Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റനോട്ടത്തിൽ ഒരു സാധാരണ വീട്; പക്ഷേ...

pala-home-exterior ഒറ്റനോട്ടത്തിൽ ഒരു സാധാരണ വീട്! എന്നിട്ടും പാലാ സ്വദേശി ടിനുവിന് വീടിനെക്കുറിച്ച് പറയാൻ പലതുണ്ട്.

വീടിനു പ്ലാൻ വരയ്ക്കൽ ചെറുപ്പം മുതലേയുള്ള ഹോബിയായിരുന്നു. പലകുറി വരച്ചും മാറ്റിവരച്ചും പണിത ഈ വീട് അതുകൊണ്ടുതന്നെ കാഴ്ചക്കാരേക്കാൾ ആസ്വദിക്കുന്നത് ഞങ്ങളാണ്. കാരണം കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങളേക്കാൾ താമസിക്കുമ്പോൾ ഉണ്ടാകുന്ന സൗകര്യങ്ങൾക്കാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്. വീടിനുള്ളിലോ പുറത്തോ അലങ്കാരങ്ങൾ ഒട്ടുംതന്നെ വേണ്ട എന്നത് ഉറച്ച തീരുമാനമായിരുന്നു. ഞാൻ ടിനു ആന്റണി, അപ്പൻ ആന്റണി, അമ്മ മിനി, സഹോദരി ടിസ എന്നിവർ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. പാലാ കുറ്റില്ലത്താണ് ഞങ്ങളുടെ 2200 സ്ക്വയർഫീറ്റുള്ള വീട്. ഫർണിഷിങ്ങും ഫർണിച്ചറും ഉൾപ്പെടെ എല്ലാ പണികളും 50 ലക്ഷത്തിന് തീർന്നു. നേരത്തേ ഇവിടെയുണ്ടായിരുന്ന, അപ്പന്റെ തറവാട്ടിലായിരുന്നു ഞങ്ങളുടെ താമസം. കാലപ്പഴക്കത്താലും വൻചിതലിന്റെ ശല്യം കൊണ്ടും പഴയ വീട് പൊളിച്ചുകളയേണ്ടിവന്നു.

പഴയ വീടിന്റെ രഹസ്യം

പഴയ വീട്ടിലെ മുറികളെല്ലാം പല തട്ട് ആയിരുന്നു. വീട് പൊളിച്ചു കഴിഞ്ഞപ്പോഴാണ് അതിനു പിറകിലെ രഹസ്യം പിടികിട്ടിയത്. വലിയ ഒരു പാറയുടെ മുകളിലാണ് വീടിരിക്കുന്നത്. പാറയുടെ ഉയരവ്യത്യാസമനുസരിച്ചായിരുന്നു മുറികളുടെ ഉയരം. പാറ കുറെ പൊട്ടിച്ചുമാറ്റി നിരപ്പാക്കിയാണ് പുതിയ വീട് പണിതത്. ഈ പാറതന്നെ വീടിന്റെ അടിത്തറ നിർമാണത്തിന് ഉപയോഗിച്ചു. സിവിൽ എൻജിനീയർ ആയതിനാൽ പ്ലാൻ തനിയേ വരച്ചു. നിർമാണമേഖലയിലുള്ള ചില സുഹൃത്തുക്കളെയും കസിൻസിനെയും പ്ലാൻ കാണിച്ച് അഭിപ്രായം ചോദിച്ചിരുന്നു.

pala-home-view

ഒരിടം പോലും ഉപയോഗശൂന്യമാകരുത് എന്നതായിരുന്നു ഏറ്റവും പ്രധാനമായി നോക്കിയത്. പൊടി പിടിച്ചു കിടക്കുന്ന മൂലകളും ചുക്കിലി പിടിച്ച സീലിങ്ങും വേണ്ടേ വേണ്ട. അതുകൊണ്ടുതന്നെ, ആദ്യത്തെ പല പ്ലാനുകളിലെയും ചില ഭാഗങ്ങളെല്ലാം വെട്ടിക്കളയേണ്ടിവന്നു. മൂന്ന് കിടപ്പുമുറികളും സ്റ്റെയർ റൂമുമുള്ള ഒറ്റനില വീട്. സ്വീകരണമുറിയും ഊണുമുറിയും Lആകൃതിയിൽ കിടക്കുന്നു.

pala-home-hall

സ്വീകരണമുറിയും ഊണുമുറിയും പരസ്പരം തുറന്നിരിക്കുന്നത് ചില സമയങ്ങളിൽ ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ, സ്വീകരണമുറിയിലിരുന്നാൽ കണ്ണിൽപെടാത്ത വിധത്തിൽ, ഡൈനിങ് ടേബിൾ ഇട്ട് മുറികൾ ക്രമീകരിച്ചു. ഭാവിയിൽ വേണമെങ്കിൽ ഒരു നില കൂടി എടുക്കാമെന്ന രീതിയിലാണ് വീടിനകത്തുകൂടി ഗോവണി നിർമിച്ചത്. ഗോവണിയുടെ ആദ്യത്തെ പടിക്ക് വീതി കൂടിയ രീതിയിൽ പ്ലാൻ വരച്ചു.

