Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണവും വയറു ചാടലും കുറയ്ക്കാൻ; വിഡിയോ

ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നതിനാൽ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അടിവയർ തൂങ്ങുക, അരക്കെട്ട് ഒതുക്കമില്ലാതെ വീർത്തിരിക്കുക, തുടയുടെ അമിതവണ്ണം, കൈകളുടെ അമിതവണ്ണം, കഴുത്തിനു പുറകിൽ പുറത്ത് കൊഴുപ്പ് വീർത്തിരിക്കുക, നിതംബത്തിന്റെ ഘടനയിൽ വരുന്ന മാറ്റം, സ്തനങ്ങളുടെ ഇടിവ്, സ്തനങ്ങളുട താഴെ നെഞ്ചിലും പള്ളയിലും കൊഴുപ്പ് തൂങ്ങുക, താടിയുടെ അടി തൂങ്ങുക എന്നിവ. ഇതിനുള്ള പരിഹാരങ്ങളാണ് താഴെപ്പറയുന്നത്. 

അടിവയർ തൂങ്ങുന്നതിന് അർധ ധനുരാസനം, ധനുരാസനം

അർധധനുരാസനം

ചെയ്യുന്ന വിധം: ഇരു കാലുകളും രണ്ടടിയോളം അകത്തിവച്ചു കമഴ്ന്നുകിടക്കുക. അതോടൊപ്പം രണ്ടും കൈകളും ശരീരത്തോടും ചേർത്തു തറയിൽ മലർത്തിവയ്ക്കുക. ഇനി വലതുകാൽ മടക്കി വലതുകൈകൊണ്ടു വലതുകാലിന്റെ കുഴയിൽ പിടിക്കുക. അതോടൊപ്പം ശ്വാസമെടുത്തുകൊണ്ട് ഇടതുകൈ മുന്നോട്ടു നീട്ടി തലയും നെഞ്ചും ഇടതുകൈയും കഴിയുന്നത്ര മുകളിലേക്കുയർത്താൻ ശ്രമിക്കുകയും ആ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതുപോലെ ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. വീണ്ടും അടുത്തകാലും ഇതുപോലെതന്നെ ചെയ്യുക. ഇതു ചെയ്യുമ്പോൾ നീട്ടിയ കൈമടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ഗുണങ്ങൾ

ഈ ആസനം ചെയ്യുന്നതുമൂലം ഉദരപേശികൾ ഭാഗ‍ിയുള്ളതാകുകയും കുടവയർ കുറയുകയും ചെയ്യുന്നു. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ‌ മുതലായ അസ്വസ്ഥതകൾ കുറയുന്നു. അകാരണമായുണ്ടാകുന്ന ഭയം, ദേഷ്യം, സങ്കടം മുതലായ വികാരങ്ങളെ നിയന്ത്രിക്കുന്നു. ശരീരത്തിലുള്ള അധിക ചൂടിനെ ക്രമീകരിക്കുന്നു. നടുവ‍ിനുണ്ടാകുന്ന അസ്വസ്ഥതകൾ കുറയുന്നു. അഡ്രിനൽ ഗ്രന്ഥി ഉണർന്നു പ്രവർത്തിക്കുന്നു.

ധനുരാസനം 

ചെയ്യുന്ന വിധം: കാലുകൾ രണ്ടും രണ്ടടിയോളം അകത്തിവച്ചു കമഴ്ന്നു കിടക്കുക. അതോടൊപ്പം ഇരുകൈകളും പുറകോട്ടു നീട്ടി ശരീരത്തോട‍ു ചേർത്തു മലർത്തി വയ്ക്കുക. ഇനി ഇരു കാലുകളും മുട്ടുകൾ മടക്കി പുറകോട്ടു വയ്ക്കുക. ഇരു കൈകൾകൊണ്ടും അതതു വശത്തെ കാൽകുഴയിൽ പിടിക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് നെഞ്ചും തലയും കാൽമുട്ടുകളും ഉയർത്താൻ ശ്രമിക്കുകയും ആ നിലയിൽ നിന്നു ശ്വാസം വ‍ിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. വീണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. 

ഗുണങ്ങൾ 

ഈ ആസനം ചെയ്യുന്നതുമൂലം ശരീരത്തിന് എല്ലാ ഭാഗത്തുമുണ്ടാകുന്ന വലിഞ്ഞു മുറുകിയിരിക്കുന്ന അവസ്ഥ മാറിക്കിട്ടുന്നു. ശരീരത്തിനുണ്ടാകുന്ന ചുട്ടുപൊള്ളലിനു ശമനം കിട്ടും. അടിവയറിനും അരക്ക‍െട്ടിനും ശരിയായ പ്രവർത്തനം ഉണ്ടാകുന്നു. നട്ടെല്ലിന്റെ കശേരുക്കൾ നല്ലവണ്ണം അയഞ്ഞു വരുന്നു. തുടയുടെ അമിത വണ്ണം കുറയുന്നു. പുറത്തെ പേശികളും കഴുത്തും ശക്തങ്ങളാകുന്നു. ശ്വാസകേ‍ാശത്തിനും ഹൃദയത്തിനും വികാസം കിട്ടുന്നു.