Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച്; തടവറയിലിരുന്ന് വിളികേട്ട് രാജേഷ്

പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ചിനു രാജേഷ് വിളികേട്ടതു പൂജപ്പുര സെൻട്രൽ ജയിലിലെ തടവറയിലിരുന്നാണ്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കഴിയുന്ന രാജേഷിന് ആ സമയത്തു സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണയറിയിക്കാനാവുമായിരുന്നില്ല. പരോളിലിറങ്ങിയ രാജേഷ് യൂ ട്യൂബ് ചാനലങ്ങു തുടങ്ങി. സകലൻ.! യോഗാ ക്രമത്തിലെ 30 ആസനങ്ങൾ അഭ്യസിക്കുന്നതിന്റെ 30 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആരംഭിക്കുന്നതു ചല‍ഞ്ച് ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ്. ജയിലിലെ അംഗങ്ങളെ യോഗ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടു രാജേഷ്.

സകലൻ അവിടം കൊണ്ടവസാനിക്കുന്നില്ല. രാജേഷിന്റെ ഏഴു വർഷത്തെ ജയിൽ ജീവിതത്തിന്റ പകർപ്പാണത്. ഇത്തരമൊരു യൂ ട്യൂബ് ചാനൽ തുടങ്ങാനുള്ള കാരണം ജയിൽ ജീവിതം തന്ന അനുഭവങ്ങളും തിരിച്ചറിവുകളുമാണെന്നു രാജേഷ് പറയുന്നു. കൊലക്കേസിലെ ഏഴാം പ്രതിയായി രാജേഷ് പൂജപ്പുര സെൻട്രൽ ജയിലിലെത്തുന്നത് ഏഴുവർഷം മുൻപാണ്. തുടക്കത്തിൽ പരുക്കൻ സ്വഭാവക്കാരനായിരുന്ന രാജേഷിനെ ജയിൽ ജീവിതം അടിമുടി മാറ്റി. ഉള്ളിലൊരു കവിയും കലാകാരനുമുണ്ടെന്നു രാജേഷ് അറിയുന്നത് അപ്പോഴാണ്. 

പലപ്പോഴായി രാജേഷ് കുറിച്ചിട്ട വരികൾ കഴി‍ഞ്ഞ വർഷത്തെ പരോൾ കാലത്തു മ്യൂസിക് ആൽബമായി. 'തടവറയിൽ നിന്നും' എന്നു പേരിട്ട ആൽബത്തിൽ ജയിൽ പുള്ളിയായി അഭിനയിച്ചിരിക്കുന്നതും മറ്റാരുമല്ല, സകലൻ രാജേഷ് തന്നെ. രാജേഷിന്റെ കലാവാസനയ്ക്കു പൂർണ പിന്തുണ നൽകുന്ന ജയിൽ അധികൃതർ ജയിലിൽ വച്ചു വിപുലമായ ചടങ്ങുകളോടെയാണ് ആൽബം റിലീസ് നടത്തിയത്. അടുത്ത പരോളിനു ഷോർട്ട് ഫിലിം സംവിധാനം ചെയ്യണമെന്നാണു രാജേഷിന്റെ ആഗ്രഹം.

Read More : Health and Yoga