Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നിങ്ങൾ കാണാൻ കാത്തിരുന്ന വീട്!... വിഡിയോ

നിവൃതി ആനന്ദത്തിന്റെ തടവിലാണ്. പുതിയ വീടുണ്ടാക്കുന്ന അപരിചിതത്വത്തിനു പകരം എവിടെയോ കണ്ടു പരിചയിച്ച ഇടങ്ങളും ഓര്‍മകളും നിറഞ്ഞൊരു വീട്. തൃശൂർ അരിമ്പൂരിലെ സുജിത്തിന്റെ വീടാണ് നിവൃതി. പ്രകൃതിപോലുമറിയാതെ ഒരു താമസസ്ഥലമുണ്ടാക്കുക എന്നതായിരുന്നു നിവൃതിയുടെ നിർമാണ സമയത്ത് ആർക്കിടെക്ട് മനുരാജിന്റെയും ഡിസൈനർ ലിജോ ജോസിന്റെയും ലക്ഷ്യം. അതുകൊണ്ടുതന്നെ, ലാളിത്യത്തിനും പ്ലോട്ടിന്റെ പ്രത്യേകതകൾക്കും പ്രകൃതത്തിനും പ്രാധാന്യം കൊടുത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഇവിടെ ഉപയോഗിച്ച മിക്ക നിർമാണവസ്തുക്കളും തികച്ചും പ്രകൃതിദത്തമോ പ്രകൃതിയോടു ചേർന്നുനിൽക്കുന്നതോ ആണ്. സ്വാഭാവിക പ്രകാശവും വായുസഞ്ചാരവും ഏറ്റവും നന്നായി ലഭിക്കുന്ന പ്ലാൻ ആയതിനാൽ നിവൃതിയിലെ ജീവിതം ആഹ്ലാദനിർഭരമാകുന്നു. 

nivrithi-yard

പ്ലോട്ടിന്റെ മുന്‍വശത്തുതന്നെയുള്ള കാവു നിലനിർത്തി, കാവിന്റെ ആവാസവ്യവസ്ഥയെ ബാധിക്കാത്ത വിധത്തിലാണ് വീടിന്റെ പ്ലാൻ വരച്ചത്. പരമ്പരാഗത കേരളീയ വീടുകളുടെ മുഖമുദ്രയായ പടിപ്പുരയാണ് നിവൃതിയിലേക്ക് സ്വാഗതം ചെയ്യുക. വെട്ടുകല്ലുകൊണ്ടുള്ള, തേക്കാത്ത മതിലും വീടിനു ചുറ്റുമുള്ള നാടൻ മരങ്ങളുമെല്ലാം ഗൃഹാതുരതയുണ്ടാക്കും. പഴയ വീടുകളിലേതുപോലെ പടികൾ കയറിയാണ് പൂമുഖത്തേക്കെത്തുക. പ്രകൃതിയും മഴയും വെയിലുമെല്ലാം ഈ പൂമുഖത്തിരുന്ന് ആസ്വദിക്കാം. പൂമുഖത്തിനു ചന്തം കൂട്ടാനാണ് ചാരുപടി. പൂമുഖത്തോടു ചേർന്ന്, ഒരു എക്സ്റ്റേണൽ കോര്‍ട്‌യാർഡും കൊടുത്തിട്ടുണ്ട്. പ്രകൃതിയെ അകത്തേക്ക് കൊണ്ടുവരുമ്പോൾ ഒരു തുണ്ട് മുറിഞ്ഞു വീണതു പോലെ.

വീടിനുള്ളിലേക്ക്

house-of-nivrithi-living

സ്വീകരണമുറി, പൂജാമുറി, ഊണിടം, ഗോവണി, കോർട്‌യാർഡ് – ഡെക്ക്... ഇത്രയും ഭാഗങ്ങള്‍ നാലു ചുവരുകൾക്കുള്ളിൽ ക്രമീകരിച്ചിരിക്കുന്നു. എങ്കിലും സ്വീകരണമുറിയിലിരിക്കുന്ന ഒരാളുടെ സ്വകാര്യത നഷ്ടപ്പെടുന്നില്ല. കാരണം, സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിൽ ഒരു കോർട്‌യാർഡുണ്ട്. ഗോവണിയുടെ താഴെയാണ് ഇതിന്റെ സ്ഥാനം. ബുദ്ധബാംബൂവും അകത്തളത്തില്‍ വയ്ക്കുന്ന മറ്റു ചെടികളും കൊണ്ടു സമ്പന്നമാക്കിയ രണ്ടു കോർട്‌യാർഡുകൾ വീടിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്നു.

