Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറപ്പ്, ഈ വീട് നിങ്ങളുടെ ഹൃദയം കവരും! വിഡിയോ

മലയും മഞ്ഞും കാറ്റും പച്ചപ്പും പുണർന്നുനിൽക്കുന്ന വയനാട്. ഇവിടെയാണ് വിസ്താര എന്ന വീട്. വയനാടിന്റെ ഭൂപ്രകൃതിയുമായി ഇഴുകിച്ചേർന്നാണ് നിർമാണം. ചരിഞ്ഞ ഭൂപ്രകൃതിയായിരുന്നതിനാൽ നിർമ്മാണത്തിന് കോളം, ബീം രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള ബോക്സുകളുടെ സങ്കലനമാണ് എലിവേഷനിൽ കാണാൻകഴിയുക. 15 സെന്റിൽ 3971 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്.

wayanad-home-gasebo

രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ മുന്നിൽ പോർച്ച്. സിറ്റൗട്ടിൽ നിന്നും ഒരു ഫോയർ വഴി അകത്തേക്ക് പ്രവേശിക്കാം. പേര് സൂചിപ്പിക്കും പോലെ വിസ്താരമായ അകത്തളങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ലിവിങ്, ഡൈനിങ്, കിച്ചൻ, 4 കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയത്. തെക്കു ഭാഗത്തേക്കാണ് വീടിന്റെ ദർശനം. വടക്കുഭാഗത്തുള്ള മലനിരകളുടെ മനോഹരകാഴ്ചകൾ അകത്തേക്ക് വിരുന്നെത്തുംവിധമാണ് ഇടങ്ങളുടെ ക്രമീകരണം. 

wayanad-home

സ്വീകരണമുറി ഡബിൾഹൈറ്റിൽ ഒരുക്കിയത് കൂടുതൽ വിശാലത നൽകുന്നു. ലിവിങ് റൂമിലെ ഭിത്തി ചെങ്കല്ലുകൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുകയാണ്. നിലത്ത് വുഡൻ ഫ്ലോറിങ് നൽകി. വുഡ്, വെനീർ എന്നിവ ചേർത്ത് ഫാൾസ് സീലിങ് നൽകി. ഹാങ്ങിങ് ലൈറ്റുകൾ വീടിനുള്ളിൽ പ്രസന്നമായ അന്തരീക്ഷം നിറയ്ക്കുന്നു. 

wayanad-home-living

കോർട്യാർഡാണ് അകത്തളത്തിലെ പ്രധാന ആകർഷണം. ഇതിനോട് ചേർന്നുതന്നെ വുഡൻ ഡെക്കും നൽകിയിരിക്കുന്നു. കോർട്യാർഡിനോട് ചേർന്ന് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് മനോഹരമാക്കി യിരിക്കുന്നു.

wayanad-home-courtyard

മെറ്റൽ, വുഡ്, ഗ്ലാസ് എന്നിവ കൊണ്ടാണ് ഗോവണിയും കൈവരികളും. അപ്പർ ലിവിങ്ങിൽ വുഡൻ ഫ്ളോറിങ് നൽകി. ഓപ്പൺ ടെറസിൽ കുറച്ചുഭാഗം ലാൻഡ്സ്കേപ്പ് ചെയ്ത് ഒരു ഗാർഡനാക്കി മാറ്റിയിരിക്കുന്നു.

wayanad-home-terrace

ഊണുമുറിയിലേക്ക് കാഴ്ച ലഭിക്കുംവിധമാണ് കിച്ചന്റെ സ്ഥാനം. ഇൻബിൽറ്റ് ഫ്രിഡ്ജ്, ഓവ്ൻ എന്നിവ ഒരുക്കി. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിരിക്കുന്നു. പുറത്തെ മലനിരകളുടെ കാഴ്ച ആസ്വദിച്ചു കൊണ്ട് പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനും സാധിക്കും. കൊറിയൻ മാർബിൾ കൊണ്ടാണ് കൗണ്ടർടോപ്. 

wayanad-home-kitchen
wayanad-home-dining

മുകളിലും താഴെയുമായി നാലു കിടപ്പുമുറികളാണ് വീട്ടിൽ. കിടപ്പുമുറികളിൽ ഡ്രസിങ് സ്പേസ്, ലിവിങ് സ്പേസ്, അറ്റാച്ച്ഡ് ബാത്റൂം, മേയ്ക്കപ്പ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ട്. പുറത്തെ പ്രകൃതിസൗന്ദര്യം പരമാവധി ആസ്വദിക്കാൻ പാകത്തിൽ ജാലകങ്ങൾ നൽകിയിരിക്കുന്നു. എല്ലാ കിടപ്പുമുറികളിലും ഹെഡ്ബോർഡിനോട് ചേർന്ന് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. 

wayanad-home-bed

പ്രകൃതിയുമായി കൈകോർത്താണ് ലാൻഡ്സ്കേപ്. നാച്വറൽ സ്റ്റോൺ, ഗ്രാസ് എന്നിവകൊണ്ടാണ് മുറ്റം ഉറപ്പിച്ചത്. സിറ്റൗട്ടിനോട് ചേർന്ന് പ്ലാന്റർ ബോക്സുകൾ തീർത്ത് പച്ചപ്പിനു സ്ഥാനം നൽകിയിരിക്കുന്നു. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാനായി ഒരു ഗസീബോയും ലാൻഡ്സ്കേപ്പിൽ ഒരുക്കിയിരിക്കുന്നു. ചുരുക്കത്തിൽ പോസിറ്റീവ് എനർജി പകർന്നു നൽകുന്ന അകത്തളങ്ങളും പ്രകൃതിയുമായി ലയിച്ചു ചേരുന്ന പുറംകാഴ്ചയുമാണ് ഈ വീടിനെ ഹൃദ്യമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നത്.

Project Facts

Location- Mananthavady, Wayanad

Plot- 15 cents

Area- 3971 SFT

Owner- Phoulad

Architect- Vijesh A

Woods& Walls, Kannur

Mob- 9645256349