Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയരം കൂടുന്തോറും കാഴ്ചയുടെ സ്വാദും കൂടും!

tetris-house-mananthavady ചുറ്റുപാടുകളുടെ മനോഹാരിതയെ എങ്ങനെ പൂർണമായി ഉൾക്കൊള്ളാം എന്നതിന് ഉദാഹരണമാണീ വീട്

ഡോക്ടർ സഗീറിന്റെ വീട്ടിലേക്ക് കുത്തനെയുളള കയറ്റം കയറുമ്പോൾ മനസ്സില്‍ വന്നതൊരു ചായപ്പൊടിയുടെ പരസ്യവാചകമാണ്. ഉയരം കൂടുന്തോറും സ്വാദും കൂടും. കേരളത്തിന്റെ ബ്യൂട്ടി സ്പോട്ടായ വയനാടിന്റെ മനോഹാരിത പൂർണമായി ആസ്വദിക്കണമെങ്കിൽ നല്ല ഉയരത്തിൽ നിന്നു തന്നെ നോക്കണം. ആ വശ്യത എന്നും കണികണ്ടുണരാൻ വേണ്ടിയാണ് സഗീർ, മാനന്തവാടിക്കടുത്ത് കുന്നിൻമുകളിൽ വീട് വയ്ക്കാൻ പ്ലോട്ട് വാങ്ങിയത്. വീടിന്റെ മുറ്റത്ത് നിന്ന് ചുറ്റുപാടും കണ്ണോടിച്ചാൽ മനസ്സിലാക്കാം. ഉയരത്തിനൊപ്പം സ്വാദ് മാത്രമല്ല, ഭംഗിയും കൂടും.

പ്ലോട്ടിന്റെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിയാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. ചുറ്റുപാടുകളിൽ നിന്ന് മതിൽ കെട്ടി ഒളിപ്പിക്കാത്ത ഈ വീട് പ്രകൃതിയുമായി ആഴത്തില്‍ സംവദിക്കുന്നു. മുൻഭാഗത്ത് നൽകിയിരിക്കുന്ന വരാന്തയാണ് (ഡെക്ക് ഏരിയ) എക്സ്റ്റീരിയറിനെ വ്യത്യസ്തമാക്കുന്നത്. തടിയെന്ന് തോന്നിക്കുന്ന ടൈലുകൾ പാകിയ ഇവിടം, 'L' ആകൃതിയിൽ രൂപകൽപന ചെയ്തിരിക്കുന്നു. കുന്നിൻമുകളിലായതിനാൽ നേരിട്ടടിക്കുന്ന കാറ്റിനെയും വെളിച്ചത്തെയുമെല്ലാം വേണ്ടവിധം ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് വീടിന് സ്ഥാനം നിർണയിച്ചത്.

ഇടതടവില്ലാതെ

ഒാപൻ പ്ലാനിൽ തയാറാക്കിയ ഇന്റീരിയർ എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് ഭിത്തികളുടെ കാര്യത്തിൽ മാത്രമാണ്. ഡൈനിങ്, ലിവിങ് സ്പേസുകൾ തമ്മിൽ വേർതിരിക്കുന്നത് ചെറിയൊരു ഭിത്തിയാണ്. ഇതിൽതന്നെയാണ് ടിവിയും പിടിപ്പിച്ചത്. 'L' ഷേപ്പിലുളള ഫാബ്രിക് സോഫ അതിഥികൾക്ക് സ്വാഗതമോതുന്നു. മിനിമൽ ശൈലിയുടെ പൂർത്തീകരണമെന്ന നിലയിൽ കറുപ്പ്, ഗ്രേ നിറങ്ങളിലുളള ടൈലുകളാണ് നിലത്ത് പാകിയത്. മ്യൂറൽ തീമിലുളള ടൈലുകൾ ഇടയ്ക്ക് നൽകിയത് വ്യത്യസ്തതയായി. 

