Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സെന്റ് മുതൽ അഞ്ചു സെന്റിൽ വരെ പണിത വീടുകൾ

small-plot-houses ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കാം എന്ന് തെളിയിക്കുന്നു ചെറിയ പ്ലോട്ടിൽ നിർമിച്ച ഈ വീടുകൾ...

ഭൂമിക്ക് തീവിലയുള്ള കാലമാണ്. അതുകൊണ്ട് ഭൂമി മേടിച്ച് വീടുവയ്ക്കാനാണെങ്കിൽ ബജറ്റിൽ തുള വീഴും. സ്വന്തമായി ഒരു സെന്റ് എങ്കിലുമുണ്ടെങ്കിൽ അവിടെയും വീടുപണിയാം എന്ന് തെളിയിച്ച ചില വീടുകൾ പരിചയപ്പെടുത്തുന്നു.

ഒന്നേകാൽ സെന്റിൽ മൂന്നുനില വീട്!

1.4cent-home-trivandrum-high

ഹൗസിങ് ബോർഡിൽനിന്ന് ലഭിച്ച വീട് പൊളിച്ചുപണിയാൻ തീരുമാനിച്ചപ്പോള്‍ സൈജുവിന് അധികം മോഹങ്ങളൊന്നുമില്ലായിരുന്നു. ഒന്നേകാല്‍ സെന്റ് സ്ഥലത്ത് എന്ത് ചെയ്യാൻ? തന്റെ സഹപ്രവർത്തകനും ഇന്റീരിയർ ഡിസൈനറുമായ ഡെന്നിയെയാണ് ഡിസൈനിങ് ജോലികൾ ഏൽപിച്ചത്. പരിമിതികൾക്കുള്ളിൽനിന്ന് ഡെന്നി സൃഷ്ടിച്ച മാജിക് കാണാൻ ഇപ്പോഴും ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു.

മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടായതിനാൽ ചുറ്റുപാടും ഒഴിച്ചിടേണ്ട സ്ഥലത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ട ആവശ്യമില്ലായിരുന്നു. പ്ലോട്ടിൽ നിറഞ്ഞു നിൽക്കുന്ന വീടിന് ചുറ്റുമതിലുകളില്ല. വീടിന്റെ പുറംഭിത്തി തന്നെയാണ് മതിലിന്റെ റോളിലും. 

മൂന്നംഗ കുടുംബത്തിനു വേണ്ടിയുള്ള വീട് മൂന്ന് നിലകളിലായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ നിലയും 500 ചതുരശ്രയടിക്കടുത്ത് വരും. ഈ ചെറിയ സ്ഥലത്തിനുള്ളിലും ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട്. ഒന്നും അധികമായിട്ടുമില്ലതാനും. വാതിൽ തുറന്നാൽ വലതുവശത്തായി ലിവിങ് സ്പേസ്. ‘L’ ആകൃതിയിലൊരു ഫാബ്രിക് സോഫയും പൂർണമായും ഗ്ലാസിൽ നിർമിച്ച ടീപോയും കാണാം.

1.4cent-home-interiors

നേരെ എതിർവശത്തുള്ള അടുക്കളയെ വേർതിരിക്കാൻ ബ്രേക്ഫാസ്റ്റ്കൗണ്ടർ നൽകിയിട്ടുണ്ട്. തടികൊണ്ടുള്ള ക്ലാഡിങ്ങും ജാളിവർക്കും നൽകി കൗണ്ടർ ആകർഷകമാക്കി. തൊട്ടുചേർന്നുതന്നെ മൂന്ന് പേർക്കിരിക്കാവുന്ന ഡൈനിങ് ടേബിൾ ഒരുക്കിയിട്ടുണ്ട്. വാഷ്ഏരിയയും കോമൺ ബാത്റൂമും കൂടി ചേരുമ്പോൾ താഴത്തെ നിലയിലെ വിശേഷങ്ങൾ പൂർത്തിയായി. 

കോണിപ്പടിയുടെ ലാൻഡിങ്ങിൽ നീഷ് സ്പേസുകൾ, വശങ്ങളിലെ ഭിത്തിയിൽ കോൺക്രീറ്റ് വളയങ്ങൾ ഇങ്ങനെ അലങ്കാരങ്ങള്‍ ചില്ലറയല്ലിവിടെ. കോണിപ്പടിയിൽ സ്ഥാപിച്ച വുഡൻ പാനലിങ്ങിലാണ് ടിവി ഏരിയ ഒരുക്കിയത്. കോണിപ്പടിക്കടിയിലായി സ്റ്റോറേജ് ഏരിയയും നൽകിയിട്ടുണ്ട്.

