Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

21 മുതൽ 27 ലക്ഷം വരെ നാലുവീടുകൾ

20-30-lakh-house ഫെറോസിമന്റ് മുതൽ ഫൈബർ സിമന്റ് ബോർഡുകൾ വരെ ഉപയോഗിച്ച് നിർമിച്ച ചെലവ് കുറഞ്ഞ വീടുകളുടെ വിശേഷങ്ങൾ...

നിർമാണച്ചെലവ് അനുദിനം വർധിക്കുകയാണ് എന്നത് യാഥാർഥ്യമാണ്. എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കുക? ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറഞ്ഞ ബദൽ നിർമാണരീതികൾ അവലംബിക്കുക എന്നതാണ് ഒരുത്തരം. ഫെറോസിമന്റ് മുതൽ ഫൈബർ സിമന്റ് ബോർഡുകൾ വരെ ഉപയോഗിച്ച് നിർമിച്ച ചെലവ് കുറഞ്ഞ വീടുകളുടെ വിശേഷങ്ങൾ... നിർമ്മാണച്ചെലവുകളിൽ കാലോചിതമായ വർധന ഉണ്ടായിട്ടുണ്ടാകാമെങ്കിലും ചെലവ് കുറഞ്ഞ വീട് സ്വപ്നം കാണുന്നവർക്ക് ഇതൊരു റഫറൻസ് ആയി ഉപയോഗിക്കാം.

21 ലക്ഷം രൂപയ്ക്ക് ഫെറോസിമന്റ് വീട്!

21-lakh-house

ചങ്ങനാശേരിക്കടുത്ത് കുറിച്ചിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മൂന്ന് ബെഡ്റൂം, ഹാൾ, ലിവിങ് സ്പേസ്, അടുക്കള, കോമൺ ബാത്റൂം എന്നിവയാണ് വീടിന്റെ ഉള്ളടക്കം. ഡൈനിങ്, ലിവിങ് സ്പേസുകൾ ഡബിൾ ഹൈറ്റില്‍ നിർമിച്ചു. ഓപൻ സ്റ്റൈലിലാണ് അടുക്കള. ഹാളില്‍ ചെറിയൊരു നടുമുറ്റവും നൽകിയിട്ടുണ്ട്. നിരപ്പായത്, ചരിഞ്ഞത്, കർവ്ഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മേൽക്കൂരകളാണ് വീടിന് മേലാപ്പ് തീർക്കുന്നത്.

പഴയ തടി ഉപയോഗിച്ച് ജനാലകൾ നിർമിച്ചു. അലുമിനിയംകൊണ്ടുള്ള സ്ലൈഡിങ് ജനാലകളും ചെലവ് കുറയ്ക്കാൻ സഹായിച്ചു. എംഡിഎഫ്, മൾട്ടിവുഡ് എന്നിവകൊണ്ടാണ് കിച്ചൻ കാബിനറ്റുകൾ നിർമിച്ചത്. നടുമുറ്റത്തിന്റെ തൂണുകളിൽ സ്റ്റോണ്‍ ക്ലാഡിങ് കൊടുത്തിട്ടുണ്ട്. മുൻവശത്തെ ഡിസൈൻ വർക്കിന് വേണ്ടി മാത്രമാണ് കുറച്ച് ഇഷ്ടികകൾ ഉപയോഗിച്ചത്.

നിർമാണരീതിയും വ്യത്യസ്തമാണ്. കമ്പി, മെഷ്, നെറ്റ് എന്നിവ ഉപയോഗിച്ചാണ് വീടിന്റെ അസ്ഥികൂടമുണ്ടാക്കുന്നത്. ഇതിനു മുകളിലേക്കാണ് ഫെറോസിമന്റ് തേച്ചുപിടിപ്പിക്കുക. പണിക്കാവശ്യമായ ഫെറോസിമന്റ് സൈറ്റിൽ തന്നെ നിർമിക്കുകയായിരുന്നു.

