Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷം തേടി പുറത്തുപോകേണ്ട, എല്ലാം ഇവിടെയുണ്ട്!

reader-home-kannur ഉണ്ണാനും ഉറങ്ങാനുമുള്ള ഇടം മാത്രമല്ല ഞങ്ങളുടെ വീട്. സന്തോഷം നൽകുന്ന കുറെയേറെ കാര്യങ്ങൾ ഇവിടുണ്ട്.

സന്തോഷം തോന്നാൻ ഇനി പാർക്കിലും ബീച്ചിലുമൊന്നും പോകേണ്ട! അതിനു വേണ്ടതെല്ലാം ഞങ്ങളുടെ പുതിയ വീട്ടിലുണ്ട്. മനോഹരമായ ലാൻഡ്സ്കേപ്, ഫലവൃക്ഷങ്ങൾ, ഒാമനത്തമുള്ള വളർത്തുമൃഗങ്ങൾ... അങ്ങനെയെല്ലാം. വീടുപണി തുടങ്ങുന്നതിന് അഞ്ചുവർഷം മുൻപു തന്നെ ഇതിനു വേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ലാൻഡ്സ്കേപ്പിനുള്ള സ്ഥലം നേരത്തെ നിശ്ചയിച്ച് മരങ്ങളും ചെടികളുമൊക്കെ നട്ടുപിടിപ്പിച്ചത് ഏറ്റവും നല്ല തീരുമാനമായി എന്ന് ഇപ്പോൾ തോന്നുന്നു.

കണ്ണൂർജില്ലയിലെ പഴയങ്ങാടിയിൽ പ്രശസ്തമായ മാടായിക്കുന്നിന്റെ അടിവാരത്താണ് ഞങ്ങളുടെ വീട്. ഇവിടുത്തെ ഭൂപ്രകൃതി സ്വതവേ മനോഹരമാണ്. അതിനെ ചിട്ടപ്പെടുത്തി എടുക്കുക എന്ന ജോലിയേ ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നുള്ളു.

ലാൻഡ്സ്കേപ്പിന്റെ കാര്യത്തിലെന്ന പോലെ ഞങ്ങൾ തന്നെയാണ് വീടിന്റെ പ്ലാൻ വരച്ചതും. ആർക്കിടെക്ട് പ്രവീൺ ചന്ദ്രയെയും എൻജിനീയർ രാജൻ അഴീക്കോടിനെയും പോലെയുള്ള സുഹൃത്തുക്കൾ വേണ്ട സഹായങ്ങള്‍ ചെയ്തു തന്നു. ഹാർബർ എൻജിനീയറിങ്ങ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറാണ് ഗൃഹനാഥനായ ഞാൻ. അതും വീടുപണിക്ക് ഉപകാരമായി.

ബേസിക് പ്ലാൻ തയാറായ ഉടനെ വീടുപണി ആരംഭിക്കുകയായിരുന്നു. എലിവേഷന്റെ അടക്കം ഒന്നിന്റെയും ഡീറ്റെയ്ൽ സ്കെച്ച് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ രണ്ടു മണിക്കൂർ സൈറ്റിൽ പണിക്കാർക്കൊപ്പം ചെലവഴിക്കും. അന്ന് എന്താണ് ചെയ്യേണ്ടതെന്ന് പണിക്കാർക്ക് വിശദമാക്കിക്കൊടുക്കും. അതായിരുന്നു രീതി.

reader-home-kannur-living

‍ഞങ്ങളുടെ വീട്ടിലെ മുഖ്യതാരത്തെപ്പറ്റി പറയാതെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. വീടിനോട് ചേർന്ന് വീടിനകത്താണെന്നു തോന്നുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ‘ഷട്ടിൽ കോര്‍ട്’ ആണ് ആ സൂപ്പർ സ്റ്റാർ. ഈ കോർട്ടിനെ കേന്ദ്രീകരിച്ചാണ് വീടിന്റെ ഡിസൈനും എലിവേഷനുമെല്ലാം രൂപം കൊണ്ടത്.

reader-home-kannur-hall

പിന്നിലായി വീടിന്റെ ഒത്ത നടുവിലായാണ് ഷട്ടിൽ കോർട്. 15 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുണ്ടിതിന്. കോർടിന്റെ രണ്ടു വശത്തും കിടപ്പുമുറികൾ വരുന്നതിനാൽ വീടിനുള്ളിൽ തന്നെയാണ് കോർട് എന്നു വേണമെങ്കിൽ പറയാം. ആദ്യം ഒറ്റനില വീടാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോർടിന്റെ മേൽക്കൂരയ്ക്ക് ആവശ്യത്തിന് പൊക്കം വേണമെന്നതിനാൽ വീട് ഇരുനിലയാക്കുകയായിരുന്നു.

