Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെപ്റ്റംബർ മാസത്തിലെ മികച്ച വീടുകൾ

sep-best-homes

ഹോംസ്‌റ്റൈൽ ചാനലിൽ സെപ്റ്റംബർ മാസം ഏറ്റവും കൂടുതൽ ആളുകൾ വായിച്ച വീടുകൾ സംക്ഷിപ്തമായി പുനർപ്രസിദ്ധീകരിക്കുന്നു.

'ഇവിടെ ഞങ്ങൾ ആസ്വദിക്കുന്ന സന്തോഷം അനുഭവിച്ചറിയണം'!...

traditional-home-vadakara

എന്റെ പേര് രഞ്ചു പികെ. ബാങ്കിൽ ക്ലർക്കായി ജോലിചെയ്യുന്നു. ഞങ്ങളുടെ സ്വപ്നഗൃഹം സഫലമായതിന്റെ കഥയാണ് ഞാൻ പറയുന്നത്. എനിക്ക് ചെറുപ്പം മുതലേ കേരളീയ ശൈലിയിൽ നിർമിച്ച തറവാടുകളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കാരണം എത്ര നിർമാണശൈലികൾ വന്നുപോയാലും പ്രകൃതിയോട് ഇഴുകിച്ചേർന്നു നിൽക്കുന്ന തറവാടുകൾ പ്രദാനം ചെയ്യുന്ന സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യാൻ കഴിയുമോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ സ്വന്തം വീട് പണിയുമ്പോൾ പ്രകൃതിയോട് ഇഴുകിച്ചേരുന്ന, ഭൂമിക്ക് ഭാരമാകാത്ത വീട് ആയിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

കോഴിക്കോട് ജില്ലയിലെ വടകരയിൽ 16 സെന്റിൽ 2000 ചതുരശ്രയടിയിലാണ് വീട് തലയുയർത്തി നിൽക്കുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് നിർമാണം. വെട്ടുകല്ലാണ് ചുവരുകളുടെ നിർമാണത്തിന് ഉപയോഗിച്ചത്. പുറംഭിത്തികളിൽ പ്ലാസ്റ്ററിങ് ചെയ്തിട്ടില്ല. അകംചുവരുകളിൽ കോൺക്രീറ്റിനു പകരം മഡ് പ്ലാസ്റ്ററിങ് ചെയ്തിരിക്കുന്നു. മൺടൈലുകളാണ് നിലത്തുവിരിച്ചിരിക്കുന്നത്. ജിഐ ഫ്രയിമിൽ ട്രസ് റൂഫിങ് ചെയ്ത് ടെറാക്കോട്ട ടൈലുകളാണ് റൂഫിൽ വിരിച്ചിരിക്കുന്നത്.

സ്വീകരണമുറി, ഊണുമുറി, അടുക്കള, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പഴയ വീട് പൊളിച്ചിടത്തു നിന്ന് ശേഖരിച്ച ഫർണിച്ചറുകളും, ജനലുകൾക്കും വാതിലുകളും ഇവിടെ പുനരുപയോഗിച്ചിരിക്കുന്നു. തുറസായ രീതിയിലാണ് അകത്തളങ്ങൾ. ഇത് സുഗമമായ വായുസഞ്ചാരത്തിനും സഹായിക്കുന്നു.

സ്വീകരണമുറിയും, അടുക്കളയുമെല്ലാം ലളിതമായ രീതിയിലാണ് ഒരുക്കിയത്. ഒരു വശത്ത് കസേരയും മറുവശത്ത് ബെഞ്ചുമാണ് ഊണുമേശയ്ക്ക് നൽകിയത്. അധികം സ്ഥലം അപഹരിക്കാത്ത വിധത്തിലാണ് ഗോവണി ക്രമീകരിച്ചത്.

മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികളാണ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. സ്ട്രക്ച്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 30 ലക്ഷം രൂപയിൽ ചെലവ് ഒതുക്കാൻ കഴിഞ്ഞു.

പൂർണ വായനയ്ക്ക്...

***

മയിലും കിളികളും വിരുന്നെത്തുന്ന വീട്! വിഡിയോ...

ആഡംബരങ്ങളൊന്നുമില്ലാതെ, ലാളിത്യമാര്‍ന്ന, പരമ്പരാഗതശൈലിയിലുള്ള ഒറ്റനിലവീടെന്ന ആഗ്രഹമാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ടിനു മുന്നില്‍ സമീനയും കുടുംബവും പങ്കുവച്ചത്. തൃശൂര്‍ കുന്നംകുളത്തിനടുത്ത് തറവാടിനോടുചേര്‍ന്നുള്ള പറമ്പിലാണ് സെമീന തന്‍റെ സ്വപ്നമായ ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. 2100 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

പഴയ കേരളശൈലി വീടിന്റെ ഗൃഹാതുരസ്മരണയുണർത്തുന്ന വിധം ഫ്ലാറ്റ് റൂഫ് വാര്‍ത്ത്, G I ട്രസ്സ് വര്‍ക്ക്‌ നല്‍കി, പഴയ ഓട് കഴുകി വൃത്തിയാക്കിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത്. വീടിനു സമീപം വയലാണ്. ഇവിടെനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ക്ഷണിക്കുംവിധമാണ് നീളന്‍വരാന്തയും പൂമുഖവും രൂപകൽപന ചെയ്തിരിക്കുന്നത്.