കണക്കിലെ കളി

എന്തുകൊണ്ട് ഫെറോസിമന്റ് വീട് എന്ന ചോദ്യത്തിന് അൽപം വിശദമായിത്തന്നെ ഉത്തരം നൽകേണ്ടിവരും. സ്ഥലവും പണവും ലാഭിക്കാം എന്നതാണ് ലളിതമായ ഉത്തരം. സാധാരണ കോൺക്രീറ്റ് വീടുകളിൽ ഭിത്തിയുടെ കനം ഒൻപത് ഇഞ്ച് ആയിരിക്കും. അതായത് 23 സെന്റിമീറ്റർ. എന്നാൽ ഫെറോസിമന്റ് വീടുകളിലിത് ഏഴര സെന്റിമീറ്റർ മാത്രമാണ്. ഇതുകാരണം കാർപെറ്റ് ഏരിയ കൂടുതൽ ലഭിക്കും. പ്ലോട്ടിലും സ്ഥലം ലാഭിക്കാം.

fibre-cement-house-dining

കോൺക്രീറ്റ് നിർമാണരീതിയില്‍ 1620 ചതുരശ്രയടി വരുമായിരുന്ന പ്ലിന്ത് ഏരിയ 1351 ചതുരശ്രയടിയായി കുറയ്ക്കാൻ സാധിച്ചു. അതായത് 270 ചതുരശ്രയടി; ഏകദേശം അരസെന്റ് സ്ഥലം ലാഭിക്കാനായി. പ്ലിന്ത് ഏരിയ കുറഞ്ഞതിനാല്‍ സ്ട്രക്ചറിൽ 4,22,000 രൂപ ലാഭിച്ചു. സ്ട്രക്ചറിന് ഭാരക്കുറവായതിനാൽ ഫെറോസിമന്റ് ഫൗണ്ടേഷൻ തന്നെ നൽകി. ഒന്നര ലക്ഷത്തോളം രൂപ ഈ ഇനത്തിലും ലാഭമായി. 

1351 ചതുരശ്രയടി വിസ്തീർണമുള്ള ഈ വീടിന് ചെലവ് വന്നത് 21 ലക്ഷം രൂപയാണ്. ചതുരശ്രയടിക്ക് ഏകദേശം 1550 രൂപ. കോൺക്രീറ്റ് വീട് പണിയാൻ ചതുരശ്രയടിക്ക് ഏറ്റവും കുറഞ്ഞത് രണ്ടായിരം രൂപയാകും. ഇതേ അളവില്‍ കോൺക്രീറ്റ് വീട് പണിയുമ്പോൾ 32 ലക്ഷം രൂപയെങ്കിലും ചെലവാകും എന്നർഥം. ചുരുക്കിപ്പറഞ്ഞാൽ 11 ലക്ഷം രൂപയോളം ലാഭം.

കമ്പി, നെറ്റ്, മെഷ് തുടങ്ങിയവയാണ് പ്രധാന നിർമാണ സാമഗ്രികൾ. ഇഷ്ടികയും കല്ലുമൊന്നും വേണ്ടിവരുന്നില്ല. അടിത്തറയ്ക്കും ഫെറോസിമന്റ് മാത്രം മതി. പ്ലാസ്റ്ററിങ്ങിന്റെയും ആവശ്യമില്ല. ഭിത്തിക്ക് നല്ല മിനുസമുണ്ടാകുമെന്നതിനാൽ പുട്ടിയിടേണ്ട ആവശ്യവും വരുന്നില്ല. ജോലിക്കാരുടെ എണ്ണം, നിർമാണസമയം എന്നിവയും കുറവാണ്.

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/2017/10/31/ferrocement-house-construction-kurichi-changanassery.html

23 ലക്ഷം രൂപയ്ക്ക് ഇരുനില വീട് പണിയാം!