tetris-house-hall

പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് കോർട്‍യാർഡുകളാണ് ഇന്റീരിയറിന്റെ ജീവൻ. അതിലൊന്ന് ലിവിങ്, കിച്ചൻ എന്നിവയുടെ ഇടയിലാണ്. വീട്ടിലെ കിടപ്പുമുറികളുടെ നടുക്കാണ് രണ്ടാമത്തെ യാർഡിന്റെ സ്ഥാനം. ഇവിടെ പെബിൾസും ചെടികൾക്കുമൊപ്പം വാട്ടർഫൗണ്ടനും കൊടുത്തിട്ടുണ്ട്. മുകളിലൊരു നില പണിയേണ്ടി വന്നാൽ ഈ സ്പേസ് സ്റ്റെയർകെയ്സ് ആക്കി മാറ്റാനാണ് പ്ലാൻ. 

tetris-house-living

രണ്ട് യാർഡുകൾക്കും മീതെ ടഫൻഡ് ഗ്ലാസും പർഗോളയും നൽകി സ്വാഭാവിക വെളിച്ചം ഉറപ്പാക്കിയിട്ടുണ്ട്. വീടിന്റെ മുൻവശത്തെ ജനാലകളും വെളിച്ചം സംഭാവന ചെയ്യുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നു. പ്രകൃതിരമണീയമായ കാഴ്ചകൾ ഉളളിലെത്തിക്കുന്നു എന്നതാണ് മറ്റൊരു ഗുണം.

tetris-home-courtyard

അടുക്കളയുടെ സ്ഥാനം എടുത്തുപറയേണ്ട കാര്യങ്ങളിലൊന്ന്. പൂർണമായും ഒാപൻ ശൈലിയിലല്ലെങ്കിലും, ഉളളിലെല്ലാം വീട്ടമ്മയുടെ നോട്ടമെത്തുന്ന രീതിയിലാണ് അടുക്കളയുടെ ഡിസൈൻ. കോർട്‍യാർഡിനോട് ചേർന്നുളള ഭിത്തിയുടെ ഒരു ഭാഗത്ത് വലുപ്പമുളള ഗ്ലാസ് നൽകിയാണ് ഇത് സാധ്യമാക്കിയത്. യാർഡിൽനിന്നുളള അധികവെളിച്ചം അടുക്കളയിലും ഹാജർ വയ്ക്കുമെന്ന അധിക ഗുണവുമുണ്ട്. ഐലൻഡ് കിച്ചൻ ഉളള അടുക്കളയ്ക്ക് കറുപ്പും വെളുപ്പുമാണ് നിറങ്ങൾ. സമീപത്തുളള വർക്ഏരിയയിലൂടെ പുറത്തേക്കിറങ്ങാം.

tetris-house-kitchen

കിടപ്പുമുറികളും വ്യത്യസ്തം

അതിഥിക്ക് വേണ്ടി കിടപ്പുമുറികൾ പണിതില്ലെന്നതാണ് ഈ വീട്ടുകാരെടുത്ത ഏറ്റവും നല്ല തീരുമാനം. നാലംഗ കുടുംബത്തിന് രണ്ട് കിടപ്പുമുറികൾ തന്നെ ധാരാളം. ഭാവിയിൽ ആവശ്യങ്ങൾ വർധിക്കുമ്പോൾ മുകളിലൊരു നില കൂടി പണിതാൽ മതിയാകും. മാസ്റ്റർ ബെഡ്റൂമിലേക്ക് മുൻവശത്തുനിന്ന് പ്രത്യേകം വാതിൽ നൽകിയിട്ടുണ്ട്. കോർട്‍യാർഡിലേക്കും അതിനപ്പുറം കുട്ടികളുടെ റൂമിലേക്കും കാഴ്ചയെത്തുന്ന വലിയൊരു ഗ്ലാസ് പാളിയാണ് ഇവിടത്തെ സവിശേഷത.