house-of-nivrithi-court

വീടിന്റെ കേന്ദ്രഭാഗം ഊണിടമാണ്. പൂമുഖത്തോടു ചേർന്ന എക്സ്റ്റേണൽ കോർട്‌യാർഡിന്റെയും സ്വീകരണമുറിയോടു ചേർന്ന കോർട്‌യാർഡ് ഡെക്കിന്റെയും നടുവിലാണ് ഈ ഭാഗം. കിഴക്കു പടിഞ്ഞാറ് ദിശയിൽ രണ്ട് കോർട്‌യാർഡുകൾക്കിടയിൽ കിടക്കുന്നതിനാൽ ഇവിടെ ചൂട് ശല്യം ചെയ്യില്ല. ഊണിടം കഴിഞ്ഞുള്ള ഡെക്കോടു കൂടിയ കോർട്‌യാർഡാണ് മറ്റൊരു പ്രധാന ഭാഗം. അകത്തളത്തെ പുറത്തെ പ്രകൃതിയോടു കൂട്ടിയിണക്കുന്നതിന് ചെടിയും വെള്ളവുമെല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ബുദ്ധപ്രതിമയ്ക്കു പിന്നിലെ ജാളി വായുസഞ്ചാരം സുഗമമാക്കാനും താമരക്കുളം ഭംഗിയും തണുപ്പും നൽകാനും സഹായിക്കുന്നു. മഴ അകത്തിരുന്നുതന്നെ ആസ്വദിക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതിനാൽ കോർട്‌യാർഡിന്റെ മുകൾഭാഗം തുറന്നിരിക്കുന്നു. യോഗയോ ധ്യാനമോ പരിശീലിക്കാനും പറ്റുന്ന രീതിയിലാണ് ഡെക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വിധത്തിലാണ് മൂന്ന് കിടപ്പുമുറികളും ഡിസൈൻ ചെയ്തിരിക്കുന്നത്. അച്ഛനമ്മമാർക്കും അമ്മൂമ്മയ്ക്കുമുള്ള കിടപ്പുമുറികൾ താഴെയും സുജിത്തിന്റെ മുറി മുകളിലും ക്രമീകരിച്ചു.

house-of-nivrithi-dining

പ്ലോട്ടിലെ മരങ്ങളൊന്നും മുറിക്കാതെയായിരുന്നു നിർമാണം. വെട്ടുകല്ല്, തറയോട്, കളിമണ്ണോട് തുടങ്ങിയ നിർമാണവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു. ഇവിടത്തെ ഓടും ജനലുകളും വാതിലുകളും തടിയുമെല്ലാം പഴയ വീട്ടിൽ നിന്നെടുത്തതാണ്. പ്ലാസ്റ്ററിങ് ജിപ്സമുപയോഗിച്ചാണ്. ഇത് പുട്ടി ഒഴിവാക്കാനും അതുവഴി ചെലവു നിയന്ത്രിക്കാനും സഹായിച്ചു. കെട്ടിലും മട്ടിലും പഴയ വീടുകളെ ഓർമിപ്പിക്കുന്ന ഒന്നാകണം നിവൃതി എന്നത് വീട്ടുകാരുടെയും ആർക്കിടെക്ടിന്റെയും നിർബന്ധമായിരുന്നു.

house-of-nivrithi-bed

വിദേശത്തു ജോലി ചെയ്യുന്ന സുജിത്തിന് ഒരേയൊരു ആവശ്യമേയുണ്ടായിരുന്നുള്ളുവെന്ന് മനുരാജ് ഓർക്കുന്നു. പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിനകത്താണ് തങ്ങളെന്ന് മറന്ന് അച്ഛനമ്മമാരും അമ്മൂമ്മയും ഈ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം. സുജിത്തിന്റെ ആഗ്രഹം പോലെ തന്നെ ഇവിടെ പ്രകൃതിയും താമസക്കാരും വീടും ഒന്നായിത്തീരുന്നു.

house-of-nivrithi

വാസ്തുശാസ്ത്രമനുസരിച്ച്

വീടിനോടു ചേർന്ന് കാവുള്ളതിനാൽ, അതിനെ ആധാരമാക്കിയാണ് വീടിന്റെ സ്ഥാനവും ദിശയും നിര്‍ണയിച്ചത്. കിഴക്കോട്ടാണ് കാവിന്റെ ദർശനം. അതിനെ ബാധിക്കാത്ത വിധത്തിൽ പടിഞ്ഞാറോട്ട് ദര്‍ശനമായി വീടിന്റെ പ്ലാൻ തയാറാക്കി. വാസ്തുശാസ്ത്രപ്രകാരമാണ് മുറികൾ ക്രമീകരിച്ചത്. സ്വീകരണമുറിയാണ് കന്നിമൂലയിൽ. വാസ്തു അനുശാസിക്കുന്ന രീതിയിൽ ക്രോസ്‌വെന്റിലേഷൻ ക്രമീകരിക്കാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.

Project Facts

Location- Arimpur, Thrissur

Owner- Sujith

Architect - Manuraj

i2a architects, Thrissur

 Mob- 9746423078