ഡി സംബന്ധിച്ച ഏറ്റവും പുതിയ കണ്ടെത്തൽ പ്രമേഹസങ്കീർണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നതാണ്. നേത്രസങ്കീർണതകളായ റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവയെ തടയാൻ ജീവകം ഡി ഉപകരിക്കുമെന്നു കണ്ടെത്തിയിരുന്നു.

ഗർഭിണികളിൽ ജീവകം ഡിയുടെ അഭാവം പ്രമേഹസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ഗർഭസ്ഥശിശുവിന്റെ വളർച്ച മുരടിക്കൽ, മാസം തികയാതെയുളള പ്രസവം, കുട്ടിക്ക് പ്രമേഹസാധ്യത തുടങ്ങിയ സങ്കീർണതകൾക്കും ഇടയാക്കുന്നു.

ഹൃദയാഘാതം കൂടാം

ജീവകം ഡിയുടെ അഭാവം ഹൃദയാരോഗ്യത്തെയും ദുർബലമാക്കുന്നുണ്ട്. ജീവകം ഡിയുടെ അളവു കുറയുന്നതു മൂലം രക്താതിമർദം വർധിക്കാൻ സാധ്യതയുണ്ട്. കൂടാതെ പ്രമേഹസാധ്യത വർധിപ്പിക്കുന്നതായും സൂചനകളുണ്ട്. ഈ രണ്ട് ആപത്ഘടകങ്ങളും രക്തധമനികളുടെ ജരാവസ്ഥയ്ക്കും ഹൃദയാഘാതം ഉള്‍പ്പെടെയുളള ഹൃദ്രോഗത്തിനും സാധ്യത വർധിപ്പിക്കുന്നു. ജീവകം ഡി അഭാവമുളളവരിൽ ഹൃദയാഘാതത്തിനും തുടർന്നു മരണത്തിനുമുളള സാധ്യത മറ്റുളളവരെക്കാൾ 50 ശതമാനം വരെ കൂടുതലാണ്.

അണുബാധയ്ക്കെതിരെ

ക്ഷയരോഗമുൾപ്പെടെയുളള രോഗാണുബാധകൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ജീവകം ഡിക്കു കഴിയും. ചർമത്തെ ബാധിക്കുന്ന ക്ഷയരോഗത്തിന്(ല്യൂപസ് വൾഗാരിസ്) കൃത്രിമ അൾട്രാവയലറ്റ് രശ്മികളേൽപ്പിക്കുന്നതു ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. അസ്ഥികൾ, സന്ധികൾ, കുടൽ, ലാറിങ്ങ്സ്, ലിംഫ് ഗ്രന്ഥികൾ എന്നിവയെ ബാധിക്കുന്ന ക്ഷയരോഗത്തെ ചെറുക്കാൻ സൂര്യരശ്മികൾക്ക് ഒരു പരിധിവരെ കഴിയുമെന്നും പിന്നീടുളള പഠനങ്ങളിൽ കണ്ടു.

ഇൻഫ്ളുവൻസ, എച്ച്.ഐ.വി അണുബാധ എന്നിവയ്ക്കെതിരെയും വിറ്റമിൻ ഡി ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. എച്ച്.ഐ.വി ബാധിതരിൽ ജീവകം ഡിയുടെ അഭാവം രോഗവ്യാപനത്തിനും രോഗപുരോഗതിക്കും കാരണമാകുമെന്നും പഠനങ്ങൾ തെളിയിക്കുകയുണ്ടായി.

ജീവകം ‍ഡി സമ്പൂർണ ഒൗഷധമെന്ന രീതീയിൽ ഏറെ പുതിയ കണ്ടെത്തലുകൾ പുറത്തുവരികയാണ്. പ്രതിരോധവ്യവസ്ഥയുടെ രൂപപ്പെടലിലും പ്രവർത്തനത്തിലും ഈ ജീവകത്തിനു പങ്കുണ്ട്. സോറിയാസിസ് പോലുളള ചർമരോഗങ്ങൾ, റുമറ്റോയിഡ് ആർത്രൈറ്റിസ് പോലെയുളള സന്ധിവാതരോഗങ്ങൾ, ക്രോൺസ് ഡിസീസ് ഇവയിലൊക്കെ വിറ്റമിന്‍ ഡി ഗുണകരമാണെന്നു കാണുന്നു.

അധികമായാൽ

അമിതമായാൽ ജീവകം ഡി ശരീരത്തിനു ഹാനികരമാണ്. ഉദരപ്രശ്നങ്ങളായ ഒാക്കാനം, ഛര്‍ദിൽ, വിശപ്പില്ലായ്മ ഇവ കൂടാതെ അമിതദാഹം, ഒാർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. അപൂർവമായി വൃക്കസ്തംഭനം, ഹൃദ്രോഗം, കോമ തുടങ്ങിയ ഗുരുതരാവസ്ഥകളും വരാം. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് അമിതമാകുന്നതാണിവിടെ പ്രശ്നകാരണം.

വിറ്റമിൻ ഡി എവിടെ നിന്നൊക്കെ?