tetris-house-kid-room

കോർട്‍യാർഡിലെ പച്ചപ്പ് കണ്ട് ഉന്മേഷഭരിതരായി എഴുന്നേൽക്കാം എന്നതിനൊപ്പം കുട്ടികളുടെ ബെഡ്റൂമിലേക്കും നോട്ടമെത്തും. കാരണം കുട്ടികളുടെ മുറിയിലെ ഭിത്തിയിലും ഇത്തരത്തിലൊരു ഗ്ലാസ് പാളി കൊടുത്തിട്ടുണ്ട്. ആകർഷകമായ നിറങ്ങളാണ് ഈ മുറിയെ വേറിട്ടു നിർത്തുന്നത്. ഹെഡ്ബോര്‍ഡ് ഭിത്തി പീക്കോക്ക് ഗ്രീൻ നിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. കർ‌ട്ടനുകൾക്ക് വെള്ളയും പച്ചയുമാണ് കളർ കോഡ്. പിങ്ക് നിറവും റൂമിൽ അങ്ങിങ്ങായി സാന്നിധ്യമറിയിക്കുന്നുണ്ട്. കോർട്‍യാർഡിനെ അഭിമുഖീകരിക്കുന്ന തരത്തിലാണ് സ്റ്റഡിടേബിളിന് സ്ഥാനം നൽകിയത്. 

tetris-house-mananthavady-bed

അടുക്കളയ്ക്കും കിഡ്സ് ബെഡ്റൂമിനും ഇടയ്ക്കുളള സ്ഥലത്ത് ഇൻബില്‍റ്റ് സിറ്റിങ് ഏരിയ നൽകിയിട്ടുണ്ട്. തുണികൾ ഇസ്തിരിയിടാനുളളള സൗകര്യവും ഇവിടെ തയാറാക്കിയിരിക്കുന്നു.

ഉയരത്തിനൊപ്പം ഭംഗി കൂടിയെന്നത് ശരി തന്നെ. പക്ഷേ ഭംഗിക്കൊപ്പം ബജറ്റും കൂടണമല്ലോ! ഇത്രയും ഭംഗിയുളള വീടിന് വമ്പൻ തുക ചെലവായിക്കാണുമെന്ന് കരുതിയെങ്കിൽ തെറ്റി.  30 ലക്ഷം രൂപയ്ക്കാണ് വീട് പൂർത്തിയാക്കിയതെന്ന് സഗീർ പറയുന്നു. നല്ല ആശയങ്ങളും കൃത്യമായ പ്ലാനിങ്ങുമുണ്ടെങ്കിൽ നല്ല വീട് സ്വപ്നം മാത്രമാകില്ലെന്നാണ് വീട്ടുകാരുടെ പക്ഷം.

ചെലവു നിയന്ത്രിച്ച വഴികൾ

ഫിനിഷിങ്ങിൽ കാര്യമായ പണം ചെലവാക്കാതിരുന്നാൽ പണം ലാഭിക്കാൻ പറ്റി. ഭംഗിക്ക് വേണ്ടിയാണ് റൂഫ് സ്ലാബ് ഒരേ നിരപ്പിൽ വാർത്തതെങ്കിലും ഫലത്തിൽ അതും ലാഭമായി. ഒാപൻ ശൈലിയായതിനാൽ പല ഭിത്തികളും ഒഴിവാക്കാനായി. പല ചുവരുകളിലും ഗ്ലാസ് നൽകിയതും വലിയ തോതിൽ ചെലവ് കുറച്ചു.

Know the architects

ഇംതിയാസ് അഹമ്മദ്, ഷബ്ന ഇംതിയാസ്

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംങ് കോളേജിൽ നിന്നാണ് ഇംതിയാസും ഷബ്നയും ബി ആർക്ക് നേടിയത്. കോഴിക്കോട് ആസ്ഥാനമായുളള ഇൻഗ്രിഡ് ആർക്കിടെക്സിന്റെ സാരഥികളാണ് ഇരുവരും.

"ആർക്കിടെക്ച്വറിൽ ക്യൂബുകൾ അടുക്കി വച്ച് നിർമിക്കുന്ന രീതിയെ ടെട്രിസ് എന്നാണ് പറയുക. പോർച്ച്, വീട്, വർക്ഏരിയ എന്നിങ്ങനെ മൂന്ന് ക്യൂബുകൾ ചേരുന്ന ഈ വീടിനെ ടെട്രിസ് ഹൗസ് എന്ന്് വിളിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്". 

Project Facts

Location- Wayanad

Area- 1800 SFT

Architects- Imthiaz Ahmed, Shabna Imthiaz

Ingrid Architects, Calicut

ingridarch.clt@gmail.com

Completion year- June 2017