Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ കണ്ടുമടുത്ത കാഴ്ചകളില്ല..പിന്നെയോ!

colonial-house-calicut സന്ധ്യ മയങ്ങുമ്പോൾ വീട്ടിലെ വിളക്കുകൾ തെളിയും. അപ്പോൾ വെള്ളിവെളിച്ചത്തിന്റെ ധവളിമയിൽ വീടിന്റെ തേജസ്സ് വീണ്ടും വർധിക്കുന്നതായി അനുഭവപ്പെടും.

പതിവ് കാഴ്ചകൾക്ക് അപ്പുറം വേറിട്ട നിൽക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ആഗ്രഹം. അങ്ങനെയാണ് കൊളോണിയൽ ശൈലി വീടിന്റെ തീം ആയി മാറുന്നത്. കോഴിക്കോട് കൊടുവള്ളിയിൽ 30 സെന്റിൽ 3900 ചതുരശ്രയടിയിലാണ് കൊളോണിയൽ ശൈലിയിൽ ഒരുക്കിയ ഈ വീട്. പല തലങ്ങളായി ഒരുക്കിയ ട്രസ് റൂഫിൽ ഷിംഗിൾസ് വിരിച്ചു. കൊളോണിയൽ ശൈലിയുടെ മുഖമുദ്രയായ ഡോർമർ ജനാലകളും മേൽക്കൂരയിൽ ഹാജർ വച്ചിട്ടുണ്ട്.

colonial-house-landscaping

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് കൂടുതൽ വിശാലത നൽകുന്നു. വൈറ്റ് തീമിലാണ് ഇന്റീരിയർ. ഫർണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചെടുത്തവയാണ്. മാർബിൾ ഫിനിഷ് ലഭിക്കുന്ന ടൈലുകളാണ് നിലത്ത് വിരിച്ചത്. 

colonial-house-entrance

കിടപ്പുമുറികളിൽ വുഡൻ ഫിനിഷ്ഡ് ടൈലുകൾ നൽകി. വൈറ്റ് തീമിൽ ഒരുക്കിയ ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും മുറികളിൽ പ്രസന്നമായ അന്തരീക്ഷം നിലനിർത്തുന്നു.

colonial-house-living-furniture

വാതിൽ തുറന്നകത്തു കയറുമ്പോൾ ഇടതു വശത്തായി സ്വീകരണമുറി ഒരുക്കി. വൈറ്റ് തീമിന് കോൺട്രാസ്റ്റ് നൽകുംവിധം ബ്ലാക് കളർ സോഫകൾ സ്വീകരണമുറിയിൽ നൽകി. തടിയിൽ തീർത്ത് വൈറ്റ് പെയിന്റ് ഫിനിഷ് നൽകിയ ടിവി യൂണിറ്റാണ് സ്വീകരണമുറിയിലെ ആകർഷണം. ഇത് സ്വീകരണമുറിക്ക് സ്വകാര്യത നൽകുന്ന പാർടീഷനായും പ്രവർത്തിക്കുന്നു. 

colonial-house-living

വിശാലമായ ഊണുമുറിയാണ് വേർതിരിച്ചത്. ഇവിടെ പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. തടിയിൽ വൈറ്റ് പെയിന്റ് ഫിനിഷ് നൽകിയാണ് ഊണുമേശ ഒരുക്കിയത്. ഊണുമുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നോട്ടമെത്താതിരിക്കാനായി സിഎൻസി കട്ടിങ് നൽകി ജാളി പാർടീഷനും നൽകിയിട്ടുണ്ട്.  

colonial-house-dining-hall

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. ഫ്ലോർ റ്റു സീലിങ് കർട്ടനുകളാണ് മറ്റൊരാകർഷണം. സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് ഒരു കിടപ്പുമുറി ഒരുക്കിയത്. ഒരുവശത്തെ ഭിത്തി നിറയെ വാഡ്രോബുകൾക്കായി മാറ്റിവച്ചിരിക്കുന്നു. 

colonial-house-bedroom
colonial-house-bedrooms

നീളൻ അടുക്കള. പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. ഗ്രാനൈറ്റാണ് കൗണ്ടറിനു വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

colonial-house-kitchen

പ്രകൃതി സൗഹൃദ മാതൃകകളും വീട്ടിൽ അവലംബിച്ചിട്ടുണ്ട്. ചെടികളെക്കാൾ മരങ്ങൾ വീട്ടുമുറ്റത്ത് സാന്നിധ്യം അറിയിക്കുന്നു. വീട്ടിലും മുറ്റത്തും വീഴുന്ന മഴവെള്ളം മഴവെള്ളക്കുഴികളിലേക്ക് സംഭരിക്കുന്നു. വെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുംവിധം തന്തൂർ എന്ന നാച്വറൽ സ്‌റ്റോൺ ആണ് മുറ്റത്ത് വിരിച്ചത്. പുൽത്തകിടിയിൽ ചെറിയ സിറ്റിങ് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബവും സുഹൃത്തുക്കളുമായി ഒന്നിച്ചിരുന്നു ചായ കുടിച്ച് സംസാരിക്കാൻ പാകത്തിനാണ് ഇതിന്റെ ക്രമീകരണം. 

colonial-house-landscape

സന്ധ്യ മയങ്ങുമ്പോൾ വീട്ടിലെ വിളക്കുകൾ തെളിയും. അപ്പോൾ വെള്ളിവെളിച്ചത്തിന്റെ ധവളിമയിൽ വീടിന്റെ തേജസ്സ് വീണ്ടും വർധിക്കുന്നതായി അനുഭവപ്പെടും.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Koduvally, Calicut

Area- 3900 SFT

Plot- 30 cents

Owner- Basheer

Architect- Shiju Pareeth

Amar Architects

Mob- 9048009666