23-lakh-home.jpg

മലപ്പുറം വണ്ടൂരിൽ കുന്നിൻമുകളിൽ ത്രികോണാകൃതിയിലുള്ള ഒരു പ്ലോട്ടായിരുന്നു ഇവിടെ. പാറക്കെട്ടുകൾ നിറഞ്ഞു വീടുനിർമാണത്തിനു ഒട്ടും അനുയോജ്യമല്ലാത്ത പ്ലോട്ട്. നാലര സെന്റ് പ്ലോട്ടിൽ 1400 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. ഭൂമി നിർമാണത്തിന് അനുയോജ്യമാക്കാനും ചുറ്റുമതിൽ പണിയാനുമാണ് കൂടുതൽ തുക ചെലവായത്. 18 ലക്ഷത്തിനു സ്ട്രക്ച്ചർ പൂർത്തിയായി. മൊത്തം 23 ലക്ഷം രൂപയാണ് വീടിന്റെ നിർമാണത്തിന് ചെലവായത്.

ഫ്ലാറ്റ്+ സ്ലോപ് റൂഫുകളുടെ സങ്കലനമാണ് എക്സ്റ്റീരിയറിൽ കാണാൻകഴിയുക. പുറംഭിത്തികളിൽ ഗ്രൂവുകൾ നൽകി ടെക്സ്ചർ പെയിന്റ് അടിച്ചതോടെ ക്ലാഡിങ് ഫിനിഷ് ലഭിച്ചു. വൈറ്റ്+ ക്രീം നിറങ്ങളാണ് വീടിന്റെ തീം ആണ് തിരഞ്ഞെടുത്തത്. പുറംഭിത്തികളിലും ഇന്റീരിയറിലും ഈ നിറങ്ങളുടെ സമ്മേളനം കാണാം.

സിറ്റ്ഔട്ടിൽ ഗ്രാനൈറ്റും അകത്തളങ്ങളിൽ വിട്രിഫൈഡ് ടൈലുകളുമാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. പ്ലൈ+ വെനീർ ഫിനിഷിലാണ് ഫർണിച്ചറുകൾ. ഒതുങ്ങിയ L ഷേപ്പ്ഡ് സോഫ ലിവിങ് അലങ്കരിക്കുന്നു. സമീപം ക്യൂരിയോ ഷെൽഫും കാണാം. ഗോവണിയുടെ താഴെ ഷൂറാക്കിനും, ഇൻവർട്ടർ യൂണിറ്റിനും സ്ഥലമൊരുക്കി. അതോടൊപ്പം ടിവി യൂണിറ്റും ഇതിനു താഴെ ക്രമീകരിച്ചു.

23-lakh-home-hall.jpg

സ്റ്റെയിൻലെസ്സ് സ്റ്റീലും വുഡൻ സ്ട്രിപ്പുകളും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. 

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളും നൽകിയിട്ടുണ്ട്.

ലളിതമായ അടുക്കള. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.

23-lakh-home-kitchen

സെമി ഓപ്പൺ ശൈലിയിൽ ഒരുക്കിയ അകത്തളങ്ങളിൽ ചൂടും കുറവാണ്. കൃത്രിമമായ സൗന്ദര്യങ്ങൾ അകത്തളങ്ങളിൽ കുത്തിനിറയ്ക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് വീടിനെ ജീവസുറ്റതാക്കി മാറ്റുന്നത്.

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/2018/01/15/23-lakh-home-in-hilly-plot-wandoor-malappuram.html

25 ലക്ഷത്തിന് 'ആഡംബര'വീട്!

budget-house-wayanad

ഇരുനില വീട്, 4 കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ, ലിവിങ്, ഡൈനിങ്, അടുക്കള...പക്ഷേ എല്ലാത്തിനും കൂടെ ബജറ്റ് 25 ലക്ഷമേ പാടുള്ളൂ... നാടോടിക്കാറ്റ് സിനിമയിലെ ദാസന്റെയും വിജയന്റെയും ആഗ്രഹം പോലെ 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നേ ആരും ആദ്യം കരുതുകയുള്ളൂ...പക്ഷേ ഈ ബജറ്റിൽനിന്നുകൊണ്ടുതന്നെ ഉടമസ്ഥന്റെ ആഗ്രഹങ്ങൾ നടപ്പാക്കിക്കൊടുത്തു മലപ്പുറം എ എസ് ഡിസൈൻ ഫോറത്തിലെ ഡിസൈനർ സലിം. 

