30 ലക്ഷം മുതൽ 40 ലക്ഷം വരെയുള്ള 4 വീടുകൾ

30 ലക്ഷം മുതൽ 40 ലക്ഷം വരെ ചെലവഴിക്കാൻ കഴിയുമെങ്കിൽ ഈ വീടുകൾ മനസ്സിൽ കുറിച്ചിട്ടോളൂ...

വീടുപണി ശരിക്കും 'പണി'യായി മാറുന്ന കാലഘട്ടമാണിപ്പോൾ. നിർമാണസാമഗ്രികളുടെ വിലവർധനയും അഭാവവും മുതൽ ജിഎസ്ടി വരെ ഭവനസ്വപ്നങ്ങൾക്ക് വില്ലനായി വരുന്നു. എന്നിരുന്നാലും വ്യക്തമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് നമ്മുടെ വഴിക്ക് വരും. വീട് പണിയുമ്പോൾ ബജറ്റ് നിശ്ചയിക്കുക എന്നത് വളരെ പ്രധാനമാണ്. 30  ലക്ഷം മുതൽ 40 ലക്ഷം വരെ ചെലവഴിക്കാൻ കഴിയുമെങ്കിൽ ഈ വീടുകൾ മനസ്സിൽ കുറിച്ചിട്ടോളൂ...

6 മാസം, 30 ലക്ഷം! സ്വപ്‍നവീട് പണിത കഥ! 

കോഴിക്കോട് ഫറോക്കിലുള്ള ഹരിതശോഭയാർന്ന ഒരു നാട്ടിൻപുറത്താണ് വീട് നിർമിച്ചിരിക്കുന്നത്. 12 സെന്റ് പ്ലോട്ടിൽ 1650 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ നാലു കിടപ്പുമുറികൾ, പ്രെയർ റൂം എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരമാവധി മുപ്പതു ലക്ഷത്തിനു സൗകര്യങ്ങളുള്ള ഇരുനില വീട് തീർക്കണം എന്നതായിരുന്നു പത്രപ്രവർത്തകനായ ഉടമസ്ഥന്റെ ആവശ്യം. ഇതിനനുസരിച്ച് ആസൂത്രണം ചെയ്താണ് വീടുപണി തുടങ്ങിയത്.

മോഡേൺ ശൈലിയിലാണ് എലിവേഷൻ. ബാൽക്കണിയിൽ എംഎസ് ഫ്രയിമും പോളികാർബണേറ്റ് ഗ്ലാസും ഉപയോഗിച്ച് കൊണ്ട് പർഗോള നൽകിയത് ശ്രദ്ധേയമാണ്. ചിലയിടങ്ങളിൽ ക്ലാഡിങ് ടൈലുകളും എലിവേഷന് ഭംഗിയേകുന്നു. റോഡിന്റെ രണ്ടു വശങ്ങളിൽ നിന്നും വീട്ടിലേക്ക് വ്യത്യസ്തമായ കാഴ്ചയാണ് ലഭിക്കുന്നത്.

അധികം ഗിമ്മിക്കുകൾ ഒന്നുമില്ലാത്ത ഇന്റീരിയറാണ് വീടിനുള്ളിൽ. വിട്രിഫൈഡ് ടൈലുകളിലേക്ക് പോകാതെ ചെലവ് കുറഞ്ഞ മാർബിൾ വിപണിയിൽ നിന്നും സംഘടിപ്പിച്ചു. ഇതാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്. ലളിതമായ സ്വീകരണമുറി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ.

എംഎസ് ഫ്രെമിൽ വുഡൻ ഫിനിഷിൽ നൽകിയാണ് ഗോവണിയുടെ കൈവരികൾ. ഫോൾസ് സീലിങ് പോലുള്ള കൃത്രിമമായ മേക്കപ്പുകൾ ഒന്നും നൽകാഞ്ഞതും ചെലവ് കുറയ്ക്കാൻ സഹായിച്ചു.

ലളിതമായ അടുക്കള. ഗ്രാനൈറ്റ് കൊണ്ടാണ് പാതകം. കിച്ചനോടുചേർന്നുതന്നെ വർക് ഏരിയയും ക്രമീകരിച്ചു.

അത്യാവശ്യം വലുപ്പമുള്ള (300X300 ) സൗകര്യപ്രദമായ കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഒരുക്കി.  

