Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ഇത്തരമൊരു വീട് വേറെ കാണില്ല!

nalanda-luxury-house-thrissur സ്വിമ്മിങ് പൂളിന് മുകളിലായി ഡൈനിങ് സ്പേസ്. പൂൾ കോർട്‌യാർഡ്... പുതുമകളുടെ ആഘോഷമാണ് തൃശൂർ പാവർട്ടിയിലെ ‘നളന്ദ’ എന്ന വീട്.

ഒരുപക്ഷേ, കേരളത്തിലെ മറ്റൊരു വീട്ടിലും ഇതുപോലൊരു കാഴ്ച ഉണ്ടായിരിക്കില്ല! ഊണുമുറിക്കടിയിലൂടെ വീടിനുള്ളിലേക്കൊഴുകിയെത്തുന്ന സ്വിമ്മിങ് പൂൾ. അതു തെളിമയോടെ കാണാൻ പാകത്തിന് ഊണുമുറിക്ക് ഗ്ലാസ് പാളികൾ വിരിച്ച തറ. തൊട്ടടുത്തുള്ള പൂൾ കോർട്‌യാർഡിനു ചുറ്റും ഗ്ലാസ് ഭിത്തി. അതിലെ ഗ്ലാസ് വാതിൽ തുറന്നാൽ പൂളിലേക്കിറങ്ങാം. നീന്തിത്തുടിക്കാം.

nalanda-luxury-house-dining-pool ഡൈനിങ് സ്‌പേസും തൊട്ടപ്പുറത്തായി പൂൾ കോർട് യാർഡും.

വിസ്മയക്കാഴ്ചകളുടെ ഉത്സവമാണ് ഖത്തറിലെ പോപ്പുലർ ഇലക്ട്രിക്കൽസ് ആൻഡ് ട്രേഡിങ് കമ്പനി ഉടമ പി.എ. ലതേഷിന്റെ തൃശൂർ പാവർട്ടിയിലെ വീട് നിറയെ.

പറയെഴുന്നള്ളിപ്പിന് എത്തുന്ന ആനകൾക്ക് തലകുനിക്കാതെ വീട്ടുമുറ്റത്തേക്കെത്താൻ പാകത്തിന് 13 അടി പൊക്കത്തിലുള്ള രണ്ട് പടിപ്പുരകൾ. 16 സെന്റിൽ 26 ലക്ഷം രൂപ ചെലവാക്കി വാസ്തുവിധിപ്രകാരം നിർമിച്ച കുളം! ഉള്ളിലെ മാത്രമല്ല, വീടിനു വെളിയിലെ കാഴ്ചകളും ആരെയും അതിശയിപ്പിക്കും.

പുതുമകളുടെ ആഘോഷം

കോഴിക്കോട് സന്ധ്യ ആൻഡ് അസോഷ്യേറ്റ്സിലെ പ്രിൻസിപ്പൽ ആർക്കിടെക്ട് സന്ധ്യയുടെ നേതൃത്വത്തിലാണ് വീട് രൂപകൽപന ചെയ്തത്. പുതുമയുടെ ആഘോഷമായിരിക്കണം വീടിന്റെ ഹൈലൈറ്റ് എന്നായിരുന്നു ലതേഷിന്റെയും കുടുംബത്തിന്റെയും ആവശ്യം. ‘സ്വിമ്മിങ് പൂളിന് മുകളിലായുള്ള ഡൈനിങ് റൂം’ എന്ന ആശയം കേട്ടപ്പോൾതന്നെ വീട്ടുകാർ സമ്മതംമൂളി. നിർമാണത്തിന്റെ സങ്കീർണതകൾ അറിഞ്ഞുതന്നെ ആർക്കിടെക്ടിന് പൂർണസ്വാതന്ത്ര്യവും അനുവദിച്ചു.

അടിത്തറയ്ക്കു മുകളിലുള്ള ബീമുകളെ ബന്ധിപ്പിച്ച് ജിഐ ബോക്സ് സെക്ഷൻ നൽകി അതിനു മുകളിൽ 33 എംഎം കനമുള്ള ലാമിനേറ്റഡ് ഗ്ലാസ് സ്ലാബുകൾ ഉറപ്പിച്ചാണ് പൂളിനു മുകളിലെ ഡൈനിങ് സ്പേസ് നിർമിച്ചത്. 176x158 സെമീ അളവിലുള്ള ഒൻപത് ഗ്ലാസ് സ്ലാബുകളാണ് ഇതിനു വേണ്ടിവന്നത്.

