Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാധാരണക്കാർക്ക് മാതൃകയാക്കാം; 15 ലക്ഷത്തിന്റെ വീട്!

15-lakh-home-alappuzha ആലപ്പുഴ ജില്ലയിലെ ഈ വീടിനെക്കുറിച്ചു സംസാരിക്കുന്നത് വീട്ടുകാരനല്ല, ഡിസൈനർ കൂടിയായ സഹോദരൻ സെബാസ്റ്റ്യൻ ജെയിംസ് ആണ്.

എന്റെ പേര് സെബാസ്റ്റ്യൻ ജെയിംസ്. എന്റെ അനുജൻ പ്രശാന്തിന്റെ വീടിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ആലപ്പുഴ തുമ്പോളിയിലുള്ള ഈ വീട് ഡിസൈൻ ചെയ്തത് ഞാൻ തന്നെയാണ് എന്നതാണു കാരണം. പണം അനാവശ്യമായി കളയാതെ, സൗകര്യങ്ങളെല്ലാമുള്ള വീട്. അതായിരുന്നു ഞങ്ങളുടെ ആഗ്രഹം. സൗകര്യത്തിലും സൗന്ദര്യത്തിലും വിട്ടുവീഴ്ച ചെയ്യാതെ, നല്ലൊരു വീട് നിർമിക്കാൻ സാധിച്ചതിൽ ഞാൻ കൃതാർഥനാണ്. 

15-lakh-home

വർഷങ്ങൾക്കു മുമ്പ് മറ്റൊരു വീടിനുവേണ്ടി വരച്ച പ്ലാൻ ഉപയോഗിച്ചാണ് ഈ വീട് പണിതത്. ചെറിയ വീടുമതി എന്നു തീരുമാനിച്ചപ്പോൾ പഴയ പ്ലാനിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു. 11 സെന്റ് ഉണ്ടെങ്കിലും ആറര സെന്റിലാണ് വീട് നിർമിച്ചത്. അര കിലോമീറ്റർ അകലെ കടലാണ്. അതുകൊണ്ടുതന്നെ, എല്ലായിടത്തും വെള്ളക്കെട്ടും മണലുമാണ്. ഇക്കാരണത്താൽ പ്ലോട്ട് അൽപം ഉയർത്തി നിരപ്പാക്കിയാണ് അടിത്തറ പണിതത്. പ്ലോട്ടിന്റെ പിറകിലുള്ള മണലുതന്നെയാണ് ഇതിനു ഉപയോഗിച്ചത്. വീതിയുള്ള പ്ലോട്ട് ആയതിനാൽ വീടിന്റെ ഡിസൈനും അതിനനുസരിച്ച് ചെയ്തു. സോളിഡ് കോൺക്രീറ്റ് കട്ടകളാണ് അടിത്തറയും ഭിത്തിയും നിർമിക്കാന്‍ ഉപയോഗിച്ചത്. പ്ലോട്ടിലെ മണൽ നിർമാണത്തിനും പ്രയോജനപ്പെടുത്തി.

രണ്ടുനില വീടാണ്, വിസ്തീർണം 730 ചതുരശ്രയടി. 15 ലക്ഷം ചെലവായി. ഫിനിഷിങ്ങിൽ അൽപം വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ വീണ്ടും ചെലവു കുറയ്ക്കാൻ സാധിക്കുമായിരുന്നു.

15-lakh-home-hall

സിറ്റ്ഔട്ട് ഒഴിവാക്കി പടികൾ കയറിയാൽ നേരിട്ട് സ്വീകരണമുറിയിലേക്കു പ്രവേശിക്കാം. ഹാളിന്റെ ഭാഗം തന്നെയാണ് സ്വീകരണമുറിയും ഊണുമുറിയും. ഊണുമുറിയോടു ചേർന്ന് അടുക്കള, സ്വീകരണമുറിയോടു ചേർന്ന് താഴത്തെ കിടപ്പുമുറി. വളരെ ലളിതമാണ് വീടിന്റെ പ്ലാൻ. താഴത്തെ കിടപ്പുമുറിയുടെ നേരെ മുകളിൽ മറ്റൊരു കിടപ്പുമുറി. താഴത്തെ കിടപ്പുമുറിയുടെ മുകളിൽ മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളു. രണ്ട് കിടപ്പുമുറികളും ബാത്റൂം അറ്റാച്ഡ് ആണ്. ഇവിടത്തെ ഏറ്റവും വലിയ മുറികൾ കിടപ്പുമുറികളാണ്. ഡിസൈനിന്റെ പ്രത്യേകത മൂലം താഴത്തെ നിലയിലെ കിടപ്പുമുറിക്ക് എട്ട് അടി ഉയരമേയുള്ളൂ. മുകളില്‍ 11 അടിയുണ്ട്. കട്ടിലിനു ചുറ്റും ഒരാൾക്ക് നടക്കാൻ പറ്റുന്ന സ്ഥലമുണ്ട്. ഡ്രസിങ് ഏരിയയുമുണ്ട്. ഡൈനിങ് ഏരിയയിൽ നിന്നാണ് ഗോവണി ആരംഭിക്കുന്നത്.

