Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 സെന്റിൽ ഒരു അഡാർ വീട്!

3-cent-home-kochi കൊച്ചി തോപ്പുംപടിയിൽ മൂന്ന് സെന്റിൽ ആന്റണിയും ജൂണയും തങ്ങളുടെ സ്വപ്നവീട് സാക്ഷാത്കരിച്ചെടുത്തു.

ചെറിയ സ്ഥലത്ത് പണിയുന്ന വീടുകൾ എപ്പോഴും കൗതുകമുണർത്തും. പ്രത്യേകിച്ച്, ഡിസൈനിന്റെ മൂല്യം കൂടി ചേരുമ്പോൾ. തറവാടിനോടു ചേർന്നുള്ള മൂന്ന് സെന്റാണ് ഇവിടെ കഥാപാത്രം. ഇന്റർലോക്ക് ഇഷ്ടികകൊണ്ടുള്ള നിർമാണത്തോട് ആദ്യം മുതലേ താൽപര്യം ഉണ്ടായിരുന്നതിനാൽ ആന്റണിയും ജൂണയും ഹാബിറ്റാറ്റിനെ സമീപിച്ചു. ഹാബിറ്റാറ്റ് ചെയർമാൻ ആർക്കിടെക്ട് ജി. ശങ്കറും തിരുവനന്തപുരം ഹാബിറ്റാറ്റിലെ പത്മരാജിയുമാണ് ഇവരുടെ സ്വപ്നങ്ങൾ കടലാസിലാക്കിയത്. മൂന്ന് സെന്റിൽ ഒന്നിനും ഒരു കുറവില്ല, ഈ വീടിന്. ഇവിടെ കണ്ടെത്തിയ പ്രധാന സവിശേഷതകളിലേക്ക്...

എക്സ്പോസ്ഡ് ഭിത്തികള്‍

ടെറാക്കോട്ട നിറമുള്ള ഇന്റർലോക്ക് കട്ടകളാണ് ഉപയോഗിച്ചിരിക്കുന്നത്. പുറംഭിത്തി കൂടാതെ, അകത്തെ ചില ഭിത്തികളിലും ഇന്റർലോക്ക് കട്ടകൾ തേക്കാതെ വിട്ടു. അങ്ങനെ ചെയ്തപ്പോള്‍ ഭിത്തികൾക്ക് ചുവപ്പും വെളുപ്പും കോംബിനേഷൻ കിട്ടി, വീടിന് ആകർഷകത്വം കൂടുകയും ചെയ്തു. ടെറാക്കോട്ട നിറത്തിനുള്ള ‘എർതി ഫീലിങ്’ മറ്റൊരു നിറത്തിനും അവകാശപ്പെടാനാവില്ല. മുകൾനിലയിലെ ടെറാക്കോട്ട നിറമുള്ള ടൈലുകളും ഇതേ പ്രതീതി ഉളവാക്കുന്നുണ്ട്. ലിവിങ് ഏരിയയിലും മുകള്‍നിലയിലെ ഇടനാഴിയിലുമാണ് വീടിനകത്ത് എക്സ്പോസ്ഡ് ഭിത്തികൾ ഉള്ളത്. ഗൃഹാതുരത്വം ഉണർത്തുന്ന കുടുംബാംഗങ്ങളുടെ ഫോട്ടോ ഫ്രെയിമുകൾ രണ്ടു ഭാഗങ്ങളിലും തൂക്കിയിട്ടിരിക്കുന്നു.

3-cent-home-view

തുറസ്സായ ഹാൾ

പ്രധാനവാതിൽ തുറന്ന് അകത്തേക്കു കടക്കുന്നത് ഒരു ഹാളിലേക്കാണ്. ലിവിങ്ങും ഡൈനിങ്ങും ഉൾപ്പെടുന്ന ഹാൾ. രണ്ടിനും ഇടയ്ക്ക് ചെറിയ ഒരു മറ ഉണ്ടാക്കാൻ ഉപയോഗിച്ചത് പഴയൊരു അലമാര. അലമാരയുടെ മറുവശത്തും വാതിൽ പിടിപ്പിച്ചതു വഴി ലിവിങ്ങിൽ നിന്നും ഡൈനിങ്ങില്‍ നിന്നും തുറക്കാവുന്ന തരം ബുക്ക്ഷെൽഫാക്കി അതിനെ മാറ്റിയെടുത്തു. അതിന് ഒരു മോഡേൺ ടച്ചും കൂടി ഇരിക്കട്ടെ എന്നു കരുതി ഒരു ഫ്രെയിമും തട്ടിക്കൂട്ടി. സംഭവം കലക്കി.

3-cent-home-kochi-hall

ഹാളിൽ ഒരു പടി താഴ്ത്തിയാണ് ലിവിങ് ഏരിയ. ടിവി വയ്ക്കാൻ ഒരു ഭിത്തി തിരഞ്ഞെടുത്തു. അടുക്കളയിൽ നിന്നു നോക്കിയാലും ടിവി കാണാമെന്നതാണ് ഗുണം. ഊണിടത്തോട് ചേർന്ന് സ്റ്റെയറിനു താഴെ ഒതുങ്ങിയാണ് വാഷ്ബേസിൻ ക്രമീകരിച്ചത്. സ്റ്റെയർ ഹാളിന്റെ മൂലയ്ക്കായതിനാൽ ഒട്ടും സ്ഥലം നഷ്ടപ്പെടുത്തുന്നില്ല.

