Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വീട്!

traditional-house-lawn ലളിതമായ ഇന്റീരിയറാണ് വീടിന്. പക്ഷേ തടിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ സാധാരണത്വത്തെ മറികടക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

വീതി കുറഞ്ഞ് നീളത്തിലുള്ള 30 സെന്റ് പ്ലോട്ട്. പരമ്പരാഗത ശൈലിയോട് താൽപര്യമുള്ള വീട്ടുകാർ. ഈ രണ്ടു ഘടകങ്ങളും പരിഗണിച്ചാണ് കോട്ടയത്തുള്ള ഈ വീട് ഡിസൈനർ പൊന്നു ജോസ് രൂപകൽപന ചെയ്തിരിക്കുന്നത്. 3500 ചതുരശ്രയടിയാണ് വിസ്തീർണം. ഫർണിഷിങ്ങിൽ ഉടനീളം തടി ഉപയോഗിക്കണമെന്ന് വീട്ടുകാർക്ക് നിഷ്കർഷ ഉണ്ടായിരുന്നു. 

ഗേറ്റ് മുതൽ കാഴ്ചകൾ തുടങ്ങുന്നു. ഗേറ്റിന് ഇരുവശവുമായി ചെങ്കൽ ടെക്സ്ചർ നൽകിയിരിക്കുന്നു. പ്രധാന ഗെയ്റ്റ് കൂടാതെ ഒരു വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട്. ചുറ്റുമതിലിൽ ഷെറാ ബോർഡുകൾ ഉപയോഗിച്ചിട്ടുണ്ട്.  

kottayam-house-gate

സ്ലോപ് റൂഫാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇതിൽ ബെയ്ജ് നിറമുള്ള ഓടുകൾ വിരിച്ചതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

traditional-house-kottayam

സെമി ഓപ്പൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ സ്ഥലഉപയുക്തത നൽകുന്നു. ഓരോ ഇടങ്ങളും ഫലപ്രദമായി വേർതിരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഫർണിച്ചറാണ് ഈ വീടിന്റെ അകത്തളങ്ങളിലെ ശ്രദ്ധാകേന്ദ്രം. വാതിൽ തുറന്നാൽ ആദ്യം കാണുക പ്രെയർ ഏരിയയാണ്. ഇവിടെ നിന്നും പുറത്തേക്ക് ഒരു ഓപ്പണിങ് നൽകിയിരിക്കുന്നു. കുടുംബാംഗങ്ങൾക്ക് ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ഈ സ്‌പേസ് ഉപകരിക്കും.  കോർട്യാർഡ് മാതൃകയിൽ മുകളിൽ പർഗോള നൽകിയിരിക്കുന്നു. ഇതുവഴി കാറ്റും വെളിച്ചവും അകത്തേക്കെത്തുന്നു. 

kottayam-house-living

മൾട്ടിവുഡിൽ തീർത്ത സി.എൻ.സി ഡിസൈനുകളാണ് ടിവി ഏരിയയെ ആകർഷകമാക്കുന്നത്.

kottayam-house-interiors

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ടീക്ക് വുഡിൽ നിർമിച്ച വിശാലമായ ഊണുമേശ. ഇവിടെ ശ്രദ്ധ പതിയുന്നത് ബൈസൺ ബോർഡിൽ കൊത്തിയെടുത്ത പൂക്കളുടെ ഡിസൈനിലേക്കാണ്. ക്രോക്കറി-ക്യൂരിയോ യൂണിറ്റുകൾ ഡൈനിങ്ങിനു സമീപം നൽകിയിട്ടുണ്ട്. ഗോവണിയുടെ കൈവരികളിലും ഷറാ ബോർഡുകൾ ഉപയോഗിച്ചുള്ള ഡിസൈൻ വർക്കുകൾ കാണാം. മുകൾ നിലയിലേക്ക് പുറത്തുകൂടി ഒരു ഗോവണിയും നൽകിയിട്ടുണ്ട്.

kottyam-house-dining

തടി തന്നെയാണ് അടുക്കളയിലും നിറയുന്നത്. കബോർഡുകൾ, ബ്രേക്ക്ഫാസ്റ്റ് ടേബിൾ എന്നിവയെല്ലാം ടീക്ക് വുഡിലാണ് നിർമ്മിച്ചത്. 

kottayam-house-kitchen

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മകന്റെ കിടപ്പുമുറി നേവി ബ്ലൂ തീമിൽ ഒരുക്കി. മാസ്റ്റർ ബെഡ്‌റൂമിൽ വുഡൻ ഫ്ളോറിങ് നൽകി വേർതിരിച്ചു.

kottayam-house-bed

ഒറ്റനിലയിൽ പണിത വീടിന്റെ മുകൾനില ഫ്രീ സ്‌പേസായി വിനിയോഗിച്ചിരിക്കുന്നു. ചുരുക്കത്തിൽ ലളിതമായ ഇന്റീരിയറാണ് വീടിന്. പക്ഷേ തടിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ സാധാരണത്വത്തെ മറികടക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kottayam

Area- 3500 SFT

Plot- 30 cents

Designer- Ponnu Jose

Dedesign, Kottayam

Mob- 9048785246

Completion year- 2018