Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്തവജ്രാസനം ചെയ്യാം: ഫലങ്ങൾ നിരവധി

ചെയ്യുന്ന വിധം: ഇരു കാലുകളും പുറകോട്ടു മടക്കി മുട്ടുകുത്തി നിവർന്നിരിക്കുക. അങ്ങനെയിരിക്കുമ്പോൾ കാൽപ്പാദങ്ങൾ രണ്ടും ചേർന്നും പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവിധവുമായിരിക്കണം.. ഇനി ഇരു കൈകളും പൃഷ്ഠഭാഗത്തിനിരുവശത്തും തറയിൽ കുത്തിമുട്ടുമടക്കി സാവധാനം പുറകോട്ടു കിടക്കുക. സാവധാനം ഇരു കൈകളും കോർത്തുപിടിച്ച് കഴുത്തിനു പുറകിൽ വയ്ക്കുക. കൈമുട്ടുകൾ രണ്ടും തറയിൽ പതിഞ്ഞിരിക്കുകയും വേണം. 

ഈ അവസ്ഥയിൽ കിടന്നു സാവധാനം ശ്വാസം എടുക്കകയും വിടുകയും ചെയ്യുവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. വിണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ് 

ഗുണങ്ങൾ
ചില സ്ത്രീകൾക്കു പ്രസവത്തോടനുബന്ധിച്ച് ഗർഭ‍ാശയരോഗങ്ങൾ കാണപ്പെടാറുണ്ട്. ഈ ആസനം പതിവായി അനുഷ്ഠിച്ചാൽ ഇതിനെ പരിഹരിക്കാൻ സാധിക്കുന്നതാണ്. അടിവയറിലെ മാംസപേശികൾ അയഞ്ഞുകിട്ടുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും വികാസനം ലഭിക്കുന്നു. കാലുകളിലുള്ള ദുർമേദസ് കുറയുന്നു. ദഹനപ്രക്രിയകൾ ശരിയാകുന്നു നട്ടെല്ലിന്റെ അമിതമായ വളവിനെ പരിഹരിക്കുന്നു. 

സുപ്തവ്രജ്രാസനം (2) 

ചെയ്യുന്ന വിധം: കാലുകൾ രണ്ടും മടക്കിവച്ചു മുട്ടുകുത്തി നിവർന്നിരിക്കുക. ഇരു കാലുകളുടെയും പാദങ്ങൾ അകത്തി പൃഷ്ഠഭാഗം തറയിൽ പതിഞ്ഞിരിക്കുകയും വേണം . കാൽപ്പാദങ്ങൾ രണ്ടും പൃഷ്ഠഭാഗത്തോടു ചേർന്നിരിക്കുകയും വേണം . ഇനി ഇരു കൈകളും പൃഷ്ഠഭാഗത്തിനിരു വശത്തും തറയിൽ കുത്തി കൈമുട്ടുകൾ തറയിലൂന്നി പതിയെ പുറകോട്ടുകിടക്കുക. 

ഈ അവസ്ഥയിൽ കൈകൾ രണ്ടും നെഞ്ചിനു നേരെ മുകളിൽ ലംബമായ തൊഴുതുപിടിക്കുക. ആ നിലയിൽ നെഞ്ച് അൽപം ഉയർത്തി തല പുറകോട്ടു വളച്ചുവച്ച് സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. വീണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. 

ഗുണങ്ങൾ 
ഹെർണിയ രോഗത്തിന് വളരെധികം പ്രയോജനപ്പെടുന്നൊരു ആസനമാണിത്. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കുറഞ്ഞു കിട്ടുന്നു. സന്ധിവാതം മൂലം കാലുകളിലുണ്ട‍ാകുന്ന മസിലുകയറ്റവും കഴച്ചുപൊട്ടലും കോച്ചിവലിച്ചിലും നിശ്ശേഷം മാറിക്കിട്ടും. കാലുകളിലെ കൊഴുപ്പുകൾ കുറഞ്ഞ് അയവും ഭംഗിയുമുള്ളതായി തീരുന്നു. കഴുത്തിനു പുറകിലും പുറത്തുമുള്ള കൊഴുപ്പിനെ ഇളക്കിക്കളയുന്നതിനു സഹായിക്കുന്നു.