Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നും ഉണർവോടെയിരിക്കാൻ വിപസ്സന

vipassana

ബുദ്ധൻ രാത്രി നീളുവോളം ധ്യാനസ്ഥനായി. പ്രത്യേകിച്ചും ചന്ദ്രൻ തെളിഞ്ഞ രാത്രികളിൽ പ്രശാന്തമായ രാത്രിവായു ആസ്വദിച്ചുകൊണ്ട് തന്റെ കുടിലിനു പുറത്തു മുളത്തട്ട് കൊണ്ടിട്ട് അതിനു മേലിരിക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. പുലർച്ചയ്ക്കു മുമ്പ്, തടാകത്തിനു ചുറ്റുമായി അദ്ദേഹം നടന്നു ധ്യാനം ചെയ്യുവാൻ ബുദ്ധന് യുവഭിക്ഷുകളെപ്പോലത്ര ഉറക്കം ആവശ്യമായിരുന്നില്ല.(പഴയ പാത വെളുത്ത മേഘങ്ങൾ–തിച്ച് നാത് ഹാൻ. വിവർത്തനം: കെ.അരവിന്ദാക്ഷൻ)‌‍‍‌‌

ലോകത്തെ ഏറ്റവും ലളിതമായ ഒരു ധ്യാനസമ്പ്രദായത്തെക്കുറിച്ചാണിനി പറയാൻ പോകുന്നത്; അതേസമയം ഏറ്റവും സങ്കീർണ്ണമായതിനെക്കുറിച്ചും – വിപസ്സന

വിപസ്സനയെ കുറിച്ച്

വിപാസന, വിപശ്യന എന്നൊക്കെ പലപേരിൽ, പല രാജ്യങ്ങളിൽ അറിയപ്പെടുന്ന ഈ ധ്യാനമാണ് ഇന്നു ലോകത്തേറ്റവും കൂടുതൽ പേർ പരിശീലിക്കുന്നത്. ഒാഫീസ് എക്സിക്യൂട്ടീവുകളും ബുദ്ധസന്യാസിമാരും ജയിൽപുളളികളുമൊക്കെ ഒറ്റയ്ക്കും കൂട്ടായുമൊക്കെ പരിശീലിക്കുന്ന ഈ ധ്യാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മറ്റാരുമല്ല– സാക്ഷാൽ ഗൗതമരാജകുമാരനായിരുന്നു. വിപസ്സനയുടെ ആഴങ്ങൾ കടന്ന സുന്ദരനിമിഷത്തിലായിരുന്നു അദ്ദേഹത്തിന് ഉണർവുണ്ടായത്. സ്വയം നിരീക്ഷിക്കലിൽ നിന്നു സ്വയം അറിഞ്ഞവനായ ആ മുഹൂർത്തമാണ് ബുദ്ധാവസ്ഥ.

എല്ലറ്റിനോടും സാക്ഷീഭാവത്തിൽ നോക്കിയിരുന്ന്, സ്വയം നിരീക്ഷിച്ചു യാഥാർഥ്യം മനസ്സിലാക്കലാണ് വിപസ്സന. മറ്റു ധ്യാനമാർഗങ്ങളിലും യോഗയിലുളളതുപോലെ പ്രാണായാമമോ ശ്വാസത്തെ ക്രമപ്പെടുത്തലോ ശാരീരികാഭ്യാസമോ ഒന്നും ഇവിടെയില്ല. ചിലപ്പോൾ ഇതൊരു ധ്യാനമാണെന്ന് പോലും കരുതാനാകില്ല.

ഒരിടത്ത്, സ്വസ്ഥമായി വെറുതെ ഇരിക്കുക. ശ്വാസം വരുന്നതും പോകുന്നതും മാത്രം നിരീക്ഷിക്കുക. ശ്വാസനിയന്ത്രണമൊന്നും വേണ്ട. ശ്വാസത്തെക്കുറിച്ചു ശ്രദ്ധവേണമെന്നു മാത്രം. ശ്വാസം വരുന്നതു നിങ്ങൾ അറിയുന്നുണ്ടോ? മൂക്കിന്റെ അറ്റത്തു തട്ടി പുറത്തേക്ക്. ആ ഭാഗങ്ങളിൽ കൂടി അകത്തേക്ക്. വീണ്ടും പുറത്തേക്ക്. വെറുതെ അതു നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. കേൾക്കുമ്പോൾ നിസ്സാരവും ലളിതവുമായി തോന്നും. എന്നാൽ അത്ര ലളിതമാണോ? അതറിയണമെങ്കില്‍ ഗൗതമബുദ്ധന്റെ ധ്യാന വൈഭവം വെളിവാക്കുന്ന ഒരു ഉപദേശകഥ കേൾക്കാം.

