Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
kerala-themed-home-calicut ബദൽ നിർമാണ സാമഗ്രികളുടെ ഉപയോഗത്തിലൂടെ ഭംഗി കുറയാതെ ചെലവ് ചുരുക്കി കേരളത്തനിമ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ വ്യത്യസ്തമാക്കുന്നത്.

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ഡിസൈനർ സ്വന്തം വീട് പണിയുമ്പോൾ എന്തൊക്കെയായിരിക്കും ആലോചിക്കുക? കോഴിക്കോട് ബിൽഡിങ് ഡിസൈനേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ഡിസൈനർ മുരളിയുടെ മനസ്സിൽ കേരളശൈലിയും ഒപ്പം പുതിയകാല സൗകര്യങ്ങളും ഒരുമിക്കുന്ന വീട് എന്ന സങ്കല്പമായിരുന്നു. എന്നാൽ ചെലവ് പരമാവധി ചുരുക്കി ബദൽ നിർമാണ സാമഗ്രികൾ ഉപയോഗിക്കണം എന്നും ഉറപ്പിച്ചിരുന്നു. ഭാര്യയുടെ ആവശ്യങ്ങളും കൂടി കണക്കിലെടുത്താണ് പ്ലാൻ വരച്ചത്. നടക്കാവിൽ 15 സെന്റ് പ്ലോട്ടിൽ 2650 ചതുരശ്രയടിയിലാണ് ഈ വീട്.

kerala-themed-home-calicut-view

മേൽക്കൂര സ്ലോപ് ചെയ്ത വാർത്ത് മുകളിൽ ഓടുവിരിച്ചതോടെ ഒരു ട്രഡീഷണൽ ഗാംഭീര്യം വീടിനു കൈവന്നു. വീടിന്റെ പുറംകാഴ്ചയിൽ ആദ്യം കണ്ണിലുടക്കുക മുകൾനിലയിൽ കുത്താമ്പള്ളി ശൈലിയിൽ ഒരുക്കിയ ബാൽക്കണിയാണ്. ഫെറോസിമന്റിൽ നിർമിച്ചു അതിൽ വുഡൻ ഫിനിഷ് പെയിന്റ് ചെയ്ത വില്ലഴികൾ കണ്ടാൽ തടിയാണെന്നേ പറയൂ. കാഴ്ചയുടെ ഭംഗിക്കൊപ്പം മുകൾനിലയിലേക്ക് കാറ്റിനെയും വെളിച്ചത്തെയും സ്വാഗതം ചെയ്യുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു.

മൂന്ന് പോർച്ചുകൾ, സോപാനം ശൈലിയിലുള്ള സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അറ്റാച്ഡ് ബാത്റൂമുകളുള്ള നാലു കിടപ്പുമുറികൾ, കിച്ചൻ, വർക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ പ്രധാനമായും ഒരുക്കിയിരിക്കുന്നത്.

kerala-themed-home-court

പ്രധാന വാതിൽ മുതൽ അങ്ങേയറ്റത്ത് ഊണുമുറി വരെ നീണ്ട ഹാളാണ്. മധ്യത്തിലായി നടുമുറ്റം. മാർബോനൈറ്റ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. എംഡിഎഫ് ആണ് ഫർണിച്ചറുകൾക്ക് ഉപയോഗിച്ചത്. ഫർണിച്ചറുകൾ കൂടുതലും ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇവിടെ ജനാലയോടു ചേർന്ന് ടിവി യൂണിറ്റ് നൽകി.

trad-house-interior

നടുമുറ്റമാണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. നടുമുറ്റത്ത് ഗ്ലാസ് ഫ്ലോർ നൽകി പെബിളുകൾ വിരിച്ചു. ഒരു പ്ലാന്റർ ബോക്‌സും കൂടി നൽകിയതോടെ സംഭവം ഉഷാർ. അകത്തേക്ക് കാറ്റും വെളിച്ചവും എത്തിക്കുന്നതിൽ നടുമുറ്റം പ്രധാന പങ്കുവഹിക്കുന്നു. ഇതിനായി ഡബിൾ ഹൈറ്റിൽ പർഗോളയും ചൂടുവായു പുറത്തേക്ക് പോകുന്നതിനായി ഓപ്പണിങ്ങുകളും നൽകിയിരിക്കുന്നു. 

kerala-themed-home-upper

മറ്റൊരു ആകർഷണം ഗോവണി കയറുമ്പോൾ വശത്തെ ഭിത്തിയിൽ നൽകിയ കഥകളിയുടെ ചിത്രമാണ്, ഇതിൽ ബ്രഷ് ഉപയോഗിച്ച് നേരിട്ട് വരച്ചതല്ല. പേപ്പർ പൾപ്പ് മോൾഡ് ചെയ്താണ് രൂപം നിർമിച്ചത്. അതിനു മുകളിൽ നിറങ്ങൾ നൽകിയതോടെ ചിത്രത്തിന് ഒരു ത്രീഡി ഫീൽ ലഭിക്കുന്നു. ഈ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകിയിരിക്കുന്നു. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. മുകളിൽ ഒരു യൂട്ടിലിറ്റി സ്‌പേസും നൽകിയിട്ടുണ്ട്.

kerala-themed-home-painting

കിടപ്പുമുറികൾ ഓരോ കളർ തീമിലാണ് ഒരുക്കിയത്. വാഡ്രോബ്, സ്‌റ്റോറേജ് സ്‌പേസ് എന്നിവയും നൽകിയിട്ടുണ്ട്.

kerala-themed-home-bed

മോഡുലാർ കിച്ചൻ ഒരുക്കി. എംഡിഎഫ് കൊണ്ടാണ് കബോർഡുകൾ. പാതകത്തിനു ഗ്രാനൈറ്റ് വിരിച്ചു. 

kerala-themed-home-kitchen

ഓരോ ഇടങ്ങൾക്കും പരമാവധി സ്ഥലഉപയുക്തത നൽകിയിരിക്കുന്നു. അകത്ത് ചൂട് താരതമ്യേന കുറവുമാണ്. ചുരുക്കത്തിൽ ബദൽ നിർമാണ സാമഗ്രികളുടെ ഉപയോഗത്തിലൂടെ ഭംഗി കുറയാതെ ചെലവ് ചുരുക്കി കേരളത്തനിമ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ വ്യത്യസ്തമാക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Nadakkavu, Calicut

Plot- 15 cent

Area- 2650 SFT

Plot- 15 cent

Owner, Designer- Murali

Building Designers

Mob- 9961864575

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.