Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഈ ന്യൂജെൻ നായികയുടെ സൗന്ദര്യ രഹസ്യം?

before-after ദർശനം നേരെ എതിർദിശയിലേക്കാക്കിയതിൽ തുടങ്ങി ഒട്ടേറെ മാറ്റങ്ങളിലൂടെയാണ് ഈ വീട് സുന്ദരമായത്.

കാലത്തിനൊപ്പം കോലം മാറാത്ത മനുഷ്യരില്ല. വീടിനോട് സ്നേഹമുള്ളവരാണ് അവരെങ്കിൽ വീടിന്റെയും കോലം മാറ്റും. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജോർജ്കുട്ടി അത്തരം മനുഷ്യരുടെ കൂട്ടത്തിലുള്ളയാളാണ്. എറണാകുളം പാലാരിവട്ടത്ത് റോസ് വില്ലയിലുള്ള തന്റെ വീടിന് നൽകിയിരിക്കുന്ന സൂപ്പർ മേക്ക് ഓവർ കണ്ടാൽ അത് മനസ്സിലാകും. ഇളംപച്ച നിറത്തില്‍ നരച്ചുകുത്തിയിരുന്ന വീട് ഇന്നൊരു ന്യൂജെൻ നായികയെപ്പോലെ സുന്ദരിയായിരിക്കുന്നു.

renovated-look-kochi

30 വർഷത്തോളം പഴക്കമുണ്ടായിരുന്ന വീട് ഇരുനിലയായിരുന്നെങ്കിലും, ഒന്നിനും സ്ഥലം തികഞ്ഞിരുന്നില്ല. പുറമേ നിന്നുള്ള തലപൊക്കം കണ്ട് അകത്ത് കയറുന്ന അതിഥികൾ അമ്പരക്കും. കാരണം നല്ലൊരു ലിവിങ് റൂം പോലുമില്ല. അതിഥികൾ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് വിശേഷങ്ങൾ പറഞ്ഞ് പോകും. താഴത്തെ നിലയിൽ സൗകര്യമുള്ളൊരു ബെഡ്റൂം ഇല്ലെന്നതായിരുന്നു മറ്റൊരു പ്രശ്നം. കോണിപ്പടി കയറാൻ പറ്റാത്തൊരു പ്രായമെത്തിയാൽ പെട്ടതുതന്നെ!

old-house പഴയ വീട്

വീടിന്റെ മൊത്തത്തിലുള്ള ലുക്കും പഴഞ്ചനായി. അങ്ങനെ വീടിന്റെ ജാതകം മാറ്റിയെഴുതാൻ തീരുമാനിക്കപ്പെട്ടു. ബന്ധുവും ആർക്കിടെക്ടുമായ റിയയെയാണ് വീട് സുന്ദരമാക്കാനുള്ള ചുമതല ജോർജ്കുട്ടി ഏൽപ്പിച്ചത്.

വീട് ഒന്നടങ്കം തിരിച്ചുവച്ചു കൊണ്ടാണ് റിയ തുടങ്ങിയത്. അങ്ങനെ വീടിന്റെ മുൻവശവും പിൻവശവും അങ്ങോട്ടുമിങ്ങോട്ടും മാറ്റപ്പെട്ടു. പഴയ ഉമ്മറം ഇന്ന് അടിപൊളിയൊരു ബാക്‌യാർഡ് ആണ്. ഇവിടെ ഉണ്ടായിരുന്ന മാവിനൊരു പോറൽ പോലും ഏൽപ്പിക്കാതെയാണ് പണി പൂർത്തിയാക്കിയത്. പച്ച നിറം ചുരണ്ടിയെറിഞ്ഞ് നല്ല വെള്ളനിറത്തിൽ വീടിനെ അണിയിച്ചൊരുക്കി. ചാരനിറത്തിലുള്ള ഓടുകളും വന്നതോടെ വീട് കിടിലൻ ഗെറ്റപ്പിലായി. പഴയ പിൻമുറ്റത്ത് കാർപോർച്ചും ഗെയ്റ്റും വന്നു. നിരപ്പായി വാർത്ത് ട്രസ്സ് ഇട്ട പോർച്ച് വീടിന്റെ എടുപ്പ് കൂട്ടി. വീടിനെ ചുറ്റിവരിഞ്ഞിരുന്ന ഷെയ്ഡുകളിലെല്ലാം ചുറ്റിക വീണു. ഇപ്പോൾ ജനാലകൾക്കു മാത്രമാണ് ഷെയ്ഡ് ഉള്ളത്.

എക്സ്റ്റീരിയറിന്റെ ഒരു ഭിത്തിയിൽ ലൂവർ ഡിസൈൻ നൽകിയതും മികച്ച തീരുമാനമായി. വീടിനെ ചുറ്റിവളഞ്ഞ് റോഡ് പോകുന്നതിനാൽ എല്ലാ വശങ്ങളും ഗ്ലാമറാകാതെ തരമില്ലല്ലോ!