ഫർണിച്ചർ വീടിനനുസരിച്ച്

ചെറിയ മുറികൾക്കുവേണ്ടി റെഡിമെയ്ഡ് ഫർണിച്ചറിനെ ആശ്രയിച്ചില്ല എന്നതാണ് വീട്ടുകാർ ചെയ്ത മറ്റൊരു ബുദ്ധി. വളരെ ലളിതമായ ഇരിപ്പിടങ്ങളാണ് ലിവിങ്ങിലും ഡൈനിങ്ങിലും. ഒരിത്തിരി വീതി കുറഞ്ഞുപോയോ എന്ന് വീട്ടുകാർ ശങ്കിക്കുന്നെങ്കിലും ഇരിപ്പിടങ്ങള്‍ അസൗകര്യമൊന്നും സൃഷ്ടിക്കുന്നില്ല. ഊണുമേശയ്ക്ക് കസേരകൾ കുറച്ച് രണ്ടുവശങ്ങളിൽ ബെഞ്ചുകൾ ആക്കിയതിനാൽ കൂടുതൽപേർക്കിരിക്കാനും പറ്റും, സ്ഥലം ഒട്ടും നഷ്ടപ്പെടുകയുമില്ല.

3-cent-home-living

നേർരേഖാ ഡിസൈനുകൾ

വീടിന്റെ പ്ലാനിലാവട്ടെ, ഫർണിച്ചറിന്റെ ആകൃതിയിലാവട്ടെ, ഗോവണിയുടെ റെയ്‌ലിങ്ങിന്റെ കാര്യത്തിലാകട്ടെ, എവിടെയും നേർരേഖകളാണ് ഡിസൈനിന്റെ കാതൽ. ഈ ‘മിനിമലിസ്റ്റിക്’ പൊടിക്കൈകൾ ‘സ്പേസ് സേവിങ്ങി’ന് കാര്യമായി സംഭാവന ചെയ്തിട്ടുണ്ട്.

മുകളിലെ ഇരട്ട സിറ്റ്ഔട്ട്

മുകളിലെ നിലയിൽ സാധാരണയായുള്ള സിറ്റ്ഔട്ടിനു പുറമെ മറ്റൊന്നുകൂടെ ക്രമീകരിച്ചിട്ടുണ്ട്. താഴ്ത്തി വാർത്ത പോർച്ചിനു മുകളിലായാണിത്. പടികൾ ഇറങ്ങിവന്നാൽ വീട്ടുകാർക്കും വിരുന്നുകാർക്കും സായാഹ്നസല്ലാപത്തിന് പറ്റിയ ഒരു ഇടമാണ്. പഴയ സോഫയും ഇൻബിൽറ്റ് ഇരിപ്പിടങ്ങളുമായി കിടിലൻ സ്ഥലം. ഭിത്തികൾ കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ മുൻഭാഗത്ത് മുളയുടെ തട്ടികൾ കൊണ്ട് സംരക്ഷണം കൊടുത്തു. മറുഭാഗത്ത് എന്തു ചെയ്യണമെന്ന് കുറേ തലപുകച്ചതിനുശേഷമാണ് ആന്റണി വഴി കണ്ടെത്തിയത്. വയർമെഷിനകത്ത് ചെറിയ മെറ്റലുകൾ ഇട്ട് ഭിത്തി തീർത്തു. നടുവിൽ വെർട്ടിക്കൽ ഗാർഡനും.

3-cent-home-kochi-stairs

വീട്ടുകാർ ചെയ്ത ഇന്റീരിയർ

3-cent-home-kochi-stair

ജനാലകളുടെ അഴികൾക്ക് തിരശ്ചീനമായ അഴികൾ മാത്രം കൊടുത്തത് ഇന്റീരിയർ കൂടുതൽ തുറസ്സാകാനാണ്. മുകളിലെ ടെറസിന്റെ വലിയൊരു ഭാഗം യൂട്ടിലിറ്റി ഏരിയയാണ്. ഇവിടെയാണ് അലക്കും ഉണക്കലും തേപ്പുമെല്ലാം. ബെഡ്റൂമുകൾക്കൊഴിച്ച് ബാക്കി ജനലുകൾക്ക് കർട്ടനുകൾ ഒഴിവാക്കിയും സ്റ്റെയറിന് മുകളിൽ ഓപ്പനിങ് കൊടുത്തും വീടിനകത്ത് ധാരാളം പ്രകാശം നൽകി. മതിലിനോടു ചേര്‍ന്ന് വിറകടുപ്പിനും മറ്റുമായി ഒരു വർക്ഏരിയയും കൊടുത്തു. മൂന്നു സെന്റിനകത്ത് ഒരു തരി സ്ഥലം പോലും കളയാതെ പൂക്കാലം തന്നെ ഒരുക്കി ആന്റണി–ജൂണ ദമ്പതികൾ.

ജനൽ സർപ്രൈസ്

3-cent-home-kochi-bed

ലിവിങ്ങിലെ മൂന്നുപാളി ജനലിന്റെ രണ്ടുപാളികൾ വാതിൽ പോലെ തുറക്കാവുന്നതാണ്. ഇത് തുറന്നാൽ വളരെ ചെറിയ ഒരു സിറ്റ്ഔട്ടാണ്. ഇങ്ങോട്ട് ഇറങ്ങിനിൽക്കാം. തിണ്ണയിൽ ഇരിക്കാം. പോരാത്തതിന് ഒരു തുളസിത്തറയും ഇവിടെ ക്രമീകരിച്ചു.

winodw-surprise