Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗയുടെ കരുത്തിൽ ലൂപസ് രോഗത്തെ തോൽപ്പിച്ച സൗദി വനിത

നൗഫ് അൽ മാർവാ

യോഗ ശരീരത്തിനു ബലവും മനസ്സിനു കരുത്തുമാണെന്നു സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ടു തെളിയിച്ച സൗദി വനിത നൗഫ് അൽ മാർവായാണ് തിരുവനന്തപുരത്തു നടക്കുന്ന എട്ടാമതു ഏഷ്യൻ യോഗ ചാംപ്യൻഷിപ് ഉദ്‌ഘാടനവേദിയിലെ താരം. യോഗയുടെ പ്രചാരണത്തിനും അധ്യാപനത്തിനുമായി ജീവിതം മാറ്റിവച്ച മർവായെ ഈ വർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 

വർഷങ്ങൾക്കു മുമ്പു ബാധിച്ച ലൂപസ് രോഗത്തിനു പ്രതിവിധി അന്വേഷിക്കുന്നതിനിടയിലാണു പിതാവു നൽകിയ പുസ്തകത്തിൽ നിന്നു യോഗയെക്കുറിച്ചു മർവായ് അറിയുന്നത്. ചർമത്തെയും സന്ധികളെയും ബാധിക്കുന്ന രോഗത്തിനെതിരെ മർവായ് യോഗയെ കൂട്ടുപിടിച്ചു.

സൗദി അറേബ്യയിൽ യോഗാധ്യാപകനെ കണ്ടുപിടിക്കുക ശ്രമകരമായിരുന്നു. ഒരു സ്ത്രീ യോഗയുടെ മഹത്വ പ്രചാരണത്തിന് ഇറങ്ങിത്തിരിച്ചതു പലർക്കും രുചിച്ചില്ല. പക്ഷേ, തന്നെ ബാധിച്ച രോഗത്തിൽ നിന്നു യോഗയുടെ കരുത്തിലൂടെ അവർ പുറത്തു വന്നു. യോഗയുടെ വെളിച്ചത്തിൽ നാലു വർഷം മുൻപു ബാധിച്ച കാൻസറിനെയും മർവായ് പുഞ്ചിരിയോടെ നേരിട്ടു. 

മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണു യോഗയെന്നു മാർവായ് പറയുന്നു. ഭാരതം ലോകത്തിനു നൽകിയ ഏറ്റവും മഹത്തായ സംഭാവനകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന യോഗ ലോകം ഏറ്റെടുത്തതിന്റെ ഉദാഹരണമാണു മതാതീതമായി യോഗയ്ക്കു ലഭിച്ച പ്രചാരം.യോഗ പ്രോത്സാഹനത്തിനായി 2005ൽ സൗദിയിൽ മർവായ് സ്‌കൂൾ സ്ഥാപിച്ചു. 

2010ൽ അറബ് യോഗ ഫൗണ്ടേഷനും. യോഗ പ്രചരിപ്പിക്കുന്നതിൽ മർവായുടെ സംഭാവനകളെ മാനിച്ച് ഏഷ്യൻ യോഗ ചാംപ്യൻഷിപ്പിന്റെ വേദിയിൽ യോഗ ഗുരു പുരസ്‌കാരം നൗഫ് മാർവായ്ക്കു സമ്മാനിച്ചു.