Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കുന്ന കുട്ടിയുടെ കഴുത്തുവേദന; ചെയ്യാം ഈ യോഗാസനങ്ങൾ

ഏതാനും നാളുകൾക്കു മുൻപുണ്ടായ ഒരു അനുഭവമാണു പറയാൻ പോകുന്നത്. ഒരു ദിവസം ഒരു അച്ഛനും മകനും കൂടി യോഗകേന്ദ്രത്തിൽ വന്നു. ഈ കുട്ടിക്ക് അങ്ങേയറ്റം പതിമൂന്നു വയസ്സ് പ്രായം കാണും. പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതക്കാരനുമായിരുന്നു. കുറെ മാസങ്ങളായി ഈ കുട്ടിക്കു കൂടെക്കൂടെ കഴുത്തുവേദനയും തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ലാതെ വരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തിരുന്നു. എപ്പോഴും ചടഞ്ഞു കൂടിയി രിക്കാനാണ് ഇഷ്ടം. വീട്ടുകാർക്ക് ഇതെല്ലാം കണ്ടു വലിയ വിഷമമായി.

അങ്ങനെ അവർ കുട്ടിയെയും കൂട്ടി ഒരു ഡോക്ടറുടെ അടുത്തു ചെന്നു. കുട്ടിയുടെ ബുദ്ധിമുട്ടുകളെല്ലാം പറഞ്ഞുകേൾപ്പിച്ചു. കുട്ടിയുടെ ചെവിയിലെ ഫ്ളൂയിഡ് കുറയുന്നതു മൂലമാണ് തലകറക്കവും കഴുത്തിനു വേദനയും കൂടെക്കൂടെയുണ്ടാകുന്നത് എന്നായിരുന്നു കരുതിയത്. അങ്ങനെ അതിനുള്ള ചികിത്സയും തുടർന്നു. മരുന്നുകളെല്ലാം മുറപോലെ കഴിക്കാൻ തുടങ്ങിയ ആഴ്ചകൾ കഴിഞ്ഞിട്ടും രോഗത്തിനു വലിയ മാറ്റങ്ങളൊന്നും കാണാനില്ല. പകരം കുട്ടി മൂകവും ക്ഷീണിതവുമായ അവസ്ഥയിലേക്കാണു പൊയ്ക്കൊണ്ടിരുന്നത്. 

ഇങ്ങനെയൊരു സാഹചര്യത്തിലാണ് കുട്ടിയെയും കൂട്ടി മാതാപിതാക്കൾ യോഗകേന്ദ്രത്തിലേക്കു വന്നത്. കുട്ടിയുടെ ദിനചര്യകളെല്ലാം ചോദിച്ചു മനസ്സിലാക്കി. കുട്ടിയുടെ പഠന കാര്യങ്ങളെപ്പറ്റിയാണ് ആദ്യം ചോദിച്ചത്. അതു കഴിഞ്ഞുള്ള സമയം എന്തെടുക്കുന്നു എന്നത് പ്രധാനമായിരുന്നു? ടിവി കാണാറുണ്ടോ? അതെങ്ങനെ കാണുന്നു? എവിടെയിരുന്നു കാണുന്നു? കംപ്യൂട്ടർ നോക്കാറുണ്ടോ? ആ സമയത്ത് കുട്ടി ഏതു പൊസിഷനിലാണ് ഇരിക്കുന്നത്? കളികളിലേർപ്പെടാറുണ്ടോ? എപ്പോഴാണ് കളിക്കുന്നത്? എന്തു കളിയാണ് ഇഷ്ടം?