ചോദ്യങ്ങൾ ഒടുങ്ങുന്നു

പിൽക്കാലത്തു പ്രധാന ബുദ്ധശിഷ്യന്മാരിലൊരാളായി മാറിയ മൗലികപുത്രൻ ആദ്യമായി ബുദ്ധനെ കാണാൻ വന്നത് കുറെ ചോദ്യങ്ങളുമായിട്ടാണ്. ചോദ്യങ്ങൾ കേട്ടു കഴിഞ്ഞു ബുദ്ധൻ ചോദിച്ചു: ‘‘ഈ ചോദ്യങ്ങൾക്ക് ഉത്തരം കേൾക്കാനാണോ അതോ പ്രശ്നങ്ങൾ പരിഹരിക്കാനാണോ താങ്കൾ വന്നത്.’’

മൗലികപുത്രന്റെ ഉത്തരം ബുദ്ധിപരമായിരുന്നു: ‘‘അങ്ങയോട് ചോദ്യങ്ങൾ ചോദിക്കാൻ വന്ന എന്നോട് താങ്കൾ ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുന്നു. ആലോചിച്ചിട്ടു താങ്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാം.’’

പിറ്റേ ദിവസം അയാൾ മടങ്ങിയെത്തിയിട്ടു പറഞ്ഞു: ‘‘ചോദ്യങ്ങൾ പരിഹരിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഞാൻ പലരോടും ചോദിച്ചതാണ്. എന്നാൽ തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ല.’’ അപ്പോൾ ബുദ്ധൻ പറഞ്ഞു: ‘‘ധാരാളം ഉത്തരങ്ങൾ നിങ്ങൾക്ക് ഇപ്പോൾതന്നെ ലഭിച്ചിട്ടുണ്ട്. ഞാനും കൂടെ കുറെ ഉത്തരങ്ങൾ നൽകിയാലും യാതൊരു കാര്യവുമില്ല. അതുകൊണ്ടു പരിഹാരമാണു ഞാൻ നൽകാൻ പോകുന്നത്.’’

മൗലികപുത്രൻ പറഞ്ഞു: ‘‘സന്തോഷം. അവ എനിക്കു വേഗം തരിക.’’ ബുദ്ധന്റെ മറുപടി മൗലികപുത്രനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു: ‘‘ഒരു പരിഹാരവും മറുപടിയും എന്റെ കൈയിലില്ല. എല്ലാം താങ്കളിൽ തന്നെയുണ്ട്. നിങ്ങൾ സ്വയം വളർത്തിയെടുക്കേണ്ടതാണത്. അതിനായി എന്നോടൊപ്പം ഒരു കൊല്ലം നിശബ്ദനായി കഴിഞ്ഞു കൂടുക. ഒരൊറ്റ ചോദ്യ പോലും ചോദിക്കരുത്. ഒരു കൊല്ലം കഴിയുന്ന ദിവസം എല്ലാ ചോദ്യത്തിനും ഞാൻ ഉത്തരം പറയാം.’’

ബുദ്ധന്റെ ഈ വാക്കുകൾ കേട്ട് അടുത്തുണ്ടായിരുന്ന സരിപുത്രനെന്ന മുഖ്യശിഷ്യൻ ചിരിക്കാൻ തുടങ്ങി. ഈ ചിരി കേട്ട് മൗലികപുത്രന് ആകാംക്ഷ അടക്കാനായില്ല. ‘‘ചിരിക്കാൻ മാത്രം എന്താണിവിടെ സംഭവിച്ചത്.?’’

