Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരമ്പര്യമല്ലേ എല്ലാം?

before-after പഴമയുടെ തനിമയും സൗന്ദര്യവും ഒട്ടും ചോരാതെ നിർമ്മിച്ച ഈ വീടിന് വയസ്സ് എഴുപതുണ്ടെങ്കിലും പ്രൗഢിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.

കാലമെത്ര കടന്നു പോയാലും, എന്തെല്ലാം ന്യൂജൻ ചിന്താഗതികൾ വന്നു ചേർന്നാലും പാരമ്പര്യത്തെ നെ‍ഞ്ചേറ്റി ലാളിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെയാണ് പാരമ്പര്യ വാസ്തുശൈലിയിൽ വീടുപണിയുന്നവരുടെ എണ്ണം അനുദിനം കൂടി വരുന്നത്. പാലക്കാട് ജില്ലയിൽ കുമാരനെല്ലൂരിനടുത്ത് അമേറ്റിക്കര എന്ന ചെറു ഗ്രാമത്തിലാണ് തനതു കേരളീയ ശൈലിയിൽ പണിത ‘സായ്സദൻ’ എന്ന വീട്. 

tharavad-after

കാലപ്പഴക്കം കൊണ്ട് ഏതാണ്ട് ജീർണ്ണാവസ്ഥയിലെത്തിയിരുന്ന, എഴുപതു വർഷം പഴക്കമുള്ള ഈ പഴയ തറവാടിനെ ഇന്നിന്റെ ജീവിതശൈലിക്കനുസൃതമായി ചില പരിഷ്ക്കാരങ്ങൾ വരുത്തിക്കൊണ്ട് പുതുജീവൻ നൽകിയത് പ്രവാസിയായ ഗൃഹനാഥന്‍ രാജേഷ് പുതുശ്ശേരി തന്നെയാണ്.

പഴമയെ ഉൾക്കൊള്ളുകയും സ്നേഹിക്കുകയും ചെയ്തിരുന്ന രാജേഷ് തന്റെ ഭാര്യ ഗൃഹമായ തറവാട് വാങ്ങി. വീടിനോടുള്ള വൈകാരിക അടുപ്പം മൂലം വീട് പൂർണ്ണമായും പൊളിച്ചുകളഞ്ഞ് പുതിയ വീട് പണിയുന്നതിനോട് രാജേഷിന് തീരെ താൽപര്യമുണ്ടായിരുന്നില്ല.. 40 സെന്റ് സ്ഥലത്തിൽ ഏകദേശം 5000 സ്ക്വയർഫീറ്റിൽ മൂന്നു നിലകളിലായി നിലകൊള്ളുന്ന വീടിന് തന്റേതായ ആശയങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ചില മാറ്റങ്ങള്‍ വരുത്താം എന്ന് രാജേഷും ഭാര്യ ദിവ്യ രാജേഷും തീരുമാനിച്ചത്. 

പഴമയുടെ സൗന്ദര്യവും തനിമയും ഒട്ടും ചോരാതെ ആധുനിക സൗകര്യങ്ങൾ ഉൾച്ചേർത്തുകൊണ്ടാണ് വീടിനെ പുതുക്കിയെടുത്തത്. പുരാതന തച്ചുശാസ്ത്ര വിധിപ്രകാരമുള്ള കോല്‍ കണക്കുകൾക്കടിസ്ഥാനമായാണ് വീടിന്റെ നിർമ്മിതി. റെനവേഷന്റെ ഭാഗമായി ചില പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും പരമ്പരാഗതമായ ഈ പരിമാണങ്ങൾക്കോ സ്ട്രക്ചറിനോ കാര്യമായ വ്യത്യാസമൊന്നും വരുത്തിയിട്ടില്ല.

നവീകരണത്തിനു മുമ്പ്

tharavad-before

മൂന്നുനിലകളിലായി നിലനിന്നിരുന്ന പഴയ കെട്ടിടം പുതുക്കലിനു ശേഷവും ചുറ്റളവിലോ നിലകളിലോ വ്യത്യാസം വന്നിട്ടില്ല. വീടിനു ചുറ്റുമുള്ള ചുറ്റുവരാന്തയും നിരയിട്ടു നിൽക്കുന്ന തൂണുകളും ഓടു പാകിയ ചരിഞ്ഞ മേൽക്കൂരയുമെല്ലാം പാരമ്പര്യശൈലിയെ കൂട്ടുപിടിക്കുന്നവയാണ്. വരാന്തയിലുള്ള തൂണുകളെല്ലാം നേരത്തെയുണ്ടായിരുന്നവ അൽപ്പമൊന്ന് രൂപമാറ്റം വരുത്തിയെടുത്തവയാണ്. 