വയനാട് മാനന്തവാടിയിൽ വാങ്ങിയ 12 സെന്റിലാണ് സമകാലിക ശൈലിയിലുള്ള വീട്. പുറത്തും നിന്നും കാണുമ്പോൾ ഇതൊരു ബജറ്റ് വീടാണെന്ന് പറയുകയേയില്ല. എന്നാൽ ഒരു ചെറിയ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിവർത്തിക്കുന്ന ബജറ്റ് വീട് തന്നെയാണിത്. 1600 ചതുരശ്രയടിയാണ് വിസ്തീർണം. ചെറിയ ഇടത്തിനു പോലും ഉപയുക്തത ലഭിക്കും വിധമാണ് പ്ലാൻ വരച്ചത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ എവിടൊക്കെ ചെലവു കുറയ്ക്കാമോ അവിടെല്ലാം ചെലവു കുറയ്ക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. 

പരമാവധി സ്ഥലലഭ്യത കിട്ടാനായി  L ഷേപ്പിൽ ലിവിങ് -ഡൈനിങ് സ്‌പേസ് ക്രമീകരിച്ചു. സിറ്റ്ഔട്ടിൽ നിന്നും നേരെ കയറി വരുന്നത് ലിവിങ്ങിലേക്കാണ്. അതിന്റെ വശത്തായി ഡൈനിങ് സ്‌പേസ്.

budget-house-wayanad-hall

ആറു പേർക്കിരിക്കാവുന്ന ലളിതമായ ഡൈനിങ് ടേബിൾ. ഇതിന്റെ പിറകിലെ ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി. ഡൈനിങ്ങിന്റെ ഒരു വശത്തെ ഭിത്തിയിൽ വോൾ സ്റ്റിക്കർ ഒട്ടിച്ചത് ശ്രദ്ധേയമാണ്. കിടപ്പുമുറിയുടെയും അടുക്കളയുടെയും ഇടയിലുള്ള സ്‌പേസിലാണ് വാഷ് ഏരിയ ക്രമീകരിച്ചത്. 

താഴെ രണ്ടും മുകളിൽ രണ്ടുമായി നാലു കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഒരു കിടപ്പുറിക്ക് അറ്റാച്ഡ് ബാത്റൂം നൽകി. രണ്ടാമത്തെ ബാത്റൂം സ്റ്റെയറിനു താഴെയുള്ള ഭാഗത്ത് ക്രമീകരിച്ചു സ്ഥലഉപയുക്തത കൈവരിച്ചു. മുകളിലെ കിടപ്പുമുറികൾക്ക് പൊതുവായി ഒരു ബാത്റൂം നൽകി. ഓരോ കിടപ്പുമുറികളിലേയും ഒരു ഭിത്തിക്ക് പ്രത്യേക നിറം നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

budget-house-wayanad-kitchen

നിർമാണച്ചെലവ് അടിക്കടി ഉയരുന്ന ഈ കാലഘട്ടത്തിലും എല്ലാ സൗകര്യങ്ങളുമുള്ള ചെലവുകുറഞ്ഞ ഇരുനില വീടുകൾ സാധ്യമാണെന്ന് തെളിയിക്കുകയാണ് മാനന്തവാടിയിലുള്ള ഈ ഗൃഹം. അപ്പോൾ ചോദ്യമിതാണ്...എന്താ ദാസാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ...

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/2017/07/05/luxury-budget-house-mananthavady-wayanad.html

27 ലക്ഷത്തിന് ഇങ്ങനെയൊരു വീട് പണിയാമെന്നോ!