ഇത്രയൊക്കെ ചോദിച്ചതിന്റെ മറുപടിയിൽ നിന്നു മനസ്സിലായി, എന്തു കാരണങ്ങൾകൊണ്ടാണ് തല കറക്കവും കഴുത്തുവേദനയും ഉണ്ടാകുന്നതെന്ന്. ചില സമയങ്ങളിൽ കുട്ടി പഠിച്ചു കൊണ്ടിരുന്നത് തറയിൽ മലർന്നു കിടന്ന്, തല ഭിത്തിയിലേക്കുയർത്തിവച്ചാണ്. അതുപോലെ കമഴ്ന്നു കിടന്ന് ഇരു കൈമുട്ടുകളും തറയിലൂന്നി കൈപ്പത്തികളിൽ താടി ഉറപ്പിച്ച് തല പുറകോട്ടു വളച്ചുവച്ചു പഠിക്കാറുണ്ട്. ദിവാൻ കോട്ടിന്റെ ഉയരമുള്ള ഭാഗത്ത് തല പൊക്കിവച്ചാണ് ടിവി കാണുന്നത്. ചിലപ്പോൾ ഒരു കസേരയിൽ വളഞ്ഞു കിടന്ന് വേറൊരു കസേരയിലേക്കു കാലുയർത്തിവച്ചും കാണാറുണ്ടായിരുന്നു. 

ഈ സമയങ്ങളിലെല്ലാം കഴുത്തിന്റെ മുന്നോട്ടും പുറകോട്ടു മുള്ള അമിതമായ വളവുമൂലം പുറത്തിനും കഴുത്തിനും നീർവീഴ്ച വന്നതാണ് തലകറക്കത്തിനും കഴുത്തുവേദനയ്ക്കും കാരണം. തെറ്റായ ജീവിതശൈലികൾ പലതും നമ്മെ രോഗങ്ങൾക്ക് അടിമപ്പെടുത്തുന്നു. ജീവിതശൈലികൾ ചിട്ടപ്പെടുത്തുകയും അതോടൊപ്പം നിരന്തരമായ യോഗചര്യയിലൂടെയും ഏതാനും ദിവസങ്ങൾ കൊണ്ട് ആ കുട്ടിക്കു രോഗത്തിൽ നിന്നു മുക്തനാകുവാൻ സാധിക്കുകയും ചെയ്തു.

ഇതുപോലെ കഴുത്തിനും പുറത്തും വേദനയുള്ള കുട്ടികളെ മാതാപിതാക്കൾ കൊണ്ടുവരാറുണ്ട്. ഇതിൽ ചില കുട്ടികൾക്കു വരുന്ന വേദന പുറത്തു ബാഗ് തൂക്കുന്നതു മൂലമാണ്. ക്രോസായിട്ടുള്ള വള്ളി കഴുത്തിലൂടെയിട്ട് ഭാരമുള്ള ഭാഗം പുറത്താക്കി കുനിഞ്ഞു നടക്കുന്നതുമൂലമാണ് ഇക്കൂട്ടർക്കു വേദന വരുന്നത്. പത്തും പതിനഞ്ചും അതിലധികവും കിലോ ഭാരം വരുന്ന പുസ്തകക്കെട്ടുകളാണ് ഇവരുടെ ബാഗിലുള്ളത്. ഇങ്ങനെയുള്ള വേദനകളും നിരന്തരമായ യോഗചര്യയിലൂടെ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. 

സൂക്ഷ്മ വ്യായാമത്തിനു ശേഷം രണ്ടാഴ്ച ചെയ്യേണ്ട ആസനങ്ങൾ

സൂക്ഷ്മ വ്യായാമങ്ങൾ ഒരാഴ്ച ചെയ്തതിനുശേഷം അതിന്റെ കൂടെ രണ്ടാഴ്ച ചെയ്യേണ്ട ആസനങ്ങളാണ് താഴെ പറയാൻ പോകുന്നത്. ഇത്രയും ആസനങ്ങൾ ചെയ്തതിനുശേഷം മാത്രമേ ശവാസനം ചെയ്ത് ആസനങ്ങളിൽ നിന്നു വിരമിക്കാവൂ.

