Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5 സെന്റിൽ ഇരുനില വീട്! ആവോളം സൗകര്യങ്ങൾ

5-cent-home-kochi പ്ലോട്ടിന്റെ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈൻ ആണ് ഈ വീടിന്റെ ഹൈലൈറ്റ്.

ചെറിയ പ്ലോട്ടിന്റെ പരിമിതികൾ മറികടക്കുന്ന ഒരു ഡിസൈൻ വേണം, സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന തുറന്ന അകത്തളങ്ങളാകണം..ഇതൊക്കെയായിരുന്നു ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ദമ്പതികളുടെ ഡിമാൻഡ്. ഇതനുസരിച്ചാണ് തൃപ്പൂണിത്തുറയിൽ 4.95 സെന്റിൽ 2300 ചതുരശ്രയടിയിൽ ഈ വീട് നിർമിച്ചത്. പരമാവധി സ്ഥലഉപയുക്തത ലഭിക്കുന്നതിന് ദീർഘചതുരാകൃതിയിലുള്ള ബ്ലോക്കുകളായാണ് വീട് ഡിസൈൻ ചെയ്തത്. എലിവേഷനിൽ ജിഐ ഫ്രയിമുകൾ കൊണ്ട് തീർത്ത ധാരാളം ലൂവറുകൾ കാണാം. ഗെയ്റ്റും ജിഐ ഫ്രയിമുകൾ കൊണ്ടാണ് നിർമിച്ചത്.

5-cent-home-elevation

വീടിന് സമീപം മറ്റു ധാരാളം വീടുകളുണ്ട്. അതിനാൽ സ്വകാര്യത നൽകി അകത്തളങ്ങൾ ഒരുക്കുന്നതായിരുന്നു വെല്ലുവിളി എന്ന് ആർക്കിടെക്ട് പറയുന്നു. എക്സ്പോസ്ഡ് ബ്രിക് ശൈലിയിലാണ് പുറംചുവരുകൾ നിർമിച്ചത്. കാറ്റും വെളിച്ചവും ലഭിക്കുന്നതിന് വിശാലമായ ബാൽക്കണിയും എലിവേഷനിൽ ലൂവറുകളും നൽകി. സിറ്റ്ഔട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചെറിയ പർഗോള ഗ്ലാസ് റൂഫിങ് നൽകിയിട്ടുണ്ട്. 

റസ്റ്റിക് - കന്റെംപ്രറി ശൈലിയുടെ മിശ്രണമായാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. കൃത്രിമമായ സൗന്ദര്യത്തിനായി അധികം ഗിമ്മിക്കുകൾ ഒന്നും കാട്ടിയിട്ടില്ല. താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ എന്നിവ ഒരുക്കി. മുകൾനിലയിൽ ടെറസിലേക്കും ബാൾക്കണിയിലേക്കും തുറക്കുംവിധം സ്വകാര്യത നൽകി ലിവിങ് സ്‌പേസുകൾ ഒരുക്കിയിട്ടുണ്ട്. പുറത്തെ പച്ചപ്പിനെ അകത്തേക്ക് ആവാഹിക്കുന്ന സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ വീടിനകത്ത് പൊസിറ്റീവ് എനർജി നിറയ്ക്കുന്നു.

5-cent-home-dining

ഇന്റീരിയറിൽ ഒരു ബുക് ഷെൽഫ് ഒരേസമയം പാർടീഷൻ ഭിത്തിയുടെയും റോൾ കൈകാര്യം ചെയ്യുന്നു. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ഇവിടെ നിന്നും പുറത്തേക്ക് ഒരു പാഷ്യോ സ്‌പേസും ഒരുക്കിയിട്ടുണ്ട്.  

5-cent-home-stair

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് അടുക്കളയുടെ ഡിസൈൻ. ധാരാളം കബോർഡുകൾ ഇതിനായി ഒരുക്കി. നാനോവൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്.

5-cent-home-upper

തടിയും മെറ്റൽ ഫ്രയിമുകളും കൊണ്ടാണ് ഗോവണിയുടെ ഡിസൈൻ. ഇതിനുവശത്തുള്ള ഭിത്തി ഡബിൾ ഹൈറ്റിൽ ക്ലാഡിങ് നൽകി വേർതിരിച്ചിട്ടുണ്ട്. ഇതിനു മുകളിലായി പ്രകാശത്തെ ആനയിക്കാനായി സ്‌കൈലൈറ്റുകളും നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം കിടപ്പുമുറികളിൽ ഒരുക്കിയിരിക്കുന്നു. കിടപ്പുമുറിക്ക് സമീപമുള്ള ബാൽക്കണിയിലിരുന്നാൽ പുറത്തെ പച്ചപ്പും കാറ്റും കാഴ്ചകളും ആസ്വദിക്കാം. ചുരുക്കത്തിൽ പ്ലോട്ടിന്റെ പരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈൻ ആണ് ഈ വീടിന്റെ ഹൈലൈറ്റ്.

5-cent-home-bed

ചിത്രങ്ങൾ- ജിനോ വർക്കി

Project Facts

Location: Thripunithura, Ernakulam 

Owner: Savija & Anoj 

Area: 2300 sq.ft. 

Plot : 4.95 cents 

Contractor: Arun Bhaskar 

Structural Consultant: Abhilash Rajan

Architect: Rakesh Kakkoth

Firm: studio acis, Cochin

Contact: 9048806396

Web: www.studioacis.com