Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വീട് കണ്ടു അസൂയപ്പെട്ടാൽ അതൊരു കുറ്റമല്ല!

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സീമാസിന്റെ അമരക്കാരിൽ ഒരാളായ അലിയാരുടെ വീടാണിത്. പെരുമ്പാവൂരിലാണ് 21000 ചതുരശ്രയടിയുള്ള ഈ മനോഹര സൗധം. വീട് പണിയാൻ ആർക്കിടെക്ട് സെബാസ്ട്യൻ ജോസിനെ ഏൽപ്പിക്കുമ്പോൾ അലിയാർക്കും കുടുംബത്തിനും പ്രധാനമായും രണ്ട് ഡിമാന്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അകത്തളങ്ങൾ വിശാലമാകണം. ഒന്നിനും ഒരു തിക്കുംതിരക്കും അനുഭവപ്പെടാൻ പാടില്ല. രണ്ട്,  ആഡംബര ഹോട്ടലുകളിൽ ഉള്ളത് പോലെ ഒരു ഡൈനിങ് ഏരിയ വേണം. ഈ ആവശ്യങ്ങൾക്കൊപ്പം ആധുനികമായ സുഖസൗകര്യങ്ങൾ എല്ലാം ഒരുക്കിയാണ് ആർക്കിടെക്ട് ഈ വീട് പണിതുനൽകിയത്. 

aliyar-home-perumbavoor

മോഡേൺ ശൈലിയിലാണ് വീടിന്റെ എലിവേഷൻ. നിർവചിക്കാനാത്ത ഷേപ്പിലാണ് സ്ട്രക്ച്ചർ നിർമിച്ചത്. ഇതിൽ കണ്ണുടക്കുന്നത് മുഴച്ചു നിൽക്കുന്ന റൂഫിലേക്കാണ്. കോൺക്രീറ്റ് റൂഫ് ടൈലുകൾ വിരിച്ചു മേൽക്കൂര ഭംഗിയാക്കി. മൂന്നുനില കെട്ടിടത്തിന്റെ ഉയരമുണ്ട് കാർ പോർച്ചിന്. റോഡിൽ നിന്നും ആദ്യം കാഴ്ചയെത്തുന്നത് ഇവിടെ നൽകിയിരിക്കുന്ന ലൂവർ ജനാലകളിലേക്കാണ്.

aliyar-home-front-view

കുടുംബത്തിന്റെ സ്വകാര്യതയും ബിസിനസും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുംവിധമാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്ന് നിലകളുള്ള വീടിന്റെ ബേസ്മെന്റ് ഫ്ലോറിൽ ഒരു ഗോഡൗൺ സ്‌പേസ് ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ സെർവന്റ്സ് റൂം, പാർക്കിങ് ഏരിയ എന്നിവയും സജ്ജീകരിച്ചു. ലിവിങ്, ഡൈനിങ്, പൂൾ, കിച്ചൻ, രണ്ടുകിടപ്പുമുറികൾ, ഓഫിസ് ഏരിയ എന്നിവ നടുവിലുള്ള നിലയിൽ വരുന്നു. മുകൾനിലയിൽ മൂന്ന് കിടപ്പുമുറികൾക്ക് പുറമെ ഒരു ഹോം തിയറ്ററും സ്റ്റഡി റൂമും ഒരുക്കി.

വിശാലമെന്നല്ല അതിവിശാലമെന്നു വിശേഷിപ്പിക്കാം അകത്തളങ്ങളെ. ഡബിൾ ഹൈറ്റിലാണ്  വീട്ടിൽ ഉടനീളം സീലിങ് സ്‌പേസ് നൽകിയത്. ഇത് വിശാലതയ്‌ക്കൊപ്പം മികച്ച വെന്റിലേഷനും സാധ്യമാക്കുന്നു. ബാത്റൂമുകൾ പോലും അതിവിശാലമാണ്.  ഡ്രൈ- വെറ്റ് ഏരിയകൾ വേർതിരിച്ചു. ഇവിടെ പെബിൾ കോർട്യാർഡുകളും നൽകിയിട്ടുണ്ട്. കാറ്റിനെയും വെളിച്ചത്തെയും അകത്തേയ്ക്ക് ക്ഷണിക്കുന്ന വിശാലമായ ഗ്ലാസ് ജാലകങ്ങളാണ് മറ്റൊരാകർഷണം. 

