Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകത്തുണ്ട് മൂന്ന് സർപ്രൈസുകൾ!

garden-house-calicut പ്രകൃതിയേക്കാൾ ഭംഗിയുള്ള അലങ്കാരം വേറെയുണ്ടോ... ഇല്ല എന്നു തെളിയിക്കുന്നു ഈ വീട്ടിലെ മൂന്ന് പൂന്തോട്ടങ്ങൾ

അലങ്കാരങ്ങൾ എന്നു പറയാൻ പ്രത്യേകിച്ചൊന്നുമില്ല ഡോക്ടർ ജോജോയുടെ വീട്ടിൽ; പ്രകൃതി തന്നെയാണ് ഇവിടത്തെ അലങ്കാരം. ചുവരതിരുകളെ നേർത്തതാക്കി അത് വീടിനെ പുൽകുന്നു. ആ ആലിംഗനത്തിൽ വീട്ടകം ആകെ സജീവമാകുന്നു. കനവിലും കാഴ്ചയിലും നിറയുന്ന പ്രകൃതി തന്നെയാണ് ഈ വീടിന്റെ സൗന്ദര്യം.

തൊട്ടുരുമ്മി മൂന്ന് പൂന്തോട്ടങ്ങൾ

ചുവരുകൾ കാഴ്ചയുടെ അതിരാകുന്ന വിരസത ഇവിടെ അധികമില്ല. വീടിനെ തൊട്ടുര‍ുമ്മി നിൽക്കുന്ന മൂന്ന് പൂന്തോട്ടങ്ങൾ; ലിവിങ് സ്പേസിനോടും അടുക്കളയോടും കിടപ്പുമുറിയോടും ചേർന്നുള്ളവ. അവയാണ് വീടിനെ പ്രകൃതിയോട് ചേർത്തു നിർത്തുന്നത്. വീട്ടുകാരെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നതും. അതുകൊണ്ടുതന്നെയാണ് വീടിന് ‘ഗാർഡൻ ഹൗസ്’ എന്ന പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കാതിരുന്നത്.

വീടിനകം, പുറം എന്നീ വേർതിരിവുകളെ ലഘ‍ൂകരിക്കും വിധമാണ് മൂന്ന് പൂന്തോട്ടങ്ങളുടെയും രൂപകൽപന. വീടിന്റെ ഭാഗമായേ ഇവ തോന്നൂ. ഭിത്തിക്കെട്ടിന് ഉള്ളിലിരിക്കുന്ന ‘ഇടുക്കം’ തോന്നുകയേ ഇല്ല. മാത്രമല്ല, മുറികൾക്ക് നല്ല വലുപ്പവും വിശാലതയും തോന്നിക്കുകയും ചെയ്യും.

garden-house-courtyard

ഒരു ചുവര് മുഴുവൻ വാതിൽ നൽകിയാണ് ലിവിങ് കം ഡൈനിങ് സ്പ‍േസിനെ പൂന്തോട്ടവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. തടിയും ഗ്ലാസും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ‘ഫോൾഡിങ് ടൈപ്പ്’ വാതിൽ തുറന്നാൽ പൂന്തോട്ടം പൂർണമായി വീടിന്റെ ഭാഗമായി. ഇവിടെ മൂന്ന് മീറ്ററോളം പൊക്കത്തിലാണ് തൊട്ടടുത്ത പ്ലോട്ട്. അതിനാൽ ഈ ഭാഗത്ത് സ്വകാര്യത ആവശ്യത്തിനു ലഭിക്കുമെന്ന അനുഗ്രഹമുണ്ടായി. വീടിനോട് ചേർന്ന് ചെറിയൊരു വരാന്തയും ഒരുക്കിയിട്ടുണ്ട്.

garden-house-stair

മുൻഭാഗത്തുനിന്ന് നോക്കിയാൽ ഈ ഗാർഡൻ സ്പേസ് കാണാനാകാത്ത വിധമാണ് വീടിന്റെ രൂപകൽപന. ഇവിടേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് കിടപ്പുമുറ‍ികളുടെ സ്ഥാനം. താഴെയും മുകളിലുമുള്ള രണ്ട് കിടപ്പുമുറികളിൽ നിന്നും പൂന്തോട്ടത്തിലെ കാഴ്ചകൾ ആസ്വദിക്കാം, പൂമണമുള്ള തണുത്ത കാറ്റേൽക്കാം.

