Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതമായി ചെയ്യാം ഫേഷ്യൽ യോഗ

facial-yoga

ശരീരസൗഖ്യത്തിനും ആരോഗ്യത്തിനും യോഗാസനങ്ങളോളം പ്രയോജനകരമായ വ്യായാമം ഇന്ന് വേറെയില്ല. പല രോഗങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും യോഗ ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്.

അതുപോലെ മുഖത്തിലെ പേശികൾക്കും മറ്റ് ഭാഗങ്ങളായ ചുണ്ടുകൾ, മൂക്ക്, നെറ്റി, ചെവി എന്നിവയ്ക്കും പ്രത്യേകമായ ശ്വാസക്രമത്തോടെ വ്യായാമം ചെയ്യുന്ന സമ്പ്രദായം ഇന്ന് നിലവിലുണ്ട്. അതാണ് ഫേഷ്യൽ യോഗ. കായിക പ്രവർത്തനങ്ങൾ, വ്യായാമങ്ങൾ, യോഗാസനങ്ങൾ എന്നിവ ചെയ്യുമ്പോൾ മറ്റ് ശരീരഭാഗങ്ങൾക്ക് നല്ല വ്യയാമം കിട്ടുന്നുണ്ടെങ്കിലും മുഖത്തിലുള്ള പേശികൾക്ക് കൂടുതലായി ഇതുമൂലം ഫലം ലഭിക്കാറില്ല. ഈ പ്രശ്നത്തിനു പരിഹാരമാണ് ഫേഷ്യൽ യോഗ. എവിടെവച്ചും ഏതുസമയത്തും ഏതവസ്ഥയിലും ചെയ്യാവുന്ന ലളിതമായ മുറകളാണ് ഫേഷ്യൽ യോഗയിലുള്ളത്.

ഗുണങ്ങൾ ഏറെ

1. മുഖത്തിന് നല്ല തിളക്കം കിട്ടുകയും എപ്പോഴും ഫ്രഷായിട്ടിരിക്കുവാനും സാധിക്കുന്നു.

2. ഞരമ്പു സംബന്ധമായ രോഗങ്ങളായ ട്രൈജെമിനൽ ന്യൂറാൾജിയ, ഫേഷ്യൽ പൾസി, ബൈൽസ് പാൾസി, വെർട്ടിഗോ തുടങ്ങിയവ തടയാനും ഫേഷ്യൽ യോഗ ചെയ്യാവുന്നതാണ്.

3. താടിയെല്ലുകൾ, മോണകൾ, പല്ലുകൾ എന്നിവയ്ക്ക് ബലം കൂടുകയും മോണരോഗങ്ങൾ, പല്ല് തേഞ്ഞ് പോവുക, വായ്നാറ്റം എന്നിവ കുറയ്ക്കുകയും ചെയ്യും.

4. സന്തോഷം, സമാധാനം, ശാന്തത എന്നിവയ്ക്ക് നിദാനമായ ആൽഫതരംഗങ്ങളെ തലച്ചോറിൽ കൂടുതൽ ഉത്പാദിപ്പിക്കുകയും നെഗറ്റീവ് തരംഗങ്ങളായ ബീറ്റ, തീറ്റ തരംഗങ്ങളുടെ ഉൽപാദനം കുറച്ച് ക്രിമിനൽ സ്വഭാവങ്ങൾ, ദേഷ്യം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ മാറ്റി മികച്ച വ്യക്തിത്വം സൃഷ്ടിക്കാൻ സഹായിക്കുന്നു.

നിത്യജീവിതത്തിൽ പരിശീലിക്കാവുന്ന ലളിതമായ പത്ത് ടെക്നിക്കുകൾ ഇതാ.

1. ശ്വാസം ഇരുനാസാദ്വാരങ്ങളിലൂടെ എടുത്ത് വായ്ക്കുള്ളിൽ വായു നിറച്ച് പിടിക്കുന്നതിനോടൊപ്പം നാവ് മുകളിലേക്ക് മടക്കി നാവിനടിഭാഗം വായുടെ മേൽഭിത്തിയിൽ തൊടുവിച്ചുകൊണ്ട് ശ്വാസം ഉള്ളിൽ പിടിക്കുക. അൽപനേരത്തിനുശേഷം ശ്വാസം വായിലൂടെ പുറത്തേക്കു വിടുക.