reader-home-kannur-dining

കോർട്ടിനു മുകളിൽ മുഴുവനായി പോളികാർബണേറ്റ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയുള്ളതിനാല്‍ മഴയാണെങ്കിലും വെയിലാണെങ്കിലും കളിയും വ്യായാമവും മുടങ്ങില്ല. പ്രഭാത നടത്തത്തിനായുള്ള ജോഗിങ്ങ് ട്രാക്കായും ഇവിടം പ്രയോജനപ്പെടുത്താം. വീടിനു പിന്നിലായതിനാല്‍ ആവശ്യത്തിനു സ്വകാര്യത ലഭിക്കും. അൻപതോ നൂറോ ആളുകൾ പങ്കെടുക്കുന്ന പാർട്ടികളും കുടുംബസംഗമങ്ങളുമൊക്കെ ഇവിടെ സുഖമായി നടത്തുകയും ചെയ്യാം.

reader-home-kannur-pool

കോർട് ഏറെക്കുറെ ഉള്ളിലായി വരുംവിധം ‌ഉൾപ്പെടുത്തിയതിനാൽ നല്ല നീളത്തിലാണ് ഞങ്ങളുടെ വീട്. 30.5 മീറ്റർ അതായത് 100 അടിയോളമാണ് വീടിന്റെ നീളം! നടുവേ രണ്ടായി പകുത്താൽ രണ്ടു ഭാഗവും ഒരേപോലെ വരും വിധമാണ് വീടിന്റെ ഘടന. ഒന്നിന്റെ മിറർ ഇമേജ് ആണ് അടുത്തത് എന്നു പറയാം. തുല്യത പൂർണമാക്കാനായി സ്റ്റെയർകേസ് പോലും രണ്ടെണ്ണം നൽകിയിട്ടുണ്ട്.

reader-home-kannur-top

വീടിന്റെ ഒരു പകുതിയെ ‘ലേഡീസ് ഏരിയ’ എന്നും മറുപകുതിയെ ‘ജെന്റ്സ് ഏരിയ’ എന്നും വിശേഷിപ്പിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. സ്ത്രീകൾക്കായുള്ള സ്വീകരണമുറി അഥവാ ലേഡീസ് സിറ്റിങ്, ഡൈനിങ് സ്പേസ്, അടുക്കള, വർക്ക് ഏരിയ, മാസ്റ്റർ ബെഡ്റൂം എന്നിവയെല്ലാമാണ് ലേഡീസ് ഏരിയയില്‍ വരുന്നത്. പൊതുവായ സ്വീകരണമുറി, ഗെസ്റ്റ് ബെഡ്റൂം, മറ്റു കിടപ്പുമുറികൾ എന്നിവയെല്ലാം ജെന്റ്സ് ഏരിയയിൽ ഉൾപ്പെടുന്നു.

IMG_6024

7000 ചതുരശ്ര അടിയാണ് ‍ഞങ്ങളുടെ ‘സാജ് മഹലിന്റെ’ വിസ്തീർണം. നാലു വർഷമെടുത്തു പണി പൂർത്തിയാകാൻ. പണം കയ്യിൽ വരുന്നതനുസരിച്ച് വീട് പൂർത്തിയാക്കുകയായിരുന്നു. ആവശ്യത്തിനു വലുപ്പമുണ്ടെങ്കിലും അനാവശ്യമായ ആർഭാടങ്ങൾക്കായി പണം പാഴാക്കിയില്ല എന്നാണു വിശ്വാസം. അധികം തിളക്കവും അലങ്കാരപ്പണികളുമൊന്നും വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. വൈറ്റ് – ഗ്രേ –ബ്രൗൺ നിറക്കൂട്ടിലും അൽപം പരുപരുത്ത റസ്റ്റിക് ഫിനിഷിലുമാണ് ഇന്റീരിയർ. ഫർണിച്ചറിനെല്ലാം ലളിതമായ ഡിസൈനാണ്. ഡിസൈൻ നൽകി പണിയിപ്പിച്ചെടുക്കുകയായിരുന്നു എല്ലാം.

reader-home-kannur-kitchen

അമ്പതു സെന്റിലാണ് വീട്. മതിലിനോടു ചേർന്ന് നാടൻ കോഴി, ആട്, പക്ഷികൾ എന്നിവയ്ക്കെല്ലാം കൂടൊരുക്കിയിട്ടുണ്ട്. നല്ലൊരു അടുക്കളത്തോട്ടവുമുണ്ട്.

reader-home-kannur-bed

വീട് ഉണ്ണാനും ഉറങ്ങാനും മാത്രമുള്ള ഒരിടമല്ല എന്നാണ് ഞങ്ങളുടെ വിശ്വാസം. മനസ്സിന് സന്തോഷം പകരുന്ന കാഴ്ചകൾ, നമുക്ക് ഭക്ഷിക്കാനുള്ളത് കുറച്ചെങ്കിലും വിളയിച്ചെടുക്കാനുള്ള സൗകര്യം, നടക്കാനും ഓടിക്കളിക്കാനുമൊക്കെയുള്ള ഇടങ്ങൾ... ഇതെല്ലാം ചേരുമ്പോഴേ വീട് പൂർണമാകൂ. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യവും.