Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിയിലെ വീട് നോക്കി, വണ്ടി ഇടിച്ചു; പിന്നെ...

colonial-elevation വേണ്ടത്ര സ്വകാര്യതയും കൊളോണിയൽ ഭംഗിയും സമാസമം ചേർന്ന സൗന്ദര്യമാണ് പാടൂരിലെ ഈ വീട്. ആർക്കിടെക്ട് ആ കഥ പറയുന്നു...

ഞാൻ ആർക്കിടെക്ട് സനിൽ ചാക്കോ...റഷീദ് എന്നെ തേടിയെത്തിയത് രസകരമായ കഥയാണ്...കൊളോണിയൽ ഡിസൈനിൽ ഞാൻ ചെയ്ത ഒരു വീട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒരിക്കല്‍ കുടുംബവുമായി യാത്ര പോകുന്നതിനിടെ, തന്റെ സ്വപ്നത്തിലെ വീട് അദ്ദേഹം കൂടെയുള്ളവർക്കെല്ലാം കാണിച്ചു കൊടുക്കുകയായിരുന്നു. അതൊന്നു കാണാൻ ഡ്രൈവർ തല തിരിച്ചതും വണ്ടി ഇടിച്ചു. മറ്റൊരു വണ്ടി വരുത്തി യാത്ര പുനരാരംഭിച്ചെങ്കിലും അത്രയും സമയം കൊണ്ട് അദ്ദേഹം ആ വീടു കാണുകയും അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി എന്നെ തിരഞ്ഞെത്തുകയും ചെയ്തു.

നേരത്തേ കണ്ട വീടിന്റെ അതേ എക്സ്റ്റീരിയർ ഡിസൈൻ തന്നെ വേണമെന്നായിരുന്നു റഷീദിന്റെ ആവശ്യം. എന്നാൽ, ഓരോ വീട്ടുകാർക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചാവണം വീട് എന്ന് അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. സ്വകാര്യത കൂടുതൽ വേണ്ടിയിരുന്നതിനാൽ അതനുസരിച്ചാണ് ഇന്റീരിയർ ക്രമീകരിച്ചത്. സ്വീകരണമുറിയിലിരുന്നാൽ ഡൈനിങ്ങിലേക്കോ ഫാമിലി ഏരിയയിലേക്കോ നോട്ടമെത്തുകയില്ല. താഴത്തെ രണ്ടു കിടപ്പുമുറികളും കിച്ചനുമെല്ലാം സ്വകാര്യതയുടെ തുരുത്തുകളാണ്.

വീതി കുറഞ്ഞ 20 സെന്റ് പ്ലോട്ടായിരുന്നു ഇത്. രണ്ടു തെങ്ങും ഒരു ചെറിയ മാവും മാത്രമുള്ള നിരപ്പായ ഭൂമിക്ക് യാതൊരു തരത്തിലുള്ള പ്രത്യേകതയും ഉണ്ടായിരുന്നില്ല. ആ കുറവ് നികത്തിയത് അകത്തളങ്ങളിൽ പ്രകൃതിക്ക് പ്രാധാന്യം നൽകിയാണ്. ഡ്രോയിങ്, ഡൈനിങ്, ഫാമിലി, മുകളിലെ ലിവിങ് എന്നിവിടങ്ങളിൽ നിന്ന് കോർട്‌യാർഡ് കാണാം.

ഭിത്തി തേപ്പിലും ആകൃതിയിലും അനുപാതങ്ങളിലും മേൽക്കൂരയുടെ ചരിവിലും വരുത്തിയ പ്രത്യേകതകളാണ് കൊളോണിയൽ ശൈലിയിലുള്ള എക്സ്റ്റീരിയർ സൃഷ്ടിക്കാൻ സാധിച്ചത്.

