Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യായാമം മാത്രമല്ല യോഗ

Sri Sri Ravi Shankar

യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.

യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. ഏറെക്കുറെ ഒഴിച്ചുകൂടാൻ പറ്റാത്തതാണു യോഗ എന്നു ഞാൻ പറയും. നിങ്ങൾക്കു സ്വബുദ്ധിയും സംവേദനശേഷിയും വിവേകവും കരുത്തും സഹജാവബോധവും വേണമെങ്കിൽ നിങ്ങൾ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു.

ആത്മീയമായി അതിനെ വിശദീകരിച്ചാൽ അത് ആത്മീയമല്ലാതെയാകും. അത് അനുഭവിക്കാനുള്ളതാണ്. ജീവിതത്തെ സജീവമാക്കുന്നതും നിങ്ങളിൽ ജന്മങ്ങളോളം നിലനിൽക്കുന്ന സ്നേഹവും ഊർജവും നിറയ്ക്കുന്നതും ആത്മീയതയാണ്.‌

ധ്യാനം തീർച്ചയായും യോഗയുടെ ഭാഗമാണ്. യോഗ ധ്യാനപരമാകണം. അതല്ലെങ്കിൽ അതു വെറും വ്യായാമമാകും, ജിംനാസ്റ്റിക്സ് ആകും.‌ ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ ‘‘യോഗഃ കർമസു കൗശലം’’ എന്നു പറയുന്നു. ‘യോഗ പ്രവൃത്തിയിലെ നൈപുണ്യമാണ്’ എന്നാണതിന്റെ അർഥം. യോഗയ്ക്കും നൈപുണ്യത്തിനും ഒരേ അർഥമാണ്. നിങ്ങൾക്കു നൈപുണ്യമുണ്ടെങ്കിൽ എവിടെയോ നിങ്ങൾ യോഗയുടെ മാർഗം സ്വീകരിച്ചിട്ടുണ്ട് എന്നാണർഥം. മാത്രമല്ല, നിങ്ങൾ യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്കു തീർച്ചയായും പ്രവൃത്തിയിൽ നൈപുണ്യം ഉണ്ടാകും.

നിങ്ങളുടെ ഉൽസാഹം എങ്ങനെ നിലനിർത്തുമെന്നതും ഊർജം ചോർന്നുപോകാതെ നിങ്ങളുടെ ജോലി എങ്ങനെ നടത്തുമെന്നതും ആണ് നൈപുണ്യം. ഇതു യോഗയിലൂടെ മാത്രമേ സാധിക്കൂ. സാധാരണ ജോലിയെടുക്കുമ്പോൾ നിങ്ങൾ ക്ഷീണിക്കുന്നു. അതുകാരണം, പ്രവൃത്തിയുടെ ഫലം ഉണ്ടാകുമ്പോഴേക്കും നിങ്ങൾക്കു ക്ഷീണം കാരണം അത് ആസ്വദിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു നിങ്ങളുടെ ഉൽസാഹത്തെ സജീവമാക്കുകയും ഊർജത്തെ നിലനിർത്തുകയും ചെയ്യുന്നതോടൊപ്പം നിങ്ങൾക്കു നേട്ടങ്ങളും നൽകുന്ന നൈപുണ്യമാണു യോഗ.

നിങ്ങൾക്കു വളരെയധികം ഉൽസാഹവും ഊർജവുമുണ്ടെങ്കിൽ നിങ്ങൾ ഈ നിമിഷത്തിലാണ്. നിങ്ങൾ സംഭവങ്ങളെ അവ വരുന്നതുപോലെ സ്വീകരിക്കുന്നു. നിങ്ങൾ എന്തെങ്കിലുമൊന്നു പ്രതീക്ഷിക്കുന്നില്ല. അപ്പോൾ നിങ്ങളുടെ പ്രവൃത്തി, ഫലത്തിൽനിന്നുണ്ടാകുന്ന ആനന്ദം പ്രതീക്ഷിക്കുന്നതിനു പകരം ആനന്ദത്തിന്റെതന്നെ പ്രകാശനമാകുന്നു.

ആസനങ്ങളും വ്യായാമങ്ങളും യോഗയുടെ ഭാഗമാണ് എന്നതിൽ സംശയമില്ല. എന്നാൽ, അതിനെ വെറും വ്യായാമമായി പരിമിതപ്പെടുത്തുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുത്. അതു സർവവ്യാപകമായ വളർച്ചയാണ്. മനുഷ്യജീവിതത്തിന്റെ പ്രകാശനവും ചേർച്ചയുമാണ്. ഓരോ ശിശുവും യോഗിയാണ്. ശരീരവഹനത്തിലും ശ്വസനരീതിയിലും ഗ്രഹണശക്തിയിലും കൂർമതയിലും വർത്തമാനകാലത്തിൽ നിലകൊള്ളാനുള്ള കഴിവിലും ശിശു യോഗിയുടെ എല്ലാ സ്വഭാവങ്ങളും പ്രകാശിപ്പിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.