ലളിതം സുന്ദരം

ലളിതമായ എന്നാൽ പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തുന്ന അകത്തളങ്ങളാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

മലപ്പുറം കോട്ടക്കൽ പ്രധാന പാതയ്ക്ക് സമീപമാണ് മുഹമ്മദ് അലിയുടെ പുതിയ വീട്. 32 സെന്റ് പ്ലോട്ടിൽ 3800 ചതുരശ്രയടിയാണ് വിസ്തീർണം. നിയതമായ ആകൃതി ഇല്ലാത്ത പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തത ലഭിക്കുംവിധമാണ് വീട് രൂപകൽപന ചെയ്തത്. ഉയരവ്യത്യാസമുള്ള സ്ലോപ് റൂഫുകളാണ് പുറംകാഴ്ചയിലെ ആകർഷണീയത. വൈറ്റ്+ ഗ്രേ തീമിലാണ് പുറംഭിത്തികൾ.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. വുഡ്+ ഫാബ്രിക് എന്നിവയാണ് ഉപയോഗിച്ചത്. മാർബിളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. മുറികളിൽ ടൈലുകളും വിരിച്ചു.

കാറ്റും വെളിച്ചവും കടക്കാനായി രണ്ടു കോർട്യാർഡുകളും വീട്ടിൽ നൽകിയിരിക്കുന്നു. വീട്ടിലേക്ക് പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യുന്നത് ഫോയറിനു സമീപം നൽകിയ കോർട്യാർഡാണ്‌. ഊണുമുറിക്ക് സമീപവും ഒരു സൈഡ് കോർട്യാർഡ് ഒരുക്കി. ഭിത്തിയിൽ ഡബിൾ ഹൈറ്റിൽ ക്ലാഡിങ് നൽകിയിട്ടുണ്ട്. സീലിങ്ങിൽ പർഗോള നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. 

ഗോവണി അടങ്ങുന്ന ടിവി ഏരിയ ഡബിൾ ഹൈറ്റിലാണ് നിർമിച്ചിരിക്കുന്നത്. മെറ്റൽ കൊണ്ടാണ് ഗോവണിയുടെ ഡിസൈൻ. കൈവരികളിൽ ടഫൻഡ് ഗ്ലാസ് നൽകി. ഗോവണിയുടെ താഴെ ഒരു ടിവി ഏരിയ പാർടീഷൻ ഭിത്തിയായി നൽകി. ഇതിൽ വെനീർ ക്ളാഡിങ്ങാണ് ഒട്ടിച്ചിരിക്കുന്നത്. ഗോവണി കയറി ചെല്ലുമ്പോൾ L ഷേപ്പിൽ ഒരു ലിവിങ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. താഴെ മൂന്നും മുകളിൽ രണ്ടും വീതം. നാലു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂമും ക്രമീകരിച്ചു. 

ഒരു പാൻട്രി കിച്ചനും വർക്കിങ് കിച്ചനും ക്രമീകരിച്ചിട്ടുണ്ട്. മൾട്ടിവുഡ്+ പെയിന്റ് ഫിനിഷിലാണ് കബോർഡുകൾ. കൊറിയൻ ടോപ്പാണ് അടുക്കളയിൽ വിരിച്ചത്. കടപ്പ സ്റ്റോണും ഗ്രാസും വിരിച്ച് മുറ്റം വൃത്തിയാക്കി. അത്യാവശ്യം ചെടികളും മുറ്റത്ത് നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ ലളിതമായ എന്നാൽ പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തുന്ന അകത്തളങ്ങളാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Kottakal, Malappuram

Area- 3800 SFT

Plot- 32 cent

Owner- Muhammed Ali

Designer- Praveen Vellila

Mob- 9447679369

Completion year- 2018