കമനീയമായ സ്വീകരണമുറി. വൈറ്റ് ലെതർ ഫിനിഷിലുള്ള ഫർണിച്ചർ ഇവിടം അലങ്കരിക്കുന്നു. മൂന്ന് ചുറ്റിനും ഗ്ലാസ് ജനാലകൾ നൽകി. ഇതിലൂടെ പച്ചപ്പിന്റെ കാഴ്ചകൾ അകത്തേക്ക് വിരുന്നെത്തുന്നു.

aliyar-home-living

തടി വളരെ കുറച്ചു മാത്രമേ ഉപയോഗിച്ചുള്ളൂ എന്നതാണ് ഫർണിഷിങ്ങിലെ പ്രത്യേകത. വെനീർ, ലാമിനേറ്റ്, ഗ്ലാസ് ഫിനിഷിലാണ് അകത്തളങ്ങൾ ഒരുക്കിയത്.  വുഡൻ ഫ്ളോറിങ്ങും വുഡൻ ഫിനിഷുള്ള ടൈലുകളും നിലത്തു വിരിച്ചു. 

പൂൾ-ഡൈനിങ് ഏരിയ ആണ് ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം. ഇവിടെ എട്ടുപേർക്കിരുന്ന് ഭക്ഷണം കഴിക്കാൻ ഊണുമേശ സജ്ജീകരിച്ചു. സമീപം ഫാമിലി ലിവിങ് ഏരിയ വേർതിരിച്ചു. ഇവിടെ ടിവി യൂണിറ്റ് നൽകി.

aliyar-home-dining

പൂളിന്റെയും പുറത്തുള്ള പച്ചപ്പിന്റെയും മനോഹരകാഴ്ചകൾ ആവാഹിക്കാനായി ഗ്ലാസ് വിൻഡോകളാണ് ഈ വശം മുഴുവൻ നൽകിയിരിക്കുന്നത്. അകത്തേക്ക് വെയിൽ നേരിട്ട് അടിക്കാതിരിക്കാൻ ലൂവർ ഫ്രയിമുകൾ നൽകിയത് ശ്രദ്ധേയമാണ്. വിശാലമായ പൂളിന്റെ വശത്തുള്ള ഡെക്ക് സ്‌പേസിൽ സിറ്റിങ് ഏരിയയും ഒരുക്കി.

aliyar-home-pool

ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ടഫൻഡ് ഗ്ലാസും സ്റ്റീൽ ഫ്രയിമുകളും കൊണ്ടുള്ള കൈവരികളിൽ മൂന്നുനിലകളും തുടരുന്നു. മുകൾനിലകളെ ബന്ധിപ്പിച്ചു കൊണ്ട് ഒരു കണക്ഷൻ ബ്രിഡ്ജ് നൽകിയത് ശ്രദ്ധേയമാണ്. ടെറസിൽ കുറച്ചിട സിന്തറ്റിക് ടർഫ് വിരിച്ചു ആർട്ടിഫിഷ്യൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്.  

aliyar-home-bridge

ഒന്നാംനിലയിൽ രണ്ടു കിടപ്പുമുറികളും മുകൾനിലയിൽ മൂന്ന് കിടപ്പുമുറികളുമുണ്ട്. ഓരോ മുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. മുറികളും അതിവിശാലം തന്നെ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെ സുസജ്ജം.

aliyar-home-patio

വിശാലമായ അടുക്കള. മോഡേൺ കിച്ചനും വർക്കിങ് കിച്ചനും ഒരുക്കി.

വിശാലമായ ലാൻഡ്സ്കേപ് മനോഹരമായി ഒരുക്കി. ഡ്രൈവ് ഏരിയയിൽ കടപ്പ സ്‌റ്റോൺ വിരിച്ചു. മറ്റിടങ്ങൾ പുൽത്തകിടിയും ചെടികളും സജീവമാക്കുന്നു. ചുരുക്കത്തിൽ വീട്ടിൽ എപ്പോഴും ഒരുൽസവ പ്രതീതിയാണ്. 'ആഗ്രഹിച്ചതിനുക്കും മേലെ' ഒരു സ്വപ്നഗൃഹം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അലിയാരും കുടുംബവും.

Project Facts

Location- Perumbavoor, Ernakulam

Area:  21,057 SFT

Plot- 55 cent

Owner : Mr. Aliyar

Architect- Sebastian Jose

Silpi Architects, Thevara, Kochi

Mob- 0484-2663448