മാസ്റ്റർ ബെഡ്റൂം പക്ഷേ, ഒരു ത്രീസ്റ്റാർ ഹോട്ടൽ ബെഡ്റൂമിനെ ഓർമിപ്പിക്കുന്നതാണ്. ഇവിടത്തെ താരം ബ്രൗൺ നിറം ആണ്. തറയിൽ വുഡൻ ഫ്ലോറിങ്. ഹെഡ്ബോർഡ് ഭിത്തിയിൽ പാനലിങ് നൽകി. ഇതേ ഡിസൈനിലാണ് സൈഡ്ടേബിളും. ഇവിടെ ബാൽക്കണിയും നൽകിയിട്ടുണ്ട്.

ഇനി മൂന്നാം നിലയിലേക്ക്. ഈ ഭാഗം അതിഥികൾക്കുവേണ്ടി മാറ്റി വച്ചിരിക്കുന്നു. പ്രത്യേകം മുറി നൽകിയിട്ടില്ലെങ്കിലും ബെഡ്സ്പേസ് ഒരുക്കിയിട്ടുണ്ട്. ഒരു വാതിൽ തുറന്നാൽ ഓപൻ ടെറസ്. മറുവശത്തെ വാതിൽ തുറന്നാൽ വീട്ടിലെ രണ്ടാം ബാൽക്കണിയിലേക്കിറങ്ങാം. രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോക്കുവരവ് നടത്തുന്ന വിമാനങ്ങൾ കണ്ടിരുന്നൊരു ചായ കുടിക്കാം.

കേട്ടറിഞ്ഞ വീടിനെ കണ്ടറിയാൻ പല ആളുകളും എത്തുന്നുണ്ട്. മനസ്സിലെ പ്ലാനിൽ പല തിരുത്തലും വരുത്തിയിട്ടാകും അവർ മടങ്ങുക. ഒപ്പം ഒരു ചോദ്യവും ബാക്കിയാവും. ഈ ഒന്നേകാൽ സെന്റെന്നൊക്കെ പറയുന്നത് അത്ര ചെറുതാണോ?

പൂർണരൂപം വായിക്കാം  

http://www.manoramaonline.com/homestyle/dream-home/2017/09/11/three-storeyed-house-in-one-half-cent-trivandrum.html

2 സെന്റിൽ 13 ലക്ഷം രൂപയ്ക്ക് വീട്!

13-lakh-house-trivandrum

അറിയാവുന്ന പൊലീസാണെങ്കിൽ രണ്ടിടി കൂടുതൽ കിട്ടും എന്നൊരു വാമൊഴി വഴക്കമുണ്ട്. പോലീസുകാരന്റെ വീട് പണിയുമ്പോള്‍ ഡിസൈനർ സബീർ തിരുമല ഇത് ഓർത്തോ എന്നറിയില്ല. എന്തായാലും നിർമാണം പൂർത്തിയായപ്പോൾ ഉടമസ്ഥനും സിവിൽ പൊലീസ് ഓഫീസറുമായ സനൽകുമാർ സബീറിന് മനസ്സുകൊണ്ടൊരു സല്യൂട്ട് നൽകി. രണ്ട് സെന്റിൽ 13 ലക്ഷം രൂപയ്ക്ക് പണി തീർത്ത വീട് കണ്ടാൽ ആരും അഭിനന്ദിക്കുകയേ ഉള്ളു.

ബെഡ്റൂം, ബാത്റൂം, അടുക്കള എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങൾ മാത്രം ഉൾപ്പെടുന്നൊരു വീട് മതിയെന്നായിരുന്നു ഉടമസ്ഥന്റെ ആവശ്യം. പക്ഷേ, ഉദ്ദേശിച്ച ബജറ്റിൽ തന്നെ കാര്യങ്ങൾ വിപുലമാക്കിയിട്ടുണ്ട്.

കടലോരപ്രദേശമായിരുന്നതിനാൽ അടിത്തറയ്ക്ക് കൂടുതൽ ബലം വേണ്ടിവന്നു. ഇവിടെ പണം അൽപം കൂടുതലായെങ്കിലും വീടിന്റെ ഉറപ്പിന്റെ കാര്യമായതിനാൽ അത് നഷ്ടമേ അല്ലെന്ന് വീട്ടുകാരൻ പറയുന്നു. ജിഐ പൈപ്പ്കൊണ്ടാണ് ഗെയ്റ്റ് നിർമിച്ചത്. 

