Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദന മാറ്റും മാർജാര‍ാസനം

yoga-marjarasanam

നമ്മ‍ുടെയെല്ലാം ദൈനംദിന ജീവ‍ിതത്തിൽ ഒരിക്കലെങ്കിലും നടുവേദനവരാത്തവർ ആരുമുണ്ടെന്നു തോന്നുന്നില്ല. അത് ഒാരോരുത്തർക്കും ഒ‍ാരോ തരത്തിലായിരിക്കും. പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമാണ് നടുവേദന. പക്ഷേ, മധ്യവയസ്കരെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. നമ്മുടെ ജീവിത സാഹചര്യങ്ങളും വളർച്ചയുടെ ഘട്ടങ്ങളിൽ വരുന്ന താളപ്പിഴകളും ജന്മനാ ഉള്ള നട്ടെല്ലിന്റെ വളവോ തിരിവോ പിരിവോ മൂലവും നടുവേദന കാണപ്പെടുന്നു. കൂടാതെ ചതവ്, ഇരുചക്രവാഹനങ്ങളിലെ ദൂരയാത്ര, തലയിൽ അമിത ഭാരം ചുമക്കുക, കുനിഞ്ഞുനിന്നുള്ള ജോലികളിലേർപ്പെടുക, അധികസമയം ഒരേ നിൽപ്പുനിന്നുള്ള ജോലി ചെയ്യുക ഇവയെല്ലാം നടുവേദനയെ വിളിച്ചുവരുത്തുന്ന കാരണങ്ങളാണ്. യോഗയിലുണ്ട് നടുവേദനയ്ക്കും ഉത്തരം. മാർജാരാസനം പരിശീലിച്ച് നടുവേദന അകറ്റാം.

ചെയ്യുന്ന വിധം
ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയിൽ ഉറപ്പിച്ചുകുത്തി പൃഷ്ഠഭാഗം ക‍ാലുകളിൽ നിന്നുയർത്തുക. ഇപ്പോൾ പൂച്ച നാലുകാലിൽ നിൽക്കുന്ന അവസ്ഥയായിരിക്കും. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കൈമുട്ടുകൾ തമ്മിലുള്ള അകലവും ഒരടിയോളം ആയിരിക്കണം. ഇനിസാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്കുയർത്തുക. അതേപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയർത്തുകയും തല താഴ്ത്തുകയും ചെയ്യുക. ബുദ്ധിമുട്ടു വരുമ്പോള്‍ പൂർവസ്ഥിതിയെ പ്രാപ‌ിക്കാവുന്നതാണ്. ഇതു പോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. ഈ ആസനം ചെയ്യുമ്പോൾ കൈമുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ഗുണങ്ങൾ
ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും കൈവരുത്തുന്നതിനു സഹായിക്കുന്നു. നടുവേദനയ്ക്കും കഴച്ചുപൊട്ടലിനും നല്ലൊരു പരിഹാരമാണിത്. പുറത്തെയും കഴുത്തിലെയും പേശികള്‍ ദൃഢമാകുന്നു. അരക്കെട്ടിനും അടിവയറിനും ശരിയായ പ്രവർത്തനം കിട്ടുകയും ആ ഭാഗങ്ങളിലേക്ക് നല്ല രീതിയിൽ പോഷകരക്തം ലഭിക്കുകയും ചെയ്യുന്നു.