മുറ്റം മുഴുവനായും ബേബി മെറ്റൽ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. മുമ്പ് വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ ‘L’ ഷേപ്പിലുള്ള വരാന്ത കടന്ന് നീളത്തിലുള്ള ഫോയർ വഴി വിശാലമായ ഡൈനിങ് സ്പേസിലേക്കാണ് പ്രവേശനം. ഈ ഫോയർ സ്പേസിന്റെ ഇരുഭാഗങ്ങളിലുമായി ഡ്രോയിങ് ഏരിയ, രണ്ട് ബാത്അറ്റാച്ച്ഡ് ബെഡ്റൂമുകൾ, പൂജാമുറി എന്നിവയും ഡൈനിങ്ങിനു പുറകിലായി കിച്ചൻ, വർക്ക്ഏരിയ, സ്റ്റോർറൂം എന്നിവയുമാണുണ്ടായിരുന്നത്..

palakkad-tharavad-sideview

കിച്ചനോട് അനുബന്ധിച്ച് ഒരു കിണറും ഉണ്ടായിരുന്നു. ഫസ്റ്റ് ഫ്ലോറില്‍ വരാന്ത കടന്ന് നീളത്തിലുള്ള ഇടനാഴിയുടെ ഒരു വശത്ത് മൂന്ന് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകളും ഒരു വശത്തായി മറ്റൊരു ബെഡ്റൂമും ഉണ്ടായിരുന്നു. സെക്കന്റ് ഫ്ലോറില്‍ വിശാലമായ രണ്ടു ഹാളുകളാണ് ഉണ്ടായിരുന്നത്. ഇങ്ങനെയാണ് പഴയ വീട്ടിലെ സൗകര്യങ്ങൾ.

അകത്തളത്തിലെ മാറ്റം

palakkad-tharavad-verandah

ഇപ്പോൾ പൂമുഖ വാതിൽ കടന്ന് എത്തുന്നത് ഡ്രോയിങ് റൂമിലേക്കാണ്. ഇവിടെ നിന്നും വരാന്തയിലേക്കും വിശാലമായി ഒരുക്കിയ ഹാളിലേക്കും പൂജാമുറിയിലേക്കും പ്രവേശനമുണ്ട്. വരാന്തയിലേയും ഡ്രോയിങ് റൂമിലേയും സീലിങ്ങുകൾ വുഡ് കൊണ്ട് പാനലിങ് ചെയ്തിരിക്കുന്നു. മണിച്ചിത്രത്താഴുള്ള പ്രധാന വാതിലും മറ്റു വാതിലുകളും ഇരുപാളി ജനാലകളും എല്ലാം പഴയവ പോളിഷ് ചെയ്ത് പുനരുപയോഗിച്ചിരിക്കുകയാണ്. ഗ്രൗണ്ട് ഫ്ലോറിൽ ബെഡ്റൂമുകൾക്ക് മുന്നിലൂടെയുണ്ടായിരുന്ന ഇടനാഴി പകുതി വെച്ച് ബ്ലോക്ക് ചെയ്ത് മുന്നിൽ പൂജാമുറിക്ക് സ്ഥാനം നൽകി. ബാക്കി ഭാഗം ബെഡ്റൂമിലേക്ക് അടച്ചെടുത്തു; ഇരുബെഡ്റൂമുകളും വിശാലമാക്കി പരിവർത്തിപ്പിച്ചു. 

palakkad-tharavad-living

ലിവിങ്സ്പേസിലെ സോഫാസെറ്റിയും ടീപ്പോയുമെല്ലാം പഴയ മരഉരുപ്പടികൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്. ടിവി യൂണിറ്റ് വച്ചിരിക്കുന്ന ഭിത്തി ക്ലാഡിങ് ടൈലുകൾ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ടിവി യൂണിറ്റിനോട് ചേർന്നുള്ള ഭിത്തിയിൽ നിഷു നൽകി 32 ഇഞ്ച് വലുപ്പത്തിലുള്ള ശ്രീഷ്ണ വിഗ്രഹത്തിന് സ്ഥാനം നൽകിയിരിക്കുന്നു. സമീപത്തെ ഭിത്തിയിൽ 5/3 വലുപ്പത്തിൽ ചെയ്ത രാധാകൃഷ്ണന്റെ വുഡ് കാർവിങ് പിക്ച്ചറും അകത്തളത്തിലെ പ്രധാനാകർഷണമാണ്. ഗൃഹനാഥൻ രാജേഷ് ചെയ്ത മ്യൂറൽ പെയിന്റിങ്ങും ലിവിങ് സ്പേസിന് അലങ്കാരമാകുന്നുണ്ട്.