പരമ്പരാഗത ശൈലിയിലുള്ള തടി ഫര്‍ണിച്ചര്‍ ക്രമീകരിച്ച ക്ലാസ്സിക്‌ ഇന്റീരിയറാണ് അതിഥികളെ വരവേല്‍ക്കുന്നത്. അകത്തളത്തിലെ നടുമുറ്റം പകല്‍സമയം സ്വാഭാവിക വെളിച്ചം നല്‍കുന്നതോടൊപ്പം ശുദ്ധവായുസഞ്ചാരവും ഉറപ്പാക്കുന്നു. ഇവിടെ ഇന്‍ഡോര്‍ ചെടികള്‍ നട്ട് പ്രകൃതിയുടെ സ്വാഭാവികത അകത്തളങ്ങളിലേക്കും വിന്യസിച്ചിരിക്കുന്നു.

നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. നടുമുറ്റത്തിന്റെ ഭംഗി ആസ്വദിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ക്രമീകരണം. ചെട്ടിനാടൻ ശൈലിയിലുള്ള വീടുകളെ അനുസ്മരിപ്പിക്കുന്ന ടൈലുകളാണ് നിലത്ത് വിരിച്ചിരിക്കുന്നത്.

മൂന്നു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ ജനാലകളും നൽകിയിരിക്കുന്നു. ലളിതമായ അടുക്കള. സമീപം വർക് ഏരിയയും നൽകിയിട്ടുണ്ട്.

പരിസ്ഥിതിസൗഹൃദമാതൃകകൾ ഇവിടെ അവലംബിച്ചിട്ടുണ്ട്. മഴവെള്ളം ഭൂമിയിൽ താഴ്ന്നു കിണറില്‍ ജലലഭ്യത ഉറപ്പാക്കുന്ന തരത്തില്‍ മുറ്റത്ത്‌ ചരലും നാടന്‍ ബഫലോ ഗ്രാസും നല്‍കിയിട്ടുണ്ട്. സപ്പോട്ട, നാടന്‍ മാവ്, പേര, ഞാവല്‍, നാരകം, ചാമ്പ തുടങ്ങിയ ഫലവൃക്ഷങ്ങളും മുറ്റം സമ്പുഷ്ടമാക്കുന്നു. മഴവെള്ളസംഭരണിയോടൊപ്പം സോളര്‍ പാനലുകളും നല്‍കിയിട്ടുണ്ട്. ഉറവിടത്തിലെ മാലിന്യസംസ്കരണവും ഈ വില്ലേജ് ഹോമിനെ ശ്രദ്ധേയമാക്കുന്നു. ധാരാളം കിളികൾക്കൊപ്പം ഒരു മയിലും വീട്ടിൽ വിരുന്നെത്താറുണ്ടെന്നു ഗൃഹനാഥ പറയുന്നു.

പൂർണ വായനയ്ക്ക്...

***

പഴമയുടെ സുഗന്ധം, ഒപ്പം മലയാളത്തനിമയും; വിഡിയോ...

കോഴിക്കോട് ജില്ലയിലെ പയ്യോളിയിലുള്ള മണിയോത്ത് വില്ല. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മുസ്ലിം തറവാടിനെ പരമ്പരാഗത ഭംഗി നിലനിർത്തി പുതിയ കാലത്തേക്ക് മാറ്റിയെടുത്ത കഥയാണിത്. 

അടിമുടി പഴമയുടെ പ്രൗഢി നിറയുന്ന തറവാടാണ് മണിയോത്ത്. ചെങ്കല്ലിൽ പണിത പടിപ്പുരയും തടിയിൽ കൊത്തിയെടുത്ത ഗെയ്റ്റും ഫലവൃക്ഷങ്ങൾ തണൽവിരിക്കുന്ന മുറ്റവും കടന്നാണ് തറവാട്ടിലേക്ക് എത്തുന്നത്. സ്ഥലപരിമിതിയായിരുന്നു ഒരു വിഷയം. കുറച്ചുകൂടി കാലാനുസൃതമായ സൗകര്യങ്ങൾ ഉൾപ്പെടുത്തണം. എന്നാൽ തറവാടിന്റെ പരമ്പരാഗത തനിമയ്ക്ക് ഒരു കോട്ടവും വരാനും പാടില്ല. ഇതായിരുന്നു ഉടമസ്ഥരുടെ ഡിമാൻഡ്. വളരെയേറെ ശ്രദ്ധിച്ചാണ് പുതുക്കിപ്പണി നടത്തിയത് എന്ന് മാറ്റം കണ്ടാൽ വ്യക്തമാകും.