ഉപയോഗം കഴിഞ്ഞ വസ്തുക്കളാണ് ഇന്റീരിയർ അലങ്കാരങ്ങളിൽ സിംഹഭാഗവും. അടുക്കളയുടെ കാബിനറ്റ് പണിക്കു ശേഷം ബാക്കി വന്ന എംഡിഎഫ് ഉപയോഗിച്ചാണ് ഹാളിലെ സോഫ നിർമിച്ചത്. തട്ട് താങ്ങാനായി കൊണ്ടുവന്ന കാറ്റാടിക്കഴ ഒടിഞ്ഞപ്പോൾ അതും സീലിങ്ങിൽ അലങ്കാരമാക്കി മാറ്റി. പഴയ ചാക്ക് ഉപയോഗിച്ച് കർട്ടനും തയ്ച്ചിട്ടു. പഴയൊരു ടയർ പുനരുപയോഗിച്ചപ്പോൾ പുത്തൻ വാഷ്ബേസിനായി രൂപാന്തരം പ്രാപിച്ചു. പഴയ ലെറ്റർ ബോക്സും ടൈപ്പ്റൈറ്ററും റേഡിയോയുമൊക്കെ ഇവിടെ ഷോപീസുകളുടെ റോളിലാണ്. കോണിപ്പടിക്കു താഴെയുള്ള ഡൈനിങ് സ്പേസിലേക്ക് തിരഞ്ഞെടുത്തത് സ്ഥലം ലാഭിക്കുന്ന തരം കസേരകളാണ്.

13-lakh-house-interior

താഴെ ഒന്ന്, മുകളിൽ രണ്ട് എന്നിങ്ങനെ മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. നീല, തീം നിറമായി ഉപയോഗിച്ചിരിക്കുന്ന മകന്റെ മുറിയാണ് കൂട്ടത്തിൽ മികച്ചത്. കറുപ്പും വെള്ളയും ഇടകലരുന്ന മാസ്റ്റർ ബെഡ്റൂമിന്റെ തീം സംഗീതമാണ്. താഴത്തെ കിടപ്പുമുറി താരതമ്യേന ചെറുതാണെങ്കിലും അലങ്കാരങ്ങളുടെ കാര്യത്തിൽ ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല. 

രണ്ട് നിലയിലും കോമൺ ടോയ്‌ലറ്റ് നൽകിയിട്ടുണ്ട്. മുകളിൽ ചെറിയൊരു ലിവിങ് സ്പേസ് ഒരുക്കാനും സ്ഥലം കണ്ടെത്തി. ഹാളിൽനിന്ന് ബാൽക്കണിയിലേക്ക് പ്രവേശിക്കാം. ടെറസ്സിലേക്ക് പോകാനും ഗോവണി നൽകിയിട്ടുണ്ട്.

പൂർണരൂപം വായിക്കാം  

http://www.manoramaonline.com/homestyle/dream-home/2017/07/12/13-lakh-house-in-2-cents-trivandrum.html

2.9 സെന്റിൽ കംപ്ലീറ്റ് പാക്കേജ്

rahan-villa-4

ഉദയനഗർ ഫസ്റ്റ് ക്രോസ്സിലെ ഒന്നാം നമ്പർ വീട് സ്ഥലവിനിയോഗത്തിന്റെ കാര്യത്തിലും പ്രഥമ സ്ഥാനത്താണെന്ന് പറയാതെ വയ്യ. വഴിയുടെ മൂലയ്ക്കിരിക്കുന്ന വീടിനു ദൂരെ നിന്നേ ശ്രദ്ധ കവരുന്നൊരു എക്സ്റ്റീരിയര്‍ വ്യൂ കൊടുത്തതിൽ യുവ ആർക്കിടെക്ടുമാരായ ടോംസ്റ്റോയിക്കും സുശീലിനും വലിയ പങ്കുണ്ട്. നേരത്തെയുണ്ടായിരുന്ന പഴയ വീടു പൊളിച്ചു കളഞ്ഞാണ് ആധുനിക ശൈലിയിലുള്ള വീടിന് വഴിയൊരുക്കിയത്. ചതുപ്പു നിലമായതിനാൽ പില്ലറുകൾ കൊടുത്താണ് വീട് പണിതത്. മൂന്ന് സെന്റിൽ താഴെയുള്ള വീടുകൾക്കുള്ള നിയമപരിഗണനയും വാസ്തുശാസ്ത്രവും കണക്കിലെടുത്തു.

∙ മൂന്നു നിലകളിലായി 1450 സ്ക്വയർഫീറ്റാണ് വീടിന്.

∙ ബാൽക്കണി ഏരിയയും പുറത്തേക്കുള്ള കാഴ്ചയും ധാരാളം ലഭിക്കുന്നതിനാൽ സ്ഥലം കുറവാണെന്ന തോന്നൽ പോലും ഉളവാകുന്നില്ല.