15-lakh-home-bed

മുകളിലെ നിലയിൽ ഗോവണിയുടെ ലാൻഡിങ് ഏരിയയിൽ നിന്ന് കിടപ്പുമുറിയിലേക്കു പ്രവേശിക്കാം. ഈ ലാൻഡിങ്ങിൽ കംപ്യൂട്ടർ വയ്ക്കാനും സ്റ്റഡി ഏരിയ ഒരുക്കാനുമുള്ള സ്ഥലമുണ്ട്.

അടുക്കള വളരെ ചെറുതാണ്. രണ്ട് പേർക്കു നിന്നു പാചകം ചെയ്യാം. വീടിനു പുറത്ത് അമ്മിക്കല്ല് വയ്ക്കാനും പാത്രം കഴുകാനുമുള്ള സൗകര്യമുണ്ട്.

kitchen-bed

വീട് വാർക്കാതെ, ട്രസ് ഇട്ടാണ് മേൽക്കൂര നിർമിച്ചത്. മുകളിൽ ഓടു പാകി. ഇരുമ്പുപൈപ്പുകൊണ്ടുള്ള ഫ്രെയിം അൽപം ചെലവു കൂട്ടി. പക്ഷേ വീടിന്റെ എക്സ്റ്റീരിയർ ഭംഗിയാക്കുന്നതിൽ മേൽക്കൂര വലിയ പങ്കുവഹിച്ചിട്ടുണ്ട്. അടുക്കളയ്ക്കും മതിലിനും ഇടയ്ക്കുള്ള സ്ഥലം പോർച്ച് ആക്കി മാറ്റുകയും ചെയ്തു.

തടിക്ക് അക്കേഷ്യ

പ്ലോട്ടിൽ ഉണ്ടായിരുന്ന അക്കേഷ്യ ട്രീറ്റ് ചെയ്താണ് ജനലുകളും വാതിലുകളും ഫർണിച്ചറും നിർമിച്ചത്. ബാക്കിവന്ന തടി ഉപയോഗിച്ച് ഊണുമേശയ്ക്കൊപ്പമുള്ള സ്റ്റൂളുകളും ബഞ്ചും നിർമിച്ചു. ഡൈനിങ്ങിനോടു ചേർന്ന ഭിത്തി പ്രെയർ ഏരിയയാക്കി മാറ്റിയപ്പോൾ അവിടേക്കുവേണ്ടി മാറ്റിവച്ച ഒരു തടിപ്പലകയുണ്ടായിരുന്നു. പക്ഷേ, താഴെ നിൽക്കുന്നവരുടെ തല ഈ പലകയിൽ ഇടിക്കാൻ സാധ്യതയുണ്ടെന്ന് പിന്നീടാണ് തോന്നിയത്. അങ്ങനെ പലകയ്ക്ക് നാല് കാലും കൊടുത്ത് ഊണുമേശയാക്കി മാറ്റി. ലാംപ്ഷേഡുകളും തടി കൊണ്ടുള്ള മറ്റ് സാധനങ്ങളും ബാക്കിയായ തടികൊണ്ടു നിർമിച്ചതാണ്.

15-lakh-home-dining

ചതുരശ്രയടിക്ക് 30 രൂപ നിരക്കിലുള്ള ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. പല വലുപ്പമുള്ള ടൈലുകൾ ഇതിലുണ്ട്. കബോർഡുകൾക്ക് വെനീർ ഒട്ടിച്ച പ്ലൈവുഡ് ഉപയോഗിച്ചു. ചെറിയ വീടായതിനാൽ ഒറ്റ ജനലുകളാണ് മിക്ക മുറികളിലും. ഭിത്തിയുടെ പകുതിക്കു വച്ച് ജനൽ ഉറപ്പിച്ചതിനാൽ 180 ഡിഗ്രിയേ തുറക്കാനാവൂ. പക്ഷേ, ജനലിനു മുകളിലേക്ക് വെയിലും മഴയും അടിക്കില്ല. തടി സുരക്ഷിതമായിരിക്കും. എക്സ്റ്റീരിയറിന്റെ ഇരുണ്ടനിറവും പരിപാലനത്തിനുള്ള എളുപ്പം നോക്കി തിരഞ്ഞെടുത്തതാണ്. ഏഴുമാസം കൊണ്ട് പണി തീർന്ന്, കഴിഞ്ഞ ഡിസംബറിൽ താമസം തുടങ്ങി. ചെറിയ വീടായതിനാൽ പരിപാലനം എളുപ്പമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ വീട്ടുകാർ ഈ ചെറിയ സ്ഥലത്ത് സംതൃപ്തരുമാണ്.