1700 ചതുരശ്രയടിയായിരുന്നു പഴയ വീടിന്റെ വിസ്തൃതി. താഴത്തെ നിലയില്‍ കൂടുതൽ സൗകര്യങ്ങൾ ഉൾക്കൊള്ളിക്കുവാൻ വേണ്ടി 800 ചതുരശ്രയടി കൂട്ടിച്ചേർക്കേണ്ടിവന്നു. അങ്ങനെ പുതിയ കിടപ്പുമുറിക്കും ലിവിങ് സ്പേസിനും സ്ഥലം കണ്ടെത്തി.

renovated-house-living

പഴയ കോൺക്രീറ്റ് കോണിപ്പടിയായിരുന്നു ഇന്റീരിയറിന്റെ ഏറ്റവും വലിയ ശാപം. ഒട്ടേറെ സ്ഥലം അപഹരിച്ചിരുന്ന കോണിപ്പടി കിടപ്പുമുറിക്കും തടസ്സമാകുമെന്ന് കണ്ടപ്പോൾ പൊളിച്ചുമാറ്റി. തേക്കു തടി കൊണ്ടുള്ള പുതിയ സ്റ്റെയർകെയ്സ് നല്ല മെലിഞ്ഞ ചുള്ളനായതിനാൽ ഇന്റീരിയറിൽ സ്ഥലം ആവശ്യം പോലെ. എക്സ്റ്റീരിയറിൽ മാത്രമല്ല, വീട്ടിനുള്ളിലും വെള്ള നിറത്തിനു തന്നെയാണ് മേൽക്കൈ. വെള്ളയും തടിയുടെ നിറവും ചേരുന്നതാണ് ഇന്റീരിയറിന്റെ പൊതു തീം. ഫര്‍ണിഷിങ്ങില്‍ മാത്രമാണ് മറ്റ് നിറങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

renovated-house-hall

പഴയ മൊസെയ്ക് ടൈലുകൾ വിരിച്ചിരുന്ന തറയ്ക്കും ശാപമോക്ഷം ലഭിച്ചു. കളം വാഴാനെത്തിയത് പുത്തൻ വിട്രിഫൈഡ് ടൈലുകൾ. വെള്ളയ്ക്കൊപ്പം വുഡൻ ഫിനിഷുള്ള ടൈലുകളാണ് തിരഞ്ഞെടുത്തത്.

കോണിപ്പടി മാറ്റിയപ്പോൾ ഡൈനിങ് ഏരിയയ്ക്കും അൽപം റിലാക്സേഷൻ കിട്ടിയിരുന്നു. പുതിയ മേശയും കസേരകളും എത്തിയതോടെ സംഭവം മോടിയായി. ഒരരികിൽ പുതിയ ക്രോക്കറി ഷെൽഫും സ്ഥാനം പിടിച്ചു. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി സീലിങ് ലൈറ്റും ഇന്റീരിയറിന് പ്രത്യേക മൂഡ് നൽകുന്നു.

renovated-house-dining

യാതൊരു നിലയും വിലയുമില്ലാത്ത അവസ്ഥയിലായിരുന്നു വീട്ടിലെ വാഷ്ഏരിയ. കോണിപ്പടിക്കടിയിലേക്ക് സ്ഥാനം മാറ്റി, അടിപൊളി വോൾടൈലുകൾ നൽകി, തടി കാബിനറ്റും പിടിപ്പിച്ചപ്പോൾ ആളാകെ മാറി. ഇപ്പോൾ ഇന്റീരിയറിലെ താരമാണ് വാഷ്ഏരിയ.

സ്ഥലസൗകര്യങ്ങള്‍ കുറഞ്ഞ അടിക്കളയ്ക്ക് മീതെയും ചുറ്റിക വീണു. ഇതിനോട് ചേർന്നുണ്ടായിരുന്ന സ്റ്റോർ റൂം, ടോയ്‌ലറ്റ് എന്നിവയെല്ലാം പൊളിച്ച് അടുക്കളയോട് ചേർത്തതോടെ സ്പേസിന്റെ പ്രശ്നം തീർന്നു. തടികൊണ്ട് നിർമിച്ച പുത്തൻ കാബിനറ്റുകള്‍ രംഗത്ത് വന്നു. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ്. ഒരു പാൻട്രി ടേബിളും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൈൻഡുകളിലും ഹുഡിലും വരെ തടിക്കു സമാനമായ നിറങ്ങളാണ് നൽകിയത്.

renovated-house-kitchen

ഒരു ചെറിയ ഹാളും കിടപ്പുമുറിയും മാത്രമായിരുന്നു രണ്ടാം നിലയിലെ വിശേഷങ്ങൾ. ഹാളിന് സ്പേസ് കൂട്ടിയെടുത്തു എന്നതിനൊപ്പം പുതിയൊരു കിടപ്പുമുറി കൂടി പുതുതായി കൂട്ടിച്ചേർക്കാൻ സാധിച്ചു. ഹാളില്‍ തന്നെയാണ് ലൈബ്രറിയും ടിവി ഏരിയയും സെറ്റ് ചെയ്തത്.

renovated-house-bed

ബാൽക്കണിയും ഓപ്പൻ ടെറസ്സും കൂടി വന്നതോടെ വീട് പൂർണമായും സജ്ജമായി. പുതിയ രൂപത്തില്‍ വീട് ഹാപ്പിയാണ്. ആ സന്തോഷം വീട്ടുകാരുടെ മുഖത്തും കാണാനുണ്ട്. അങ്ങനെയാണല്ലോ വേണ്ടത്!

ലോൺട്രി ഏരിയ

വാഷിങ് മെഷീൻ സമർഥമായി ഒളിപ്പിച്ചു വച്ചിരിക്കുകയാണ് ഈ തൂവെള്ള ലോൺട്രി ടേബിളിൽ. ഇതിൽ തുണികൾ ഇസ്തിരിയിടാനുള്ള സൗകര്യമുണ്ട്. തുണികള്‍ മടക്കി വയ്ക്കാൻ കാബിനറ്റുകളും നൽകിയിട്ടുണ്ട്.