Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവുമുള്ള യോഗ ബീജത്തിന്റെ ഗുണം വര്‍ധിപ്പിക്കും

Representtaive Image

ശാരീരികവും മാനസികവുമായ ഉന്മേഷമാണ് യോഗ ചെയ്യുന്നതുവഴി നമുക്ക് ലഭിക്കുന്നത്. പല രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് യോഗ. എന്നാല്‍ യോഗ നല്‍കുന്ന മറ്റൊരു ഫലത്തെ കുറിച്ചു പറഞ്ഞിരിക്കുകയാണ് എയിംസിലെ ഒരു സംഘം ഡോക്ടർമാര്‍.

അന്താരാഷ്ട്രമെഡിക്കല്‍ ജേര്‍ണലായ നേച്ചര്‍ റിവ്യൂ യൂറോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിഎന്‍എയില്‍ ഉണ്ടാകുന്ന അപാകതകളാണ് പലപ്പോഴും ബീജത്തിന്റെ പ്രവര്‍ത്തനത്തെയും എണ്ണത്തെയും ബാധിക്കുക. ജനതികമായി ഉണ്ടാകുന്ന തകരാറുകള്‍ ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനത്തിനു തടസ്സമാകാറുണ്ട്. പുരുഷന്മാരിലെ ജെം സെൽ (Germ Cell) അവരില്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സ് ഉണ്ടാക്കാറുണ്ട്. ബീജത്തിന്റെ ഡിഎന്‍എയില്‍ ഉണ്ടാകുന്ന തകരാറുകള്‍ പലപ്പോഴും വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. ഇത് നിരന്തരമായ ഗര്‍ഭമലസല്‍, കുഞ്ഞിനു വൈകല്യം എന്നിവയ്ക്കു കാരണമാകുന്നു.

ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബീജത്തിലെ ഈ തകരാറിനു സാധിക്കുമെന്ന് എയിംസിലെ ലബോറട്ടറി ഓഫ് മോളിക്യുലാര്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ്‌ ജെനെറ്റിക്സ് വിദഗ്ദൻ ഡോ. റിമ ദാദ പറയുന്നു. ബീജത്തിലെ ഈ ഡിഎന്‍എ തകരാറിന് കാരണമാകുന്നത് പലപ്പോഴും ഓക്സിഡേറ്റീവ് സ്ട്രെസ്സ് എന്ന അവസ്ഥ മൂലമാകും. 

ഇതിനു പിന്നില്‍ ശാരീരിക മാനസികമായ കാരണങ്ങള്‍ കൂടാതെ പലപ്പോഴും പുറത്തു നിന്നുള്ള അന്തരീക്ഷം വരെ കാരണമായേക്കാം. രാസമാലിന്യങ്ങള്‍, കീടനാശിനികള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം. പുകവലി, മദ്യപാനം, അമിതവണ്ണം എന്നിവയും ഇതിനു പിറകിലുണ്ട്. അതായത് ജീവിതചര്യയിലെ മാറ്റങ്ങള്‍ പോലും ബീജത്തിന്റെ ഗുണത്തെ ബാധിക്കാം. 

ഇവിടെയാണ്‌ യോഗയുടെ ഗുണത്തെ പറ്റി ഡോക്ടര്‍മാര്‍ പരാമര്‍ശിക്കുന്നത്. ഓക്സിഡെറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ യോഗ സഹായിക്കും. 200 പുരുഷന്മാരില്‍ ആറുമാസക്കാലം നടത്തിയൊരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 

 ഇവരില്‍ മിക്കവര്‍ക്കും ഈ നിരീക്ഷണകാലത്തിനിടയില്‍ സ്‌ട്രെസ്സ്, വിഷാദം എന്നിവ നന്നായി കുറയുകയും അവരുടെ ബീജത്തിന്റെ അളവ് വര്‍ധിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. 

യോഗ നമ്മുടെ ശരീരത്തിലെ റാഡിക്കല്‍ ലെവല്‍ കുറയ്ക്കുകയും ഇതുവഴി ചെറുപ്പം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അതുപോലെ ഓക്സിഡെറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും യോഗയോളം ഗുണമുള്ള മറ്റൊന്നില്ല. 

Read More : Health and Yoga