27-lakh-home-manjeri.jpg

മലപ്പുറം മഞ്ചേരിയിൽ 30 സെന്റിൽ 2400 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. ട്രസ്സ് വർക്ക് നൽകി അതിനു മുകളിൽ ടെറാക്കോട്ട ഫ്ലോർ ടൈൽപാകിയാണ് സീലിങ് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയറിലെ റൂഫിൽ വെള്ളം ആഗിരണം ചെയ്യാതിരിക്കാനായി ക്ലിയർ കോട്ട് പെയിന്റടിച്ച ഓടുകളും പാകിയിരിക്കുന്നു. 

വീടിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപോലെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ഘടകം റബ്ബ്‌വുഡിന്റെ സാന്നിധ്യമാണ്. റബ്ബ്‌വുഡ് ഫർണിച്ചർ ഫാക്ടറി നടത്തുന്ന ഉടമസ്ഥന്റെ പ്രത്യേക താൽപ്പര്യപ്രകാരം വീടിന്റെ പല ഭാഗങ്ങളിലും ഫർണിഷിങ്ങിനും റബ്ബ് വുഡാണ് ഉപയോഗിച്ചിരിക്കുന്നത്. 

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഡൈനിങ്ങില്‍ നിന്നുമാണ് സ്റ്റെയർ ഏരിയ ആരംഭിക്കുന്നത്. പൂർണമായും ജിഐ ബോക്സ് ശൈലിയിലാണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. കൈവരികളിൽ റബ്‌വുഡും ഗ്ലാസും ഉപയോഗിച്ചു. ഇതിനുതാഴെ ഇൻവെർട്ടറും മറ്റും വയ്ക്കാനായി സ്റ്റോറേജ് സ്പേസും നൽകിയിട്ടുണ്ട്.

ഡൈനിങ്ങിനും ലേഡീസ് ലിവിങ്ങിനും മദ്ധ്യത്തിലായി നൽകിയ ഭിത്തിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ഇതിലാണ് ടിവി യൂണിറ്റ് നൽകിയത്. ആവശ്യാനുസരണം ഡൈനിങ് ഏരിയയിലേക്കും ലേഡീസ് ലിവിങ്ങിലേക്കും തിരിച്ചു വയ്ക്കാവുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം.

27-lakh-home-manjeri-interior.jpg

ലളിതമായ നാലുകിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകിയിട്ടുണ്ട്. എയർ ഹോളുകൾ ഒഴിവാക്കി പകരം സ്ലിറ്റ് ലെവൽ വിൻഡോകളാണ് നൽകിയിരിക്കുന്നത്. മുകൾ നിലയിലെ ബെഡ്റൂമുകളുടെ പ്രത്യേകത റീ അറേഞ്ച് ചെയ്യാൻ കഴിയുന്ന സീലിങ് തന്നെയാണ്. 

27-lakh-home-bed

വൈറ്റ്+മെറൂൺ തീമിലാണ് ലളിതവും ഉപയോഗക്ഷമവുമായ അടുക്കള. റബ്ബ് വുഡ്, എംഡിഎഫ്, പ്ലൈ, പെയിന്റ് ഫിനിഷ് എന്നിവയെല്ലാം ഉപയോഗിച്ചാണ് കിച്ചൻ കാബിനറ്റുകൾ ഒരുക്കിയത്. 

ചുരുക്കത്തിൽ കാറ്റും വെളിച്ചവും കടന്നു വരുന്ന അകത്തളങ്ങൾ മനസ്സിൽ പൊസിറ്റീവ് എനർജി നിറയ്ക്കുന്നു. തീർന്നില്ല, നിർമാണച്ചെലവുകൾ കുതിക്കുന്ന കാലത്ത് ഇത്രയും സൗകര്യങ്ങളൊരുക്കിയിട്ടും, സ്ട്രക്ച്ചറും ഇന്റീരിയറും കൂടെ 27 ലക്ഷം രൂപമാത്രമാണ് ചെലവായത് എന്നതാണ് വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/2018/02/01/27-lakh-home-eco-friendly-construction-manjeri.html