കൊളോണിയൽ ശൈലിയുടെ ഘടകങ്ങൾ ശ്രദ്ധയോടെ കോർത്തിണക്കിയ ഇന്റീരിയറിലേക്കു കടക്കാം. സിറ്റ്ഔട്ടിൽ നിന്ന് ഡ്രോയിങ്ങിലേക്കു കടക്കുമ്പോൾ ആദ്യം കണ്ണുപതിയുന്നത് ഫർണിച്ചർ ഡിസൈനിലേക്കാണ്.

രണ്ട് സിംഗിൾ ചെയറുകൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന രീതിയിൽ പണിയിപ്പിച്ചെടുത്തു. കോർട്‌യാർഡിലേക്കു തുറക്കുന്ന ഓപനിങ്ങുകളിൽ ഇരിപ്പിടമൊരുക്കിയതും കൗതുകകരമായ രീതിയിലാണ്. ടീപോയ്ക്കും ചെയറുകൾക്കുമെല്ലാം ഒരേ ഡിസൈനിലുള്ള കാലുകളാണ്.

colonial-living

ഡ്രോയിങ് തുറക്കുന്നത് കോർട്‌യാർഡിന്റെ പച്ചപ്പിലേക്ക്. അലങ്കാരമത്സ്യങ്ങളെ ഇഷ്ടപ്പെടുന്ന മകനുവേണ്ടി ഒരു വാട്ടർബോഡിയും കോർട്‌യാർഡിലുണ്ട്. സുരക്ഷയ്ക്കുവേണ്ടി മുകളിൽ അഴികള്‍ കൊടുത്തു. കോർട്‌യാർഡിന്റെ പുറത്തേക്കു തുറക്കുന്ന ഭിത്തിയില്‍ ലൂവർ ഡിസൈനിൽ ചരിഞ്ഞിരിക്കുന്ന ലംബമായ അഴികൾ സ്വകാര്യത ഉറപ്പുവരുത്തുന്നു. അതേ സമയം കാറ്റും വെളിച്ചവും വീടിനകത്ത് നിർലോഭമായി എത്തും. കൊതുകും പാറ്റകളും കടക്കാത്ത വിധം നെറ്റും കൊടുത്തിട്ടുണ്ട്. എളുപ്പത്തിൽ പരിപാലിക്കാവുന്ന വിധത്തിലുള്ള കോർട്‌യാർഡ് ആണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്.

colonial-interior

ഡൈനിങ്ങും ഫാമിലി ഏരിയയും ചേരുന്ന ഹാൾ ആണ് വീടിന്റെ ജീവനാഡി. ഹാളിൽ നിന്ന് നല്ലൊരു കാഴ്ചവിരുന്നാണ് കോർട്‌യാർഡ്. ഡൈനിങ് ടേബിൾ ചെയറിനും കസേരകൾക്കും ഡ്രോയിങ്ങിലെ ഫർണിച്ചറിന്റെ തുടർച്ച കാണാം. സീലിങ്ങിൽ നിന്നുള്ള ഷാൻഡ്‌ലിയറും ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല.

colonial-courtyard

ഭിത്തിയിലെ ഒരു കട്ടിങ്ങിലാണ് ടിവി ഏരിയ സജ്ജീകരിച്ചത്. ഫലമോ, തുറന്ന ഹാളിലും ഓരോ ഭാഗത്തിനും അതിന്റേതായ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ട് ഈ ഡിസൈൻ.

സൂക്ഷ്മമായ പണികളോടുകൂടിയതാണ് സ്റ്റെയറിന്റെ റെയ്‌ലിങ്. ഹാളിന്റെ ഒരു വശത്തു നിന്നു തുടങ്ങുന്ന സ്റ്റെയർ, ഹാളിന്റെ സൗന്ദര്യം കൂട്ടുന്ന ഘടകമായി മാറുന്നു.