∙ കാർ കടക്കുന്ന വിധത്തിൽ ഫോൾഡിങ് ഗേറ്റ് ആണ് ഇവിടെയുള്ളത്.

∙ ഒരു ഹാളിന്റെ രണ്ടു ഭാഗങ്ങളായാണ് ലിവിങ്, ഡൈനിങ് ഏരിയ.

∙ സോഫ, ഡൈനിങ് ടേബിൾ എന്നിവ പ്രത്യേകം ചെയ്തെടുത്തതിനാൽ അധികം സ്ഥലം കളയുന്നില്ല.

∙ മുറികളിൽ വിട്രിഫൈഡ് ടൈലും സ്റ്റെയർകെയ്സിൽ ഗ്രാനൈറ്റും ആണ് വിരിച്ചത്.

∙ U ആകൃതിയിലുള്ള ചെറിയ കിച്ചനാണ് ഇവിടെ.

∙ കിച്ചൻ സ്ലാബിന് ഗ്രാനൈറ്റും ഷട്ടറുകൾക്ക് ലാമിനേറ്റ് ഒട്ടിച്ച പ്ലൈയും ഉപയോഗിച്ചു. അടുക്കള ആകർഷകമാക്കാൻ നിറങ്ങളും സഹായിച്ചു.

rahan-villa-8

∙ താഴത്തെ നിലയിലെ ഹാളിൽ നിന്നു തുടങ്ങുന്നു സ്റ്റെയർ. മൂന്നു നിലകളെയും ബന്ധിപ്പിക്കുന്നത് സ്റ്റെയർ ആണ്.

∙ ലാൻഡിങ്ങിലെ നീളന്‍ ജനലുകൾ പുറമേക്കുള്ള കാഴ്ചയും പുറത്തുനിന്നുള്ള വെളിച്ചവും തരുന്നു.

∙ ഏറ്റവും മുകളിലെ നിലയിൽ ഒരു ഓഫിസ് സ്പേസും ലൈബ്രറിയും ക്രമീകരിച്ചു. ഇവിടെയിരുന്നു ജോലി ചെയ്യുമ്പോൾ പുറത്തെ പച്ചപ്പിലേക്കും കണ്ണോടിക്കാം. ഇവിടെ നിന്ന് പുറത്തെ ടെറസിലേക്കും കടക്കാം.

∙ സ്റ്റെയർ കയറിച്ചെല്ലുന്നതാണ് ഫാമിലി സ്പേസ്. ടിവി കാണാനും ഊഞ്ഞാൽ ആടാനുമെല്ലാം സൗകര്യം ഇവിടെയാണ്.

∙ ബാൽക്കണിയിലേക്കുള്ള വലിയ ഇരുപാളി വാതിൽ തുറന്നിട്ടാൽ L ആകൃതിയിൽ വിസ്താരമുള്ള സ്പേസ് ലഭിക്കും. കുടുംബ കൂട്ടായ്മകൾക്കും ഉപകരിക്കും.

∙ പുറത്തെ ഭിത്തിയിലേക്ക് തുറക്കാവുന്ന ജനാലകൾ വയ്ക്കാനാവാത്തതിനാൽ മുകൾഭാഗത്ത് സ്ലൈഡിങ് വിൻഡോകൾ നൽകി. കാറ്റും കാഴ്ചയും സുലഭം. സ്വകാര്യതയ്ക്ക് ഭംഗം വരുന്നുമില്ല.

∙ മുകളിലെ മാസ്റ്റര്‍ ബെഡ്റൂമിന്റെ സ്വകാര്യത നഷ്ടപ്പെടുത്താത്ത വിധത്തിൽ L ആകൃതിയിലാണ് ജനലുകളുടെ സ്ഥാനം. ജനലുകൾ തുറന്നാൽ പുറത്തെ ചെറിയ ബാൽക്കണിയിലേക്ക് ഇറങ്ങാം. ഇതിനോടു ചേർന്ന് തലയ്ക്കു മുകളിലായി നീളത്തിൽ സ്ലൈഡിങ് വിൻഡോയും ഉണ്ട്.

