Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂവായിരത്തിലധികം ശിഷ്യസമ്പത്തുള്ള യോഗ പരിശീലകൻ ശ്രീകുമാർ നൽകുന്ന നിർദ്ദേശങ്ങൾ

sreekumar-pathanadu ശ്രീകുമാർ പത്തനാട്( ഇടത്), യോഗ അഭ്യസിക്കുന്നവരുടെ പ്രതീകാത്മക ചിത്രം(വലത്)

നല്ല അന്തരീക്ഷം, കാറ്റും വെളിച്ചവുമുള്ള മുറി, വെളുപ്പാൻകാലം– ഇതിനൊപ്പം സ്വസ്ഥമായ മനസ്സുകൂടിയുണ്ടെങ്കിൽ  ആർക്കും യോഗ ശീലിക്കാം. 

വയസ്സ് 60 കഴിഞ്ഞിട്ടും ഓടിനടന്നു യോഗ പരിശീലിപ്പിക്കുന്ന യോഗാചാര്യ ശ്രീകുമാർ പത്തനാട് തന്നെ ഇതിന് ഉത്തമ ഉദാഹരണം. 

കുട്ടികൾ മുതൽ 70 വയസ്സിനു മുകളിലുള്ളവർവരെ ശ്രീകുമാറിന്റെ ശിഷ്യത്വത്തിൽ യോഗ പരിശീലിക്കുന്നുണ്ട്. മൂവായിരത്തിലധികം ആളുകളെ പരിശീലിപ്പിച്ചതിന്റെ സന്തോഷമാണ് ഈ യോഗ ദിനത്തിൽ ഈ യോഗാചാര്യന്. 

ജോലിഭാരത്തോടൊപ്പം മാനസിക സമ്മർദവും കൂടുമ്പോ‍ൾ ആശ്വാസത്തിനായി പലരും സ്വീകരിക്കുന്ന മാർഗവും യോഗ തന്നെ. 

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ മനഃശാസ്ത്ര വിഭാഗത്തിൽ യോഗ തെറപ്പിസ്റ്റായും സിറിയൻ ജേക്കബൈറ്റ് പബ്ലിക് സ്കൂളിലെ യോഗ അധ്യാപകനായുമൊക്കെ സേവനമനുഷ്ഠിക്കുന്നുണ്ട് യോഗാചാര്യ ശ്രീകുമാർ. 1982ൽ തുടങ്ങിയതാണു യോഗ പരിശീലനം.

ഇന്റർനാഷനൽ ശിവാനന്ദ യോഗ വേദാന്ത ധന്വന്തരി ആശ്രമത്തിന്റെ നെയ്യാർ ഡാമിലെ ശാഖയിൽനിന്നാണു പരിശീലനം ലഭിച്ചത്. സ്വാമി വിഷ്ണു ദേവാനന്ദയുടെ ശിക്ഷണത്തിലായിരുന്നു പരിശീലിച്ചത്. 

ശ്രീകുമാർ പത്തനാടിന്റെ നിർദേശങ്ങൾ

∙ ഏറ്റവും സ്വസ്ഥമായ സമയമാണു യോഗ ചെയ്യാൻ ഏറ്റവും അനുയോജ്യം. 

∙ രാവിലെ പത്തിനു മുൻപും വൈകിട്ടു നാലുമുതൽ രാത്രി എട്ടുവരെയുള്ള സമയത്തും യോഗാഭ്യാസത്തിനു പറ്റിയതാണ്. 

∙ യോഗ ചെയ്യുന്നവർ ഭക്ഷണക്രമത്തിൽ അൽപം ചിട്ടയൊക്കെ കൊണ്ടുവരണം. 

∙ എണ്ണ കൂടുതലുള്ളതും വറുത്തതുമായ ഭക്ഷണസാധനങ്ങൾ ഒരുപരിധിവരെ ഉപേക്ഷിക്കണം. 

∙ പച്ചക്കറികൾക്കു മുൻഗണന നൽകണം. 

∙ വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. 

Read More : Health and yoga