27 ലക്ഷമാണ് സ്ട്രക്ച്ചറിന് ചെലവായത്. ഫർണിഷിങ്ങിനും ഇന്റർലോക്ക് ഇടുന്നതിനുമാണ് ബാക്കി തുക ചെലവായത്. പറമ്പിലെ തെങ്ങുകൾ സംരക്ഷിച്ചു കൊണ്ടാണ് ഇന്റർലോക്കും ചുറ്റുമതിലും നിർമിച്ചത്. അങ്ങനെ മുപ്പതു ലക്ഷത്തിനു വീട് തയാറായി.

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/2018/01/16/30-lakh-budet-house-feroke-calicut.html

കേരളത്തനിമയുടെ നന്മകൾ നിറഞ്ഞ വീട്

തൃശൂർ-മലപ്പുറം ജില്ലകളുടെ അതിർത്തിയായ പെരുമ്പടപ്പ് എന്ന ഗ്രാമത്തിലാണ് കേരളത്തനിമയുടെ നന്മകൾ ആവാഹിക്കുന്ന ഈ വീട് നിലകൊള്ളുന്നത്. പ്രവാസിയായ നൗഷാദ് അലിക്കും കുടുംബത്തിനും കുറഞ്ഞ ചെലവിൽ കുറഞ്ഞ പരിപാലനം മതിയാകുന്ന പരമ്പരാഗത ശൈലിയിലുള്ള ഒരു വീട് വേണം എന്ന ആഗ്രഹമായിരുന്നു. ഇതനുസരിച്ച് പൊന്നാനിയിൽ ബ്രിക് & സ്‌റ്റോൺ എന്ന ആർക്കിടെക്ചർ സ്ഥാപനം നടത്തുന്ന സാദിഖ് അലി, സൈനുൽ അലി എന്നിവരാണ് ഈ വീട് നിർമിച്ചത്. ഒരേക്കറോളം വിശാലമായ പ്ലോട്ടിൽ 2500 ചതുരശ്രയടിയിലാണ് പ്രൗഢിയും ആഢ്യത്തവുമുള്ള കേരളശൈലിയിലുള്ള ഈ വീട് നിൽക്കുന്നത്. 

പുനരുപയോഗത്തിലൂടെ ചെലവ് പരമാവധി കുറയ്ക്കാൻ കഴിഞ്ഞത്. ഏകദേശം പതിനഞ്ചോളം പഴയ വീടുകൾ പൊളിച്ചിടത്തുനിന്നാണ് ഈ വീട്ടിലേക്കാവശ്യമുള്ള ഓടും തടിയും മച്ചും കട്ടിളയും ഫർണിച്ചറുകളുമെല്ലാം ശേഖരിച്ചത്. 

സ്ലോപ് റൂഫിൽ പോളിഷ് ചെയ്ത പഴയ ഓടുകൾ പാകി. പഴയ വീടുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നീല ജനാലകൾ അതേപടി ഇവിടെ പുനരുപയോഗിച്ചു. ഇതിനു മുകളിൽ കളേർഡ് ഗ്ലാസുകളും നൽകി. ഇത് കാഴ്ചയ്ക്ക് നൽകുന്ന ഭംഗി വളരെയേറെയാണ്. എലിവേഷന് അഴക് പകരുന്ന മറ്റൊരു ഘടകം വെട്ടുകല്ലിന്റെ ഫിനിഷിലുള്ള ക്ലാഡിങ്  ടൈലുകൾ പാകിയ ഭിത്തിയാണ്. വീടിനോടു ചേർന്ന് ചെറിയ പുൽത്തകിടിയും നൽകിയിട്ടുണ്ട്.

