Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തനിമയുടെ ഐശ്വര്യം നിറയുന്ന വീട്

traditional-house-thodupuzha വീടിനകത്ത് നിറയുന്ന പോസിറ്റീവ് എനർജി തന്നെയാണ് ഈ വീടിന്റെ ഡിസൈൻ മികവിന്റെ സാക്ഷ്യപത്രം.

തൊടുപുഴയ്ക്കടുത്ത് ആലക്കോടുള്ള ഡൊമിനിക്കിന്റെയും സോഫിയുടെയും കക്കുഴി വീട്. ആർക്കിടെക്ട് ആസിഫ് അഹ്‌മദ്‌ രൂപകൽപന ചെയ്ത വീടിന്റെ ഇന്റീരിയർ ഡിസൈനിങ് നിർവഹിച്ചത് ഡിസൈനർ ജോപ്പനാണ്. കലർപ്പില്ലാത്ത കേരളീയശൈലിയിലുള്ള വീട് വേണം എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. ഏറെ ഗൃഹപാഠം ചെയ്താണ് ഗൃഹനാഥൻ ഡൊമിനിക്ക് വീടുപണി തുടങ്ങിയത്. മധുരയ്ക്ക് സമീപമുള്ള കാരൈക്കുടിയിൽ പോയി ചെട്ടിനാട് ശൈലിയിലുള്ള കെട്ടിടങ്ങളെ കുറിച്ച് പഠിച്ചു. കൊല്ലത്തും കായംകുളത്തുള്ള നാലുകെട്ടുകൾ പോയി കണ്ട് അളവുകളും രീതികളും മനഃപാഠമാക്കി. ഇത് ആർക്കിടെക്ടിനോടും ഡിസൈനറോടും പങ്കുവച്ചു. അങ്ങനെ ഒരു കൂട്ടായ്മയുടെ ഫലമായാണ് ഈ സ്വപ്നം സഫലമായത്. 

35 സെന്റിൽ 3400 ചതുരശ്രയടിയിലാണ് പരമ്പരാഗത ശൈലിയുടെ പ്രൗഢി നിറയുന്ന ഈ വീട്. ചരിഞ്ഞ മേൽക്കൂരയുടെ കഴുക്കോലും ഉത്തരവും തേക്കിൻ തടി കൊണ്ടാണ്. ഓട് വിരിച്ച മേൽക്കൂരയിൽ നൽകിയ മുഖപ്പുകൾ വീടിന്റെ മനോഹാരിത വർധിപ്പിക്കുന്നു. കാറ്റും വെളിച്ചവും സമൃദ്ധമായി കടക്കാൻ വീടിന്റെ മൂന്നുവശത്തും വരാന്തയും സമീപം വലിയ ജനാലകളും നൽകിയിട്ടുണ്ട്. വീട്ടിലേക്ക് സ്വാഗതമോതുന്നത് പരമ്പരാഗത ശൈലിയിൽ ഒരുക്കിയ വരാന്തയാണ്. ഇവിടെ പഴയ തറവാടുകളുടെ മാതൃകയിൽ ചാരുപടികളും സിറ്റിങ് സ്‌പേസും നൽകി.

traditional-house-sitout

വാതിൽ തുറന്നകത്ത് കയറുന്നത് സ്വീകരണമുറിയിലേക്കാണ്. കടുംനിറങ്ങളുടെ സാന്നിധ്യമില്ലാതെ അകത്തളങ്ങൾ ലളിതമായി ഒരുക്കി. ടെറാക്കോട്ടയുടെ പ്രതീതി നൽകുന്ന സെറാമിക് ടൈലുകളാണ് നിലത്ത് വിരിച്ചിരിക്കുന്നത്. വളരെ മിനിമൽ ശൈലിയിൽ ഫോൾസ് സീലിങ്ങും ലൈറ്റിങ്ങും നൽകി. 

തുറന്ന ശൈലിയിലാണ് അകത്തളക്രമീകരണം.  നടുമുറ്റത്തെ കേന്ദ്രീകരിച്ചാണ് മറ്റു മുറികളുടെ സ്ഥാനം. കാറ്റും വെയിലും മഴയുമെല്ലാം വീടിനകത്തിരുന്നു ആസ്വദിക്കാൻ പാകത്തിലാണ് നടുമുറ്റം ഒരുക്കിയത്. ഒട്ടുമിക്ക മുറികളിൽ നിന്നും നടുമുറ്റത്തേക്ക് നോട്ടമെത്തും. മധ്യത്തിലായി വെള്ളാരങ്കല്ലുകളും ചെടികളും നൽകി അലങ്കരിച്ചു.നടുമുറ്റത്തിനു ചുറ്റും കൽത്തൂണുകൾ കാണാം. ഇതിനു മുകളിൽ ഈട്ടി കൊണ്ടുള്ള പാനലിങ് നൽകി, മുകളിലെ കൊത്തുപണികൾ തേക്ക് കൊണ്ടാണ്. നടുമുറ്റത്തിന്റെ ഒരു വശത്തായി പ്രെയർ ഏരിയ.

traditional-house-courtyard

ലളിതമായ സ്വീകരണമുറി. സമീപം സ്വകാര്യത നൽകി ഫാമിലി ലിവിങ് ഒരുക്കി. ടിവി യൂണിറ്റ് നൽകി. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. നടുമുറ്റത്തിന്റെ മനോഹരഭാവങ്ങൾ ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കാനുള്ള ക്രമീകരണമാണ് ഇവിടെ ചെയ്തത്. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കാനായി ഡൈനിങ്ങിനു സമീപം ഒരു സിറ്റ്ഔട്ട് നൽകിയിരിക്കുന്നു.

traditional-house-dining

ഒതുക്കമുള്ള മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. സ്ഥലഉപയുക്തതയ്ക്ക് വേണ്ടി ഇൻബിൽറ്റ് വാഡ്രോബ് നൽകി. മൂന്ന് മുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവുമുണ്ട്. പരിപാലനം എളുപ്പമാക്കുംവിധം ഓപ്പൺ കിച്ചൻ. സമീപം വർക്ക് ഏരിയയും നൽകി.

traditional-house-ceiling മേൽക്കൂരയുടെ ഡിസൈൻ

ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും ചെടികളും ചെറിയ വാട്ടർ ബോഡിയും നൽകിയിട്ടുണ്ട്. വീടിനകത്ത് നിറയുന്ന പോസിറ്റീവ് എനർജി തന്നെയാണ് ഈ വീടിന്റെ ഡിസൈൻ മികവിന്റെ സാക്ഷ്യപത്രം.

Project Facts

Location- Thodupuzha, Idukki

Plot- 34 cents

Area- 3400 SFT

Owner- Dominic Kakkuzhi

Architect- Asif Ahmed

AR Architects, Kochi

Phone- 0484-4024226

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.