മുന്നൂറ് ചതുരശ്രയടിയോളം വിസ്തീർണമുള്ള ഊണുമുറിയുടെ ഭാഗത്ത് ഫ്രെയിമിന്റെ പിൻബലമില്ലാതെ ഒരൊറ്റ ഗ്ലാസ് സ്ലാബ് വിരിക്കാനാണ് ആദ്യം ആലോചിച്ചത്. ഇതിന് കുറഞ്ഞത് 60 എംഎം എങ്കിലും കനമുള്ള ലാമിനേറ്റഡ് ഗ്ലാസ് വേണമായിരുന്നു. ബെംഗളൂരുവിലെ ഫാക്ടറിയിൽനിന്ന് പ്രത്യേക ട്രെയിലറിൽ വേണം ഇത് എത്തിക്കാൻ. ക്രെയിനിന്റെ സഹായത്തോടെ വേണം ഇത്ര വലിയ ഗ്ലാസ് എടുത്തു വയ്ക്കാൻ. മാത്രമല്ല, ഭിത്തി കെട്ടുന്നതിന് മുമ്പ് തന്നെ ഇത് വീടിനുള്ളിൽ എത്തിക്കുകയും വേണം. അതുകാരണം ഈ പദ്ധതി ഉപേക്ഷിച്ചു.

ആദ്യം അമ്പരപ്പ്, പിന്നെ ആവേശം

പാലുകാച്ചലിന് എത്തിയവരിൽ പലരും ഗ്ലാസ് തറ കണ്ട് ആദ്യമൊന്ന് അമ്പരന്നു. കയറാൻ മടിച്ചു. ആദ്യത്തെ അമ്പരപ്പ് കൗതുകത്തിനും ആവേശത്തിനും മെല്ലേ വഴിമാറി. പിന്നെ സെൽഫിയെടുപ്പും ബഹളവുമെല്ലാമായി ഏറ്റവും തിരക്ക് ഇവിടെയായിരുന്നു.

ഇപ്പോൾ ഇവിടമാണ് വീടിന്റെ ഹൃദയഭാഗം. വീട്ടുകാരും അതിഥികൾ ഉള്ളപ്പോൾ അവരും ഒത്തുകൂടുന്നത് ഇവിടെത്തന്നെ.

ലാമിനേറ്റഡ് ഗ്ലാസിന് നല്ല ഉറപ്പുണ്ട്. സാധാരണ തറയിൽ നടക്കുന്നതുപോലെ ഇതിലൂടെയും നടക്കാം. നല്ല ഭാരമുള്ള ഊണുമേശയും കസേരകളുമാണ് ഇതിനു മുകളിൽ ഇട്ടിരിക്കുന്നത്. ആർക്കിടെക്ട് സന്ധ്യ പറയുന്നു.

വീടിനു മുൻവശത്തുനിന്ന് ആരംഭിച്ച് ഊണുമുറിക്കടിയിലൂടെ സെന്റർ കോർട്‌യാർഡിനുള്ളിലേക്ക് എത്തുന്ന രീതിയിലാണ് പൂൾ. ‘L’ ആകൃതിയിലുള്ള പൂളിന്റെ ആദ്യഭാഗം കുട്ടികൾക്കുപയോഗിക്കാൻ പാകത്തിന് ആഴം കുറച്ചാണ് നിർമിച്ചിട്ടുള്ളത്. ബാക്കി പകുതിയിലധികവും വീടിനുള്ളിലായി വരുംവിധമാണ് പൂളിന്റെ ഡിസൈൻ. പൂളിലെ ജലനിരപ്പും ഊണുമുറിയിലെ ഗ്ലാസ് തറയും തമ്മിൽ ഒന്നേകാൽ മീറ്റർ അകലമുണ്ട്. അതിനാൽ ഈ ഭാഗത്തുകൂടിയും സുഖമായി നീന്താം.

nalanda-luxury-house-pool വീടിനു മുന്നിൽ നിന്നാരംഭിച്ച് ഉള്ളിലേക്ക് കടക്കുന്ന പൂൾ.

ഊണുമുറിക്കും ഫാമിലി ലിവിങ്ങിനും മധ്യത്തിലായാണ് പൂൾ കോർട്‌യാർഡ്. ഡബിൾ ഹൈറ്റിലാണ് ഇവിടം. ഇതിനു നാലുചുറ്റും ടഫൻഡ് ഗ്ലാസ് പാർട്ടീഷൻ നൽകിയിരിക്കുന്നതിനാൽ താഴെയും മുകളിലുമായി ഇതിനുചുറ്റുമുള്ള മുറികളിൽ നിന്നെല്ലാം പൂൾ കാണാം. മൂന്ന് മീറ്ററോളം പൊക്കവും ഒന്നര മീറ്ററോളം വീതിയുമുള്ള ടഫൻഡ് ഗ്ലാസ് സ്ലാബുകൾ ഫ്രെയിംലെസ് രീതിയിൽ ഉറപ്പിച്ച് തയാറാക്കിയതാണ് ഇവിടത്തെ ഗ്ലാസ് പാർട്ടീഷൻ.

വലുപ്പം 12,000 ചതുരശ്രയടി

nalanda-luxury-house-formal-living സ്വീകരണമുറി. ഇറ്റലി, ചൈന, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഫർണിച്ചർ വാങ്ങിയത്.