വീടിന്റെ വലതുഭാഗത്ത് ആഢ്യത്തമുള്ള പൂമുഖം. ഇവിടെ ചാരുപടികൾ നൽകി. പരമ്പരാഗത ശൈലിയിൽ കിണ്ടിയും കോളാമ്പിയും തൂക്കുമണിയും ഇവിടെ സജ്ജീകരിച്ചു. മനോഹരമായ ചെട്ടിനാട് ടൈലുകളാണ് പൂമുഖത്ത് അതിഥികളെ വരവേൽക്കുന്നത്. ബാക്കിയിങ്ങളിൽ ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന അകത്തളങ്ങളാണ്. 'പഴമയുടെ പുതുമ'യുള്ള റസ്റ്റിക് ഫിനിഷുള്ള ഇന്റീരിയറാണ് ഒരുക്കിയത്. ഇന്റീരിയറിലെ ഹൈലൈറ്റ് കോർട്യാർഡാണ്‌. ഇവിടെ നിലത്ത് പെബിളുകൾ വിരിച്ചു ഭംഗിയാക്കിയിട്ടുണ്ട്. ഡൈനിങ്-കോർട്യാർഡ് ഓപ്പൺ ശൈലിയിലാണ് പണിതത്. പ്രധാനഹാളിലെ മുറികളെ തമ്മിൽ വേർതിരിക്കാൻ വാതിലുകൾ ഒഴിവാക്കി തടി കൊണ്ടുള്ള ഫ്രയിമുകൾ ഭിത്തിയിൽ നൽകിയത് ഇന്റീരിയറിൽ വിശാലത നൽകുന്നു. 

ലിവിങ്ങിന്റെ മൂന്നുവശത്തുമുള്ള ഭിത്തികളിൽ വിശാലമായ ജനാലകൾ നൽകി. ടീക് വുഡ് കൊണ്ടുള്ള ഫർണിച്ചർ പോളിഷ് ചെയ്‌ത്‌ പുനരുപയോഗിച്ചതാണ്. എട്ടുപേർക്കിരിക്കാവുന്ന ഊണുമേശ. തടിമേശയുടെ മുകളിൽ ഗ്ലാസ് ടോപ്പ്‌ നൽകി. ഫോൾസ് സീലിങ്ങിലും പഴയ തടി പോളിഷ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടു ലാൻഡിങ്ങിൽ അവസാനിക്കുന്ന ലളിതമായ ഗോവണി. കൈവരികളും സ്റ്റെപ്പുകളുമൊക്കെ തടിയിൽത്തന്നെയാണ്. ഇതിനു താഴെ ഒരു പാൻട്രി ടേബിളും സജ്ജീകരിച്ചിട്ടുണ്ട്. കോർട്യാർഡിന്റെ ഒരുമൂലയിലെ ഭിത്തിയിൽ വാഷ്ബേസിൻ ക്രമീകരിച്ചു. ഇതിനെ സമീപം കോമൺ ടോയ്ലറ്റ് നൽകി.

മൂന്നു കിടപ്പുമുറികളാണ് ഈ തറവാട്ടിലുള്ളത്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂമുകളും നൽകി. മൺടൈലുകളാണ് കിടപ്പുമുറികളിൽ നൽകിയത്. ഒരു കിടപ്പുമുറിയിൽ കൊതുകുവലയ്ക്കായി നൽകിയ പോർട്ടബിൾ തടി ഫ്രയ്മുകൾ ശ്രദ്ധേയമാണ്. ലളിതമായ അടുക്കള. പ്രധാന ഭിത്തികളിലെല്ലാം ജനാലകൾ ധാരാളമായി നൽകിയിട്ടുണ്ട്. ഇതിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളങ്ങളിൽ എത്തുന്നു.

മുകൾനിലയിൽ കോർട്യാർഡിന്റെ മുകൾ ഭാഗത്ത് ബാൽക്കണി സ്‌പേസ് നൽകി. 32 ലക്ഷം രൂപ മാത്രമാണ് പ്രൗഢിയുള്ള ഈ ഇരുനില കേരളവീട് നിർമിക്കാൻ ചെലവായത്. വീടുനിർമാണത്തിൽ പാരമ്പര്യത്തിന്റെ നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് നമുക്കാവശ്യം എന്ന് ഈ ഗൃഹം നമ്മെ ഓർമിപ്പിക്കുന്നു.

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/2017/08/05/traditional-house-with-reused-materials-perumbadappu-malappuram.html

സുന്ദരൻ വീടിന് 35 ലക്ഷം

സൗകര്യങ്ങൾക്കും ഉപയോഗങ്ങൾക്കും പ്രാധാന്യം നൽകി എന്നതാണ് ഇരിങ്ങാലക്കുട മൂർക്കനാടുള്ള അനിൽ ഭവന്റെ പ്രത്യേകത. 19 സെന്റിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്.