colonial-dining

വാഷ്റൂമിന് പ്രത്യേകമായൊരു സൗന്ദര്യം കൊണ്ടുവന്നു എന്നത് ആർക്കിടെക്ടിന്റെ മിടുക്ക്. ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന വാഷ്ഏരിയക്കുപോലും സൂക്ഷ്മമായ ശ്രദ്ധ കൊടുത്തിട്ടുണ്ട് ഇവിടെ. വാഷ്ബേസിൻ പിടിപ്പിച്ചിരിക്കുന്നത് വിക്ടോറിയൻ ശൈലി പ്രതിഫലിക്കുന്ന ഒരു ടേബിളിൽ ആണ്. വെനീറിൽ ചെയ്തിരിക്കുന്ന ഇൻലേ വർക്കാണ് വാഷ്ഏരിയയുടെ ഭിത്തിയിൽ ഉള്ളത്. വാഷ്ഏരിയയുടെ രണ്ടു ഭിത്തികളിൽ കണ്ണാടികൾ പിടിപ്പിച്ചിരിക്കുന്നതിനാല്‍ ഇവിടം ഒട്ടും ഇടുങ്ങിയതായി തോന്നുന്നില്ല.

കൊളോണിയൽ ശൈലിയിൽ നിന്ന് തീർത്തും വിഭിന്നമാണ് കിച്ചൻ. മോഡേൺ രീതിയിൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയതാണ്. കറകളും പാടുകളും വീഴാത്ത നാനോ വൈറ്റ് ആണ് കൗണ്ടർടോപ്പിന്.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയും. സ്വകാര്യത പൂർണമായി ആസ്വദിക്കാവുന്ന രീതിയിലാണ് കിടപ്പുമുറികളുടെ സ്ഥാനം. ഇന്തൊനേഷ്യയിൽ പോയി പണിയിപ്പിച്ചെടുത്തതാണ് കട്ടിലുകള്‍. ആവശ്യത്തിനുള്ള അളവുകൾ കൊടുത്ത് പണിയിപ്പിച്ചെടുക്കുകയായിരുന്നു. “വീട്ടുകാരന് കൃത്യമായ ധാരണകൾ ഉള്ളതിനാൽ ഫർണിച്ചർ പണിയിപ്പിച്ചെടുക്കുന്നത് കൂടുതൽ എളുപ്പമായി” എന്നു സാക്ഷ്യപ്പെടുത്തുന്നു ആർക്കിടെക്ട് സനിൽ ചാക്കോ.

colonial-kitchen

ഹെഡ്ബോർഡിലും ഫൂട്ബോർഡിലും ലെതൽ വച്ചാണ് കട്ടിലുകൾക്ക് പ്രൗഢി കൊണ്ടുവന്നത്. മകന്റെ മുറിയിൽ ഭിത്തിക്ക് സിൽവർ നിറമാണ് കൊടുത്തിരിക്കുന്നത്. ഇത് മുറിക്ക് പ്രത്യേകമായൊരു ശോഭ നൽകുന്നു. പിയാനോ മോഡൽ ടേബിളും വീട്ടുകാരുടെ ആവശ്യങ്ങളിൽ പെടുന്നതായിരുന്നു. ഫർണിഷിങ് ഓരോ മുറിയുടെയും രീതിക്കനുസരിച്ച് തിരഞ്ഞെടുത്തു. മെറ്റലിൽ ചെയ്തെടുത്ത ഇലകളുടെ ശിൽപമാണ് മാസ്റ്റർ ബെഡ്റൂമിന്റെ ഭിത്തിയിൽ അലങ്കാരമായിരിക്കുന്നത്. ഒരു കിടപ്പുമുറിയിൽ ബേ വിൻഡോ ഒരുക്കിയതിനാൽ ഇരിപ്പിടസൗകര്യം ധാരാളമായി.

colonial-bed

മുറികൾക്കു ചേരുന്ന രീതിയിലാണു ഫർണിച്ചർ തിരഞ്ഞെടുത്തത് എന്നതാണ് ഈ വീടിന്റെ വിജയമെന്ന് ആർക്കിടെക്ട് പറയുന്നു. സാധാരണയായി ഇഷ്ടപ്പെട്ട ഫർണിച്ചർ വാങ്ങി അത് ഇന്റീരിയറിൽ ക്രമീകരിക്കുകയാണു പതിവ്. ഇവിടെ, ഓരോ മുറിയുടെയും അളവുകൾക്കു ചേരുന്ന വിധത്തിലുള്ള ഫർണിച്ചർ വാങ്ങി ഒരുക്കുകയായിരുന്നു.

