Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സ് 150 , ഇപ്പോഴും എന്താ ഗ്ലാമർ!

malikayil-house-renovation 150 വർഷത്തിലധികം പഴക്കമുളള മാളികയിൽ വീട് ആധുനികകാലത്തേക്ക് ഒരു ചുവടു വച്ചപ്പോൾ...

മാളികയിൽ തറവാടിന്റെ കൃത്യമായ പഴക്കം ഉടമസ്ഥർക്കു തന്നെ നല്ല നിശ്ചയമില്ല. എന്തായാലും 150 വർഷത്തിനുമേല്‍ പഴക്കമുണ്ടെന്ന കാര്യം ഉറപ്പാണ്. 16 മുറികളുമായി നാലായിരം ചതുരശ്രയടി വിസ്തീർണമുളള ഈ വീട് പുതുക്കിപ്പണിയേണ്ട കാര്യമെന്തായിരുന്നു?

ഉടമസ്ഥൻ കോശി ജോർജാണ് മറുപടി പറഞ്ഞത് ‘‘മേൽക്കൂരയുടെ കഴുക്കോലിലെ തടി ദ്രവിച്ചതാണ് പ്രധാന കാരണം. താമസക്കാരുടെ എണ്ണത്തിന്റെ നാലിരട്ടി മുറികളുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഒന്നിനും ഉയരവും വലുപ്പവുമില്ല. ആറടി ഉയരമുളള മകൻ കിമ്മിന് വീട്ടിനുളളിലൂടെ തല കുനിച്ചേ നടക്കാനാകൂ. അങ്ങനെ പലവിധ പ്രശ്നങ്ങൾ ഉടലെടുത്തപ്പോഴാണ് തറവാട് ഉടച്ചു വാർക്കാൻ തീരുമാനിക്കുന്നത്’’. മകൾ കിറ്റിയുടെ ഭർത്താവും , എൻജിനീയറുമായ സനലിനെയാണ് ജോലികൾ ഏൽപ്പിച്ചത്.

പുരാതന സിറിയൻ ക്രിസ്ത്യൻ ആർക്കിടെക്ചർ ശൈലിയിലുളള വീടുകളുടെ പ്രധാന ഹൈലൈറ്റ് ഗാംഭീര്യമുളള എക്സ്റ്റീരിയറാണ്. ആ ഭംഗി നഷ്ടപ്പെടുത്താൻ വീട്ടുകാർക്ക് ആഗ്രഹമില്ലായിരുന്നു. അതിനാൽ ചില്ലറ മാറ്റങ്ങളോടെ പഴയ എക്സ്റ്റീരിയർ നിലനിർത്തി.

പുറമെ നോക്കുന്ന ഒരാളുടെ ശ്രദ്ധ ആദ്യം പതിയുന്നത് കൂറ്റൻ ജനാലകളിലാണ്. ഇവയ്ക്ക് അഴികൾ നൽകിയിട്ടില്ല. അതിന്റെ കാരണവും ഉടമസ്ഥൻ തന്നെ പറഞ്ഞുതന്നു. ‘‘പണ്ട് കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ആളുകളെ വള്ളങ്ങളിൽ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റും. ഈ വീടിന്റെ രണ്ടാംനില വരെ വെള്ളം കയറുമായിരുന്നു. ജനലിലൂടെ നേരെ വള്ളത്തിലേക്കു കയറിയാണ് വീട്ടുകാർ രക്ഷപ്പെട്ടിരുന്നത്.’’ ഈ ജനാലകൾക്കു പുറമെ അഴികളും ഗ്ലാസും പിടിപ്പിച്ച ഒരു ‘ഡമ്മി ജനാല’ നൽകിയതാണ് എക്സ്റ്റീരിയറിലെ ഒരു മാറ്റം.

malikayil-house-wash

ആർച്ച് ആകൃതികളാണ് ഇത്തരം നിർമിതികളുടെ മുഖമുദ്ര. ഇവിടെയും അതിന് മാറ്റമില്ല. വരാന്തയിൽ ഒട്ടേറെ കമാനങ്ങൾ കാണാം. മുന്‍പ് ഒരു കമാനത്തിലൂടെ മാത്രമായിരുന്നു പ്രവേശനമെങ്കിൽ ഇന്ന് ഏത് കമാനത്തിലൂടെയും വരാന്തയിലേക്ക് പ്രവേശിക്കാം. മേൽക്കൂരയ്ക്കായിരുന്നു ഏറ്റവും ബലക്ഷയം. മേൽക്കൂര മുഴുവൻ പൊളിച്ച് കഴുക്കോലുകൾ മാറ്റി. പകരം ‘സിങ്ക്ആലം’ (ZincAlum) എന്ന സാമഗ്രി കൊണ്ടാണ് പുതിയ കഴുക്കോലുകൾ നിർമിച്ചത്. ഒാടുകളെല്ലാം കഴുകി വൃത്തിയാക്കി.