2. തല ഉയർത്തി മുകളിലേക്ക് നോക്കുക. കണ്ണുകളും കവിളുകളും ഇറുക്കി പിടിച്ചു കൊണ്ട് ശ്വാസം ഉള്ളിൽ പിടിക്കുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് തല താഴ്ത്തി താടികൊണ്ട് നെഞ്ചിനു മുകൾ ഭാഗത്ത് തൊടുക.

3. കഴുത്തിനു ചുറ്റുമുള്ള പേശികൾ ഇറുക്കി (ടൈറ്റ്) പിടിക്കുക. ചുണ്ടുകൾ അകത്തി പല്ലുകൾ ചേർത്തുപിടിച്ചു കൊണ്ട് വായിൽക്കൂടി ശ്വാസം ഉള്ളിലേക്കെടുക്കുക. ശേഷം മൂക്കിലൂടെ ശ്വാസം വിടുക.

4. കാക്കയുടേതു പോലെ ചുണ്ടുകൾ കൂർപ്പിച്ച് പിടിച്ചുകൊണ്ട് ശ്വാസം വായിലൂടെ ഉള്ളിലേക്കെടുത്ത് വായടച്ച് പിടിച്ചു കൊണ്ട് മൂക്കിലൂടെ ശ്വാസം വിടുക.

5. ശ്വാസം ദീർഘമായി എടുക്കുക. ശ്വാസം ള്ളിൽ (പുറത്തുകളയാതെ) പിടിച്ചുകൊണ്ട് അൽപനേരം മുഖത്തിലുള്ള പേശികളെ ചുരുക്കി പിടിക്കുക. ശേഷം മൂക്കിലൂടെ ശ്വാസം പുറത്തേക്കു വിടുക.

6. മൂക്കിലൂടെ ശ്വാസം ദീർഘമായി ഉള്ളിലേക്കെടുക്കുക. ശേഷം ശ്വാസം ഉള്ളിൽ പിടിച്ചു കൊണ്ട് വായ് നല്ലവണ്ണം തുറന്നു പിടിക്കുക. വായിൽക്കൂടി ശ്വാസം ശക്തമായി പുറത്തേക്കു വിടുക.

7. ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക. ഇതിനോടൊപ്പം കണ്ണുകൾ തുറന്ന് ദൃഷ്ടി മൂക്കിന്റെ അറ്റത്തേക്ക് അൽപനേരം ഉറപ്പിക്കുക. കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാകുമ്പോൾ കണ്ണുകൾ തുടർച്ചയായി അടച്ചുതുറക്കുക.

8. ചൂണ്ടുവിരൽ കൊണ്ട് രണ്ടു കണ്ണിനു ചുറ്റും വട്ടത്തിൽ തിരുമ്മുക. അതുപോലെ തന്നെ ചുണ്ടിനു ചുറ്റും തിരുമ്മുക. തള്ളവിരൽ കൊണ്ടും ചൂണ്ടുവിരൽ കൊണ്ടും കവിളിലെയും നെറ്റിയിലെയും പേശികളെ ചെറുതായി അമർത്തുക. വിരലുകളുടെ അറ്റം കൊണ്ട് തട്ടുക. കൺപോളകളുടെ മുകളിൽ തള്ളവിരലിന്റെ അറ്റം കൊണ്ട് മൃദുവായി തിരുമ്മുക. കൈപ്പത്തി കൊണ്ട് കവിളിലെ പേശികളെ മൃദുവായി അമർത്തുക.

9. കണ്ണുകൾ നല്ലവണ്ണം തുറന്ന് പുരികങ്ങളുടെ നടുഭാഗത്തേക്ക് നോക്കുക.

10. മേൽചുണ്ടിനെയും കീഴ്ചുണ്ടിനേയും വായ്ക്കുള്ളിലാക്കി മൂക്കിലൂടെ ദീർഘമായി ശ്വാസോച്ഛ്വാസമെടുത്തുകൊണ്ട് മൂളുക. (അതായത് മ് എന്ന ശബ്ദം പുറപ്പെടുവിക്കുക.)

ഡോ. വിഷ്ണു മോഹൻ

നാച്ചുറോപ്പതി, യോഗ കൺസൾട്ടന്റ്

ഹോളിക്രോസ് ഹോസ്പിറ്റൽ, ചേർത്തല, ആലപ്പുഴ