സരിപുത്രൻ പറഞ്ഞു:‘‘നിങ്ങൾക്ക് ചോദിക്കാനുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചോദിക്കുക. ഒരു കൊല്ലം കാത്തിരിക്കരുത്. എനിക്കും ഇതുതന്നെയാണ് സംഭവിച്ചത്. ഒരു കൊല്ലത്തെ മൗനത്തിനും ധ്യാനത്തിനും ശേഷം നാം ഒന്നും ചോദിക്കാൻ പോകുന്നില്ല. ചോദ്യത്തിന്റെ ഉറവിടം തന്നെയില്ലാതാകും. ഈ ഗുരു ഒരർഥത്തിൽ ചതിയനാണ്. ഒരുത്തരവും തരാൻ പോകുന്നില്ല.’’

അപ്പോൾ ബുദ്ധൻ ഇടപെട്ടു പറഞ്ഞു: ‘‘സരിപുത്രാ, ഞാൻ വാക്കുപാലിക്കും. ഒരു കൊല്ലം കഴിഞ്ഞാൽ താങ്കൾ ചോദിച്ചുകൊള്ളുക .’’ മൗലികപുത്രൻ തികഞ്ഞ മൗനത്തിൽ ധ്യാനം ചെയ്തു. രാവും പകലും മറന്നുകൊണ്ടുളള ഉപാസന . ഒരു വർഷം കഴിഞ്ഞുപോയതൊന്നും അയാൾ അറിഞ്ഞില്ല. എന്നാൽ ബുദ്ധന് അതോർമയുണ്ടായിരുന്നു. മൗലികപുത്രന്റെ വിഹാരത്തിലെത്തി അദ്ദേഹം ചോദിച്ചു: ‘‘ഇവിടെ മൗലികപുത്രനെന്നൊരാൾ എന്നോടു കുറെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞ് അതിനു മറുപടിയുമായാണ് ഞാനെത്തിയിരിക്കുന്നത്. മൗലികപുത്രൻ ദയവായി മുന്നോട്ടുവരിക.’’

അവിടെ കൂടിയിരുന്ന പതിനായിരക്കണക്കിനു ഭിക്ഷുകികൾ മൗലികപുത്രനെ തിരയാൻ തുടങ്ങി. അക്കൂട്ടത്തിൽ മൗലികപുത്രനുമുണ്ടായിരുന്നു. ബുദ്ധന് ആളെ മനസ്സിലായി: ‘‘ഹേ... നിങ്ങളല്ലേ എന്നോട് ചോദ്യങ്ങൾ ചോദിച്ചത്... എന്നിട്ട് നിങ്ങൾ ഇങ്ങനെ തിരിഞ്ഞു നടന്നാലോ?’’ മൗലികപുത്രൻ പറഞ്ഞു: ‘‘ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന മൗലികപുത്രനെക്കുറിച്ചു ഞാനും കേട്ടിട്ടുണ്ട്. അയാൾ മരിച്ചുപോയി. എനിക്കിപ്പോൾ യാതൊരു സംശയവും ഇല്ല.’’

ഒരു വഴികാട്ടി

ഒാരോരുത്തരുടെയും ഉളളിൽ നടക്കുന്നതെന്താണെന്ന് സ്വയം തിരിച്ചറിയാനാകുന്ന, ചോദ്യങ്ങൾക്കെല്ലാം സ്വയം ഉത്തരം കണ്ടെത്താനാകുന്ന ഒരു ധ്യാനമാർഗത്തിലേക്ക് നമുക്കും കടക്കാനാകും. ജീവിതസന്ധാരണത്തിന്റെ വഴികളിൽ ധർമബോധത്തോടെ, ആകാംക്ഷയും ആകുലതകളുമൊഴിഞ്ഞു ശാന്തരായി മുന്നേറാനുളള വഴികാട്ടിയാണത്. അതിനായി നമുക്ക് വേണ്ടതോ മൗനമായ സ്വസ്ഥമായ കുറച്ചു മണിക്കൂറുകൾ മാത്രം. ഒപ്പം നോക്കേണ്ടത് അവനവന്റെ ഉളളിലേക്കാണെന്ന തിരിച്ചറിവും.  

Your Rating: