Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വം നിലനിർത്താൻ യോഗ

yoga

എന്നും ചെറുപ്പമായിരിക്കാനാണ് പലര്‍ക്കും ഇഷ്ടം. അതിന് ഒരു മാർഗം ഉണ്ട്. ദിവസവും യോഗ ചെയ്യുക. പതിവായി യോഗ ചെയ്യുന്നത് പ്രായമാകലിനെ തടഞ്ഞ് യുവത്വം നിലനിർത്തുമെന്നു പഠനം. ഡിഫന്‍സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് (DIPAS) ലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പുരുഷന്മാരിൽ പ്രായമാകുന്നതുമായി ബന്ധപ്പെട്ട കോശങ്ങളുടെ നാശം തടയാനും ഹൃദയാരോഗ്യമേകാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും യോഗ സഹായിക്കുമെന്ന് തെളിഞ്ഞു. ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (DRDO) ലാബ് ആണ് DIPAS.

തലച്ചോറിന്റെ ആരോഗ്യം മാത്രമല്ല രക്താതിമർദം, രക്തസമ്മർദം, ഹൃദയമിടിപ്പിന്റെ നിരക്ക്, സ്ട്രെസ് ഇവയിലെല്ലാം ഈ പഠനം ശ്രദ്ധ കൊടുത്തു. 20 മുതൽ 30 വയസ്സുവരെയാണ് തലച്ചോർ വികസിക്കുന്നത്. അതിനു ശേഷം തലച്ചോറിന്റെ വികാസം നിലയ്ക്കുന്നു. തുടർന്ന് 40 വയസ്സിനു ശേഷം ശിഥിലീകരണം തുടങ്ങുന്നു.

20 മുതൽ 50 വരെ പ്രായമുള്ള ആരോഗ്യവാന്മാരായ 124 പേരിലാണ് പഠനം നടത്തിയത്. ഇവരെ പ്രായമനുസരിച്ച് മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. 20 മുതൽ 29 വരെ, 30 മുതൽ 39 വരെ, 40 മുതൽ 50 വരെ എന്നിങ്ങനെ.

പൊണ്ണത്തടി, രക്താദിമർദം, നാഡീസംബന്ധമായ രോഗങ്ങൾ, ഇവയൊന്നുമില്ലാത്ത യോഗയെക്കുറിച്ച് കാര്യമായ അറിവുകളില്ലാത്ത മരുന്നുകളൊന്നും കഴിക്കാത്തവരാണ് പഠനത്തിൽ പങ്കെടുത്തത്. പുകവലി, മദ്യപാനം, പുകയില എന്നിവ ഉപയോഗിക്കുന്നവരെ പഠനത്തിൽ പങ്കെടുപ്പിച്ചില്ല. മൂന്നു മാസക്കാലത്തേക്ക് ദിവസം ഒരു മണിക്കൂർ യോഗ പരിശീലിച്ചു.

ആദ്യ ഗ്രൂപ്പിൽ പഠനത്തിനു മുൻപ് 122/69 ആയിരുന്ന രക്തസമ്മർദം യോഗക്കു ശേഷം 119/68 ആയി കുറഞ്ഞു. ഇതുപോലെ 40 മുതൽ 50 വയസുവരെ പ്രായമുള്ളവരുടെ ഗ്രൂപ്പിൽ 134/84 ആയിരുന്നത് 124/79 ആയി. 

അഡ്രീനൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് 20–29 പ്രായത്തിലുള്ളവരുടെ ഗ്രൂപ്പിൽ 68.5 ശതമാനം ആയിരുന്നത് യോഗയ്ക്കു ശേഷം 47.4 ശതമാനം ആയി കുറഞ്ഞു.

40 മുതൽ 50 വരെ പ്രായമുള്ളവരുടെ ഗ്രൂപ്പിൽ കോർട്ടിസോൾ 95 ശതമാനത്തിൽ നിന്നും 72.7 ശതമാനമായും കുറഞ്ഞു.

ശ്രദ്ധ, മാനസികനില, പ്രചോദനം ഇവയെല്ലാം മെച്ചപ്പെടുത്തുന്ന ഡോപാമിൻ, സെറോടോണിന്‍ എന്നീ ഹോർമോണുകളുടെ അളവ് എല്ലാ പ്രായക്കാരുടെയും ഗ്രൂപ്പിൽ യോഗ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ടതായി കണ്ടു.

ഡോപാമിന്റെ അളവ് കുറയുന്നവരിൽ വിഷാദം, വിരസത ഇവയെല്ലാം അനുഭവപ്പെടും. അവർ ഒന്നിനും ഉത്സാഹമില്ലാത്തവരും ഒന്നും ചെയ്യാൻ താൽപ്പര്യമില്ലാത്തവരുമാകും– ഗവേഷകർ പറയുന്നു.

ആരോഗ്യവാന്മാരായ പുരുഷന്മാരിൽ യോഗാപരിശീലനം പ്രായമാകലിനെ തടയാനും ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും സഹായിക്കുമെന്ന് ഈ പഠനം തെളിയിക്കുന്നു.

രാമേശ്വർ പൈ, സോംനാഥ് സിങ്ങ്, അഭിരൂപ് ചാറ്റർജി, മൻതു സാഹ എന്നിവർ ചേർന്നു നടത്തിയ ഈ പഠനം അമേരിക്കൻ ഏജിങ്ങ് അസോസിയേഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More: Yoga