Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗ ചെയ്താൽ സൗന്ദര്യം കൂടുമോ?

yoga-beauty

സൗന്ദര്യം കൂട്ടാനും മൂഡ് മെച്ചപ്പെടുത്താനും ആത്മ വിശ്വാസം വർധിപ്പിക്കാനുമെല്ലാം മാർഗങ്ങൾ തേടി ഇനി അലയേണ്ട. ഇതിനെല്ലാമുള്ള ഒരു മാർഗം ഏതെന്നല്ലേ. യോഗ ശീലമാക്കുക. സൗന്ദര്യവും തിളങ്ങുന്ന ചർമവും സ്വന്തമാക്കാൻ യോഗ സഹായിക്കുമെന്നു പറയുന്നത് സൗന്ദര്യ വിദഗ്ദയായ ഷഹനാസ് ഹുസൈൻ ആണ്. 

പതിവായി യോഗ പരിശീലിക്കുന്നവരിലും പ്രാണായാമം, ധ്യാനം ഇവ ചെയ്യുന്നവർക്കും ചെറുപ്പം തിരിച്ചു കിട്ടും. മുഖത്തെ ചുളിവുകൾ, ചർമത്തിന്റെ വരൾച്ച, ജരയുടെ അടയാളങ്ങൾ ഇവയെല്ലാം മാറ്റാൻ യോഗയ്ക്കു കഴിയും. 

ആരോഗ്യവും സൗന്ദര്യവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഷഹനാസ് പറയുന്നു. ആന്തരികമായി  ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഈ സൗന്ദര്യം പ്രതിഫലിപ്പിക്കാൻ സാധിക്കൂ. തിളങ്ങുന്ന ചർമവും തലമുടിയും, മെലിഞ്ഞ ശരീരം ഇവയെല്ലാം സ്വന്തമാകണമെങ്കിൽ ഏറ്റവും പ്രധാനം ആരോഗ്യം ആണെന്നും അവർ  പറഞ്ഞു.  

ശ്വസനനിയന്ത്രണം യോഗയിൽ പ്രധാനമാണ്. നിശ്വാസവും ഉച്ഛ്വാസവും ക്രമീകരിക്കലാണത്. ഇത് മാനസികമായ സൗഖ്യവും ആരോഗ്യവുമേകുന്നു. 

രക്തചംക്രമണം വർധിപ്പിക്കാനും യോഗ സഹായിക്കുന്നു. ചർമത്തിന്റെ ഉപരിതലത്തിലെ രക്തയോട്ടം കൂടുന്നു. ഇത് ചർമത്തിന് ആവശ്യമായ പോഷകങ്ങൾ കിട്ടാനും ചർമാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ചർമത്തിലെ ടോക്സിനുകളെ നീക്കി ആരോഗ്യമേകാനും ഇതു സഹായിക്കുന്നു. 

തലയോട്ടിയിലെ രക്തചംക്രമണം കൂട്ടാനും രോമകൂപങ്ങളുടെ വളർച്ചയ്ക്കും സഹായകം. െഹയർഫോളിക്കിളുകളിൽ പോഷകങ്ങൾ ധാരാളം ലഭിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും ഉത്തമം. 

ചില സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സമ്മർദവും ഒരു കാരണമാണ്. സമ്മർദം അകറ്റാനും വിശ്രാന്തിയേകാനും യോഗ സഹായിക്കുന്നു. മുഖക്കുരു, മുടികൊഴിച്ചിൽ, താരൻ മുതലയാവ അകറ്റാനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കും. 

നമ്മുടെ വ്യക്തിത്വം തന്നെ മാറ്റി മറിക്കാൻ യോഗയ്ക്കു കഴിയും. ആത്മവിശ്വാസം വർധിപ്പിക്കാനും വൈകാരികമായ സ്ഥിരതയ്ക്കും മനോഭാവത്തിൽ മാറ്റം വരുത്താനുമെല്ലാം യോഗ ചെയ്യുന്നതിലൂടെ സാധിക്കും. 

Read More : Health and Yoga