pala-home-living

വെട്ടുകല്ല് വേണ്ട

പരിചയമുള്ള മൂന്നുനാല് പാർട്ടികളിൽനിന്ന് ക്വട്ടേഷൻ വാങ്ങിയശേഷം ഒരിടത്തുനിന്ന് ഭിത്തി കെട്ടാന്‍ വെട്ടുകല്ലിറക്കി. കല്ല് ഓരോന്നായി ഇറക്കുന്നതിനു പകരം ടിപ്പറുകൊണ്ട് ചരിക്കുകയായിരുന്നു. മുക്കാൽ ഭാഗം കല്ലും പൊട്ടിപ്പോയി. അതോടെ ഒരു കാര്യത്തിൽ തീരുമാനമായി. സിമന്റ് കട്ട മതി ഭിത്തികെട്ടാൻ! ഗൂഗിൾ സ്കെച്ച് ആപ്പിന്റെ സഹായത്തോടെ പ്ലാൻ 3D രൂപത്തിലാക്കിയതിനാൽ പണിക്കാർക്ക് കാര്യങ്ങൾ മനസ്സിലാകാൻ പ്രയാസമുണ്ടായില്ല. അതുകൊണ്ടുതന്നെ ഒന്നും പൊളിക്കേണ്ടിവന്നില്ല. തൂണുകളെല്ലാം ചതുരാകൃതിയിലുള്ളതാവണം, കൊത്തുപണികൾ വേണ്ട.. ഇതായിരുന്നു മറ്റൊരു തീരുമാനം. തൂണുകളിലും ചില ഭിത്തികളിലുമെല്ലാം അൽപം ചിത്രപ്പണികൾ ചെയ്യണമെന്ന് പണിക്കാർക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം സ്നേഹപൂർവം നിരസിക്കേണ്ടിവന്നു.

pala-home-aerial

മേൽക്കൂരയുമായി ബന്ധപ്പെട്ടാണ് വീടുപണിയുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പങ്ങൾ ഉണ്ടായത്. ഫ്ലാറ്റ് ആയി വാർത്ത വീടിന്റെ മുൻവശത്തുമാത്രം ഓടിടുകയായിരുന്നു പ്ലാൻ. പിറകിൽ കൂടി ഓട് ഇട്ടില്ലെങ്കിൽ ഓടു പറന്നുപോകുമെന്നെല്ലാം പലരും ഭീഷണിപ്പെടുത്തി. റൂഫിനു മുൻവശത്തെ കിളിവാതിലിലൂടെ വായുവിനു തടസ്സമില്ലാതെ സഞ്ചരിക്കാം. മേൽക്കൂരയ്ക്ക് ഉയരമുള്ളതിനാൽ തലയിടിക്കാതെ ആളുകൾക്കു നിൽക്കുകയും ചെയ്യാം. പഴയ ഓടു വാങ്ങി കഴുകി ഉപയോഗിക്കുകയായിരുന്നു. ഞങ്ങൾതന്നെ കഴുകി വൃത്തിയാക്കിയതിനാൽ ഓടൊന്നിനു രണ്ട് രൂപയ്ക്കു താഴെ മാത്രമേ ചെലവുവന്നിട്ടുള്ളൂ. മേൽക്കൂരയുടെ ആകൃതിയുടെ പ്രത്യേകതകൊണ്ട് 5200 ഓടുകൾ വേണ്ടിവന്നു.

താങ്ങാവുന്ന വിലയില്‍ നിന്ന്

pala-home-kitchen

തൊടുപുഴയിൽനിന്നാണ് തടിയെടുത്തത്. മുൻവശത്തെ വാതിലിനു മാത്രം തേക്കിന്റെ ഫിനിഷ് അതേപടി നിലനിർത്തി. ആഞ്ഞിലിയും പ്ലാവും കൊണ്ടുള്ള മറ്റു വാതിലുകളും ജനലുകളും വെളുത്ത പെയിന്റടിച്ചതിനോടും പലർക്കും എതിരഭിപ്രായമായിരുന്നു. പല പ്രമുഖ ബ്രാൻഡുകളുടെയും വില താങ്ങാവുന്നതിലും അപ്പുറമാണ് എന്നതിനാൽ ഗോവണിപ്പിടിക്ക് സ്വന്തം ഡിസൈൻ തന്നെ മതിയെന്നു തീരുമാനിച്ചു.

pala-home-bedroom

കർട്ടൻ തുണിയെടുത്ത് തയ്ച്ചത് അമ്മ തന്നെയാണ്. അവിടെയും ചെലവു നിയന്ത്രിച്ചു. പ്രധാന റോഡിന്റെ അരികിലായതിനാൽ ചെലവില്ലാത്ത പരസ്യമാകുമെന്നതിനാൽ ഗാർഡൻ നിർമിച്ചുതരാൻ പല പാർട്ടികളും സമീപിച്ചിരുന്നു. പക്ഷേ, മൂന്നു മാവും രണ്ടു തെങ്ങുമടങ്ങുന്ന ലാൻഡ്സ്കേപ്പിലാണ് ഞങ്ങൾ സന്തോഷം കണ്ടെത്തിയത്. പഴയൊരു ഇലഞ്ഞിയും മുറ്റത്തുണ്ട്. ആ വഴി പോകുന്നവർക്കെല്ലാം വിശ്രമിക്കാനുള്ള അത്താണി കൂടിയായി ഇല‍ഞ്ഞിത്തറ മാറിയത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.