താഡാസനം ചെയ്യുന്ന വിധം: ഇരുകാലുകളും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തി നിരുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകാലുകളുടെ ഉപ്പൂറ്റിയും കൈക ളും കഴിയുന്നത്ര മുകളിലേക്കുയർത്തുകയും ശ്വാസം വിട്ടു കൊണ്ട് സാവധാനം താഴ്ത്തുകയും ചെയ്യുക. ഇതു ചെയ്യു മ്പോൾ കാലുകളുടെ ഉപ്പൂറ്റിയും കൈകളും ഒരു പോലെ ഉയർത്തുകയും ഒരു പോലെ താഴ്ത്തുകയും ചെയ്യേണ്ടതാണ്. അതേ പോലെ കൈകൾ ഉയർന്നുവരുമ്പോൾ തലയുടെ ഇരു വശങ്ങളിലും ചെവിയോടു ചേർത്തുപിടിക്കേണ്ടതാണ്. 

ഇങ്ങനെ പത്തോ പന്ത്രണ്ടോ തവണ ആവർത്തിക്കാവുന്ന താണ്. കൈമുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേ ണ്ടതാണ് 

രോഗികള്‍ക്കുണ്ടാകുന്ന മാറ്റങ്ങൾ

ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളെയും ഉത്തേജിപ്പിക്കുന്നതിനു വളരെയധികം സഹായിക്കുന്നൊരാസനമാണിത്. പുറത്തെ പേശികൾക്കുള്ള നീർവീഴ്ച കുറയുകയും നല്ല അയവും വഴക്കും കിട്ടുന്നു. തോളുകൾക്കും നട്ടെല്ലിനും നീർക്കെട്ടു മൂലമുണ്ടാകുന്ന വേദന ശമിക്കുന്നു. തോളുകൾ ക്കുണ്ടാകുന്ന വേദനയും ചലനശേഷിയുടെ ന്യൂനതകളും പരിഹരിക്കപ്പെടുന്നു.

ഭുജംഗാസനം ചെയ്യുന്നവിധം: ഇരുകാലുകളും ചേർത്തുവച്ചു തറയിൽ കമഴ്ന്നു കിടക്കുക. നെറ്റി തറയിൽ പതിഞ്ഞിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഇനി ഇരു കൈപ്പത്തികളും നെഞ്ചിനോടു േചർത്ത് ഇരുതോളുകൾക്കും താഴെയായി തറ യിൽ പതിച്ചു വയ്ക്കേണ്ടതാണ്. സാവധാനം ശ്വാസമെടുത്തു കൊണ്ട് നെഞ്ചും തലയും തറയിൽ നിന്നുയർത്തുകയും സാവ ധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുകയും ചെയ്യുക.

നെഞ്ചും തലയും ഉയർത്തുന്ന അവസ്ഥയിൽ കൈകൾ രണ്ടും നിവർന്നു വരാതെയും അടിവയർ തറയിൽ നിന്ന് ഉയർന്നു വരാതെയും ശ്രദ്ധിക്കേണ്ടതാണ്. ഈ ആസനം എട്ടോ പത്തോ തവണ ആവർത്തിക്കാവുന്നതാണ്. 

രോഗികള്‍ക്കുണ്ടാകുന്ന മാറ്റങ്ങൾ

മുറുകിയിരിക്കുന്ന കഴുത്തിന്റെ കശേരുക്കൾക്ക് അയവും എല്ലാ വശത്തേക്കും ചലിക്കുന്നതിനുള്ള കഴിവും വീണ്ടു കിട്ടുന്നു, നീർവീഴ്ച്ച വന്ന പുറത്തെ പേശികൾക്കും ഞരമ്പു കൾക്കും നീർവീഴ്ച്ച കുറയുകയും പുഷ്ടിയും ബലവും കൈവരികയും ചെയ്യുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം തോളുകളുടെ പ്രവർത്തനം സുഗമമാകുകയും വേദന കുറയുകയും ചെയ്യുന്നു.