കുമ്മായവും ചെങ്കല്ലും ഉപയോഗിച്ചായിരുന്നു വീടിന്റെ നിർമാണം. ഇതിന്റെ ഒരു ഭാഗം കുറേ വർഷം മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു. ഇവിടെയായിരുന്നു ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ. ഇപ്പോള്‍ നടന്ന പുതുക്കിപ്പണിയിൽ പ്രധാനമാറ്റങ്ങൾ വരുത്തിയത് ഈ ഭാഗത്താണ്.

malikayil-house-living

60 ഡിഗ്രി ചരിഞ്ഞൊരു കോണിപ്പടി ആയിരുന്നു ഇവിടെയുണ്ടായിരുന്നത്. കുത്തനെയുളള പടികയറ്റം നല്ല ആയാസമായിരുന്നതിനാൽ സംഗതിയങ്ങ് പൊളിച്ചു. തടി കൊണ്ടുളള പുതിയ കോണിപ്പടി, കയറ്റം ആയാസരഹിതമാക്കുന്നതാണ്.

malikayil-house-stair

വിശാലമായ ഹാളിന്റെ രണ്ടറ്റങ്ങളിലായാണ് ലിവിങ്, ഡൈനിങ് സ്പേസുകൾ. വെള്ളയും തടിയുടെ ടെക്സ്ചറുമാണ് ഇന്റീരിയറിന്റെ പ്രധാന നിറങ്ങൾ. ലിവിങ്ങിന്റെ സീലിങ്ങിൽ വുഡ്പാനലിങ് ചെയ്തിട്ടുണ്ട്.

malikayil-house-interiors

വീടിന്റെ പിന്‍വശത്ത് ഉപയോഗശൂന്യമായി കിടന്നൊരു നീണ്ട ഇടനാഴിയാണ് ഡൈനിങ് സ്പേസ് ആയി മാറിയത്. തൊട്ടുചേർന്ന് തന്നെ വാഷ് ഏരിയയ്ക്കും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടുക്കളയും കാര്യമായ പുതുക്കലിന് വിധേയമായിട്ടുണ്ട്. വട്ടത്തിൽ മുറിച്ച മരച്ചീളുകൾ കൊണ്ട് ചെയ്ത ക്ലാഡിങ്ങാണ് വ്യത്യസ്തമാക്കുന്നത്. ഒരറ്റത്തായി ബ്രേക്ഫാസ്റ്റ് കൗണ്ടറും സജ്ജീകരിച്ചിരിക്കുന്നു. വീടിനു പുറത്താണ് വർക്ഏരിയയുടെ സ്ഥാനം.

malikayil-house-kitchen

മുകൾനിലയിലെ അറകൾ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. റെഡ് ഒാക്സൈഡ് ഇട്ടതായിരുന്നു ഇവിടത്തെ തറ. കാലപ്പഴക്കം കൊണ്ട് പലയിടത്തും വിണ്ടുകീറിയ തറ പൊളിച്ചപ്പോൾ അടിയിൽ കണ്ടത് കരിയിലയും മണലും. ഇവ മാറ്റിയപ്പോളതാ ഒന്നാന്തരം തടി ഫ്ലോറിങ് തെളിഞ്ഞു വരുന്നു. ഇതൊന്നു പോളിഷ് ചെയ്തതോടെ തറയുടെ കാര്യത്തിൽ തീരുമാനമായി. 

malikayil-house-bed

മുകളിൽ പുതുതായി രണ്ട് കിടപ്പുമുറികൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഡൈനിങ്, ലിവിങ് സ്പേസുകളുടെ നേരെ മുകളിലാണ് ഇവ രണ്ടും. ഇവിടെ തറ, സീലിങ്ങ്, ജനാല തുടങ്ങി സർവതും തടിമയമാണ്. ട്രസ്സിനു താഴെയുളള ഏരിയ സ്റ്റോറേജ് സ്പേസ് ആയി ഉപയോഗിക്കുന്നു. 

ഇത്രയൊക്കെയുണ്ടെങ്കിലും വീട്ടുകാർ ഏറെയിഷ്ടപ്പെടുന്നത് ‘സോമതീരമാണ്’. പ്ലോട്ടിന് അതിരിടുന്ന വിശാലമായ പാടശേഖരത്തിലേക്ക് കണ്ണ് നട്ടിരിക്കാൻ തയാറാക്കിയ ഗസീബോ ആണ് സംഭവം. കൃഷിപ്പണിക്ക് ആവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്ന ‘ഉരപ്പുരയും’ പുതുക്കിയെടുത്തിട്ടുണ്ട്.

150 വർഷത്തെ ചരിത്രത്തിന്റെ നേർസാക്ഷ്യമായി ഒട്ടേറെ പുരാവസ്തുക്കൾ ഇവിടെ കാണാം. പരിശുദ്ധമായ പരുമല തിരുമേനി വിശ്രമിച്ച കട്ടിലാണ് അവയിലൊന്ന്. ഒന്നര നൂറ്റാണ്ടിന്റെ പിറന്നാൾ ആരും അറിയാതെ കടന്നു പോയെങ്കിലും വീടിന് പരിഭവമില്ല. രണ്ടാം ജന്മം ഉഷാറാക്കാനുളള തയാറെടുപ്പിലാണ് മാളികയിൽ വീടും വീട്ടുകാരും.

സനൽ കെ.എം.പി

ഇന്റീരിയർ ഡിസൈനർ

ഹോർടെക് ഇന്റീരിയേഴ്സ്, എറണാകുളം