∙ ഒറ്റനിലയിൽ എല്ലാ മുറികളും ക്രമീകരിച്ചാണ് അനിൽ ഭവൻ നിർമിച്ചിരിക്കുന്നത്. തൊട്ടടുത്ത് അമ്പലമുള്ളതിനാൽ മുകളിലെ നില ഉയരം കുറച്ച് നിർമിക്കേണ്ടി വന്നു.

∙ മുകളിലെ നിലയിൽ ഗോവണി കയറിയെത്തുന്ന മുറിയും തുറന്ന ടെറസും മാത്രമാണ് കൊടുത്തിരിക്കുന്നത്.

∙ ‘L’ ആകൃതിയിലുള്ള സിറ്റ്ഔട്ടാണ്. സിറ്റ്ഔട്ട് അൽപം താഴ്ത്തി, ഇതിന്റെ ടെറസിൽ ഫ്ലവർബെഡ് ഒരുക്കാവുന്ന വിധത്തിൽ നിർമിച്ചു.

∙ ചെലവു കുറച്ച് നിർമിക്കുക എന്ന ലക്ഷ്യം ആദ്യമേ ഉണ്ടായിരുന്നതിനാൽ ആർഭാടം തീർത്തും ഒഴിവാക്കിയിരുന്നു. ഫര്‍ണിച്ചർ എല്ലാം നേരത്തേ ഉണ്ടായിരുന്നവതന്നെയാണ് ഉപയോഗിച്ചത്.

∙ വളരെ ചെറിയ ഘടകങ്ങൾ ഉപയോഗിച്ചാണ് എക്സ്റ്റീരിയർ സുന്ദരമാക്കിയിരിക്കുന്നത്. ടൈൽ ക്ലാഡിങ്ങും ജിഐ പൈപ്പുകൾ കൊണ്ടുള്ള പാരപ്പെറ്റുമെല്ലാം ചെലവു കുറച്ചുകൊണ്ടുതന്നെ ഭംഗിയേകാൻ സഹായിക്കുന്നു.

∙ സിറ്റ്ഔട്ടിനു ചുറ്റുമായി ആറ് തൂണുകളുണ്ട്. ഈ തൂണുകളിൽ ക്ലാഡിങ് ചെയ്തും ജനൽ ഷേഡുകൾക്ക് ചതുരാകൃതി നൽകിയുമാണ് വീടിന് കന്റെംപ്രറി ലുക്ക് നൽകിയിരിക്കുന്നത്. ഗെയ്റ്റ് മുതൽ ഒരേ പാറ്റേണാണ് പിൻതുടർന്നിരിക്കുന്നത്.

∙ മൂന്ന് പേരേ താമസക്കാരായുള്ളൂ എന്നതിനാൽ രണ്ട് കിടപ്പുമുറികളും മകൾക്ക് സ്റ്റഡി റൂമുമാണ് നിർമിച്ചത്.

∙ നാല് ബാത്റൂമുകൾ ഈ വീട്ടിലുണ്ട്. കിടപ്പുമുറികളോടു ചേർന്ന രണ്ട് ബാത്റൂമുകൾ കൂടാതെ, ഡൈനിങ് റൂമിൽനിന്നും വീടിന്റെ പുറത്തുനിന്നും പ്രവേശിക്കാവുന്ന ഓരോ കോമൺ ബാത്റൂമുകളുമുണ്ട്.

∙ സ്റ്റെയർകെയ്സിനു താഴെയാണ് വാഷ്ഏരിയ ക്രമീകരിച്ചിരിക്കുന്നത്.

∙ മുൻവാതിൽ മാത്രം തേക്കുകൊണ്ടും അകത്തെ വാതിലുകൾ റെഡിമെയ്ഡുമാണ്. പിൻഗോഡയാണ് ജനാലകളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

∙ പ്രാദേശികമായി കൂടുതൽ ലഭിക്കുന്നതിനാൽ വെട്ടുകല്ലാണ് ഭിത്തി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചെലവു നിയന്ത്രിക്കാനും ഇതു സഹായിച്ചു.

∙ അടുക്കളയിലും കിടപ്പുമുറികളിലും കബോർഡുകൾ നിർമിക്കാൻ അലുമിനിയം ഹൈലം ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

∙ ജനാലകൾക്കും ഇവിടെ ചെറിയ പ്രത്യേകതകളുണ്ട്. മുകളില്‍ ചെറുതും താഴെ വലുതുമായ നാലുപാളി ജനാലകളാണ് ഇവിടത്തേത്. ആവശ്യമാണെങ്കിൽ മുകളിലെ ജനാലകൾ മാത്രം തുറന്നിടാൻ ഉദ്ദേശിച്ചാണ് ഇങ്ങനെ നിർമിച്ചിരിക്കുന്നത്.