സോഫാസെറ്റിയോട് ചേർന്ന ഭിത്തിയിലുള്ള ഷോക്കേസിലും ക്യൂരിയോസുകൾ ഇടം പിടിച്ചിട്ടുണ്ട്. അവയെ ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള മഞ്ഞവെളിച്ചവും ശ്രദ്ധേയമാണ്. ഫസ്റ്റ് ഫ്ലോർ വരാന്തയിലെ വാൾ കട്ട് ചെയ്ത് ഹാളിലേക്ക് ഒരു ഓപ്പണിങ് നൽകിയതിനാൽ മുകൾനിലയുമായി ആശയവിനിമയം സാധ്യമാകുന്നുണ്ട്. ഇവിടെ റൂഫിൽ സ്ലിറ്റുകൾ നൽകി സൂര്യപ്രകാശം ഉളളിലെത്തിച്ചിരിക്കുന്നു.

ചെറിയ മിനുക്കലുകൾ

palakkad-tharavad-front

ഡൈനിങ് സ്പേസ് അൽപ്പം വിശാലമായി തന്നെയാണ് ചെയ്തത്. ഡൈനിങ്, കിച്ചന്‍ ഏരിയകൾ രൂപമാറ്റം വരുത്തിയിട്ടുണ്ട്. കോൺക്രീറ്റ് റൂഫിങ് ചെയ്തു. ഡൈനിങ് ടേബിൾ പുനരുപയോഗിച്ചിരിക്കുകയാണ്. അടുക്കളയിൽ നിന്നുകൊണ്ട് വെള്ളം കോരാൻ കഴിയുന്ന രീതിയിലുള്ള പഴയ കിണർ അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന വെള്ളം കോരുന്ന മരത്തിന്റെ തുടി ശ്രദ്ധേയമാണ്.

പഴയ വീടിന് ആറു കിടപ്പുമുറികളാണ് ഉണ്ടായിരുന്നതെങ്കിലും പലതും ഇടുങ്ങിയതും വെളിച്ചം കുറവുമായിരുന്നു. രണ്ട് ഫ്ലോറിലും ഉള്ള മൂന്ന് ബെഡ്റൂമുകളുടെ നടുവിലെ ഭിത്തി എടുത്ത് കളഞ്ഞ് വിശാലമായ രണ്ട് ബെഡ്റൂമാക്കി മാറ്റി. ബെഡ്റൂമിന്റെ പുറകിൽ അഡീഷണൽ ആയി മുകളിലേക്ക് ഉയർത്തിയ എക്സ്ട്രാ ഏരിയ എല്ലാ ബെഡ്റൂമിലും ബാത് അറ്റാച്ച്ഡ് ആക്കാൻ കഴിഞ്ഞു.

palakkad-tharavad-bed

 കിടപ്പുമുറികളുടെയെല്ലാം സീലിങ് പോളിഷ് ചെയ്തെടുത്തു. ഇടനാഴിയിലായി ഉണ്ടായിരുന്ന പഴയ ട്രഡീഷണൽ മരഗോവണി അവിടുന്നു മാറ്റി പുതിയ സ്റ്റെയർകേസ് ഡൈനിങ് ഹാളിൽ നിന്നും ഡിസൈൻ ചെയ്തെടുത്തു. മെയിൻ കെട്ടിടത്തിലെ റൂഫ് മരങ്ങൾ എല്ലാം മാറ്റി ടൈൽസ് റൂഫിങ് നിലനിർത്തി. ഫ്ലോറിങ്ങിനായി ഗ്രാനൈറ്റും ടൈൽസും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. വയറിങ്, പ്ലംബിങ് തുടങ്ങിയവ എല്ലാം രണ്ടാമത് ചെയ്യുകയായിരുന്നു.

palakkad-tharavad-kitchen

തച്ചുശാസ്ത്ര പ്രകാരമുള്ള പരമ്പരാഗത നിർമ്മാണ സങ്കേതങ്ങൾക്കോ അളവുകള്‍ക്കോ ഭംഗം വരാതെ; അവയെ അതുപോലെ തന്നെ നിലനിർത്തിക്കൊണ്ട് ഒരു പുതിയ വീടിനു വേണ്ടതായ എല്ലാ ജോലികളും ചെയ്യേണ്ടിവന്നു എന്നതാണ് പ്രത്യേകത. പഴമയുടെ തനിമയും സൗന്ദര്യവും ഒട്ടും ചോരാതെ നിർമ്മിച്ച ഈ വീടിന് വയസ്സ് എഴുപതുണ്ടെങ്കിലും പ്രൗഢിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല.

palakkad-tharavad-night