ഒരുനില വീടിനെ ഇരുനിലയാക്കി മാറ്റിയതാണ് പ്രധാന മാറ്റം. ഭിത്തിയുടെ പുനർക്രമീകരണത്തിലൂടെയാണ് താഴത്തെ നിലയിലെ സ്ഥലപരിമിതി മറികടന്നത്. വീടിനോട് ചേർന്ന് പഴമയ്ക്ക് കോട്ടം തട്ടാതെ കാർപോർച്ച് നിർമിച്ചു. ട്രസ് വർക്ക് ചെയ്ത് മേൽക്കൂരയിൽ ഓടുവിരിച്ചു. പുതുക്കിപ്പണി മുഴച്ചു നിൽക്കാത്തവണ്ണം റസ്റ്റിക് വുഡൻ ഫിനിഷ് നൽകിയത് ശ്രദ്ധേയമാണ്. കോൺക്രീറ്റ് മേൽക്കൂര വരുന്ന ഭാഗത്ത് മുകളിലേക്ക് മുറികൾ പണിതു. ചെങ്കല്ലിന്റെ ടെക്സ്ചറും വലിയ ജനാലകളും നൽകിയതോടെ മുകൾനില വീടിന്റെ പ്രൗഢിയുമായി ഇഴുകിച്ചേരുന്നു. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം നാച്വറൽ സ്റ്റോൺ പാകി മുറ്റം പരിഷ്കരിച്ചു. ഇടയ്ക്ക് പുല്ലു വച്ച് പിടിപ്പിച്ചു.

മുറ്റത്ത് വീടിന്റെ പ്രൗഢിക്ക് അകമ്പടിയേകി ഒരു മുത്തശിമാവ് നിലനിൽക്കുന്നു. ഇതിൽ ഊഞ്ഞാലും ഇട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കിളികളുടെ കലപില കൊണ്ട് ഇവിടം സംഗീതസാന്ദ്രമാകും. രാത്രിയിൽ വിളക്കുകൾ കൂടി കൺതുറക്കുന്നതോടെ തറവാടിന്റെ മൊഞ്ച് വീണ്ടും വർധിക്കുന്നു.

പൂർണ വായനയ്ക്ക്...

***

ഇനി പ്രളയത്തെ പേടിക്കാതെ കിടന്നുറങ്ങാം! അഞ്ചു ലക്ഷത്തിനു വീട് നിർമിച്ച് ജി ശങ്കർ

shankar-5-lakh

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടിയായി പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന അഞ്ചുലക്ഷം രൂപയുടെ വീടുമായി ആർക്കിടെക്ട് ജി.ശങ്കർ. ജഗതി ഡിപിഐ ജംക്‌ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് 23 ദിവസം കൊണ്ട് ആദ്യ മാതൃകയുടെ പണി പൂർത്തിയാക്കിയത്.

മൂന്നു നിലകളിലായാണ് 495 ചതുരശ്ര അടിയുള്ള വീട് നിർമിച്ചിരിക്കുന്നത്. സംസ്കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് തൂണുകളിലാണു വീട് പണിതുയർത്തിയത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാർക്കിങ്ങിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാംനിലയിൽ സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും. രണ്ടാംനിലയിൽ ഒരു കിടപ്പുമുറി. വീട്ടുകാർക്ക് ആവശ്യമുണ്ടെങ്കിൽ ഈ മുറി വലുതാക്കുകയോ രണ്ടു മുറികൾ കൂടി നിർമിക്കുകയോ ചെയ്യാവുന്ന രീതിയിൽ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു. ദുരന്തസമയത്തു രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്.

മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്റർലോക്ക് ഇഷ്ടികകൾ കൊണ്ടാണു ഭിത്തികൾ. വെള്ളം കെട്ടിനിന്നു ചുമരുകൾക്കു കേടുപാടുണ്ടാകാതിരിക്കാൻ പത്തടി ഉയരത്തിൽ വരെ സിമന്റ് ഉപയോഗിച്ചു പ്ലാസ്റ്റർ ചെയ്തു. പഴയ ഓട്, ചിരട്ട, സംസ്കരിച്ച മുള എന്നിവയാണ് വാർക്കാൻ ഉപയോഗിച്ചത്. ചെലവ് കുറയ്ക്കാനായി തറയോടിനു പകരം സെറമിക് ടൈലുകൾ. പെയിന്റിങ് ഉൾപ്പെടെ ഇതുവരെ ചെലവായത് 4.75 ലക്ഷം രൂപ.

സൂനാമിയും ഭൂകമ്പവും ഉൾപ്പെടെയുള്ള ദുരന്തമേഖലകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു വീടിന്റെ രൂപകൽപന നിർവഹിച്ചതെന്നു ശങ്കർ പറഞ്ഞു. പ്രളയത്തിനുശേഷം ഈ മാസം ഏഴിനാണു വീടിന്റെ പണി തുടങ്ങിയത്. മറ്റേതു വീടിനെയും പോലെയുള്ള ആയുസ്സ് ഈ വീടിനുണ്ടാകുമെന്നും ശങ്കറിന്റെ ഉറപ്പ്.

പൂർണ വായനയ്ക്ക്...