Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തരം ഒരു പരീക്ഷണം കേരളത്തിൽ ആദ്യം!

rustic-interior-flat-trivandrum പഴയ തടി, ഉപേക്ഷിക്കപ്പെട്ട കരിങ്കൽപ്പാളികൾ... ഇതൊക്കെയാണ് ഈ ഇന്റീരിയറിന് അഴകു പകരുന്നത്

പുതുമയുളള കാഴ്ചകളാണ് ഈ ഫ്ലോറിന്റെ അകത്തളം നിറയെ. പക്ഷേ, കാഴ്ചകളുടെ കമനീയതയെക്കാൾ ആശയങ്ങളുടെ അർഥപുഷ്ടിയിലാണ് ഫ്ലാറ്റിന്റെ ജീവൻ. കല്ലും മരവുമടക്കം ഇവിടെ ഇന്റീരിയർ ഒരുക്കാനുപയോഗിച്ചിരിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും പഴയതാണ്. കണ്ടാൽ പറയില്ലെന്നു മാത്രം.

വേറിട്ടൊരു മുഖം വേണം

‘ഇപ്പോൾ ഫ്ലാറ്റുകൾക്കെല്ലാം ഒരേ മുഖമാണ്. യാന്ത്രികതയാണതിന്റെ സ്ഥായീഭാവം. പെട്ടെന്ന് മടുക്കുന്ന കെട്ടുകാഴ്ചകളാലാകരുത് ഞങ്ങളുടെ വീട് നിറയ്ക്കുന്നത്'. ഇതായിരുന്നു വീട്ടുകാരായ അവാദ് ഹംസയുടെയും ഷാഹിനയുടെയും ആഗ്രഹം.

പ്രകൃതിദത്തനിർമാണവസ്തുക്കളോടായിരുന്നു ഇരുവർക്കും താൽപര്യം. പക്ഷേ, വീടിനായി മരം മുറിക്കുന്നതിനോടോ പാറ പൊട്ടിക്കുന്നതിനോടോ യോജിപ്പില്ലായിരുന്നു. ഇതിൽനിന്നാണ് ‘പഴയ വസ്തുക്കളുടെ കലാപരമായ പുനരാഖ്യാനം’ എന്ന ആശയത്തിന്റെ പിറവി. പഴയ കല്ലും തടിയുമൊക്കെ പുനരുപയോഗിച്ച് കെട്ടിടം നിർമിക്കാറുണ്ട്. പക്ഷേ, പഴയ വസ്തുക്കൾ കൊണ്ട് പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ ഒരുക്കുന്നതിന് മാതൃകകൾ അധികമില്ലായിരുന്നു.

സുസ്ഥിരം സുന്ദരം

ചെറിയ തടിപ്പലകകള്‍ വിരിച്ച തറ. ചാരനിറത്തിലുളള ഒാക്സൈഡ് പൂശി തിളക്കം വരുത്തിയ ഫെറോസിമന്റ് ഷെൽഫുകളും ഇരിപ്പിടങ്ങളും. കൂറ്റൻ പാറക്കഷണം പരുവപ്പെടുത്തിയെടുത്ത ഊണുമേശയും പാൻട്രികൗണ്ടറും. പാക്കേജ് വുഡ് കൊണ്ടുളള കബോർഡുകളും കട്ടിലും. വേറിട്ട കാഴ്ചകളാൽ സമ്പന്നമാണ് തിരുവനന്തപുരം പട്ടത്തുളള ആർട്ടെക്സ് ഫ്ലോറൻസയിലെ ‘ഫൈവ് സി’ ഫ്ലാറ്റിന്റെ ഇന്റീരിയർ.

rustic-interior-flat-living

വീട്ടുകാരുടെ ആഗ്രഹം പോലെ തടിമില്ലുകളിൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന ചെറിയ പലകക്കഷണങ്ങൾ ശേഖരിച്ച് രണ്ട് – രണ്ടരയടി നീളത്തിൽ പ്ലെയിന്‍ ചെയ്തെടുത്താണ് ഫ്ലോറിങ്ങിനുപയോഗിച്ചത്. ഇതിൽ വീട്ടിയും തേക്കും ആഞ്ഞിലിയുമെല്ലാമുണ്ട്.

rustic-interior-flat-kitchen

സർക്കാർ കെട്ടിടങ്ങളുടെ നിർമാണത്തിനായി വാങ്ങുന്ന തടയുടെ പോടുളള ഭാഗം ഉപയോഗിക്കാറില്ല. ഇത്തരത്തിൽ ഉപേക്ഷിച്ച തടി സംഘടിപ്പിച്ചാണ് സ്വീകരണമുറിയിലെ രണ്ട് ഇരിപ്പിടങ്ങൾ നിർമിച്ചത്. 