നാടൻ പുല്ലും തനിനാടൻ ഇനം പൂച്ചെടികളും വള്ളിച്ചെടികളുമാണ് പൂന്തോട്ടത്തിലുള്ളത്.

കിടപ്പുമുറികളെപ്പോലെ പൂന്തോട്ടത്തിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് അടുക്കളയും. ഇതിന്റെ ഒരുവശത്ത് കോർട‍‍്‌യാർഡ് ഗാർഡനും തൊട്ടപ്പുറത്ത് അടുക്കളത്തോട്ടവും വരുന്നു. കൗണ്ടർടോപ്പിന് മുകളിൽ നിന്നാരംഭിച്ച് സീലിങ് വരെ നീളുന്ന വലിയ യുപിവിസി ജനലുകളാണ് ഈ രണ്ടിടത്തുമുള്ളത്. സ്ലൈഡിങ് രീതിയിൽ ഇവ മുഴുവനായി തുറക്കാനാകും.

അടുക്കളയുടെ ചുവരിനോടു ചേർന്ന് പുറത്തെ വരാന്തയുടെ ഭാഗമായി വരുന്ന രീതിയിൽ നൽകിയിരിക്കുന്ന പാൻട്രി കൗണ്ടറാണ് മറ്റൊരു പുതുമ. വരാന്തയിലിട്ടിരിക്കുന്ന പൊക്കം കൂടിയ തരത്തിലുള്ള ബാർ സ്റ്റ‍ൂളിലിരുന്ന് പൂന്തോട്ടത്തിലെ കാഴ്ചകളാസ്വദിച്ച് ഭക്ഷണം കഴിക്കാം. ജനൽ തുറന്നാൽ ഇവിടേക്ക് നേരിട്ട് ഭക്ഷണം വിളമ്പാനാകും.

garden-house-patio

കൗണ്ടർടോപ്പിന് മുകളിൽ നിന്ന് ജനലിന്റെ പൊക്കം വരെ ടൈൽ ഒട്ടിച്ചാണ് ‘ബാക്ക്സ്പ്ലാഷ്’ തയാറാക്കിയിര‍ിക്കുന്നത്. ഇളംപച്ചനിറത്തിലുള്ള ടൈലാണ് ഇതിനായി തിരഞ്ഞെടുത്തത്. സാധാരണ രീതിയിൽ ഒന്നരയോ രണ്ടോ അടി പൊക്കമേ ബാക്ക് സ്പ്ലാഷിന് ഉണ്ടാകൂ.

മിനിമം കോൺക്രീറ്റ്

കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ടാം നിലയുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്തില്ല. സ്റ്റീൽ ട്രസ് നൽകി അതിൽ ഒാട് മേഞ്ഞാണ് മേൽക്കൂര തയാറാക്കിയത്. ചൂട് കുറയ്ക്കാന‍ായി താഴെ സീലിങ് ഒാട് നൽകി.

താഴത്തെ നിലയിലുള്ള സിറ്റ്ഒൗട്ട്, കാർപോർച്ച്, വരാന്ത എന്നിവയ്ക്കും ട്രസ് റൂഫ് ആണുള്ളത്. ഡബിൾ ഹൈറ്റിലാണ് ലിവിങ് കം ഡൈനിങ് സ്പേസ്. ഒാടുമേഞ്ഞ മേൽക്കൂരയാണ് ഇതിനു മുകളിലും വരുന്നത്.

garden-house-dining

തിക്കും തിരക്കും ഒഴിവാക്കി, പരമാവധി ‘ഫ്രീ സ്പേസ്’ ലഭ്യമാകുന്ന രീതിയിലാണ് മുറികളുടെയെല്ലാം രൂപകൽപന. ഈ ആശയത്തോട് ചേർന്നു നിൽക്കും വിധമാണ് ഇന്റീരിയർ ക്രമീകരണങ്ങളും.