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/rahan-villa-home-in-small-plot.html

5 സെന്റിൽ ഇങ്ങനെയും വീട് പണിയാമോ!

small-plot-house-calicut-elevation

വളരെ ചെറിയ പ്ലോട്ട്. അവിടെ പരമാവധി സൗകര്യങ്ങളുള്ള വീട് വേണം. ഇതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന സ്ഥലത്ത് 5.4 സെന്റ് പ്ലോട്ടിൽ 2250 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. വലിയ പ്ലോട്ടിൽ പണിയുന്ന ഒരു ഇടത്തരം വീട്ടിൽ ഒരുക്കിയിരിക്കുന്ന ആഡംബരങ്ങളെല്ലാം ഇവിടെ സമ്മേളിക്കുന്നു. നീളൻ പ്ലോട്ട് ആയതിനാൽ ദീർഘചതുരാകൃതിയിലാണ് വീടിന്റെ ഘടന. ബോക്സ് മാതൃകയാണ് എലിവേഷനിൽ നൽകിയത്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കാനാണ് ഇത്തരമൊരു ശൈലി അവലംബിച്ചത്. തറവാട് വീട് അടുത്തുതന്നെയായതിനാൽ പ്രത്യേകം കാർ പോർച്ച് പണിതിട്ടില്ല. 

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. അതിനാൽ ധാരാളം വ്യാപ്തിയും വിശാലതയും തോന്നിക്കുന്നു. പ്രധാന വാതിൽ കടന്നാൽ ഒരു നീളൻ ഹാൾ ആണ് കാണാൻ കഴിയുക. ആദ്യം ഇരുവശങ്ങളിലുമായി ഫോർമൽ ലിവിങ് ക്രമീകരിച്ചു. ഹാളിന്റെ മറ്റേയറ്റത്തായി ഊണുമുറി. ഇരുമുറികളെയും വേർതിരിക്കാൻ പ്ലൈവുഡ് സിഎൻസി ജാളി ഡിസൈനിൽ ഒരു സെമിപാർടീഷൻ ക്രമീകരിച്ചു.

വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. വളരെ മിനിമൽ ശൈലിയിൽ ജിപ്സം+ വെനീർ സീലിങ് ചെയ്തിട്ടുണ്ട്. വാം ടോൺ തീം ഇന്റീരിയറിൽ പ്രസന്നത നിറയ്ക്കുന്നു.സീബ്ര കർട്ടനുകൾ ജനാലകൾക്ക് അഴക് വിരിക്കുന്നു. 

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. തെങ്ങിൻതടി കൊണ്ടാണ് ഊണുമേശയും കസേരകളും നിർമിച്ചത്. 

small-plot-house-calicut-interior

ജിഐ ഫ്രയിമുകളും തടിയും കൊണ്ടാണ് ഗോവണി നിർമിച്ചിരിക്കുന്നത്. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി. ഗോവണി കയറിച്ചെന്നാൽ അപ്പർലിവിങ്‌ കാണാം.

പ്രകാശത്തെ പരമാവധി അകത്തേക്ക് ആനയിക്കുന്നതിനായി ചെയ്ത ഒരു സൂത്രമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. മുകൾനിലയിൽ സ്‌കൈലൈറ്റിൽ നിന്നും വരുന്ന പ്രകാശത്തെ താഴത്തെ നിലയിലേക്കും എത്തിക്കുന്നതിനായി  ഗോവണിയുടെ മുകളിലെ ഓപ്പണിങ്ങിൽ ഗ്ലാസ് പർഗോള നൽകി. ഇതിലൂടെ പ്രകാശം താഴത്തെ നിലയിലേക്ക് ഒഴുകിയെത്തുന്നു.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. സ്വകാര്യത നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. ജിപ്സം+ പ്ലൈവുഡ് ഫോൾസ് സീലിങ് മുറികളിൽ ചാരുത നിറയ്ക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.

വിശാലമായ അടുക്കളയാണ് ഇവിടെ ഒരുക്കിയത്. ധാരാളം സ്‌റ്റോറേജ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. മറൈൻ പ്ലൈവുഡ് കൊണ്ട് ലാമിനേറ്റ് ഫിനിഷിൽ കബോർഡുകൾ നിർമിച്ചു. കറുത്ത ഗ്രാനൈറ്റാണ് പാതകത്തിനു നൽകിയിരിക്കുന്നത്. കൗണ്ടർടോപ്പ് നീട്ടി ബ്രേക്ഫാസ്റ്റ് കൗണ്ടറിനുള്ള സൗകര്യവും നൽകി.

ചുരുക്കത്തിൽ പ്ലോട്ടിന്റെ പരിമിതികളെ അധികം ഗിമ്മിക്കുകൾ ഒന്നും കാണിക്കാതെ മറികടന്നു ഉപയോഗക്ഷമമായ ഒരു വീട് നിർമിക്കാൻ സാധിച്ചു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

പൂർണരൂപം വായിക്കാം  

http://www.manoramaonline.com/homestyle/dream-home/2017/11/22/small-house-plans-5-cent-home-calicut.html