സ്വീകരണമുറിയിലെ കോഫി ടേബിൾ, ഊണുമേശയുടെ ഇരിപ്പിടങ്ങൾ, ചുവരിൽ തൂക്കിയിരിക്കുന്ന കണ്ണാടികളുടെ ഫ്രെയിം എന്നിവയെല്ലാം ഒാറോവില്ലിൽ നിന്ന് കൊണ്ടുവന്നതാണ്. 2012 ൽ അവിടെ ഉണ്ടായ കൊടുങ്കാറ്റിൽ കടപുഴകി വീണ മരങ്ങളുടെ തടിയും വേരും കൊണ്ടുളളതാണിതെല്ലാം. തേജസ്വിനി എന്ന ആർക്കിടെക്ടിന്റെ നേതൃത്വത്തില്‍ ഇവ ശേഖരിച്ച് ഫർണിച്ചർ നിർമിക്കുന്ന സംരംഭം പ്രവർത്തിക്കുന്നുണ്ട്. 

rustic-interior-flat-decor

വിദേശരാജ്യങ്ങളിൽ നിന്നും സാധനങ്ങൾ കയറ്റി അയക്കാൻ ഉപയോഗിക്കുന്ന കണ്ടെയ്നർ ബോക്സിന്റെ പൈൻ തടിപ്പലകകൾ ഉപയോഗിച്ചാണ് കിച്ചൻ കബോർഡും കട്ടിലുകളുടെയെല്ലാം ഹെഡ്ബോർഡും നിർമിച്ചിരിക്കുന്നത്. ജോലിക്കാര്‍ക്ക് പണിയൽപം കൂടുതലായെങ്കിലും മറ്റെങ്ങുമില്ലാത്ത കാഴ്ച സ്വന്തമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാര്‍.

ഉപേക്ഷിക്കപ്പെട്ടത് ശ്രദ്ധാകേന്ദ്രം

പാറമടയിൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന രണ്ട് കരിങ്കൽക്കഷണങ്ങളാണ് ഇന്റീരിയറിന്റെ ശ്രദ്ധാകേന്ദ്രം. ഊണുമേശയും പാൻട്രി കൗണ്ടറുമായാണ് ഇവയെ മാറ്റിയെടുത്തിരിക്കുന്നത്.

രണ്ട് അടിയോളം പൊക്കത്തിൽ കട്ടകെട്ടി മുകളില്‍ കോൺക്രീറ്റ് ചെയ്ത ശേഷമാണ് 300 കിലോയോളം ഭാരമുളള കരിങ്കല്‍ മേശ തയാറാക്കിയത്. കരിങ്കൽപ്പാളിക്ക് ഇരുവശവും ഗ്ലാസ് പോലെ തോന്നിക്കുന്ന ‘മോൾഡിങ് റെസിൻ’ പിടിപ്പിക്കുകയും ചെയ്തു. സൈറ്റിൽതന്നെ അച്ച് തയാറാക്കി റെസിൻ ഉരുക്കിയൊഴിച്ചാണ് ഇതു നിർമിച്ചത്. ഒരുപക്ഷേ, കേരളത്തിൽ ആദ്യമായിരിക്കും ഇത്തരം പരീക്ഷണം!         

rustic-interior-flat-grinder

ഈ പാറക്കഷണത്തിന്റെ അതേ ആകൃതിയിൽ അച്ചുണ്ടാക്കി അതിൽ റെസിനും ഫൈബർ മാറ്റും ഉരുക്കിയൊഴിച്ച് നിർമിച്ചാണ് പ്രധാന ലൈറ്റുകളെല്ലാം. ഹാൻഡ്മെയ്ഡ് പേപ്പർ കൊണ്ട് നിർമിക്കുന്ന ലൈറ്റുകളുടെ മാതൃകയിലാണ് ഇവ. നിർ‌മിച്ചെടുത്തതിനാൽ ചെലവ് വളരെ കുറയ്ക്കാനായി. 

രണ്ട് മീറ്റർ നീളവും രണ്ടടി വീതിയുമുളള വലിയ കരിങ്കൽക്കഷണമാണ് പാൻട്രി കൗണ്ടറായി മാറിയത്. 700 കിലോയോളം ഭാരമുളള ഇത് അഞ്ചാം നിലയിലെത്തിക്കാൻ നന്നേ പാടുപെട്ടു. ഇതിന്റെ ഒരറ്റത്ത് കുഴിവുണ്ടാക്കി വാഷ് കൗണ്ടറും നൽകിയിട്ടുണ്ട്.                                                                                    

ഫെറോസിമന്റും ഒാക്സൈഡും

സ്വീകരണമുറിയിലെ ഇൻബിൽറ്റ് സോഫ, ബുക്്ഷെൽഫുകള്‍ എന്നിവ ഫെറോസിമന്റിലാണ് തയാറാക്കിയത്. ഇതിൽ ചാരനിറത്തിലുളള സിമന്റ് ഒാക്സൈഡ് പൂശി മെഷീൻ പോളിഷ് ചെയ്തപ്പോള്‍ നല്ല ഭംഗിയായി.

ഇതേനിറത്തിൽ ഒാക്സൈഡ് ചെയ്തതാണ് അടുക്കളയുടെ തറയും കൗണ്ടർടോപ്പും. വെളള നിറത്തിലുളള ടൈറ്റാനിയം ഒാക്സൈഡ് പൂശിയാണ് ബാത്റൂമിന്റെ ചുവരു നിർമിച്ചത്. ചിലരുടെ മുഖങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ പതിയും. ഏത് ആള്‍ക്കൂട്ടത്തിലും കണ്ണ് അതിലേക്കെത്തും. അതുപോലെയാണ് ഈ ഇന്റീരിയറും.

Project Facts

Location- പട്ടം, തിരുവനന്തപുരം

Area- 1700 SFT

Architect- എം. അർച്ചന, ആർക്കിടെക്ട്

വോൾമേക്കേഴ്സ്

Completion year-  ജനുവരി 2018