ലിവിങ് റൂമിലടക്കം ഒരിടത്തും സോഫ കാണാനില്ല. ചുവരിനോട് ചേർന്നുള്ള നീളൻ സ്റ്റോറേജ് യൂണിറ്റുകളാണ് എല്ലായിടത്തും സോഫയുടെ ദൗത്യം നിർവഹിക്കുന്നത്. തടികൊണ്ടുള്ള ഈ സ്റ്റോറേജ് യൂണിറ്റിനു മുകളിൽ കുഷനുകൾ വച്ചതോടെ കാഴ്ചയ്ക്ക് ഭംഗിയുമായി.

garden-house-upper

ഇളംപച്ചനിറത്തിലുള്ള കോട്ട സ്റ്റോൺ ഉപയോഗിച്ചാണ് താഴത്തെ നിലയിലെ ഫ്ലോറിങ്. ഇതിനു ചേരുംവിധം സീലിങ്ങിനും ചാരനിറത്തിലുള്ള പെയിന്റ് നൽകി. മുറികൾക്ക് വലുപ്പം കൂടുതൽ തോന്നിക്കാൻ ഈ ടെക്നിക് സഹായിച്ചു. വെള്ളനിറമാണ് ചുവരുകൾക്കെല്ലാം.

garden-house-kitchen

കോഴിക്കോട് പന്തീരങ്കാവിലെ 11 സെന്റിലാണ് ഗാർഡൻ ഹൗസ്. വീതികുറഞ്ഞ പ്ലോട്ടിന്റെ മുൻഭാഗത്തുതന്നെ രണ്ട് കാറിനുള്ള പാർക്കിങ് സ്പേസ്, കൺസൽറ്റേഷൻ റൂം എന്നിവ ഉൾപ്പെടുത്തുന്നതായിരുന്നു വെല്ലുവിളി. രണ്ട് തട്ടുകളായുള്ള പ്ലോട്ട് അതേപോലെ നിലനിർത്തി, മുൻഭാഗത്തുതന്നെ പാർക്കിങ് സ്പേസും കൺസൽറ്റേഷൻ റൂമും ഒരുക്കാനായതും രൂപകൽപനാമികവിന്റെ ഉദാഹരണം തന്നെ.

പ്രകൃതിയാണ് പ്രഥമം

പി.പി. വിവേക്, എം. നിഷാൻ

കോഴിക്കോട് ആസ്ഥാനമായ ദി എർത്തിന്റെ അമരക്കാർ. പ്രകൃതിയെയും നാടിന്റെ സാംസ്കാരികതനിമയെയും അഭിസംബോധന ചെയ്യുന്ന നിർമാണശൈലിയുടെ വക്താക്കൾ.

ഈ വീടിന്റെ പ്രത്യേകതകൾ?

വീട്ടുകാരുടെ ആവശ്യങ്ങൾ, അവരുടെ ജീവിതശൈലി, പ്ലോട്ടിന്റെ പ്രത്യേകതകൾ, നാടിന്റെ സാംസ്കാരികതനിമ എന്നിവയ്ക്കനുസരിച്ച് ഉരുത്തിരിഞ്ഞതാണ് ഈ വീടിന്റെ ഡിസൈൻ. ചുറ്റുമുള്ള പ്രകൃതിയോട് ചേർന്നുനിൽക്കും വിധമാണ് ഇതിന്റെ രൂപകൽപന. മൂന്ന് പൂന്തോട്ടങ്ങളിലൂടെയാണ് വീടിനെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നത്. അതിലൂടെ വീട‍ിനുള്ളിൽ വളരെ ഉന്മേഷദായകമായ, ആനന്ദം ജനിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനായി.

രൂപകൽപനയിൽ പൊതുവേ പിന്തുടരുന്ന നയം എന്താണ്?

വീട്ടുകാരന്റെ ആവശ്യങ്ങളോട് വിവേകപൂർവം പ്രതികരിക്കുക. പ്രകൃതിയെ വൈകാരികമായി സമീപിക്കുക. ഭൂമി, ആകാശം, ജലം, വായു... ഇവയൊക്കെയാണ് രൂപകൽപനയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ആത്മാവുള്ള ഇടങ്ങൾ എന്നതാണ് എപ്പോഴും ലക്ഷ്യം.

Project Facts

Area: 2477 Sqft

Architects: പി.പി. വിവേക്, എം. നിഷാൻ

ദി എർത്,

കോഴിക്കോട്

support@deearth.com

Location: പന്തീരങ്കാവ്, കോഴിക്കോട്

Year of completion: ഏപ്രിൽ, 2017