വിശാലവും സ്വകാര്യവുമായ അകത്തളമാണ് ഒരുക്കിയിരിക്കുന്നത്. വീട്ടുകാരുടെ ആവശ്യമനുസരിച്ച് സ്വകാര്യതയ്ക്ക് ധാരാളം പ്രാധാന്യം നൽകുന്നതോടൊപ്പം എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിക്കാനായി. റഷീദ് സ്വപ്നം കണ്ട വീട് കൺമുന്നിൽ യാഥാർഥ്യമായി.

കോർട്‌യാർഡിലേക്കു തുറക്കുന്ന സ്വീകരണമുറി. ഫർണിച്ചർ ഡിസൈനും ഇരിപ്പിടങ്ങളും കൊളോണിയൽ ശൈലിയിലാണ് ചെയ്തിരിക്കുന്നത്. ചെടികൾക്കു പുറമെ, വാട്ടർബോഡിയും ഈ കോർട്‌യാർഡിലുണ്ട്. ലൂവർ ഡിസൈനിലുള്ള അഴികൾ കാറ്റിനെ അകത്തേക്കു കൊണ്ടുവരുന്നു.

ഡ്രോയിങ്ങിന്റെ തുടർച്ചയായി കോർട്‌യാർഡിനു സമീപം ഡൈനിങ് കം ഫാമിലി ഏരിയ. വിട്രിഫൈഡ് ഫ്ലോറിങ്ങാണ് കൊടുത്തിരിക്കുന്നത്. സ്റ്റെയർ, ഡൈനിങ്ങിൽനിന്ന് തുടങ്ങി മുകളില്‍ ബാൽക്കണിയായി മാറുന്നു. മുകളിൽ നിന്ന് കാണാവുന്ന രീതിയിലാണ് കോർട്‌യാർഡിന്റെ സ്ഥാനം.

മോഡേൺ രീതിയിലുള്ള അടുക്കള. ബ്രേക്ഫാസ്റ്റ് കൗണ്ടറും മറ്റ് സൗകര്യങ്ങളും ഉൾകൊള്ളിച്ചു. കൗണ്ടർടോപ്പിന് നാനോവൈറ്റ്. വാഷ്ഏരിയയിൽ കണ്ണാടികളും ഇൻലേ വർക്കുകളും ഭംഗി വർധിപ്പിച്ചു. വിക്ടോറിയൻ ശൈലിയിലുള്ള ടേബിളും ഒരുക്കി.

നാലു കിടപ്പുമുറികളും നാലു രീതിയിൽ ചെയ്തിരിക്കുന്നു. വിക്ടോറിയൻ സൗന്ദര്യം ഉൾക്കൊള്ളുന്ന കട്ടിലുകളാണ് തയാറാക്കിയത്. ലെതർ തുന്നിപ്പിടിപ്പിച്ച് മോടി കൂട്ടി. ബേ വിൻഡോ, മെറ്റൽ ശിൽപങ്ങൾ, ചൈനയിൽ നിന്നുള്ള കർട്ടൻ തുണിത്തരങ്ങൾ എന്നിവയും ബെഡ്റൂമിന് ആഡംബരമായി.

Project Facts

Area: 4000 Sqft

Architect: സനിൽ ചാക്കോ

സ്പേസ് സ്കേപ് ആർക്കിടെക്ട്സ്

നടത്തറ, തൃശൂർ

54spacescape@gmail.com

Location: പാടൂർ, തൃശൂർ

Year of completion: ഫെബ്രുവരി, 2018