∙ 2x2 വലുപ്പത്തിലുള്ള, ഐവറി നിറമുള്ള ടൈലുകളാണ് എല്ലാ മുറികളിലും ഉപയോഗിച്ചത്. ചതുരശ്രയടിക്ക് ഏകദേശം 35 രൂപ വിലവരും.

∙ കാറില്ലാത്തതിനാൽ തൽക്കാലം പോർച്ച് നിർമിച്ചിട്ടില്ല. ഭാവിയിൽ പോർച്ച് നിർമ്മിക്കാൻ സ്ഥലം വിട്ടിട്ടുണ്ട്.

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/modern-contemporary-budget-home-for-35-lakhs.html

5 സെന്റ് 40 ലക്ഷം; പ്രകാശം പരത്തുന്ന വീട്!

ഒനില എന്നാൽ ഗ്രീക്ക് ഭാഷയിൽ അർഥം പ്രകാശം. വീട് പണിയുമ്പോഴെല്ലാം വിദേശത്തായിരുന്നതിനാൽ വീടിന്റെ പേരെങ്കിലും തിരഞ്ഞെടുക്കണമെന്നത് ഗൃഹനാഥനായ സലു സോളമന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരുപാട് പേരുകളിൽ നിന്ന് സലു തിരഞ്ഞെടുത്ത പേരാണ് ഒനില. പേരുപോലെത്തന്നെ വെളിച്ചവും സന്തോഷവും അലയടിക്കുന്നു ഒനിലയിൽ. 

അഞ്ച് സെന്റിൽ 1900 ചതുരശ്രയടിയുള്ള ഈ വീട് നിറഞ്ഞുനിൽക്കുന്നു. എല്ലാറ്റിലുമുപരി, പ്ലോട്ടിന്റെ സ്വാഭാവിക ആകൃതി നിലനിർത്തി നിർമിച്ച വീടാണിത്. റോഡിൽ നിന്ന് ഉയർന്ന പ്ലോട്ടായിരുന്നു. പ്ലോട്ട് നിരപ്പാക്കുന്നതിനു പകരം കാർപോർച്ച് മാത്രം റോഡിന്റെ നിരപ്പിൽ നിർമിച്ചു. 

ഭംഗി എന്നതിലപ്പുറം വീട്ടുകാർക്ക് ദിവസവും വൃത്തിയാക്കിയിടാൻ സാധിക്കണം എന്ന ചിന്തയും ഓരോ മുറികളുടെ ക്രമീകരണത്തിലും ഉണ്ടായിട്ടുണ്ട്. വീടിനുള്ളിൽ പരമാവധി സ്ഥലം ലഭിക്കാനുള്ള അവസരവും പ്ലാൻ വരയ്ക്കുമ്പോൾത്തന്നെ സൃഷ്ടിച്ചു. സ്വീകരണമുറിയിലെയും ഊണുമുറിയിലെയും ജനാലകളുടെ ഷേഡിന് അനുസൃതമായി ഭിത്തി പിന്നിലേക്ക് നീട്ടി അവിടെ ഇരിപ്പിടം സജ്ജീകരിച്ചു. ഊണുമുറിയിൽ, മേശയോടു ചേർന്നുള്ള ഇരിപ്പിടമായി ജനൽപ്പടിയാണ് ഉപയോഗിക്കുന്നത്.

ജനലുകൾ രണ്ടു തരത്തിലുള്ളവയുണ്ട്. വീടിന്റെ എലിവേഷനിൽ ഉൾപ്പെടുന്ന ജനലുകൾ കമ്പികളില്ലാതെ ടഫൻഡ് ഗ്ലാസ് മാത്രമുപയോഗിച്ചും വീടിന്റെ വശങ്ങളിലുള്ള ജനാലകൾ സ്ക്വയർ റോഡ് ഉപയോഗിച്ചുമാണ് നിർമിച്ചിട്ടുള്ളത്.

