Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിന് ശശാങ്കഭുജംഗാസനം

പ്രായമാകുമ്പോൾ ശരീരത്തിന്റെയും മനസ്സിന്റെയും ഘടന മാറുന്നതായി തോന്നുന്നുണ്ടോ? അകാരണമായ ദേഷ്യം, സങ്കടം, പെട്ടെന്നുള്ള സന്തോഷം, പിടിവാശി, അകാരണമായ ഭയം തുടങ്ങിയ മാറ്റങ്ങൾ ? ശരീരം പ്രായത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴും മനസ്സിനു പ്രായം തോന്നാതിരിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? രോഗങ്ങളെ വിളിച്ചുവരുത്തുമ്പോഴാണ് പ്രായം ശരിക്കും ശരീരത്തെയും മനസ്സിനെയും ഒരു പോലെ ബാധിക്കുക. ധാതുക്കൾ മെല്ലെ ക്ഷയിച്ചു തുടങ്ങും ഈ പ്രായത്തിലെ ഏറ്റവും വലിയശത്രു ശാരീരികവും മാനസികവുമായ അലസതയാണ്. ഇതിനെയെല്ലാം ചെറുത്തുനിൽക്കുന്നതിനും  സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിനും നിഷ്ഠയായ യോഗചര്യയും ചിട്ടയായ ഭക്ഷണക്രമവും അനിവ‍ാര്യമാണ്. ഇതിനെല്ലാം സഹായിക്കുന്ന ഒരു യോഗയാണ് ശശാങ്കഭുജംഗാസനം.

ശശാങ്കഭുജംഗാസനം 

ചെയ്യുന്ന വിധം : ഇരു കാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക. കൈകൾ രണ്ടും അതതുവശത്തെ കാൽമുട്ടുകളിൽ കമഴ്ത്തി വയ്ക്കുക. അതോടൊപ്പം നട്ടെല്ലു നിവർന്നിരിക്കുകയും വേണം. ഇനി ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും നേരേ മുകളിലേക്കുയർത്തുകയും ശ്വാസം വിട്ടുകൊണ്ടു കുനിഞ്ഞ് കൈകൾ രണ്ടും നീട്ടി തറയിൽ പതിച്ചുവയ്ക്കുകയും ചെയ്യുക. ഈ അവസ്ഥയിൽ കൈകൾ ഉറപ്പിച്ചുവച്ചു ശ്വാസമെടുത്തുകൊണ്ട് കൈമുട്ടുകൾ മടക്കാതെ ഉടലിനെ മുന്നോട്ടു കൊണ്ടുപോകുക. ഇപ്പോൾ‌ അരക്ക‍െട്ടു മുതൽ തലവരെ തറയിൽനിന്ന് ഉയർന്നിരിക്കും. വീണ്ടും ശ്വാസം വിട്ടുകൊണ്ട് പുറകോട്ടുവന്ന് പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇര‍ിക്കുക. ഇതുപോലെ അഞ്ചോ ആറോ തവണ കൂടി മുന്നോട്ടും പുറകോട്ടും ആവർത്തിക്കാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്ക‍ാവുന്നതാണ്. വീണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. ഈ ആസനം ചെയ്യുമ്പോൾ കൈമുട്ടുകൾ രണ്ടും മടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 

ഗുണങ്ങൾ: വാർധക്യം ബാധിക്കുമ്പോൾ നട്ടെല്ലിനുണ്ടാകുന്ന അമിത വളവിനെ പരിഹരിക്കാൻ സാധിക്കുന്നു നട്ടെല്ലിന്റെ കശേരുക്കൾ അയഞ്ഞു കിട്ടുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും ശരിയായ വികാസം കിട്ടുന്നു. കൈകാലുകളിലെ സന്ധികളും നാഡീഞരമ്പുകളും അയഞ്ഞുകിട്ടുകയും അതോടൊപ്പം പ്രവർത്തനക്ഷമത കൈവരുകയും ചെയ്യുന്നു. 

Read More : Health and Yoga