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ തന്നെയാണു ജീവകം ഡിയുടെ ഉത്തമസ്രോതസ്സ്. നിരവധി ഘട്ടങ്ങളിലൂടെയാണു ഇത് ശരീരത്തിൽ രൂപപ്പെടുന്നത്. വെയിലുകൊളളുമ്പോൾ ചർമത്തിലുളള ഡി ഹൈഡ്രോ കൊളസ്ട്രോൾ എന്ന നിർജീവതന്മാത്ര ജീവകം ഡി 3 എന്നറിയപ്പെടുന്ന കോളികോൽസിഫറോൾ ആയി മാറുന്നു. തുടർന്നു കരളിൽ വച്ചു നടക്കുന്ന സങ്കീർണ പ്രക്രിയയിലൂടെ കോളികാൽസിഫറോൾ, ജീവകം ഡിയുടെ പൂർവതന്മാത്രയെന്നു വിളിക്കാവുന്ന 25–ഹൈഡ്രോക്സി വിറ്റമിൻ ഡി 3 അഥവാ കാൽസിഡോൾ ആയി മാറുന്നു. പിന്നീടു പ്രധാനമായും വൃക്കകളിൽ വച്ചും മറ്റു നിരവധി ശരീര കലകളില്‍ വച്ചും കാൽസിഡോൾ ജീവകം ഡിയുടെ സജീവരൂപമായ 1–25 ബൈ ഹൈഡ്രോക്സി കോളികാൽസിഫറോൾ ആയി രൂപാന്തരപ്പെടുന്നു. കൂടാതെ, പാല്‍, പാലുൽപന്നങ്ങൾ, മുട്ട, മത്സ്യം, പ്രത്യേകിച്ച് ഫിഷ് ലിവർ ഒായിൽ എന്നിവയൊക്കെ ജീവകം ഡിയുടെ നല്ല സ്രോതസ്സുകളാണ്.

ജീവിതശൈലിയും വിറ്റമിൻ ഡിയും

ജീവിതശൈലീ പ്രശ്നങ്ങളാണ് വിറ്റമിൻ ഡി ശരീരത്തിൽ കുറയാനുളള പ്രധാന കാരണം.
കുട്ടികളെ കുറച്ചു നേരമെങ്കിലും തുറസ്സായ സ്ഥലത്തു കളിക്കാനനുവദിക്കുക.
പ്രായമായവർ പ്രതിദിനം 15–30 മിനിറ്റെങ്കിലും സൂര്യപ്രകാശമേൽക്കണം. ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രായമേറിയവർ വെന്റിലേഷൻ തുറന്നുവച്ച് പോർട്ടിക്കോയിലോ ബാൽക്കണിയിലോ ഇരുന്ന് രാവിലെയും വൈകുന്നേരവും ഇളവെയിൽ കൊളളണം.
ഗർഭിണികൾ പാൽ, മുട്ട, തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
കൃത്യമായി വ്യായാമം ചെയ്ത് അമിതവണ്ണം ഒഴിവാക്കണം. പൊണ്ണത്തടി ജീവകം ഡിയുടെ അഭാവത്തിനു കാരണമാകും.
ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണരീതി ഒഴിവാക്കണം.
പ്രായമേറിയവർ, ഗർഭിണികൾ, മുലയൂട്ടുന്നവർ എന്നിവർ ജീവകം ഡിയുടെ അളവു പരിശോധിക്കണം.

സപ്ലിമെന്റ് കഴിക്കണോ?

എല്ലാവരും വിറ്റമിൻ ഡി സപ്ലിമെന്റായി കഴിക്കേണ്ടതില്ല. നന്നായി വെയിൽ കൊള്ളുന്നവർ, വ്യായാമം ചെയ്യുന്നവർ, ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ എന്നിവർക്ക് പ്രത്യേകിച്ച് ഗുളിക കഴിക്കേണ്ടതില്ല. എന്നാൽ ഫ്ലാറ്റ് പോലെയുളള മൂടിക്കെട്ടിയ സ്ഥലങ്ങളിൽ പുറത്തിറങ്ങാതെ കഴിയുന്നവർ– പ്രത്യേകിച്ച് പ്രായമേറിയവർ, ഒാസ്റ്റിയോപെറോസിസ് നിർണയിക്കപ്പെട്ടവർ, സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, രക്തം കട്ടപിടിക്കാതിരിക്കാനുളള ഹെപ്പാരിൻ കുത്തിവെയ്പ് എടുക്കുന്നവർ, ആർത്രൈറ്റിസ് രോഗികൾ, എന്നിവർക്ക് പൊതുവേ വിറ്റമിൻ ഡിയുടെ കുറവു വരാനുളള സാധ്യതയേറെയാണ്. ഇവർക്ക് ഡോക്ടറുടെ നിർദേശമനുസരിച്ച് വിറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കേണ്ടതായി വരാം.

ഡോ. ബി. പത്മകുമാർ
പ്രഫസർ, മെ‍ഡിസിൻ വിഭാഗം, മെഡി. കോളേജ്, തിരുവനന്തപുരം
 

Your Rating: