Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്മർദങ്ങളെ അതിജീവിക്കുന്നത് അഷ്ടാംഗയോഗയിലൂടെ: ജേക്കബ് തോമസ്

jacob-thomas

അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു പുതിയ സർക്കാരിന്റെ വിജിലൻസ് നയത്തിന്റെ കാതലെന്നും അതു നടപ്പാക്കിത്തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കാണുന്നതെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പ്രസ് ക്ലബ് ജേണലിസം കോഴ്സ് ഉദ്ഘാടനവേദിയിൽ മന്ത്രി ഇ.പി.ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻ സർക്കാരുകളുടെ കാലത്തു ചില വിട്ടുവീഴ്ചകളുണ്ടായിരുന്നു. ഒരുദിവസം കൊണ്ട് എല്ലാം മാറ്റിയെടുക്കാനാകില്ല. നമ്മുടെ ഭരണസംവിധാനം പൂർണമായി ശരിയാണെന്നു പറയാനാകില്ല. പ്രതിദിനം ശരാശരി 500 പരാതികളാണു വിജിലൻസിനു ലഭിക്കുന്നത്. വിജിലൻസ് ഡയറക്ടർ എന്നല്ല പ്രധാനമന്ത്രിക്കു പോലും പൂർണ സ്വാതന്ത്ര്യമില്ല. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയുമൊക്കെ ചട്ടക്കൂടുകൾക്കുള്ളിൽനിന്നാണു പ്രവർത്തിക്കുന്നത്. പേമാരിയും ഉരുൾപൊട്ടലുമൊക്കെയുള്ള ഹൈറേഞ്ചിലാണു താൻ ജനിച്ചത്. എത്ര വലിയ കൊടുങ്കാറ്റു വന്നാലും വീഴാതെ പിടിച്ചുനിന്നാൽ അത് അതിന്റെ വഴിക്കുപോകും. സമ്മർദങ്ങളെ അതിജീവിക്കാൻ അഷ്ടാംഗയോഗ ഉൾപ്പെടെയുള്ളവ പരിശീലിക്കുന്നുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

പത്രപ്രവർത്തനത്തിൽ തെറ്റുകൾ പറ്റാം. തെറ്റു ബോധ്യപ്പെട്ടാൽ അച്ചടി മാധ്യമങ്ങൾ തിരുത്തൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ ദൃശ്യമാധ്യമങ്ങൾ ആ വാർത്ത പിൻവലിക്കുന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ല. സമൂഹനന്മയ്ക്കു വേണ്ടിയാണു മാധ്യമങ്ങൾ പക്ഷംപിടിക്കേണ്ടത്. കോടതിയും മാധ്യമപ്രവർത്തകരും തമ്മിലുള്ള ബന്ധം നിയമ നടപടികളിലൂടെ തീരുന്നതല്ല. തങ്ങളുടെ നിലപാടുകൾ മാത്രമാണു ശരിയെന്ന ധാരണ ഇരുവിഭാഗങ്ങളും തിരുത്തണം.

വിജിലൻസ് കോടതിയിൽനിന്നു മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിനെതിരെ കേസെടുക്കാൻ വൈകിയപ്പോൾ താൻ നേരിട്ടിടപെട്ടിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ പി.വേണുഗോപാൽ, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി കോവളം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.