എല്ലാ മുറികൾക്കും ആവശ്യത്തിന് വലുപ്പം വേണമെന്ന് വീട്ടുകാർക്ക് നിർബന്ധമുണ്ടായിരുന്നു. അതനുസരിച്ചാണ് വീടൊരുക്കിയത്. സ്വീകരണമുറി, ഡൈനിങ് സ്പേസ്, ഫാമിലി ലിവിങ്, അടുക്കള, വർക് ഏരിയ, മാസ്റ്റർ ബെഡ്റൂം, ഗെസ്റ്റ് ബെഡ്റൂം, പൂജാമുറി എന്നിവയാണ് താഴത്തെനിലയിലുള്ളത്.

nalanda-luxury-house-living ഫാമിലി ലിവിങ്

മൂന്ന് മക്കളുടെയും കിടപ്പുമുറികളും ഫാമിലി ലിവിങ് സ്പേസും രണ്ടാമത്തെ നിലയിൽ വരുന്നു. ഏറ്റവും മുകളിലെ നിലയിലാണ് ഹോം തിയറ്റർ. മൂന്ന് നിലകളെയും ബന്ധിപ്പിച്ച് ലിഫ്റ്റും നൽകിയിട്ടുണ്ട്.

nalanda-luxury-home-theatre ഹോം തിയറ്റർ

പ്രത്യേക ‘തീം’ അനുസരിച്ചാണ് കിടപ്പുമുറികളോരോന്നും ഒരുക്കിയത്. ബാത്റൂമുകളും തീം അനുസരിച്ച് ഡിസൈൻ ചെയ്യുകയായിരുന്നു. കസ്റ്റംമെയ്ഡ് ഡിസൈനിലുള്ള മൊസെയ്ക് ടൈൽ ആണ് ബാത്റൂമുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

nalanda-luxury-house-bed

കസ്റ്റംമെയ്ഡ് ഡിസൈനിൽ നിർമിച്ചവയാണ് ഫർണിച്ചറിൽ കൂടുതലും. ഇന്തൊനീഷ്യ, ചൈന, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ് ഇവ വാങ്ങിയത്. ഇഷ്ടപ്പെട്ട മോഡലിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ച് പണിയിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനായി ആർക്കിടെക്ടും വീട്ടുകാർക്കൊപ്പം യാത്ര നടത്തി.

bedroom-furniture മകളുടെ കിടപ്പുമുറി, ട്രെൻഡി ഫർണിച്ചർ

ലതേഷ് നാട്ടിലുള്ളപ്പോൾ ധാരാളം സുഹൃത്തുക്കളും അതിഥികളും എത്തുമെന്നതിനാൽ ‘ഗെസ്റ്റ് വിങ്’ വീടിനു മുന്നിൽ പ്രത്യേകമായി ക്രമീകരിച്ചു. ഗെസ്റ്റ് ബെഡ്റൂം, ലിവിങ് സ്പേസ് എന്നിവ കൂടാതെ ജിം, സോണ എന്നിവയും ഇവിടെയുണ്ട്.

nalanda-luxury-house-wallpaper ലിവിങ് സ്‌പേസിലെ ചുവരിൽ ഫാമിലി ട്രീ

തെളിനീരിന്റെ സംഭരണപ്പുര

nalanda-luxury-house-pond

പറമ്പിലുണ്ടായിരുന്ന ചെറിയ കുളം മൂടിക്കളയാൻ പലരും പറഞ്ഞെങ്കിലും ലതേഷ് തയാറായില്ല. വാസ്തുവിധിപ്രകാരം കൃത്യമായ അളവിലും വലുപ്പത്തിലും കുളം വലുതാക്കി. നാലുചുറ്റും വെട്ടുകല്ല് കെട്ടി പടവുകൾ പണിതു. 16 സെന്റിലാണ് ഇപ്പോൾ കുളം. ഇത്തവണ കടുത്ത വേനലിലും സമീപത്തെ കിണറുകൾ വറ്റിയില്ല. നാട്ടുകാർ അതിന്റെ മുഴുവൻ ക്രെഡിറ്റും തെളിനീരിന്റെ ഈ സംഭരണപ്പുരയ്ക്ക് നൽകുന്നു. ആവശ്യക്കാർക്ക് ഇവിടെ നിന്നുള്ള വെള്ളം വിതരണം ചെയ്യുന്നുമുണ്ട്.

ചിത്രങ്ങള്‍: ഹരികൃഷ്ണൻ

Project Facts

Area: 12,000 Sqft

Architect: സന്ധ്യ ആൻഡ് അസോഷ്യേറ്റ്സ്

കോഴിക്കോട്

ar_sandhya@live.com

Location: പാവർട്ടി, തൃശൂർ

Year of completion: 2016

Read more on Luxury House Plan Kerala Budget House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.