സ്വീകരണമുറിയും ഊണുമുറിയും ഒരേ ഹാളിന്റെ രണ്ടുഭാഗത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഇവയ്ക്കിടയിൽ ഒരു വാട്ടർ കോർട്‌യാർഡും ഉണ്ട്. കോർട്‌യാർഡിന്റെ അകത്തുതന്നെ നിലവിളക്കുവയ്ക്കാനുള്ള സംവിധാനവുമുണ്ട്. 

ഡബിൾ ഹൈറ്റില്‍ നിർമിച്ചിരിക്കുന്ന ഈ കോർട്‌യാർഡിന്റെ മുകളിൽ ടഫൻഡ് ഗ്ലാസും മൾട്ടിവുഡ് സീലിങ്ങുമാണ്. മൾട്ടിവുഡ് സീലിങ്ങിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം ഭിത്തിയില്‍ തീർക്കുന്ന പാറ്റേണുകൾ ഫ്രെയിമിലാക്കുകയാണ് വീട്ടുകാരുടെ പ്രധാന വിനോദം.

ഊണുമുറിയിലേക്ക് തുറക്കുന്ന അടുക്കളയിൽ കറുപ്പ്, തടിയുടെ നിറം എന്നിവ രണ്ടും മാത്രമാണ് നൽകിയിട്ടുള്ളത്. അടുക്കളയിലെ സ്ഥലം പരമാവധി വിനിയോഗിക്കപ്പെടാനും ഹാളിൽ ഇരിക്കുന്നവരുമായി തടസ്സങ്ങളില്ലാതെ സംവദിക്കാനും പ്രയോജനപ്പെടുന്ന പാരലൽ അടുക്കളയാണ് നിർമിച്ചിരിക്കുന്നത്.

കൗണ്ടർടോപ് രണ്ട് എതിർഭിത്തികളിൽ കൊടുത്ത് നമുക്ക് നടക്കാനുള്ള സൗകര്യം കൊടുക്കുന്നതരം അടുക്കളയാണിത്. കറുപ്പുനിറമുള്ള ഗ്ലാസും പ്ലൈയും ഉപയോഗിച്ചാണ് കബോർഡുകളുടെ നിര്‍മാണം. കൗണ്ടർടോപ്പിനു പുറകിലെ ഭിത്തിയിൽ കറുത്ത ടൈൽ ഒട്ടിച്ചു. ടൈലിനുവേണ്ടി കൂടുതൽ പണം ചെലവാക്കിയിട്ടില്ലെന്നു സാരം. അടുക്കളയോടു ചേർന്ന് ചെറിയൊരു വർക്ഏരിയയുമുണ്ട്.

താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികളാണുള്ളത്. കാർപോർച്ചിനു മുകളിൽ ഗെസ്റ്റ് ബെഡ്റൂമും ഡൈനിങ് റൂമിൽ നിന്നു പ്രവേശിക്കാവുന്ന മാസ്റ്റർ ബെഡ്റൂമും. മുകളിൽ ഒരൊറ്റ കിടപ്പുമുറിയേ ഉള്ളൂ. സ്വീകരണമുറിയും ഗെസ്റ്റ് ബെഡ്റൂമും ഉൾപ്പെടുന്ന ഭാഗത്തിനു മുകളിലായി വലിയ കിടപ്പുമുറി. മുകളിലെ നിലയിൽ സ്വീകരണമുറിയുമുണ്ട്.

വീടിനകത്ത് പച്ചപ്പ് കൊണ്ടുവരാൻ രാധാകൃഷ്ണന്റെ മനപ്പൂർവമായ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഗോവണിയുടെ താഴെ ഊണുമുറിയോടു ചേർന്ന് ഒരു കോമൺ ടോയ്‌ലറ്റ് ഉണ്ട്. ഈ മുറിയുടെ മുകളിൽ മണ്ണിട്ട് അവിടെയും ചെടി വച്ചി‌രിക്കുന്നു. വീടിനു പുറത്ത് സ്ഥലം കുറവാണെന്ന കുറവ് നികത്താനാണ് അകത്തും കോർട്‌യാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്.

ജോലിത്തിരക്കും സമയക്കുറവും മൂലം വീടിനുവേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് അനുയോജ്യമായ വീടാണിത്.

പൂർണരൂപം വായിക്കാം

http://www.manoramaonline.com/homestyle/dream-home/2017/10/30/onella-40-lakh-5-cent-cool-house-trivandrum.html